Monthly Archives: January 2009

swiss-part-1

സ്വിസ്സര്‍‌ലാന്‍ഡ് (1)


ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .
രു ചെറിയ ഞെട്ടലോടെയാണ് ഞങ്ങളാ വാര്‍ത്ത കേട്ടത്.

പാസ്സ്‌പോര്‍ട്ടില്‍ യു.കെ.വിസയുള്ളവര്‍ക്ക്, ആ വിസയുടെ തന്നെ ആനുകൂല്യത്തില്‍ സ്വിസ്സര്‍ലാന്‍ഡിലേക്ക് പോകാം എന്നുള്ള നിയമം മാറാന്‍ പോകുന്നു. 2008 നവംബര്‍ മാസം മുതല്‍ സ്വിസ്സര്‍ലാന്‍ഡില്‍ പോകണമെങ്കില്‍ പ്രത്യേകം വിസ വേണ്ടി വരും.

അടുത്തപ്രാവശ്യം പോകാം അടുത്തപ്രാവശ്യം പോകാം എന്നുപറഞ്ഞ് നീട്ടി വെച്ചിരുന്ന സ്വിസ്സ് യാത്ര ഉടനെതന്നെ നടത്തിയില്ലെങ്കില്‍ ധനനഷ്ടമടക്കമുള്ള നൂലാമാലകളും ഇപ്പോഴുള്ളതിനേക്കാള്‍ അധികം കടലാസുപണികളും ചെയ്യേണ്ടി വരുമെന്നുറപ്പായതുകൊണ്ട് ആ യാത്ര ഇനി വൈകിക്കേണ്ടെന്ന് പെട്ടെന്നുതന്നെ തീരുമാനമായി.

യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് വേണ്ടി ഹോട്ടല്‍ മുറികൾ, വിമാനടിക്കറ്റ്, സ്വിസ്സ് പാസ്സ്, തുടങ്ങിയ ബുക്കിങ്ങുകളെല്ലാം ഇന്റര്‍നെറ്റ് വഴി തന്നെ നടത്താന്‍ പറ്റുമെന്നുള്ളത് വലിയ സൗകര്യമാണ്. സ്വിസ്സര്‍ലാന്‍ഡില്‍ ചെന്നുകഴിഞ്ഞാല്‍ ആ രാജ്യത്ത് അങ്ങോളമിങ്ങോളം നടത്തുന്ന തീവണ്ടി, ബസ്സ്, ബോട്ട്, ട്രാം തുടങ്ങിയ യാത്രകള്‍ക്കുള്ള പാസ്സിനെയാണ് സ്വിസ്സ് പാസ്സ് എന്നു പറയുന്നത്. കേബിള്‍ കാറില്‍ നടത്തുന്ന ചില യാത്രകളും, ചുരുക്കം ചില പ്രത്യേക റൂട്ടുകളില്‍ നടത്തുന്ന തീവണ്ടി യാത്രകളും മാത്രമേ സ്വിസ്സ് പാസ്സിന്റെ പരിധിക്ക് വെളിയില്‍ വരുകയുള്ളൂ. ഒരാള്‍ക്ക് സ്വിസ്സര്‍ലാന്‍ഡില്‍ പോയി വരാനുള്ള വിമാനക്കൂലിയേക്കാളധികം വരും സ്വിസ്സ് പാസ്സിന്റെ ചിലവെങ്കിലും, വളരെ സൗകര്യപ്രദവും ആദായകരവുമാണ് സ്വിസ്സ് പാസ്സ് സമ്പ്രദായം.

ഒരു മാസം മുന്നേ സ്വിസ്സ് പാസ്സ് ബുക്ക് ചെയ്തില്ലെങ്കില്‍ കൊടുക്കേണ്ട അധികച്ചിലവായ 8 പൗണ്ട് അടക്കം കൊടുത്ത് സ്വിസ്സ് പാസ്സിനപേക്ഷിക്കുകയും 2 ദിവസത്തിനുള്ളില്‍ പാസ്സ് തപാല്‍ മാര്‍ഗ്ഗം വീട്ടിലെത്തുകയും ചെയ്തു. കൂട്ടത്തില്‍ ഒരു സന്തോഷവാര്‍ത്തയും. രണ്ടാം ക്ലാസ്സ് പാസ്സിനാണ് അപേക്ഷിച്ചതെങ്കിലും അധികൃതര്‍ ഞങ്ങള്‍ക്ക് അതേ നിരക്കിനുതന്നെ ഒന്നാം ക്ലാസ്സ് പാസ്സ് തന്നിരിക്കുന്നു. തീവണ്ടികളിലെല്ലാം അറിയാതെ ഒന്നാം ക്ലാസ്സ് ബോഗികളില്‍ കയറിപ്പോയാലും ഇനി കുഴപ്പമൊന്നും വരാനില്ല.

മുഴങ്ങോടിക്കാരി നല്ലപാതിക്കൊപ്പം 2008 ഒക്ടോബര്‍ 4 ശനിയാഴ്ച്ച, നാലുദിവസം നീണ്ടുനിന്ന സ്വിസ്സര്‍ലാന്‍ഡ് യാത്ര പീറ്റര്‍‌ബറോയില്‍ നിന്ന് ആ‍രംഭിച്ചു. ടാക്സി മാര്‍ഗ്ഗം ലണ്ടന്‍ ലൂട്ടണ്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോള്‍ രാവിലെ 6 മണി. ലൂട്ടണ്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നാണ് യൂറോപ്പ് മേഖലയിലേക്കുള്ള മിക്കവാറും വിമാനങ്ങളും പുറപ്പടുന്നത്. വളരെ ചെറുതെങ്കിലും നല്ല തിരക്കുള്ള എയര്‍പ്പോര്‍ട്ടില്‍ അച്ചടക്കവും കൃത്യനിഷ്ഠയും പാലിക്കുന്നതുകൊണ്ട് കാര്യങ്ങള്‍ അലങ്കോലപ്പെടാതെ, ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ നടക്കുന്നുണ്ട്.

വിമാനത്തിലേക്ക് കയറാന്‍ ടെര്‍മിനലിന് പുറത്ത് നില്‍ക്കുമ്പോള്‍ ശരീരത്തില്‍ തുളച്ചുകയറിയ തണുപ്പ് ചില്ലറ ആശങ്കയുണര്‍ത്താതിരുന്നില്ല. ഇംഗ്ലണ്ടിലുള്ളതിനേക്കാള്‍ തണുപ്പുള്ളിടത്തേക്കാണ് യാത്രയെന്നറിയാം. ലൂട്ടണ്‍ വിമാനത്താവളത്തില്‍ ഇത്ര തണുപ്പുണ്ടെങ്കില്‍ നാലുദിവസത്തെ യാത്രകഴിഞ്ഞ് വരുമ്പോഴേക്കും എന്തായിരിക്കും അവസ്ഥ ? ഇനി എന്തായാലും പിന്മാറാനാവില്ല. പണമെല്ലാം കൊടുത്തുകഴിഞ്ഞു. അത് വസൂലാക്കണമെങ്കില്‍ യാത്ര പോയേ പറ്റൂ.

യൂറോപ്പിലെ ബഡ്‌ജറ്റ് എയര്‍ലൈന്‍‌സായ ‘ഈസി ജെറ്റിൽ‘ യാത്ര മാത്രമേ തരമാകൂ. ഭക്ഷണമോ പച്ചവെള്ളം പോലുമോ കിട്ടില്ല. ഒരു മണിക്കൂര്‍ യാത്രയില്‍ അതിന്റെയൊന്നും ആവശ്യമുണ്ടെന്നും തോന്നിയില്ല. 8 മണിയോടെ സൂറിക്ക് എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങുന്നതിന് മുന്‍പുള്ള മനോഹരമായ ആകാശക്കാഴ്ച്ചകളില്‍നിന്നുതന്നെ കാണാന്‍ പോകുന്ന പൂരത്തെപ്പറ്റിയുള്ള ഏകദേശരൂപം പിടികിട്ടി. മടക്കയാത്ര രാത്രിയാണ്. ആ സമയത്ത് ആകാശക്കാഴ്ച്ചകള്‍ കാണാന്‍ പറ്റില്ലെന്ന്‍ ഉറപ്പായിരുന്നതുകൊണ്ട് പ്രകൃതിമനോഹാരിതയുടെ പര്യായമായ ആ ഭൂപ്രകൃതി, വിമാനം റണ്‍‌വേയില്‍ തൊടുന്നതുവരെ കണ്ണിമവെട്ടാതെ നോക്കിയിരുന്നു.

എയര്‍പ്പോര്‍ട്ടില്‍ നിന്നും പുറത്ത് കടന്ന് റോഡ് മുറിച്ച് കടന്നതും റെയില്‍‌വേ സ്റ്റേഷനിലാണ് ചെന്നുനിന്നത്. രണ്ടും പ്രത്യേകിച്ച് വ്യത്യാസമൊന്നും തോന്നാത്ത രീതിയില്‍ നല്ലതുപോലെ പരിപാലിക്കപ്പടുന്ന പൊതുസ്ഥലമാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാം. ഇനിയങ്ങോട്ട് കൃത്യനിഷ്ഠ ഞങ്ങള്‍ക്ക് വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്. തുടര്‍ന്നുള്ള എല്ലാ യാത്രകള്‍ക്കുമുള്ള തീവണ്ടികളുടെയൊക്കെ സമയം നേരത്തേകാലത്തേ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. ആ സമയം ഏതെങ്കിലും തെറ്റിയാല്‍ എല്ലാ പദ്ധതികളും തകിടം മറിയും, വിചാരിച്ച പോലെ സ്ഥലങ്ങളും കാഴ്ച്ചകളുമൊക്കെ കണ്ടുതീര്‍ക്കാന്‍ പറ്റിയെന്ന് വരില്ല.

ട്രെയിന്‍ വരുന്ന പ്ലാറ്റ്‌ഫോം ഡിസ്‌പ്ലേയില്‍ നോക്കി മനസ്സിലാക്കി എസ്‌ക്കലേറ്ററിലൂടെ താഴേക്കിറങ്ങി വൃത്തിയും വെടിപ്പുമുള്ള പ്ലാറ്റ്ഫോമിലെത്തി.

10-15 മിനിറ്റിനകം തീവണ്ടിയെത്തും. ഒന്നാം ക്ലാസ്സ് ബോഗികള്‍ വരുന്നയിടം മനസ്സിലാക്കി നില്‍പ്പുറപ്പിച്ചു. തൊട്ടപ്പുറത്തെ പാളങ്ങളിള്‍ ചില തീവണ്ടികള്‍ വരുകയും പോകുകയും ചെയ്യുന്നുണ്ടായിരുന്നു.

അക്കൂട്ടത്തില്‍ ജീവിതത്തിലാദ്യമായി ഒരു ഡബിള്‍ ഡക്കര്‍ തീവണ്ടിയും കണ്ടു. പിന്നീടങ്ങോട്ടുള്ള യാത്രയില്‍ അത്തരം ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍ നിരന്തരം കണ്ടുകൊണ്ടേയിരുന്നു.

വണ്ടി പ്ലാറ്റ്‌ഫോമില്‍ വന്നുനിന്നപ്പോള്‍ അധികം തിരക്കൊന്നും കണ്ടില്ല. ആകെക്കൂടി 50ല്‍ താഴെ ജനങ്ങള്‍ മാത്രമേ അകത്തേക്ക് കയറിക്കാണൂ. തീവണ്ടിക്കകവും മിക്കവാറും ശൂന്യമാണ്. ഞങ്ങള്‍ കയറിയ ബോഗിയില്‍ യാത്രക്കാരായി ഞങ്ങള്‍ രണ്ടുപേര്‍ മാത്രം.

ചാര്‍ട്ടര്‍ ചെയ്ത ഒന്നാം ക്ലാസ് ബോഗിയില്‍ പോകുന്നതിന്റെ ആര്‍ഭാടത്തില്‍ സ്വിസ്സര്‍ലാന്‍ഡിലെ ആദ്യത്തെ തീവണ്ടിയാത്ര തുടങ്ങുകയായി.

ഒന്നരമണിക്കൂറോളം യാത്രചെയ്താല്‍ എത്തിച്ചേരുന്ന ‘ഇന്റര്‍ലേക്കണ്‍ ‘ (Interlakken) എന്ന സ്ഥലത്തേക്കാണ് പോകുന്നത്. അവിടെയാണ് താമസിക്കാനുള്ള ഹോട്ടല്‍ (ബാ‍നര്‍ഹോഫ് / Bannerhof) ബുക്ക് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിയാണ് ചെക്കിന്‍ സമയം. അപ്പോഴേക്കും ഹോട്ടലില്‍ എത്തുക,ബാഗ് ഹോട്ടലില്‍ വെച്ച് വെളിയിലിറങ്ങി പ്രോഗ്രാമിലെ അടുത്ത ഇടമായ ഹില്‍‌ത്തോണ്‍ മലയിലെ പിസ്സ് ഗ്ലോറിയ(Piz Gloria) എന്ന റിവോള്‍വിങ്ങ് റസ്റ്റോറന്റിലേക്ക് പുറപ്പെടുക. മഞ്ഞുമൂടിയ ഹില്‍ത്തോണ്‍ മലയുടെ മുകളിലെ ഈ റസ്റ്റോറന്റ് ‘ഓണ്‍ ഹേര്‍ മെജസ്റ്റീസ് സീക്രട്ട് സര്‍വീസ് ‘ എന്ന ജയിംസ് ബോണ്ട് ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

ഒട്ടും സമയം കളയാനില്ലാത്ത വിധമാണ് ഓരോരോ ഇടങ്ങളിലേക്കുമുള്ള യാത്രയും അങ്ങോട്ടുള്ള തീവണ്ടി സമയവുമൊക്കെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും നല്ലപാതിക്കുതന്നെ.

റെയില്‍‌വേ സ്റ്റേഷന് തൊട്ടടുത്തുള്ള ഹോട്ടല്‍ കണ്ടുപിടിക്കാനൊന്നും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. ചെക്കിന്‍ ചെയ്ത് മുറിക്കകത്ത് കയറി ഒന്നു ഫ്രെഷായി. ഹോട്ടലില്‍ നിന്ന് വെളിയിലേക്ക് നോക്കുമ്പോള്‍ കാണുന്ന തെരുവും അതിനപ്പുറത്തായി ദൂരെ നിലയുറപ്പിച്ചിട്ടുള്ള മഞ്ഞുമൂടാന്‍ തുടങ്ങിയ മലകളുമൊക്കെ ഞങ്ങളെക്കാത്തുനില്‍ക്കുകയാണ്. ഒട്ടും സമയം കളയാതെ വെളിയിലിറങ്ങി

വാച്ചുകടകള്‍ക്ക് ഒരു ക്ഷാമവുമില്ല തെരുവുകളിലൊക്കെ. ഹോട്ടല്‍ ബാനര്‍ഹോഫിന്റെ തൊട്ടുവെളിയില്‍ക്കണ്ട വാച്ച് കടയില്‍ക്കയറി ചത്തുകിടക്കുകയായിരുന്ന എന്റെ സ്വാച്ചിന്റെ ബാറ്ററി മാറ്റി അതിന് ജീവന്‍ കൊടുത്ത് ‘ഇന്റര്‍ലേക്കണ്‍ ഓസ്റ്റ് ‘എന്ന ഞങ്ങളുടെ റെയില്‍‌വേ സ്റ്റേഷനിലേക്ക് നടന്നു.

സിസ്സര്‍ലാന്‍‌ഡില്‍ പോയിട്ടുള്ള പല സുഹൃത്തുക്കളും ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള കേബിള്‍ മാര്‍ഗ്ഗത്തിലൂടെ ഹില്‍ത്തോണിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ക്ക് നേരത്തേ തന്നെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു മല, ഒരു ഒരു തടാകം, ഇതാണ് സ്വിസ്സ് യാത്ര പോകുന്ന എല്ലാവരും എപ്പോഴും ലക്ഷ്യമിടുക. തടാകങ്ങള്‍ക്കും മലകള്‍ക്കും യാതൊരു ക്ഷാമവുമില്ലാത്തെ ഈ രാജ്യത്ത്, ഹില്‍ത്തോണിലേക്കുള്ള മലകയറ്റം പലരും ഒഴിവാക്കുന്നതിന് കാരണം അങ്ങോട്ടുള്ള യാത്രാച്ചിലവായിരിക്കാം. സ്വിസ്സ് പാസ്സിന്റെ പരിധിയില്‍ ഈ കേബിള്‍ യാത്ര പെടില്ല. പക്ഷെ സ്വിസ്സ് പാസ്സ് എടുത്തിരിക്കുന്നവര്‍ക്ക് പകുതി ചിലവില്‍ കേബിള്‍ കാറിന്റെ ടിക്കറ്റ് കിട്ടും. എന്നിട്ടുപോലും ആ ടിക്കറ്റൊന്നിന് 19 ഫ്രാങ്ക് കൊടുക്കേണ്ടി വന്നു. എന്നിരുന്നാലും അത്രയും ചിലവ് മുതലാക്കാന്‍ പോന്നതായിരുന്നു ആ കേബിള്‍ യാത്ര. മൂന്ന് ഘട്ടമായിട്ടാണ് ഹില്‍ത്തോണിലേക്കുള്ള ആ യാത്ര പൂര്‍ത്തിയായത്.

ഇന്റര്‍ലേക്കണ്‍ ഓസ്റ്റിൽ(Interlakken Ost) നിന്ന് ലോട്ടര്‍ബ്രണ്‍(Lotterbrunnen) എന്ന സ്റ്റേഷന്‍ വരെ ഒരു ചെറിയ തീവണ്ടിയാത്ര. അവിടന്ന് കേബിള്‍ കാറിലേക്ക് കയറാനുള്ളവരാണ് തീവണ്ടിയിലുള്ള മിക്കവാറും യാത്രക്കാരെന്ന് മനസ്സിലായത് കേബിള്‍ കാറിന്റെ അടുത്തെത്തിയപ്പോളാണ്. ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലുതായ കേബിള്‍ കാറില്‍ 30 പേര്‍ക്കെങ്കിലും സുഖമായി കയറാം.

സീറ്റുകള്‍ കുറവാണ്. കേബിള്‍ കാര്‍ ഒന്ന് നീങ്ങിക്കഴിഞ്ഞാല്‍ സീറ്റില്‍ത്തന്നെ ഇരുന്ന് കാഴ്ച്ചകള്‍ കാണാന്‍ ആര്‍ക്കും സാധിക്കില്ല. മുകളിലേക്കുള്ള കയറ്റം തുടങ്ങുമ്പോഴേക്കും ചാടിയെഴുന്നേറ്റ് ചുറ്റുമുള്ള കാഴ്ച്ചകള്‍ക്കായി കണ്ണുമിഴിക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരൊക്കെ അന്ധരായിരിക്കും. അത്രയ്ക്ക് മനോഹരമാണ് മഞ്ഞുമൂടാന്‍ തുടങ്ങിയിരിക്കുന്ന പൈന്‍ മരങ്ങളുടേയും മലകളുടേയുമൊക്കെ ദൃശ്യം.

  

ആ യാത്ര പെട്ടെന്ന് അവസാനിച്ചതുപോലെ തോന്നിയെങ്കിലും അത് ഹില്‍ത്തോണിലേക്കുള്ള കേബിള്‍ യാത്രയുടെ തുടക്കം മാത്രമായിരുന്നു. കേബിള്‍ കാറില്‍ നിന്നിറങ്ങുന്നത് സമുദ്രനിരപ്പില്‍ നിന്ന് 4875 അടി ഉയരത്തിലുള്ള ഒരു കൊച്ചു റെയില്‍‌‌വേ സ്റ്റേഷനിലാണ്.

അടുത്ത അഞ്ചുമിനിറ്റിനകം വണ്ടി യാത്രതിരിക്കുകയാണ്. കേബിളിലൂടെ കുത്തനേ കയറിയപ്പോള്‍ കണ്ട മനോഹരമായ പ്രകൃതിക്ക് കുറുകെ ഇനിയൊരു തീവണ്ടി യാത്ര.

തീവണ്ടിപ്പാതകള്‍‍ പലയിടത്തും മഞ്ഞുവീണ് മൂടിത്തുടങ്ങിയിരിക്കുന്നു. വണ്ടി ചെന്നുനില്‍ക്കുന്നത് മുറേ (Murre) എന്ന സ്റ്റേഷനിലാണ്.

‘മുറേ‘യില്‍ നിന്ന് 15 മിനിറ്റ് നടത്തമുണ്ട് അടുത്ത കേബിള്‍ സ്റ്റേഷനിലേക്ക്. ഒരു കേബിൾ, ഒരു തീവണ്ടി, പിന്നെ നടത്തം, വീണ്ടും കേബിൾ. കുറേ ദൂരം കുത്തനെ, കുറേ ദൂരം നെടുകെ. അങ്ങിനെ ഏതൊക്കെ തരത്തില്‍ ഒരാള്‍ക്ക് ആസ്വദിക്കാന്‍ പറ്റുമോ അത്തരത്തിലൊക്കെയാണ് ഈ യാത്ര ചിട്ടപ്പെടുത്തിയിരിക്കുന്നത്.


നടക്കാന്‍ തുടങ്ങിയപ്പോള്‍ തണുപ്പിന്റെ കാഠിന്യം കൂടിയിരിക്കുന്നത് എളുപ്പം മനസ്സിലായി. സ്റ്റൈലാക്കാനായി തുറന്നിട്ടിരുന്ന ജാക്കറ്റിന്റെ കുടുക്കുകളെല്ലാം പെട്ടെന്ന് പൂട്ടിക്കെട്ടി. പോക്കറ്റില്‍ കരുതിയിരുന്ന ഗ്ലൗസ് കയ്യില്‍ വലിച്ചുകയറ്റി.


തണുപ്പത്തുള്ള നടത്തമാണെങ്കിലും സോപ്പിന്‍ പതപോലെ തോന്നിക്കുന്ന കട്ടപിടിച്ചിട്ടില്ലാത്ത മഞ്ഞുവീണുകിടക്കുന്ന വഴികളിലൂടെ, മഞ്ഞിന്‍ പാളികള്‍ വിരിച്ച വീടുകളുടെ മേല്‍ക്കൂരകളുടേയും, വെള്ളപ്പുതപ്പിട്ട മരങ്ങളുടേയുമൊക്കെ, സൗന്ദര്യമാസ്വദിച്ചുകൊണ്ടുള്ള നടത്തം ഹരം പിടിപ്പിക്കുന്നതായിരുന്നു.

റോഡിലൂടെ ഇടയ്ക്കിടയ്ക്ക് കടന്നുപോയ വാഹനങ്ങളുടെ ടയറുകള്‍ക്ക് മുകളിലൂടെ, മഞ്ഞില്‍ ഓടിക്കാനുള്ള സൗകര്യത്തിനുവേണ്ടി ചങ്ങല ചുറ്റിപ്പിടിപ്പിച്ചിരിക്കുന്നതുകൊണ്ട്, റോഡില്‍ ഈ വാഹനങ്ങള്‍ കടന്നുപോകുന്നത് സാമാന്യം നല്ല ശബ്ദമുണ്ടാക്കിക്കൊണ്ടാണ്.

ശനിയാഴ്ച്ചയായതുകൊണ്ടായിരിക്കാം വഴിയരുകിലുള്ള കടകളെല്ലാം അടഞ്ഞാണ് കിടന്നിരുന്നത്. ചില ഓപ്പണ്‍ എയര്‍ റസ്റ്റോറന്റുകളുടെ മേശപ്പുറത്തും കസേരകളിലുമെല്ലാം നല്ല കട്ടിയില്‍ ഐസ് വീണുകിടക്കുന്നുണ്ട്.

ഒക്‍ടോബര്‍ മാസത്തില്‍ ഇതാണ് ഇവിടത്തെ സ്ഥിതിയെങ്കില്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ എന്തായിരിക്കും അവസ്ഥ?! ആലോചിക്കുമ്പോഴേക്ക് തന്നെ ശരീരം തണുത്ത് കട്ടിയാകുന്നതുപോലെ.

ഹില്‍‌ത്തോണ്‍ മലമുകളിലേക്കുള്ള അടുത്ത കേബിള്‍ സ്റ്റേഷന്‍ മുന്നില്‍ കാണാനായിത്തുടങ്ങിയപ്പോഴേക്കും മല മുകളിലുണ്ടാകാന്‍ സാദ്ധ്യതയുള്ള തണുപ്പിനെപ്പറ്റിയുള്ള ചിന്ത കൂടിക്കൂടിവന്നു. 9744 അടി ഉയരത്തിലേക്കാണ് ഇനിയുള്ള കയറ്റം. അതിനിടയില്‍ തണുപ്പിനെപ്പറ്റി ആലോചിച്ച് ബേജാറാകാന്‍ നിന്നാല്‍ യാത്രയുടെ സുഖം നഷ്ടപ്പെടും. പുറത്തുകാണുന്ന മഞ്ഞുകട്ടകളെപ്പോലെ തന്നെ, ബേജാറുകളെയെല്ലാം ഉള്ളിലുറഞ്ഞ് കട്ടിയാകാന്‍ വിട്ട്, സാഹസികനും ജീവനില്‍‌ക്കൊതിയില്ലാത്തവനുമായ ജെയിംസ് ബോണ്ടിനെ മാത്രം മനസ്സില്‍ ധ്യാനിച്ച് കേബിള്‍ സ്റ്റേഷനിലേക്ക് കയറി.


രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.