Monthly Archives: February 2009

സൽക്കർമ്മം


റച്ച കാൽവെപ്പുകളോടെയാണ് അയാൾ പൊലീസ് സ്റ്റേഷന്റെ പടികൾ കയറിയത്. ചോരയിറ്റുന്ന കത്തിയുമായി പാതിവാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കടന്ന അയാളെക്കണ്ട് വരാന്തയിൽ നില്‍ക്കുകയായിരുന്ന ഹെഡ് കോൺസ്റ്റബിൾ കുട്ടൻപിള്ള ശരിക്കൊന്ന് ഞെട്ടി.

ചോരക്കത്തി നീട്ടിപ്പിടിച്ച് നിൽക്കുന്ന ഒരുത്തനെക്കണ്ട് എസ്.ഐ. ഗുണശേഖരനും ഒന്ന് നടുങ്ങിയെങ്കിലും ഏമാനത് പുറത്തുകാണിച്ചില്ല. കത്തി എസ്.ഐ.യുടെ മേശപ്പുറത്ത് വെച്ച് അനുവാദമൊന്നും ചോദിക്കാതെ അയാൾ മേശക്കിപ്പുറം കിടന്നിരുന്ന കസേരയിലിരുന്നു.

അൻപത് വയസ്സിനോടടുത്ത് പ്രായം, കൃശഗാത്രൻ, നീട്ടി വളർത്തിയ മുടിയും താടിയും. മുട്ടോളമെത്തുന്ന ജുബ്ബയും നിലത്തിഴയുന്ന മുണ്ടുമാണ് വേഷം. മൂക്കിൽ കണ്ണട, തോളിൽ തൂങ്ങുന്ന സഞ്ചി. ഒറ്റനോട്ടത്തിൽ ഒരു അവശസാഹിത്യകാരന്റെ എല്ലാ ലക്ഷണവും ഒത്തുചേർന്ന രൂപം. മുണ്ടിലും ജുബ്ബയിലും തോൾസഞ്ചിയിലുമൊക്കെ ചോരപുരണ്ടിട്ടുണ്ട്.

അപ്പോഴേക്കും സ്റ്റേഷനിലെ മറ്റ് പൊലീസുകാരൊക്കെ എസ്.ഐ.യുടെ മുറിയിലെത്തി.

അൽപ്പനേരം തികഞ്ഞ നിശബ്ദത.

അതിന് ഭംഗം വരുത്തിക്കൊണ്ട് അയാളുടെ ചുണ്ടനങ്ങി.

“ഞാനൊരാളെ കൊന്നു സാർ ”

വീണ്ടും നിശബ്ദത.

“ഞാനത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണ്. സഹിക്കാൻ പറ്റാതായപ്പോൾ കേറിയങ്ങ് ചെയ്തു. സാറെന്നെ അറസ്റ്റ് ചെയ്യണം ആദ്യം. അതിന് ശേഷം ബാക്കിയൊക്കെ ഞാൻ വിശദീകരിക്കാം.”

“കുട്ടൻപിള്ളേ, ആ റൈറ്ററ് വർഗ്ഗീസിനെ വിളിക്ക്. എഫ്.ഐ.ആര്. എഴുതിക്കോളാൻ പറയ്.” ഗുണശേഖരൻ സാറിന്റെ ഉത്തരവ് വന്നു.

റൈറ്ററ് പുസ്തകവും പേനയുമായി വന്നപ്പോഴേക്കും ഘാതകൻ മുടിയൊക്കെ പിന്നോട്ട് വകഞ്ഞ് വെച്ച് താടിയിലൊക്കെ ഒന്ന് വിരലോടിച്ച് ജുബ്ബായുടെ കൈയ്യെല്ലാം തെറുത്ത് കയറ്റിവെച്ച് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു.

“എന്റെ ഒരു കൂട്ടുകാരന്റെ അനുജനെയാണ് സാറെ ഞാൻ കൊന്നത്. എനിക്കും അവന്‍ അനുജനപ്പോലെ തന്നെയായിരുന്നു. പ്രത്യേകിച്ച് ഒരു ദേഷ്യവും എനിക്കവനോട് ഇല്ലായിരുന്നു. ഫോർമുല റേസും , ഇംഗ്ലീഷ് സിനിമകളും ഇംഗ്ലീഷ് പാട്ടുകളും, പിത്‌സയും , പാസ്‌തയുമൊക്കെ ഇഷ്ടപ്പെടുന്ന ഇപ്പോഴത്തെ പുതു തലമുറയുടെ ഒരു പ്രതിനിധിയായിരുന്നു അവനും. അതൊന്നും ഇഷ്ടപ്പെടുന്നതിൽ തെറ്റൊന്നും ഞാൻ കണ്ടിട്ടില്ല പക്ഷെ മലയാളത്തോട് പുച്ഛം. മലയാളം പാട്ടുകൾ കേൾക്കുന്നത് ചതുർത്ഥി. വിദ്യാധരൻ മാഷ് പാടിയ ‘കണ്ണുനട്ട് കാത്തിരുന്നിട്ടും എന്റെ കൽക്കണ്ടക്കിനാവുപാടം കട്ടെടുത്തതാ‍രാണ് ‘ എന്ന ഗാനം കേട്ടുകൊണ്ടിരുന്ന എന്നോട് അവനൊരിക്കൽ പറയുകയാണ്.

‘ഇജ്ജാതി പന്ന പാട്ടുകളൊക്കെ കേൾക്കുന്ന നിങ്ങളെയൊക്കെ സമ്മതിച്ച് തരണം‘ എന്ന്.

അന്നവനെ ശുണ്ഠിപിടിപ്പിക്കാൻ വേണ്ടി മാത്രം ഞാനാ പാട്ട് അവന്റെ മുന്നിലിരുന്ന് വൈകുന്നേരം വരെ പല ആവർത്തി കേട്ടു. ഇത്തരത്തിലുള്ള മലയാളത്തെ അവഹേളിക്കുന്ന അല്ലെങ്കിൽ മലയാളത്തോട് പുച്ഛം പ്രകടിപ്പിക്കുന്ന പല സംഭവങ്ങളും അവന്റെ ഭാഗത്തുനിന്ന് പിന്നീടും ഉണ്ടായിട്ടുണ്ട്.

പക്ഷെ ഇന്നാണ് കാര്യങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ എത്തിയത്. അവനുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ എം.ടി.വാസുദേവൻനായരുടെ രണ്ടാമൂഴത്തെപ്പറ്റി ഞാനെന്തോ പരാമർശിക്കുകയുണ്ടായി. അപ്പോളവനെന്നോട് ചോദിക്കുകയാണ്,…..

‘ആരാണീ എം.ടി. വാസുദേവൻ നായർ ?‘ എന്ന്.

ഞാനാദ്യം കരുതി അവൻ എന്നെ ചൊടിപ്പിക്കാന്‍ വേണ്ടി തമാശപറയുന്നതാണെന്ന്. വീണ്ടും കുത്തിക്കുത്തി ചോദിച്ചപ്പോളാണ് അവൻ എം.ടി. എന്നൊരാളെപ്പറ്റി കേട്ടിട്ടില്ലെന്ന് എനിക്ക് ശരിക്കും മനസ്സിലായത്. എന്റെ സമനില തെറ്റിപ്പോയി സാറേ. ഒറ്റപ്പിടുത്തത്തിന് കഴുത്തുഞെരിച്ച് കൊല്ലാനാണ് ആദ്യം തോന്നിയത്. പിന്നീട് കുറെ നേരം വീണ്ടും ആലോചിച്ചു.

എന്നിട്ട് പതുക്കെ അടുക്കളയിലേക്ക് കടന്ന് കത്തിയെടുത്ത് കൊണ്ടുവന്ന് ടീവിയിൽ ഏതോ ഇംഗ്ലീഷ് സിനിമ കണ്ടുകൊണ്ടിരുന്ന അവന്റെ പിറകിൽച്ചെന്ന് കഴുത്തിലൂടെ കത്തിപായിച്ചു. ബോഡി ഇപ്പോഴും ചോര വാർന്നൊലിച്ച് എന്റെ വീടിന്റെ സ്വീകരണമുറിയിൽത്തന്നെ കിടക്കുന്നുണ്ട്. എന്തിനാണ് സാറെ ഇതുപോലുള്ള ഒരു പുതിയ തലമുറ നമുക്ക് ?“

“കുട്ടൻപിള്ളേ ഇയാളെ നാളെത്തന്നെ കോടതിയിൽ ഹാജരാക്കാനുള്ള ഏർപ്പാടൊക്കെ ചെയ്തേക്കൂ. ഇന്ന് ലോക്കപ്പില്‍ കിടക്കട്ടെ. ഞാനപ്പോഴേക്കും ഇയാളുടെ വീട് വരെ ചെന്ന് ബോഡി മാർക്ക് ചെയ്ത് പോസ്റ്റ്മാർട്ടത്തിനുള്ള ഏർപ്പാട് നടത്തിയിട്ട് വരാം. രാത്രി താൻ തന്നെ സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടാകുകയും വേണം. മനസ്സിലായോ ?” ഉത്തരവിറക്കി വെളിയിലേക്കിറങ്ങാൻ തുടങ്ങിയ ഗുണശേഖരനെ ഘാതകൻ തടഞ്ഞു.

“പോകാൻ വരട്ടെ സാറെ. എനിക്കൊരു കാര്യം കൂടെ പറയാനുണ്ട്. ”

“ങ്ങൂം… എന്താ ? തനിക്ക് വല്ല വക്കീലിനെയോ രാഷ്ടീയക്കാരെയോ ഏർപ്പാടാക്കാനുണ്ടോ ?”

“ഹേയ് അതൊന്നുമല്ല സാറെ.”

“പിന്നെന്താ ?”

“കൊലപാതകം ഞാനിതാദ്യമായിട്ടൊന്നുമല്ല ചെയ്യുന്നത്. കുറച്ചുനാള്‍ മുൻപ് ഇതേ സ്വഭാവമുള്ള മറ്റൊരു സൽക്കർമ്മം കൂടെ  ഞാൻ ചെയ്തിട്ടുണ്ട്. അന്ന് തോർത്ത് കഴുത്തിൽ മുറുക്കിയാണ് ഞാ‍നെന്റെ ഇരയെ വീഴ്ത്തിയത്. അതിപ്പോഴും ഒരു തെളിവില്ലാത്ത കേസായി കിടക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ ഈ കേസിൽ ഞാൻ പിടിതരുന്ന സ്ഥിതിക്ക് ആ കൊലപാതകം കൂടെ ഏറ്റുപറയുന്നതിൽ സന്തോഷമേയുള്ളൂ. ഒരു കൊലനടത്തിയാലും നൂറ് കൊലനടത്തിയാലും ഒരു പ്രാവശ്യമല്ലേ സാറെ തൂക്കാൻ പറ്റൂ.”

പുറത്തേക്കിറങ്ങാൻ തയ്യാറായ എസ്.ഐ. ഇരട്ടക്കൊലപാതകത്തിന്റെ തുമ്പുണ്ടാക്കിയതിന് തനിക്ക് കിട്ടാൻ പോകുന്ന സൽപ്പേരും ഡിപ്പാർട്ട്മെന്റിൽ നിന്ന് കിട്ടാൻ പോകുന്ന ബഹുമതികളുമൊക്കെ ഒരു മിന്നായം പോലെ മുന്നിലൂടെ പാഞ്ഞതിന്റെ സന്തോഷത്തിൽ കസേരയിലേക്ക് തന്നെ ഇരുന്നു.

“അത് ഏത് കേസാണെടോ ? തെളിച്ച് പറ. വർഗ്ഗീസേ ഇത് വേറേ കുറിച്ചോളൂ ”

“അത് തിരൂർ സ്റ്റേഷനിലുള്ള കേസാണ് സാറെ. കൊന്നത് എന്റെ അടുത്ത ഒരു സുഹൃത്തിനെത്തന്നെയാണ്. കൊലപ്പെടുത്തിയത് അവന്റെ വീട്ടിൽ വെച്ചുതന്നെ. ചോര ചിന്താതെയുള്ള കർമ്മമായതുകാരണവും, ഞാനവിടെ പോയത് ആരും കണ്ടിട്ടില്ലായിരുന്നതുകൊണ്ടും അന്നാ കേസിൽ ഒരു ചോദ്യം ചെയ്യൽ പോലും എനിക്ക് നേരിടേണ്ടി വന്നില്ല. എനിക്കാണെങ്കിൽ ആ കൊല നടത്തിയതിൽ,അതൊരു സുഹൃത്തിനെയായിട്ട് പോലും തീരെ കുറ്റബോധം തോന്നിയതുമില്ല. പക്ഷെ ഇപ്പോൾ ഈ കൊലപാതകം നടന്നത് എന്റെ വീട്ടിൽ വെച്ചുതന്നെയായതുകൊണ്ട് ഞാനെന്തായാലും പിടിക്കപ്പെടും. രക്ഷപ്പെടണമെന്ന് എനിക്ക് ആഗ്രഹവുമില്ല. ജയിലിൽപ്പോകാനും തൂക്കുമരത്തിൽ കയറാനും എനിക്കഭിമാനമേയുള്ളൂ. അപ്പോൾപ്പിന്നെ ആദ്യത്തെ സൽക്കർമ്മം കൂടെ ഏറ്റുപറയാമെന്ന് കരുതി. “

“എന്തിനായിരുന്നു താൻ ആദ്യത്തെ കൊല നടത്തിയത് ? അതും തന്റെ അടുത്ത സുഹൃത്തിനെ ? ഇപ്പോൾ ദാ മറ്റൊരു സുഹൃത്തിന്റെ അനുജനെ. തനിക്കെന്താ വല്ല മാനസികപ്രശ്നവുമുണ്ടോ ? “

“ഇല്ല സാറെ എനിക്കൊരു മാനസികപ്രശ്നവുമില്ല. ഞാൻ നോർമലാ. ആദ്യത്തെ കൊല നടത്തിയതിനും വ്യക്തമായ കാരണമുണ്ട്. “

“ശരി ശരി…എങ്കിൽ അതുകൂടെ പറഞ്ഞ് തൊലക്ക് “ എസ്.ഐ. ഗുണശേഖരന്റെ അതുവരെ അടക്കിവെച്ചിരുന്ന ശരിക്കുള്ള പൊലീസ് സ്വഭാവം പുറത്തുവരാൻ തുടങ്ങി.

“അവനെന്റെ അടുത്ത സുഹൃത്തായിരുന്നു. ഇന്ന് ഞാൻ കൊന്നവനെപ്പോലെ, മലയാളത്തിനോട് നീരസവും പുച്ഛവുമൊന്നും ഉള്ളവനൊന്നുമായിരുന്നില്ല അവന്‍. പക്ഷെ അന്ന് ആ കൃത്യം നടന്ന ദിവസം അവന്റെ വീട്ടിൽ വെച്ച് ഓരോന്ന് സംസാ‍രിച്ചിരിക്കുമ്പോൾ പെട്ടെന്നവൻ എന്നോട് ചോദിച്ചു, ‘നിനക്കീ പി.ഭാസ്ക്കരൻ ആരാണെന്ന് അറിയാമോ‘ എന്ന് !

മലയാളികളായിട്ടുള്ളവരൊക്കെ പി.ഭാസ്ക്കരനെ അറിയാതിരിക്കാൻ വഴിയില്ലെന്ന് ഞാൻ മറുപടിയും കൊടുത്തു. പക്ഷെ അവൻ അങ്ങനൊരാളെപ്പറ്റി കേട്ടിട്ടില്ലത്രേ!! എന്റെ കണ്ട്രോള്‍ പോയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? പിന്നിലൂടെ ചെന്ന് അവന്റെ കഴുത്തിൽ കിടന്നിരുന്ന തോർത്ത് തന്നെ മുറുക്കിയാണ് ഞാനവന്റെ കഥ അവസാനിപ്പിച്ചത്. പി.ഭാസ്ക്കരൻ ആ‍രാണെന്ന് അറിയാത്ത മലയാളിയും, എം.ടി.വാസുദേവൻനായർ ആരാണെന്ന് അറിയാത്ത മലയാളിയും ജീവിച്ചിരിക്കാൻ അർഹരല്ലെന്നാണ് എന്റെ ഒരു വിലയിരുത്തൽ. അങ്ങനുള്ളവരെ തൂക്കിക്കൊല്ലാനൊന്നും ഇന്നാട്ടില്‍ നിയമമില്ലല്ലോ സാറെ. അതുകൊണ്ട് യാതൊരു കുറ്റബോധവുമില്ലാതെ ഞാൻ തന്നെ ആ കർമ്മം അങ്ങ് നടത്തി.

ഇനി നീതിപീഠത്തിന്റേയും കാക്കിയുടേയും കണ്ണിലൂടെ നോക്കാതെ, ഒരു പച്ചമലയാളിയുടെ കണ്ണിലൂടെ നോക്കി സാറ് തന്നെ പറയ്, ഞാൻ ചെയ്തത് തെറ്റാണോ ? അതൊരു സൽക്കർമ്മമല്ലേ ? എന്തിനാണ് സാറേ ഇങ്ങനെ കുറേയെണ്ണം ഈ ഭൂമിമലയാളത്തിൽ ? “