Monthly Archives: March 2009

t1

സ്വിസ്സര്‍ലാന്‍ഡ് (7) – റൈന്‍ ഫാള്‍സ്


സ്വിസ്സ് യാത്രയുടെ 1, 2, 3, 4, 5, 6, ഭാഗങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യൂ.
—————————————————————————–

സ്വിസ്സര്‍ലാന്‍ഡിലെ നാലാമത്തേയും അവസാനത്തേയും ദിവസം, യൂറൊപ്പിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ റൈ‌ന്‍ ഫാള്‍സിലേക്കാണ് പോകാന്‍ പരിപാടിയിട്ടിരുന്നത്.

ഇന്റര്‍ലേക്കണില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ താമസസൌകര്യം മാത്രമേ തന്നിരുന്നുവെങ്കിലും, സൂറിക്കിലെ ഹോട്ടലില്‍ താമസസൌകര്യവും, സൌജന്യ ബ്രേക്ക്ഫാസ്റ്റും തരുന്നുണ്ട്. യൂറോപ്പില്‍ മിക്കവാറും എല്ലാ ഹോട്ടലുകളിലും ബി&ബി (ബെഡ് & ബ്രേക്ക്ഫാസ്റ്റ്) എന്ന സംവിധാനമാണുള്ളത്. നാലുദിവസത്തിനിടയില്‍ ആ‍ദ്യമായിട്ടാണ് ഒരിടത്ത് ഇരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചത്.

ഭക്ഷണത്തിനുശേഷം സ്റ്റേഷനിലേക്ക് നടന്ന് 07:15 ന്റെ തീവണ്ടിയില്‍ക്കയറി Schaffhausen എന്ന സ്റ്റേഷനിലേക്ക് യാത്രയായി. യാത്രയ്ക്കിടയില്‍ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ ജര്‍മ്മനിയില്‍ നിന്നുള്ള വെല്‍കം മെസ്സെജ് കിട്ടി. ജര്‍മ്മന്‍ ബോര്‍ഡര്‍ തൊട്ടടുത്തെവിടെയെങ്കിലും ആയിരിക്കണം. ജര്‍മ്മനില്‍ നിന്ന് ഒഴുകി വരുന്ന റൈ‌ന്‍ നദിയാണ് സ്വിസ്സര്‍ലാന്‍ഡിലേക്ക് കടന്ന് വെള്ളച്ചാട്ടമായി വീണ് ഒഴുക്ക് തുടരുന്നത്. നദിയുടെ ഒരുകരയില്‍ സ്വിസ്സര്‍ലാന്‍ഡും മറുകരയില്‍ ജര്‍മ്മനിയുമായി വരുന്ന ഭൂപ്രദേശങ്ങള്‍ ഈ ഭാഗത്തൊക്കെയുണ്ട്.

Schaffhausen സ്റ്റേഷനിലിറങ്ങി 7 മിനിറ്റ് ബസ്സില്‍ യാത്രചെയ്യണം വെള്ളച്ചാട്ടത്തിലേക്കെത്താന്‍. ബസ്സ് കണ്ടുപിടിക്കാനും ഇറങ്ങേണ്ട സ്റ്റോപ്പ് കണ്ടുപിടിക്കാനുമൊന്നും തീരെ ബുദ്ധിമുട്ടേണ്ടിവന്നില്ല. വഴികള്‍ എല്ലാം വളരെ കൃത്യമായിത്തന്നെ ബസ്സ് സ്റ്റോപ്പിലും റെയില്‍വേ സ്റ്റേഷനിലുമൊക്കെ എഴുതിവെച്ചിട്ടുണ്ട്. പഴുതുകളില്ലാത്തതും, കിടയറ്റതുമായ സ്വിസ്സര്‍ലാന്‍ഡിലെ ട്രാന്‍സ്പോര്‍ട്ടിങ്ങ് സിസ്റ്റം ഈ യാത്രയിലുടനീളം കുറച്ചൊന്നുമല്ല സഹായിച്ചത്.

ബസ്സിറങ്ങി 10 മിനിറ്റോളം നടക്കാനുണ്ട് റൈന്‍ ഫാള്‍സിലേക്ക്. വഴിയൊക്കെ വിജനമാണ്. റൈന്‍‍ ഫാള്‍സ് എന്ന് റോഡില്‍ വരെ പെയിന്റുകൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ആ അടയാളം പിന്തുടര്‍ന്ന് ശിശിരത്തെ വരവേല്‍ക്കാനായി മരങ്ങള്‍ പൊഴിച്ച മഞ്ഞ ഇലകള്‍ വീണുകിടക്കുന്ന വഴികളിലൂടെ പ്രഭാതത്തിലെ തണുപ്പുമേറ്റുള്ള നടത്തത്തിന്റെ സുഖമൊന്ന് വേറെതന്നെയായിരുന്നു.

വഴി ചെന്നവസാനിക്കുന്നിടത്ത് സ്വാഗതം ചെയ്യുന്നത് പതയും നുരയും വമിപ്പിച്ച് ബ്ലാക്ക് ഫോറസ്റ്റിനിടയിലൂടെ ഒഴുകി വരുന്ന റൈ‌ന്‍ നദിയുടെ മനോഹരമായ കാഴ്ച്ചയും ശബ്ദവുമാണ്.

നൂറുമീറ്റര്‍ കൂടെ മുന്നോട്ടൊഴുകി നദി താഴേക്ക് പതിക്കുന്നത് രൌദ്രഭാവത്തോടെയാണ്.

വെള്ളം കുത്തിവീഴുന്നതിന് നടുവില്‍ മണവാളന്‍പാറ, മണവാട്ടിപ്പാറ എന്ന മട്ടില്‍ രണ്ട് പാറകള്‍ കാണാം. മറ്റൊരു വെള്ളച്ചാട്ടത്തിലും അതുപോലൊരു കാഴ്ച്ച ഞാനിതുവരെ കണ്ടിട്ടില്ല.

നദിയുടെ ഒരു ചെറിയ ശാഖ മാറിയൊഴുകുന്നിടത്ത് ഒരു ജനറേറ്റര്‍ സ്ഥാപിച്ച് പ്രകൃതിയുടെ സൌന്ദര്യം നഷ്ടപ്പെടുത്താതെ തന്നെ, അത്യാവശ്യം വൈദ്യുതിയും ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

വെള്ളം താഴേക്ക് വീണ് ഒരു തടാകം പോലെ കുറച്ച് സ്ഥലത്ത് പരന്നുകിടക്കുകയും അതോടൊപ്പം ഇടത്തുവശത്തേക്ക് തിരിഞ്ഞ് നദിയായി യാത്ര തുടരുകയും ചെയ്യുന്നു. തടാകം പോലുള്ള ഭാഗത്തിനുചുറ്റും വലം വെച്ച് നടന്നാല്‍ വെള്ളച്ചാട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ഥമായ കാഴ്ച്ചകള്‍ കാണാം.

നദിയില്‍ ബോട്ടിങ്ങ് നടത്തണമെന്നുള്ളവര്‍ക്ക് അതിനുള്ള സൌകര്യമുണ്ട്. ഒരു വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മര്‍മ്മപ്രധാനമായ ഭാഗത്തുനിന്നുള്ള കാഴ്ച്ച, കുറച്ച് സാഹസികമായി മണവാളന്‍ – മണവാട്ടിപ്പാറകള്‍ക്ക് മുകളില്‍ കയറി നിന്ന് കാണണമെന്നുള്ളവര്‍ക്ക് ബോട്ട് അവിടെ അടുപ്പിച്ച് ഏണി വഴി കയറിനില്‍ക്കാനുള്ള സൌകര്യവുമുണ്ട്.

നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ ചെന്നത് കുറച്ച് നേരത്തേ ആയിപ്പോയി. ബോട്ട് സര്‍വ്വീസ് തുടങ്ങിയിട്ടില്ലായിരുന്നു അപ്പോള്‍. വെള്ളം കുത്തിവീണ് സ്പ്രേ ചെയ്ത് അന്തരീക്ഷത്തില്‍ പടര്‍ന്നുപിടിക്കുന്നതിന്റെ ഭംഗി ആസ്വദിച്ച് പുലര്‍കാല തണുപ്പിന് പിടികൊടുത്തുകൊണ്ട് കൂടുതല്‍ സഞ്ചാരികള്‍ അങ്ങോട്ടെത്തുന്നതുവരെ അവിടെച്ചിലവഴിച്ചു.

75 അടി ഉയരവും 492 അടി വീതിയുമുള്ള ഈ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് ‘സ്വിസ്സ് നാഷണല്‍ ഡേ‘ ആയ ആഗസ്റ്റ് 1ന് വെടിക്കെട്ടും മറ്റുമൊക്കെയായി കാര്യമായിട്ട് ആഘോഷങ്ങള്‍ നടത്താറുണ്ട്.

നദിക്കരയില്‍, വൈദ്യുതിയുടെ നിര്‍മ്മാണവും ഉപയോഗവുമൊക്കെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പാകത്തില്‍ വെച്ചിട്ടുള്ള ഉപകരണം ശ്രദ്ധിക്കപ്പെടാതെ പോകില്ല. അതിലുള്ള ഹാന്‍ഡിലില്‍ പിടിച്ച് തിരിച്ചാല്‍ പാനലിലുള്ള ബള്‍ബ് കത്തുകയും എത്ര വൈദ്യുതി ഉല്‍പ്പാദിപ്പിച്ചെന്ന് കാണിക്കുകയും ചെയ്യും.

നദിക്കരയിലിട്ടിരിക്കുന്ന ബെഞ്ചില്‍ ഒരു ദിവസം മുഴുവനും വെള്ളച്ചാട്ടത്തിലേക്ക് നോക്കിയിരുന്നാലും മതിയാകില്ലെന്നാണ് എനിക്ക് തോന്നിയത്. ഒരുപാട് സഞ്ചാരികള്‍ വരുന്ന ഇടമായിരുന്നിട്ടും യാതൊരുവിധത്തിലുള്ള പ്രകൃതിമലിനീകരണമോ,പ്ലാസ്റ്റിക്ക് വേസ്റ്റ് നിക്ഷേപം, പാറകളിലും മരങ്ങളിലുമൊക്കെയുള്ള പരസ്യങ്ങള്‍ തുടങ്ങിയതൊന്നും കാണാനായില്ല. പ്രകൃതിയുടെ സൌന്ദര്യം മനുഷ്യന് ആസ്വദിക്കാന്‍ ഒരുക്കിക്കൊടുക്കുന്നതിനൊപ്പം തന്നെ അതിന്റെ ഭംഗി ഒട്ടും തന്നെ നശിപ്പിക്കപ്പെടാ‍തെ സംരക്ഷിക്കുന്നതെങ്ങനെയെന്നുള്ളതിന് മാതൃകയാണ് ഈ വെള്ളച്ചാ‍ട്ടത്തിന്റെ പരിസരപ്രദേശം.

നദിക്കരയില്‍ ഒന്നുരണ്ട് സോവനീര്‍ ഷോപ്പുകളും റസ്റ്റോറന്റുമൊക്കെയുണ്ട്. അവസാനദിവസത്തെ ഷോപ്പിങ്ങ് അതിലൊരു കടയില്‍ത്തന്നെ കൊണ്ടാടി. ഷോപ്പിലുള്ളവരോട് ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടിവന്നു. കയ്യിലുള്ള കറന്‍സിയൊക്കെ തീര്‍ന്നുതുടങ്ങിയതുകൊണ്ട് ഡെബിറ്റ് കാര്‍ഡില്‍ നിന്ന് പൌണ്ടിനെ ഫ്രാങ്കാക്കി മാറ്റിയാണെങ്കിലും, സ്വിസ്സ് വാച്ചുതന്നെ ഒരെണ്ണം ഇതിനിടയില്‍ നല്ലപാതി കൈയ്യിലാക്കി.

മടക്കയാത്രയ്ക്ക് സമയമായിരിക്കുന്നു. 12 മണിക്ക് മുന്‍പ് ഹോട്ടലില്‍തിരിച്ചെത്തി ചെക്കൌട്ട് ചെയ്തില്ലെങ്കില്‍ ഒരു ദിവസത്തേക്ക് കൂടെ മുറിവാടക കൊടുക്കേണ്ടിവരും. കൃത്യസമയത്ത് ചെക്കൌട്ട് ചെയ്ത് ബാഗും പുറത്തുതൂക്കി ബാക്കിയുള്ള അരദിവസംകൂടെ സൂറിക്കില്‍ ചിലവഴിച്ചതിനുശേഷം, യു.കെ.യിലേക്ക് മടങ്ങാനുള്ള വിമാനത്തിന്റെ സമയമാകുമ്പോഴേക്കും ഏയര്‍പ്പോര്‍ട്ടില്‍ എത്താനാണ് ഞങ്ങള്‍ പരിപാടിയിട്ടിരിക്കുന്നത്.

തിരിച്ച് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴേക്കും വെള്ളച്ചാട്ടത്തിനപ്പുറത്തുനിന്ന് സൂര്യന്‍ ‍വെളിയില്‍ തലകാണിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഇങ്ങോട്ട് വന്നപ്പോള്‍ മങ്ങിയ വെളിച്ചത്തില്‍ കണ്ടകാഴ്ച്ചകള്‍ നല്ലവെളിച്ചത്തില്‍ ഒന്നുകൂടെ മനസ്സിലേക്കാവാഹിച്ചതിനുശേഷം ബസ്സ് സ്റ്റോപ്പിനെ ലക്ഷ്യമാക്കി നീങ്ങി. മടക്കയാത്രയ്ക്കുള്ള ബസ്സ് ഏത് വശത്തുനിന്നാണ് കയറേണ്ടതെന്ന് ഒരു സംശയമുണ്ടായിരുന്നു. വഴിയരുകില്‍ കണ്ട ഒരു സ്ത്രീ സഹായിച്ചു. അവര്‍ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ എവിടെനിന്നാ‍ണ് വരുന്നതെന്നും എത്രദിവസം യൂറോപ്പിലുണ്ടാകുമെന്നുമൊക്കെ വളരെ താല്‍പ്പര്യത്തോടെ അവര്‍ ചോദിച്ചുമനസ്സിലാക്കി. യാത്രാമംഗളങ്ങള്‍ നേര്‍ന്ന് പിരിഞ്ഞെങ്കിലും ഞങ്ങള്‍ കയറിയ ബസ്സില്‍ത്തന്നെ അവരും യാത്രചെയ്യുന്നുണ്ടായിരുന്നു.

Schaffhausen റെയില്‍‌വേ സ്റ്റേഷന്‍ എത്തിയപ്പോള്‍ സൂറിക്കിലേക്കുള്ള തീവണ്ടി പോയിക്കഴിഞ്ഞിരുന്നു. അടുത്ത വണ്ടിവരാന്‍ 40 മിനിറ്റെങ്കിലുമെടുക്കും. അത്രയും സമയം സ്റ്റേഷനില്‍ ഇരിക്കുന്നത് ബുദ്ധിശൂന്യതയാണെന്ന് തോന്നിയതുകൊണ്ട് വെളിയില്‍ക്കടന്ന് തെരുവിലൂടെ നടന്നു.

കെട്ടിടങ്ങള്‍ക്ക് പിന്നിലേക്ക് കടന്നപ്പോള്‍ ബേണിലേയും, ലൂസേണിലേയുമെന്നപോലെ അവിടെയും ചില നല്ല ഫൌണ്ടനുകള്‍ കാണാന്‍ സാധിച്ചു.

അതിലൊരു ഫൌണ്ടന്റെ ഭംഗി ആസ്വദിച്ചുനില്‍ക്കുമ്പോള്‍ നല്ലൊരു കാഴ്ച്ച കാണാനായി. തെരുവിലൂടെ കടന്നുപോകുകയായിരുന്ന തദ്ദേശവാസിയായ ഒരാള്‍ പെട്ടെന്ന് ഫൌണ്ടന്റെ പൈപ്പിനടിയില്‍ വന്ന് കൈക്കുമ്പിളില്‍ വെള്ളം നിറച്ചുകുടിച്ച് ദാഹം തീര്‍ത്തു.

ബേണിലും, ലൂസേണിലുമൊക്കെ ഫൌണ്ടനിലൂടെ ഒഴുകിവരുന്ന തെളിഞ്ഞ വെള്ളം കാണാ‍ന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ഉള്ളില്‍ ഈ വെള്ളം കുടിക്കാന്‍ യോഗ്യമാണോ എന്നൊരു സംശയമുണ്ടായിരുന്നത് ആ കാഴ്ച്ച കണ്ടതോടെ അവസാനിച്ചു.

കുറച്ച് വെള്ളം ആ ഫൌണ്ടനില്‍ നിന്ന് കുടിച്ച് ഞാനാ നാട്ടുകാരനെ അനുകരിച്ചു. ഒരു കുഴപ്പവുമില്ല, നല്ല പനിനീരു പോലത്തെ വെള്ളം, നല്ല തണുപ്പുമുണ്ട്.

തീവണ്ടിവരാന്‍ സമയമാ‍കുന്നു. സ്റ്റേഷനിലേക്ക് തിരിച്ചുചെന്ന് 11:09 ന്റെ വണ്ടിയില്‍ക്കയറി സൂറിക്കിലേക്ക് മടക്കയാത്ര ആരംഭിച്ചു. സ്റ്റേഷനില്‍ നിന്ന് നീങ്ങുന്ന വണ്ടിയില്‍ നിന്ന് മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ റൈന്‍ ഫാള്‍സ് കാണാന്‍ സാധിക്കുന്നുണ്ട്.

ഇടയ്ക്കുള്ള ഒരു സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ തീവണ്ടിയില്‍ നിന്ന് ഒരു വീല്‍ ചെയര്‍ പ്ലാറ്റ്ഫോമിലേക്ക് ഇറക്കുന്നത് ഇമവെട്ടാതെ നോക്കിനിന്നു. ടിക്കറ്റ് എക്സാമിനര്‍ തന്നെയാണ് ആ ജോലിയും ചെയ്യുന്നത്. ഹൈഡ്രോളിക്‍ ഉപകരണത്തിന്റെ സഹായത്തോടെ വളരെ ശ്രദ്ധിച്ച് തിരക്കൊന്നും കൂട്ടാതെയാണ് ആ ജോലി ചെയ്യപ്പെടുന്നത്. വീല്‍ ചെയറില്‍ ഇരിക്കുന്ന ആള്‍, അങ്ങിനെ ഇരിക്കാനിടയാക്കിയ സാഹചര്യവും, ഓരോ ജീവനും വിലപ്പെട്ടതാണെന്നുള്ള വലിയ സത്യവുമൊക്കെ മനസ്സിലാക്കിത്തന്നെയാണ് അവര്‍ ആ ജോലി ചെയ്യുന്നതെന്ന് തിരിച്ചറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ല.

തീവണ്ടി സൂറിക്കിലെത്താനായപ്പോളാണ് ടിക്കറ്റ് എക്സാമിനര്‍ സ്വിസ്സ് പാസ്സ് പരിശോധിക്കാനായി കമ്പാര്‍ട്ടുമെന്റിലേക്ക് കടന്നുവന്നത്. പാസ്സ് തിരിച്ചുതന്നതിനുശേഷം അദ്ദേഹം ‘ധന്യവാദ് ’എന്ന് ഹിന്ദിയില്‍ പറഞ്ഞതുകേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. ഞങ്ങള്‍ ഇന്ത്യാക്കാരാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു. ഒരു പ്രത്യേകരാജ്യത്തുനിന്ന് വന്നവരോട് അവരുടെ ഭാഷയില്‍ത്തന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞ് അവരെ സന്തോഷിപ്പിക്കുക എന്നത് ഈ രാജ്യത്തെ ടൂറിസം വികസിപ്പിക്കുന്നതിനായി അവര്‍ കൈക്കൊണ്ടിരിക്കുന്ന മാര്‍ഗ്ഗമോ മറ്റോ ആണോ ? അതോ രസികനായ ടിക്കറ്റ് എക്സാമിനര്‍ അദ്ദേഹത്തിന്റെ സ്വന്തം നിലയില്‍ ഞങ്ങളെ സന്തോഷിപ്പിക്കാനായി അങ്ങനെ പറഞ്ഞതാണോ ?

അതെന്തായാലും ശരി, ഞങ്ങളല്ലേ നിങ്ങള്‍ സ്വിസ്സര്‍ലാന്‍ഡുകാരോട് നന്ദി പറയേണ്ടത് ?! ഇത്രയും മനോഹരമായ കാഴ്ച്ചകള്‍ സമ്മാനിച്ചതിന് ? യാതൊരു വിഘ്നവുമില്ലാതെ, യാതൊരുവിധ മോശം അനുഭവങ്ങളുമില്ലാതെ ഈ നാലുദിവസവും നിങ്ങളുടെ ഈ മനോഹരമായ രാജ്യത്തില്‍ ഞങ്ങള്‍ക്ക് ആതിഥ്യമരുളിയതിന് !

അറിയാവുന്ന ഭാഷകളിലൊക്കെ മനസ്സുകൊണ്ട് നിങ്ങളോരോരുത്തരോടും ഞങ്ങളിതാ നന്ദി പറയുന്നു.
നന്ദി, ശുക്രിയാ, ധന്യവാദ്, ശുക്രന്‍, തേരി മക്കാസി, താങ്ക് യൂ , മേഴ്‌സി.

——–തുടരും——–

എട്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.