ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .
സ്വിസ്സ് യാത്രയുടെ 1, 2, ഭാഗങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യൂ
————————————————————————–
രണ്ടാം ദിവസത്തെ യാത്രാപരിപാടിയിലെ ആദ്യത്തെയിടം ‘ടോപ്പ് ഓഫ് യൂറോപ്പ് ‘ എന്നറിയപ്പെടുന്ന യുങ്ങ്‌ഫ്രോ (Jungfraujoch)മലമുകളിലേക്കായിരുന്നു. അതൊരു കേബിൾ കാർ യാത്ര ആയിരുന്നില്ല എന്നുള്ളത് എനിക്കേറെ ആശ്വാസം നൽകി. സ്വിസ്സർലാൻഡിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാണ് യുങ്ങ്‌ഫ്രോ. സ്വിസ്സർലാൻഡ് വരെ പോയിട്ട് ‘ടോപ്പ് ഓഫ് യൂറോപ്പ് ‘കാണാതെ മടങ്ങിയ യാത്രികർ വിരളമായിരിക്കും.
രാവിലെ 6 മണികഴിഞ്ഞിട്ടും പ്രഭാതസൂര്യന്റെ വെളിച്ചത്തിനുപകരം ദൂരെയുള്ള ആൽപ്പ്സ് മലനിരകളിലെ മഞ്ഞുപുതപ്പിന്മേൽ നിലാവിന്റെ നീലനിറം വീണുകിടക്കുന്നതുപോലെയാണ് തോന്നിയത്. രാവിലെ 06:50 ന്റെ തീവണ്ടിയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സ്റ്റേഷനിലേക്ക് നടന്നെത്തിയപ്പോഴേക്കും ആ വണ്ടി പോയിക്കഴിഞ്ഞിരുന്നു. നമ്മുടെ നാട്ടിലെ പോലെ തീവണ്ടിയോ മറ്റേതെങ്കിലും വാഹനങ്ങളോ, വൈകിവരുമെന്ന ധാരണയിലുള്ള നടപ്പ് സ്വിസ്സർലാൻഡിൽ ചിലവാകില്ലെന്ന് അതോടെ മനസ്സിലായി. ലോകത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട ക്ലോക്കുകളും വാച്ചുകളും ഉണ്ടാക്കാൻ മാത്രമല്ല, അതിൽക്കാണിക്കുന്ന സമയം കൃത്യമായി പാലിക്കാൻകൂടി പേരുകേട്ടവരാണ് ഇന്നാട്ടുകാർ.
ടൂറിസ്റ്റുകൾക്ക് അവരുടെ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കി എന്തുസഹായം ചെയ്തുതരാനും സദാ സന്നദ്ധരാണ് തീവണ്ടിയാപ്പീസിലെ ഹെല്‍പ്പ് ഡെസ്ക്കിലുള്ളവർ. അവർ നിദ്ദേശിച്ചതുപ്രകാരം 07:22 ന്റെ വണ്ടിയിൽക്കയറി Wengen,Wengernalp എന്നീ സ്റ്റേഷനുകൾ വഴി Kleine Scheidegg സ്റ്റേഷനിലെത്തി.
അവിടന്നാണ് യുങ്ങ്‌ഫ്രോയിലേക്കുള്ള വണ്ടിയിൽ മാറിക്കയറേണ്ടത്. ഇനിയുള്ള തീവണ്ടിയാത്ര സ്വിസ്സ് പാസ്സിന്റെ പരിധിയിൽ വരുന്നില്ല. പക്ഷെ സിസ്സ് പാസ് കയ്യിലുള്ളവർക്ക് 50% ഇളവുള്ളതുകൊണ്ട് ആളൊന്നുക്ക് 55 സ്വിസ്സ് ഫ്രാങ്കിൽ ആ ടിക്കറ്റിന്റെ ചിലവൊതുങ്ങി.
മഞ്ഞിൽപ്പുതഞ്ഞുകിടന്നിരുന്ന ആ സ്റ്റേഷനിലുണ്ടായിരുന്നവരിൽ ബഹുഭൂരിഭാഗവും യുങ്ങ്‌ഫ്രോയിലേക്കുള്ള സഞ്ചാരികൾ തന്നെയായിരുന്നു. എല്ലാവരേയും അകത്തുകയറ്റി കൃത്യസമയം പാലിച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയ വണ്ടി 4 മിനിറ്റിലധികം സഞ്ചരിക്കുന്നതിനുമുൻപ് ഒരു തുരങ്കത്തിലേക്ക് കടക്കുകയായി. അധികം താമസിയാതെ ആ തുരങ്കത്തിൽ നിന്ന് പുറത്തുവന്നത് മറ്റൊരു ഭൂപ്രകൃതി കാണിച്ചുതരാനാണെന്ന് തോന്നിപ്പിക്കാതിരുന്നില്ല. ഇടത്തരം ഒരു തടാകമായിരുന്നു ആ കാഴ്ച്ചകളിലെ പ്രധാന ആകർഷണം.
മഞ്ഞുതൊപ്പിയിട്ട ആല്‍പ്പ്സ് നിരകളും പൈൻ മരങ്ങളുമൊക്കെ ചേർന്ന് നൽകുന്ന ആൽ-പൈൻ ദൃശ്യം സ്വിസ്സർലാൻഡിലെ മലകൾക്കുമുകളിലേക്കുള്ള യാത്രയിലെ ഒരു സ്ഥിരംകാഴ്ച്ച മാത്രമാണെങ്കിലും അതിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ലെന്നുള്ളതാണ് സത്യം.
യുങ്ങ്‌ഫ്രോയിലേക്കുള്ള യാത്ര പൂർണ്ണമായും തീവണ്ടിയിലാണ്. യാത്രയുടെ അവസാനഭാഗത്ത് തീവണ്ടി സഞ്ചരിക്കുന്നത് താഴ്വാരത്തുനിന്ന് മലയുടെ മുകളിലേക്കുള്ള തുരങ്കത്തിലൂടെയാണെന്നു മാത്രം. അതുകൊണ്ടുതന്നെ ഈ യാത്രയിൽ മുകളിലേക്കുള്ള കയറ്റത്തിന്റെ ഭംഗിയോ ഭീകരതയോ അനുഭവിക്കാനാവില്ല. തീവണ്ടിക്കകം ചൂടായതുകൊണ്ട് തണുപ്പിന്റെ കാഠിന്യം പോലും കൃത്യമായി മനസ്സിലാക്കാൻ പറ്റില്ല.
വണ്ടിയിൽ കയറുന്നതിനുമുൻപ് Scheidegg സ്റ്റേഷനിൽ നിന്ന് കയ്യിലെടുത്ത ട്രാവൽ-ബ്രോഷർ തുറന്ന് ലക്ഷ്യസ്ഥാനത്തെക്കുറിച്ച് അല്‍പ്പം വിവരമുണ്ടാക്കാമെന്നുവെച്ച് വായന ആരംഭിച്ചപ്പോഴാണ് അക്കിടി മനസ്സിലായത്. ബ്രോഷറിൽ ഇംഗ്ലീഷ് ഒഴികെ മറ്റെല്ലാ ഭാഷയുമുണ്ട്. പരീക്ഷാഫലം പത്രത്തിൽ തിരയുന്നവന്റെ അങ്കലാപ്പോടെ കടലാസ് തിരിച്ചും മറിച്ചും നോക്കുന്ന എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്ന തൊട്ടടുത്ത സീറ്റിലെ സായിപ്പിനും മദാമ്മയ്ക്കും കാര്യം പെട്ടെന്ന് പിടികിട്ടി. അവരുടെ കയ്യിലുണ്ടായിരുന്ന ഇംഗ്ലീഷ് ബ്രോഷറും എന്റെ കയ്യിലുള്ള മറു ഭാഷാ ബ്ലോഷറും പരസ്പരം കൈമാറിയത് എല്ലാവരുമൊരുമിച്ച് പൊട്ടിച്ചിരിച്ചുകൊണ്ടാണ്.
തീവണ്ടി വളരെ മെല്ലെയാണ് നീങ്ങിയിരുന്നത്. അൽപ്പനേരത്തിനകം തുരങ്കത്തിലൂടെ ചെറിയ വെളിച്ചം കാണാനായിത്തുടങ്ങിയപ്പോൾ ലക്ഷ്യസ്ഥാനത്തെത്തിയെന്നാണ് കരുതിയതെങ്കിലും അതൊരു സ്റ്റോപ്പ് മാത്രമായിരുന്നു. തുരങ്കത്തിന്റെ വശങ്ങളിലൂടെ മലയുടെ വെളിയിലേക്ക് തുരന്ന് ചില്ലുജനാലകൾ സ്ഥാപിച്ചിട്ടുണ്ട്. അല്‍പ്പനേരം തീവണ്ടി അവിടെ നിർത്തിയിടുന്നുണ്ട്.
എല്ലാവർക്കും വെളിയിലിറങ്ങി ജനാലകളിലൂടെ മഞ്ഞിന്റെ കനത്തപാളികൾ വീണുകിടക്കുന്ന താഴ്‌വരയുടെ ഭംഗി ആസ്വദിക്കാൻ വേണ്ടി മാത്രമാണ് അവിടെ വണ്ടി നിറുത്തുന്നത്.അതിലൊരു ചില്ലുജാലകം പൂർണ്ണമായും മഞ്ഞുവീണ് അടഞ്ഞുപോയിരിക്കുന്നു.
9400 അടി ഉയരത്തിൽ Eigerwand, 10368 അടി ഉയരത്തിൽ Eismeer എന്ന രണ്ടിടങ്ങളിൽ അതുപോലെ വണ്ടി നിർത്തുന്നുണ്ട്. വെളിയിലെ കാഴ്ച്ചകൾ കാണാനും, പടം പിടിക്കാനും മറ്റുമുള്ള സമയം കഴിഞ്ഞെന്ന് തോന്നിയാൽ എല്ലാവരും വണ്ടിയിൽ കയറണമെന്ന് അനൗൺസ്‌മെന്റ് വരുകയും വണ്ടി വീണ്ടും മുന്നോട്ട് നീങ്ങുകയുമായി.
അടുത്ത സ്റ്റോപ്പ് (Bahnhof)കാണുമ്പോഴേ അത് അവസാനത്തെ സ്റ്റേഷനാണെന്ന തോന്നലുളവാക്കും. ഷിൽത്തോണിലേക്കുള്ള യാത്ര സാദ്ധ്യമാക്കിയത് Emst Feuz ആണെങ്കിൽ യുങ്ങ്‌ഫ്രോയിലേക്കൂള്ള യാത്രയ്ക്ക് നാം നന്ദി പറയേണ്ടത് Adolf Guyer Zeller എന്ന വ്യക്തിയോടാണ്. യുങ്ങ്‌ഫ്രോയിലേക്കുള്ള റയിൽ ഗതാഗതത്തിന് തുടക്കം കുറിച്ച അദ്ദേഹത്തിന്റെ തലമാത്രം കാണിക്കുന്ന ഒരു ശില്‍പ്പമാണ് ഈ സ്റ്റേഷനിൽ നമ്മെ സ്വാഗതം ചെയ്യുന്നത്. അകത്തേക്ക് കയറിച്ചെല്ലുന്നിടത്തുതന്നെ കഫ്ത്തീരിയയും, സോവനീർ ഷോപ്പുമൊക്കെയുണ്ട്. കണ്ണാടിച്ചില്ലിലൂടെ പുറത്തേക്ക് കാണുന്നത് നോക്കെത്താദൂരത്തേക്ക് പരന്നുകിടക്കുന്ന മഞ്ഞുമലകൾ മാത്രമാണ്. മലമുകളിലെ കാഴ്ച്ചകൾ തൊട്ടടുത്ത് കൊണ്ടുവരാനായി ബൈനോക്കുലറുകൾ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. കുറച്ചുനേരം ആ കാഴ്ച്ചകൾക്ക് വേണ്ടി ചിലവാക്കിയതിനുശേഷം നെടുനീളൻ തുരങ്കത്തിലെ അരിച്ചിറങ്ങുന്ന നീലവെളിച്ചത്തിനടിയിലൂടെ മുന്നോട്ട് നീങ്ങി.
ഐസ് പാലസ്സ് ആണ് യുങ്ങ്‌ഫ്രോയിലെ പ്രധാന കാഴ്ച്ചകളിൽ ഒന്ന്. തുരങ്കത്തിനുള്ളിലെ വഴികളിലൊന്ന് ചെന്നുചേരുന്നത് മഞ്ഞിൻ കൊട്ടാരത്തിലേക്കുള്ള പടികൾക്ക് മുകളിലാണ്. പടിയിറങ്ങിച്ചെല്ലുമ്പോൾ കാണുന്ന നീളമുള്ളതും വീതികുറഞ്ഞതുമായ വഴി കൊണ്ടുചെല്ലുന്നത് ഐസിൽ തീർത്ത ശില്‍പ്പങ്ങൾ അണിനിരത്തിയിട്ടുള്ള ഉയരം കുറഞ്ഞതും നിറയെ ഇടഭിത്തികളുമുള്ള മുറികളിലേക്കാണ്.
ചുമരിലും, മച്ചിലും, തറയിലുമൊക്കെ ചില്ലുപോലെയുള്ള ഐസ് ആവരണം തീർത്തിരിക്കുന്നു. തറയിൽ സൂക്ഷിച്ച് ചവിട്ടി നടക്കണമെന്ന് ആദ്യം തോന്നിയെങ്കിലും വെളിയിലുള്ള മഞ്ഞിൽ തെന്നിവീഴുന്നതുപോലെ അപകടം അകത്തുണ്ടാകില്ലെന്ന് പിന്നീട് മനസ്സിലായി. മഞ്ഞുരുകിയ വെള്ളം ഒഴുകുന്നില്ല എന്നതുതന്നെയാണ് പ്രധാന കാരണം. പടമെടുക്കുന്നവരുടെ തിരക്കാണവിടെ.
ഹിമക്കരടികളും, പെൻഗ്വിനുകളും, കഴുകന്മാരുമൊക്കെ ആ ശില്‍പ്പങ്ങളുടെ കൂട്ടത്തിലുണ്ട്. ക്രിസ്റ്റലിൽ തീർത്തതുപോലുള്ള മനോഹരമായ കലാവിരുന്നാണ് ഐസ് പാലസ്സിനകം മുഴുവനും.
കുറച്ചുനേരം ആ ശില്‍പ്പഭംഗി ആസ്വദിക്കാൻ വേണ്ടി ചിലവഴിച്ചശേഷം പ്രധാന കെട്ടിടത്തിൽച്ചെന്ന് പുറത്തേക്കുള്ള വാതിലിലൂടെ വെളിയിലെത്തി. സഞ്ചാരികൾ മഞ്ഞിനുമുകളിലൂടെ കാഴ്ച്ചകൾ കണ്ടും പടം പിടിച്ചും കറങ്ങിനടക്കുന്നത് മൈനസ് 10 ഡിഗ്രി തണുപ്പിലാണെന്ന് മനസ്സിലാക്കാതെയാണ് ആ കൂട്ടത്തിലേക്ക് ലയിച്ചത്. പുറത്ത് നല്ല കാറ്റുണ്ട്. അഞ്ചുമിനിറ്റിനകം, ജനിച്ചിട്ടിതുവരെ അനുഭവിക്കാത്തെ ശൈത്യത്തിന്റെ ഭീകരത അനുഭവിച്ചറിഞ്ഞു. തെർമൽ വെയറിനും അതിനുമുകളിലുള്ള ജാക്കറ്റിനും, കഴുത്തിലെ ഷാളിനും, രോമക്കൈയുറയ്ക്കുമൊന്നും തണുപ്പിനെ അകറ്റി നിർത്താനാകുന്നില്ലായിരുന്നു. തണുപ്പിന്റെ കാഠിന്യം കൂട്ടാൻ വീശിയടിക്കുന്ന കാറ്റ് നന്നായി സഹായിക്കുന്നുണ്ട്.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘സഹശയന‘ത്തിലെ
‘കാറ്റടി കീറിപ്പൊളിച്ച കുപ്പായവും കൂട്ടിപ്പിടിച്ച്
കടിച്ചുപറിക്കും തണുപ്പിന്റെ നായ്ക്കളെ കെട്ടിപ്പിടിച്ച്
ആത്മാവിലെ തീക്കട്ട മാത്രം എരിച്ച്…..’
എന്ന വരികളാണപ്പോൾ ഓർമ്മ വന്നത്.
പുറകുവശത്ത് കെട്ടിടത്തിന്റെ ഉയരത്തിലുള്ള മകുടം(Sphnix View Point) കാണാം. താഴെയുള്ള വാതിലിലൂടെയാണ് ഞങ്ങൾ വെളിയിൽ കടന്നിരിക്കുന്നത്. മറുവശത്തുകണ്ട ഒരു മഞ്ഞുമലയുടെ മുകളിലൂടെ മേഘത്തിന്റെ ഒരു കീറ് കടന്നുപോകുന്നതുകണ്ടപ്പോൾ തണുപ്പ് സഹിക്കാനാവാതെ ഒരു സിഗാരിന് തീ കൊളുത്തി നിൽക്കുകയാണ് ആ മല എന്നാണെനിക്ക് തോന്നിയത്. Monch എന്ന ആ പർവ്വതത്തിന്റെ ഉയരം 13449 അടിയാണ്.
പുറത്ത് സ്ഥാപിച്ചിരുന്ന സ്വിസ്സ് പതാകയുടെ കീഴെ നിന്ന് പടമെടുക്കാൻ തിരക്കുകൂട്ടുകയായിരുന്നു എല്ലാവരും. അതൊരടയാളമാണ്, ഒരു ഓർമ്മക്കുറിപ്പാണ്. എവറസ്റ്റ് കൊടുമുടിയിൽ കയറിച്ചെന്ന് പതാക നാട്ടി അതിന്റെ മുന്നിൽ നിന്ന് പടമെടുക്കുന്നതുപോലുള്ള ഒരു അനുഭവമാണ്. യൂറോപ്പിന്റെ നെറുകയിൽ കയറിച്ചെന്ന് ആയൊരു നിമിഷം ക്യാമറയിലേക്ക് പകർത്താൻ എപ്പോഴും അവസരമുണ്ടായെന്ന് വരില്ലല്ലോ ?
കുറച്ച് പടങ്ങൾക്ക് പോസുചെയ്ത് മുഴങ്ങോടിക്കാരി പെട്ടെന്നുതന്നെ കെട്ടിടത്തിനകത്തേക്ക് വലിഞ്ഞു.ബ്രേക്ക് ഡൗൺ പോയന്റ് വരെ തണുപ്പനുഭവിച്ചതിനുശേഷം തണുത്ത് മരക്കട്ടപോലെയായ കൈകൾ തിരുമ്മി ചൂടാക്കാൻ ശ്രമിച്ചുകൊണ്ട് ഞാനും പതുക്കെ അകത്തേക്ക് കടന്നു.
തുരങ്കത്തിലൂടെ തിരിച്ചുനടക്കുമ്പോൾ പെട്ടെന്ന് ഞാനൊരു കാര്യം ഓർത്തു. കെട്ടിടത്തിന്റെ മുകളിൽ കാണുന്ന Sphinx View Point ലേക്ക് ഞങ്ങളിനിയും പോയിട്ടില്ല. അതാണ് ആ ഗിരിനിരകളിൽ സാധാരണ സഞ്ചാരികൾക്ക് എത്തിപ്പെടാൻ പറ്റുന്ന ഏറ്റവും ഉയരമുള്ള ഭാഗം. ഹെലിക്കോപ്റ്ററിൽ നിന്നോ മറ്റോ എടുത്തിരിക്കാൻ സാദ്ധ്യതയുള്ള Sphinx View Point അടക്കമുള്ള യുങ്ങ്‌ഫ്രോയുടെ ഒരു ചിത്രം ചുമരിൽ കണ്ടതും ക്യാമറയിൽ പകർത്തിയതുമാണ്.
അവിടെ പോകാതെ, അവിടന്നുള്ള കാഴ്ച്ച കാണാതെ എങ്ങിനെ മടങ്ങും? അങ്ങോട്ട് പോകുന്ന വഴി ഇതിനിടയിൽ കാണാനുമായില്ല. മടക്കയാത്രയ്ക്കുള്ള തീവണ്ടിയ്ക്കിനി അധികസമയമില്ല.
തുരങ്കത്തിനകത്തുകൂടെ കുറച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടിയിട്ടാണെങ്കിലും ഞങ്ങളങ്ങോട്ടുള്ള വഴി കണ്ടുപിടിച്ചു. ലിഫ്റ്റ് (Sphinx Lift) വഴിയാണ് അങ്ങോട്ട് പോകേണ്ടത്. 108 മീറ്റർ ഉയരത്തിലേക്ക് നല്ല വേഗത്തിലാണ് ലിഫ്റ്റ് നീങ്ങുന്നത്. ലിഫ്റ്റ് ഇറങ്ങി വെളിയിൽ കടന്ന് Sphinx View Point ലേക്ക് കടന്നു. Monch കൊടുമുടി കുറച്ചുകൂടെ അടുത്താണിപ്പോൾ നിൽക്കുന്നത്. താഴെ നിന്നപ്പോൾ കണ്ട പുകവലി അതിപ്പോഴും തുടരുന്നുണ്ട്. വ്യൂ പോയന്റിലും ബാൽക്കണിയിലും നല്ല തിരക്കാണ്. പടമെടുക്കലും, ബൈനോക്കുലറിലൂടെ കാഴ്ച്ചകാണലുമൊക്കെയായി തണുപ്പിനെ ഏറ്റവും കൂടുതൽ നേരം പ്രതിരോധിക്കാൻ പറ്റുന്നവർക്ക് ഏറ്റവും കൂടുതൽ സമയം അവിടെ നിൽക്കാം.
പെട്ടെന്ന്, ക്യാമറയ്ക്ക് പോസു ചെയ്ത് പടങ്ങളെടുത്ത് നിന്നിരുന്ന ഒരു സംഘത്തിന്റെ മേലേക്ക് തൊട്ടടുത്തുള്ള പോസ്റ്റിൽ നിന്നും കുറേ മഞ്ഞുകട്ടകൾ അടർന്നു വീണു. അപകടം ഒന്നും ഉണ്ടായില്ല. ഇതുപോലെ വീഴുന്ന മഞ്ഞുപാളികൾ താഴേക്ക് പോകാൻ പാകത്തിന് ദ്വാരമുള്ള മെറ്റൽ തറയാണവിടെ സജ്ജീകരിച്ചിരിക്കുന്നത്. നല്ല തണുപ്പുള്ള കാലങ്ങളിൽ കാറ്റിന് ഇതിനേക്കാൾ ശക്തിയുണ്ടാകും, മഞ്ഞുവീഴ്ച്ചയും കൂടുതലായിരിക്കും. തണുപ്പ് സഹിച്ച് ഇത്രയും സമയം വെളിയിൽ നിൽക്കാൻ തന്നെ പറ്റിയെന്ന് വരില്ല. ഈ കാര്യങ്ങളൊക്കെ കണക്കിലെടുത്ത് കാലാവസ്ഥാപ്രവചനത്തിനനുസരിച്ചാണ് ഓരോ ദിവസവും യുങ്ങ്‌ഫ്രോയിലേക്കുള്ള യാത്ര തീരുമാനിക്കപ്പെടുന്നത്.
കാലാവസ്ഥ മോശമാണെങ്കിൽ യുങ്ങ്‌ഫ്രോ യാത്രയ്ക്കുള്ള ടിക്കറ്റെടുക്കാൻ ചെല്ലുമ്പോൾത്തന്നെ വിവരം ലഭിക്കുന്നതാണ്. ഞങ്ങളുടെ ഭാഗ്യത്തിന് വലിയ കുഴപ്പമില്ലാത്ത കാലാവസ്ഥയായിരുന്നതുകൊണ്ട് 11782 അടി ഉയരമുള്ള ഈ കൊടുമുടിയിലേക്കുള്ള യാത്ര തരമായി.
മടക്കയാത്രയ്ക്ക് സമയമായി. തിരിച്ചുപോകുന്ന തീവണ്ടിയിൽ തിരക്ക് കുറവാണ്. പക്ഷെ,വന്നുചേരുന്ന വണ്ടികൾ നിറയെ സഞ്ചാരികളുണ്ട്. തുരങ്കത്തിലൂടെ താഴേക്ക് യാത്രയായ വണ്ടിയിൽ ഞങ്ങളടക്കം നാലോ അഞ്ചോ പേർ മാത്രം.
ഉച്ചയ്ക്ക് ശേഷമുള്ള യാത്രയുടേയും അവിടേക്കുള്ള തീവണ്ടിയുടേയും സമയം കയ്യിലുള്ള ചാർട്ടിൽ നോക്കിമനസ്സിലാക്കുന്നതിനിടയിൽ കുറച്ചുനേരം വണ്ടി സ്റ്റേഷനൊന്നുമില്ലാത്തെ ഒരിടത്ത് നിറുത്തി.കാഴ്ച്ചകൾ മറയില്ലാതെ കാണാനായി എല്ലാവരും പുറത്തേക്കിറങ്ങി. കണങ്കാലിനൊപ്പം മഞ്ഞ് പുതഞ്ഞുകിടക്കുന്നിടത്ത് തീവണ്ടിപ്പാളങ്ങൾ മാത്രം തല വെളിയിൽക്കാണിച്ച് നിൽക്കുന്നു. ദൂരെയായി മലകൾക്ക് മുകളിലൂടെ പാരാഗ്ലൈഡുകളിൽ കറങ്ങിനടക്കുന്ന സാഹസികരോട് അസൂയ തോന്നി.
ഒരു കുടുംബചിത്രം എടുത്തുതരാൻ വേണ്ടി പാളത്തിനരുകിൽ നിന്നിരുന്ന റയിൽവേ ജീവനക്കാരനെത്തന്നെ ക്യാമറ ഏല്‍പ്പിച്ചു. പടം പതിഞ്ഞിരിക്കുന്നെന്ന് കണ്ടപ്പോൾ അദ്ദേഹത്തിന് സന്തോഷം. ഇംഗ്ലീഷിൽ നന്ദി പറയുന്നതിനുപകരം സ്വിസ്സർലാൻഡുകാർ നന്നായി സംസാരിക്കുന്ന ഫ്രെഞ്ച് ഭാഷയിൽ, നമ്മൾ നാട്ടിൽ കേട്ടു പരിചയമുള്ള മറ്റൊരു വാക്കിൽ നന്ദി പ്രകടനം ഒതുക്കി. “മേഴ്‌സി“.
——തുടരും——–
നാലാം ഭാഗം ഇവിടെ വായിക്കാം.