സുഹൃത്തേ ജോജീ…
മൂന്നാറില്‍ എന്തൊക്കെയാണ് കാണാനുള്ളത് എന്ന് ചോദിച്ചുകൊണ്ടുള്ള താങ്കളുടെ ഇ-മെയില്‍ കിട്ടി. മറുപടി വൈകിച്ചതിന് ക്ഷമിക്കണം. ഞാന്‍ ഇന്നാണ് ഓഫ്‌ഷോറിലെ എണ്ണപ്പാടത്തെ ജോലി കഴിഞ്ഞ് തിരിച്ച് വന്നത്.
മൂന്നാറിലും പരിസരപ്രദേശങ്ങളിലുമൊക്കെയായി കാണാനും കറങ്ങിനടക്കാനുമൊക്കെ ഒരുപാട് സ്ഥലങ്ങളുണ്ട്. ജോജി എത്ര ദിവസത്തേക്കാണ് പോകുന്നത് എന്നതിനെ ആശ്രയിച്ച് പോകാന്‍ താല്‍പ്പര്യമുള്ള സ്ഥലങ്ങള്‍ തീരുമാനിച്ചാല്‍ മതി. എനിക്കറിയാവുന്ന കുറച്ച് സ്ഥലങ്ങള്‍ ഞാനിവിടെ കുറിക്കാം.
വെറും ഒരു വിനോദയാത്ര എന്നതിനുപരി ചരിത്രമൊക്കെ മനസ്സിലാക്കി ഒരു യാത്ര നടത്താന്‍ തയ്യാറാണെങ്കില്‍ ഒരുപാടുണ്ട് മൂന്നാറിനെപ്പറ്റി പറയാന്‍.
എറണാകുളത്ത് നിന്നുള്ള യാത്രയില്‍ നേര്യമംഗലം പാലം കഴിയുമ്പോള്‍ റോഡിന്റെ ഇടതുവശത്ത് 1931-ല്‍ റാണി സേതുലക്ഷീഭായ് ഈ റോഡ് തുറന്നുകൊടുത്തതിന്റെ വിളംബരം എഴുതിവെച്ചിരിക്കുന്ന ‘റാണിക്കല്ല് ’ ആ ചരിത്രത്തിന്റെ ഒരു ഭാഗമാണ്. അതുകഴിഞ്ഞാന്‍ മൂന്നാറിലേക്കുള്ള കയറ്റം തുടങ്ങുകയായി. മറ്റ് ഹൈറേഞ്ചുകളുമായി താരതമ്യം ചെയ്യുമ്പോളിവിടെ ഹെയര്‍പിന്നുകള്‍ വളരെ കുറവാണ്. കാട്ടാനകള്‍ വര്‍ഷങ്ങളായി താഴേക്കിറങ്ങിയിരുന്ന പാതകളിലൂടെയാണ് ഈ റോഡ് തെളിച്ചത് എന്നതാണത്രേ ഇതിന് കാരണം!
മൂന്നാറിലേക്കുള്ള യാത്രയില്‍ ചീയപ്പാറ വെള്ളച്ചാട്ടവും, ചിന്നക്കനാല്‍ വെള്ളച്ചാട്ടവും പിന്നെ മറ്റ് ഒട്ടനേകം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാന്‍ സാധിക്കും.
മഴക്കാലത്താണെങ്കില്‍ നിറഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്. വെള്ളച്ചാട്ടത്തിനടിയില്‍ നനയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് പാകത്തിനുള്ള വസ്ത്രങ്ങള്‍ കരുതുന്നത് നന്നായിരിക്കും.
മൂന്നാറിന്റെ കാണാനുള്ള സ്ഥലങ്ങളൊക്കെ പലയിടത്തായി ചിതറിക്കിടക്കുകയാണ്. പക്ഷെ ഒരു സ്ഥലത്തുനിന്ന് മറ്റ് സ്ഥലത്തേക്ക് തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയാണ് മൂന്നാര്‍ യാത്രയുടെ മാറ്റ് കൂട്ടുന്നത്.പ്രത്യേകിച്ച് എങ്ങും പോയില്ലെങ്കിലും പുല്‍മേടുകള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കുമിടയിലൂടെ വളഞ്ഞുപുളഞ്ഞ് ഒരു യാത്ര ചെയ്തുവന്നാല്‍ നമ്മളൊന്ന് ഫ്രഷായിട്ടുണ്ടാകും.
യാത്രയ്ക്കിടയില്‍ കൊളുന്തുനുള്ളുന്നവരെ കണ്ടാല്‍ വാഹനം നിറുത്തി ആ കാഴ്ച്ച കുറച്ചുനേരം നോക്കി നില്‍ക്കാന്‍ മറക്കരുത് കേട്ടോ ?
മൂന്നാറില്‍ പോകാനുള്ള സ്ഥലങ്ങള്‍ ടോപ്പ് സ്റ്റേഷനും, മാട്ടുപ്പെട്ടിയും, ദേവികുളം തടാകവുമൊക്കെയാണ്. പഴയ ഒരു പള്ളി കാണണമെങ്കില്‍ ഓള്‍ഡ് മൂന്നാറിലേ സി.എസ്സ്.ഐ. ചര്‍ച്ചില്‍ പോകാം.
ഒരു കുന്നിന്റെ ചരുവില്‍ നില്‍ക്കുന്ന പുരാതനമായ ആ പളളിയുടെ ചരിത്രം കൌതുകം ജനിപ്പിക്കുന്നതും അതേസമയം ചെറുതായി നൊമ്പരപ്പെടുത്തുന്നതുമാണ്. ഈ പള്ളി വരുന്നതിനും 17 വര്‍ഷത്തിന് മുന്‍പ് തന്നെ അവിടത്തെ സെമിത്തേരി വന്നിരുന്നു. അതാണ് ആ പള്ളിയുടെ കഥയിലെ കൌതുകരമായ ഭാഗം.
കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആദ്യത്തെ ജനറല്‍ മാനേജറായിരുന്ന ഹെന്‍റി മാന്‍സ് ഫീല്‍ഡ് നൈറ്റ് എന്ന സായിപ്പിന്റെ, 23 കാരിയായ ഭാര്യയായ എലനര്‍ ഇസബെല്‍ മൂന്നാറിലെത്തിയപ്പോള്‍ ആ സ്ഥലത്തിന്റെ ഭംഗി കണ്ടിട്ട് …
“ഞാന്‍ മരിച്ചാല്‍ എന്നെ ഈ കുന്നിന്റെ മുകളില്‍ അടക്കം ചെയ്യണം” എന്ന് പറയുന്നു.
അത് പറഞ്ഞ് മൂന്നാം ദിവസം എലനര്‍ ഇസബെല്‍ കോളറ വന്ന് മരിക്കുന്നു. അവരെ ആ കുന്നിന്റെ മുകളില്‍ ഇപ്പോള്‍ പള്ളിയിരിക്കുന്നതിന്റെ പുറകിലായി അടക്കം ചെയ്യുന്നു. ആ ശവകുടീരം ഇന്നും അവിടെയുണ്ട്. പിന്നീട് 17 വര്‍ഷങ്ങള്‍ക്കുശേഷം കുന്നിന്‍ ചെരുവില്‍ പള്ളി വന്നു. സെമിത്തേരിയില്‍ വിദേശികളുടേയും സ്വദേശികളുടേയുമായി കൂടുതല്‍ ശവമടക്കുകള്‍ നടക്കുകയും ചെയ്തു.
പലപ്രാവശ്യം പള്ളിവരെ പോയിട്ടും, അട്ടകളുടെ ശല്യം കാരണം എലനര്‍ ഇസബെല്ലിന്റെ കുഴിമാടം എനിക്കിതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. പള്ളിയില്‍ നിന്ന് താഴെക്ക് നോക്കിയാല്‍ നിറയെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുക. മദാമ്മ കണ്ട സൌന്ദര്യം ആ സ്ഥലത്തിന് ഇപ്പോളുണ്ടോ എന്ന് സംശയമാണ്.
ഒരിക്കള്‍ പള്ളിക്കകത്ത് കയറിയപ്പോള്‍ വളരെ പഴക്കമുള്ള ഒരു ബൈബിളും, പിയാനോയുമൊക്കെ കാണാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടുണ്ട്.
പള്ളിയുടെ അകം പഴമ വിളിച്ചോതുന്ന തരത്തിലുള്ളതാണ്. ചുമരിലൊക്കെ മണ്‍മറഞ്ഞുപോയ സായിപ്പന്മാടുടെയെല്ലാം പേരുകള്‍ കൊത്തിയ ലോഹത്തകിടുകള്‍ പിടിപ്പിച്ചിട്ടുണ്ട്.
മൂന്നാര്‍ ടൌണില്‍ നിന്ന് ഇടുക്കി റൂട്ടില്‍ പോയാല്‍ മാട്ടുപ്പെട്ടിയാണ്. അവിടെ മുന്‍കാലങ്ങളില്‍ പശുവളര്‍ത്തല്‍ കേന്ദ്രത്തിലൊക്കെ കടത്തിവിടുമായിരുന്നു. ഇന്തോ-സ്വിസ്സ് പ്രോജക്‍ടാണത്. പക്ഷെ ഇപ്പോള്‍ ആള്‍ക്കാരെ കടത്തിവിടുന്നില്ല എന്നാണ് കേള്‍ക്കുന്നത്. പോകുമ്പോള്‍ അന്വേഷിച്ച് നോക്ക്. കടത്തിവിടുന്നെങ്കില്‍ പോകണമെന്നാണ് എന്റെ അഭിപ്രായം. മാട്ടുപ്പെട്ടി തടാകത്തില്‍ ബോട്ട് യാത്ര നല്ലൊരു അനുഭവമായിരിക്കും. അവിടെപ്പോകുമ്പോള്‍ തടാകത്തിന്റെ മറുകരയിലേക്ക് കൂക്കിവിളിക്കാന്‍ മറക്കണ്ട. ഒരു എക്കോ പോയന്റ് കൂടെയാണത്. ഇതിനൊക്കെ പുറമെ മാട്ടുപ്പെട്ടി പരിസരം വളരെ മനോഹരമായ ഒരിടമാണ്. ലേയ്‌ക്കിലേക്കും നോക്കി എത്രനേരം വേണമെങ്കിലും ആ പച്ചപ്പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ തോന്നും.
ദേവികുളം തടാകവും നല്ലൊരു സ്പോട്ടാണ്. മഴപെയ്ത് തടാകം നിറഞ്ഞുനില്‍ക്കുന്നതുകാണാനാണ് കൂടുതല്‍ ഭംഗി.
പിന്നെയുള്ളത് ടോപ്പ് സ്റ്റേഷനാണ്. അത് മൂന്നാറില്‍ നിന്ന് 35 കിലോമീറ്ററോളം യാത്രയുണ്ട്. മൂന്നാറില്‍ ചെന്നാല്‍ എല്ലാവരും പോകുന്ന ഒരു സ്ഥലമാണത്. കുന്നിന്റെ മുകളില്‍ നിന്നുള്ള താഴ്‌വരക്കാഴ്ച്ചയാണ് ടോപ്പ് സ്റ്റേഷനില്‍ നിന്ന്‍ ആസ്വദിക്കാനുള്ളത്.
.
പറ്റുമെങ്കില്‍ കൊളുക്കുമലയിലേക്ക് കൂടെ പോകൂ. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടമാണത്. മൂന്നാറ് വരെ പോയിട്ട് കൊളുക്കുമലയില്‍ പോകാതെ മടങ്ങുന്നത് ഒരു വലിയ നഷ്ടമാണെന്നാണ് എന്റെ അഭിപ്രായം. മൂന്നാര്‍ പട്ടണത്തില്‍ നിന്നും ചിന്നക്കനാല്‍ റൂട്ടിലൂടെ സൂര്യനെല്ലിയിലെത്താം. അവിടന്ന് 15 കിലോമീറ്റര്‍ മാത്രമേ കൊളുക്കുമലയിലേക്കുള്ളൂ. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂര്‍ ജില്ലയിലാണ് കൊളുക്കുമലയുടെ സ്ഥാനമെങ്കിലും അവിടേയ്ക്ക് പോകാന്‍ ബോഡിനായ്ക്കനൂര് നിന്ന് റോഡ് മാര്‍ഗ്ഗമൊന്നും ഇല്ല.
മറ്റ് സ്ഥലങ്ങള്‍ താഴെപ്പറയുന്നവയാണ്.
ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക് 15 കിലോമീറ്റര്‍.
രാജാമലൈ വന്യമൃഗസങ്കേതത്തിലേക്ക് 15 കിലോമീറ്റര്‍.
ആനമുടി പീക്കിലേക്ക് മൂന്നാറ് നിന്ന് 50 കിലോമീറ്റര്‍ പോകണം. ആനമുടിയാണ് പശ്ചിമഘട്ടത്തിലെ(വെസ്റ്റേണ്‍ ഗാട്ട്) തെക്കേ ഇന്ത്യയിലെ എറ്റവും ഉയരം കൂടിയ ഇടം. ട്രെക്കിങ്ങിന് താല്‍പ്പര്യം ഉള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് അത്.
മറയൂര്‍ വളരെ നല്ല സ്ഥലമാണ്. മൂന്നാറ് നിന്ന് 40 കിലോമീറ്ററോളം പോകണം മറയൂരെത്താന്‍. മറയൂര്‍ക്ക് പോകുന്ന വഴിയിലാണ് കാന്തല്ലൂരും മന്നവന്‍ ചോലയും. 7800 അടി ഉയരത്തില്‍ വരെ 42 ല്‍പ്പരം ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന മന്നവന്‍ ചോലയിലെ ചോലക്കാടുകള്‍ ആനകളുടേയും പുലികളുടേയുമൊക്കെ വിഹാരകേന്ദ്രമാണ്.
ഇത്രയൊക്കെയാണ് മൂന്നാറും പരിസരപ്രദേശവുമൊക്കെയായി എനിക്കറിയാവുന്ന സ്ഥലങ്ങള്‍.ഇതില്‍ പല സ്ഥലങ്ങളിലും ഞാനിനിയും പോയിട്ടില്ല. ഒരുപാട് സ്ഥലങ്ങള്‍ ഇനിയും കണ്ട് തീര്‍ക്കാനുണ്ട്. ഓരോ മൂന്നാര്‍ യാത്രയിലും ഓരോരോ സ്ഥലങ്ങളില്‍ പോയി നല്ലവണ്ണം സമയമെടുത്ത് കാഴ്ച്ചകള്‍ കണ്ടുനടക്കുക എന്നതാണ് എന്റെ പോളിസി.
നീലക്കുറുഞ്ഞി പൂക്കാന്‍ ഇനിയും 10 കൊല്ലമെടുക്കും. രണ്ട് കൊല്ലം മുന്‍പ് പൂത്തെന്നാണ് എന്റെ ഓര്‍മ്മ. 12 കൊല്ലത്തിലൊരിക്കലാണ് നീലക്കുറുഞ്ഞി പൂക്കുന്നത്. ഞാനിതുവരെ ആ കാഴ്ച്ച കണ്ടിട്ടില്ല. കഴിഞ്ഞ പ്രാവശ്യം പോകാന്‍ തയ്യാറെടുത്തപ്പോഴേക്കും നീലക്കുറുഞ്ഞിയെല്ലാം കരിഞ്ഞുതുടങ്ങിയിരുന്നു. അല്ലെങ്കിലും നീലക്കുറുഞ്ഞി പൂക്കുന്ന കാലത്ത് മൂന്നാറില്‍ പോകാന്‍ തോന്നില്ല. അത്രയ്ക്ക് തിരക്കായിരിക്കും ആ സമയത്തൊക്കെ.അധികം തിരക്കുള്ളിടത്ത് കറങ്ങാന്‍ പോകുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. കഴിഞ്ഞ പ്രാവശ്യം നീലക്കുറുഞ്ഞി കാണാന്‍ സ്ക്കൂളില്‍ നിന്ന് കുട്ടികളുമായി മൂന്നാറില്‍ പോയ ചില അദ്ധ്യാപകരുടെ അനുഭവം കേട്ടപ്പോള്‍ വിഷമം തോന്നി. മണിക്കൂറുകളോളം വെയിലത്ത് ക്യൂ നിന്ന് കുറെ കരിഞ്ഞ നീലക്കുറുഞ്ഞികള്‍ മാത്രം കണ്ട് മടങ്ങേണ്ടി വന്നു അവര്‍ക്ക്.
ഞാന്‍ മൂന്നാറ് പോകുമ്പോളെല്ലാം ബ്ലൂ മോണ്‍ഡ് റിസോര്‍ട്ടിലാണ് താമസിക്കാറ്. ചിന്നക്കനാല്‍ റൂട്ടിലാണ് ബ്ലൂ മോണ്‍ഡ് റിസോര്‍ട്ട്. അവിടന്ന് സൂര്യനെല്ലിയിലേക്ക് രണ്ടരക്കിലോമീറ്ററേയുള്ളൂ. ആ റൂട്ടില്‍ത്തന്നെയാണ് മഹീന്ദ്ര, സ്റ്റെര്‍ലിങ്ങ്, ഫോര്‍ട്ട് മൂന്നാര്‍ തുടങ്ങിയ ഒരുവിധം വലിയതും നല്ലതുമായ റിസോര്‍ട്ടുകളെല്ലാം. മൂന്നാര്‍ ലേയ്‌ക്ക് ആ റൂട്ടിലായതുകൊണ്ടാകണം ആ വഴിയില്‍ വേറേയും കുറേയധികം റിസോര്‍ട്ടുകള്‍ ഉണ്ട്. ഹോം സ്റ്റേ പോലുള്ള സംവിധാനങ്ങള്‍ ആ റൂട്ടില്‍ അല്ലെങ്കില്‍ മൂന്നാറില്‍ത്തന്നെ എത്രത്തോളം ഉണ്ടെന്ന് എനിക്ക് അറിയില്ല.
ബ്ലൂ മോണ്‍ഡില്‍ ഒരു ഗുണം ഉണ്ട്. 2 ബെഡ്ഡ് റൂമും ഒരു ലിവിങ്ങ് റൂമും ചേര്‍ന്ന കോട്ടേജുകള്‍ ഉണ്ട് അവിടെ. ഒന്നിലധികം ഫാമിലി ഉണ്ടെങ്കില്‍ അത് സൌകര്യം ചെയ്യും. സാധാരണ മുറികളും ഉണ്ട്. ഒരുവിധം പോക്കറ്റില്‍ ഒതുങ്ങുന്ന താരിഫാണവിടെ. മുന്‍പ് പറഞ്ഞ മറ്റ് ഹോട്ടലുകളില്‍ എല്ലാം ഇതിന്റെ ഇരട്ടി പണം ചിലവാകും. അവിടത്തെ ബുക്കിങ്ങിന് 9447131710 എന്ന മൊബൈല്‍ നമ്പറില്‍ വൈകീട്ട് 5 മണിക്ക് ശേഷം വിളിച്ചാല്‍ മതി. ലേയ്‌ക്കിന്റെ ഏറ്റവും മനോഹരവും അടുത്തുള്ളതുമായ വ്യൂ ബ്ലൂ മോണ്‍ഡ് റിസോര്‍ട്ടില്‍ നിന്നാണ്.
മൂന്നാറിലിപ്പോള്‍ പൂജ്യം ഡിഗ്രിയിലാണ് താപമാനമെന്ന്‍ വാര്‍ത്തകളില്‍ കണ്ടിരുന്നു. കോടമഞ്ഞുവീഴുന്ന ഈ മാസങ്ങളില്‍ മൂന്നാര്‍ യാത്രയുടെ സുഖം ഒന്ന് വേറെ തന്നെയായിരിക്കും.
കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ ചോദിച്ചാല്‍ മതി. അറിയുന്ന കാര്യങ്ങള്‍ പറഞ്ഞ് തരുന്നതില്‍ സന്തോഷമേയുള്ളൂ. നല്ലൊരു യാത്ര പോയി വരൂ. മടങ്ങി വന്നിട്ട് പറ്റുമെങ്കില്‍ ഒരു യാത്രാവിവരണം എഴുതാനും ശ്രമിക്കണേ.
ആശംസകളോടെ.
-നിരക്ഷരന്‍
(അന്നും, എന്നും, എപ്പോഴും)
————————————————————————–
’ചില യാത്രകള്‍ ‘ സ്ഥിരമായി വായിക്കുന്ന ജോജീ ഫിലിപ്പ് എന്ന സൌദി പ്രവാസി സുഹൃത്തിന്റെ കത്തിന് എഴുതിയ മറുപടി കുറച്ച് പരിപോഷിപ്പിച്ച്, മേമ്പൊടിക്ക് ഇത്തിരി പടങ്ങളൊക്കെ ചേര്‍ത്ത് ഒരു കത്തിന്റെ രൂപത്തില്‍ത്തന്നെ പ്രസിദ്ധീകരിക്കുന്നു.