Monthly Archives: March 2009

തുളച്ചുകയറിയത്


ജോലി സ്ഥലത്ത് പലപ്പോഴും ഹരികൃഷ്ണൻ സഹപ്രവർത്തകരുമായി വാദപ്രതിവാദത്തിലേര്‍പ്പെട്ടു.

ഈയിടെയായി എന്തുവിഷയം സംസാരിച്ചാലും അവസാനം അതൊക്കെ ചെന്നെത്തുന്നത് മതപരമായ കാര്യങ്ങളിലാണ്. ഹരിക്കെന്തോ അതത്ര ദഹിക്കാത്ത കാര്യമാണ്. മതങ്ങളെപ്പറ്റി ചർച്ച ചെയ്യാതിരുന്നാല്‍ത്തന്നെ കുറേ പ്രശ്നങ്ങൾ ഒഴിവാക്കാൻ പറ്റുമല്ലോ എന്നായിരുന്നു അയാളുടെ വാദം.

കുറേ വർഷങ്ങളായി ജനങ്ങൾക്ക് മതത്തിനോടുള്ള താല്‍പ്പര്യം ആരോഗ്യപരമല്ലാത്ത രീതിയില്‍ അധികരിച്ചിരിക്കുന്നു. ഭൂരിഭാഗം ജനങ്ങളുടേയും ശരീരത്തിൽപ്പോലും അതിന്റെ ചിഹ്നങ്ങൾ കാണാൻ സാധിക്കും. ഞാൻ ഇന്ന മത വിശ്വാസിയാണെന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ച് നടന്നാലേ ഈ ഭൂമിയിൽ ജീവിക്കാൻ പറ്റുകയുള്ളോ ? ഓരോരുത്തരുടേയും വിശ്വാസം അവരവരെ രക്ഷിക്കുന്നില്ലെന്നുണ്ടോ ?!

ജോലിസ്ഥലത്തെ കാര്യങ്ങളൊക്കെ വിടാം. വീട്ടിൽച്ചെന്നാൽപ്പോലും ഹരിക്ക് സ്വസ്ഥതയില്ലാതായിത്തീർന്നിരിക്കുന്നു. തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കുറേ വർഷങ്ങൾക്ക് മുൻപ് ഇത്രയധികം സമയം മൈക്ക് വെച്ച് പുരാണഗ്രന്ഥപാരായണമൊന്നും കേൾക്കാറില്ലായിരുന്നല്ലോ ?! വാതിലും, ജനാലകളുമൊക്കെ കൊട്ടിയടച്ചിട്ടും അക്ഷരസ്ഫുടതയും ഉച്ചാരശുദ്ധിയുമില്ലാത്ത വായനാവൈകല്യം വാതില്‍പ്പഴുതിലൂടേയും ജനല്‍‌വിടവിലൂടെയുമെല്ലാം മുറിയിലേക്ക് തിക്കിക്കയറിക്കൊണ്ടേയിരുന്നു.

ആർക്ക് വേണ്ടിയാണ് ഇവരൊക്കെയിങ്ങനെ അലറിവിളിക്കുന്നത് ? മതമെന്തെന്നും, മനുഷ്യനെന്തെന്നുമറിയാത്ത ഭക്തർക്കുവേണ്ടിയോ? അതോ കാതടപ്പിക്കുന്ന കതിനാവെടിയുടേയും, ഉച്ചഭാഷിണിയുടേയും ശബ്ദം കേട്ടുകേട്ട് ചെകിടരായിപ്പോയ ദൈവങ്ങൾക്ക് വേണ്ടിയോ ?

ഒരു പുസ്തകത്തിലോ, സംഗീതത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ അയാൾക്ക് പറ്റാതായിരിക്കുന്നു. കോളാമ്പി മൈക്ക് ഉപയോഗിച്ച് ശബ്ദം മലിനീകരിക്കുന്നത് മതത്തിന്റെ പേരിലാകുമ്പോൾ ഒരു കുറ്റമല്ലല്ലോ ?! വിശ്വാസത്തിൽ തൊട്ടുകളിക്കാൻ ഏത് ഭരണകൂടത്തിനാണ് ചങ്കുറപ്പുള്ളത് ? വോട്ടുബാങ്കിൽ വെടിമരുന്ന് നിറയ്ക്കാൻ ആരെങ്കിലും ശ്രമിച്ച ചരിത്രമുണ്ടായിട്ടുണ്ടോ ?

ശാസ്ത്രം പുരോഗമിച്ചതുകൊണ്ട് രക്ഷപ്പെട്ടെന്ന് പറഞ്ഞാൽ മതിയല്ലോ! ഐ-പോഡിന്റെ ഹെഡ് സെറ്റ് ചെവിയിലേക്ക് തിരുകി തലേന്നാൾ കിട്ടിയ പനച്ചൂരാന്റെ കവിതാലാപനത്തിലേക്കയാൾ മുഴുകി.


അച്ചുതണ്ടിൽ ഉറങ്ങുന്ന ഭൂമിയിൽ
പിച്ചതെണ്ടുന്ന ജീവിതം ചുറ്റുന്നു.
ഒച്ചയില്ലിവർക്കാർക്കും കരയുവാൻ
പച്ചവെള്ളത്തിനും വിലപേശണം.

കൊച്ചിനെന്തിന് പുസ്തകം,വിറ്റിട്ട്
പിച്ചതെണ്ടുവാൻ അച്ഛൻ പറയുന്നു.
കൊച്ചുകുഞ്ഞിനെ പെറ്റവൾ ചൊല്ലുന്നു,
വിറ്റുതിന്നാം വിശക്കുമീ കുഞ്ഞിനെ.

അസുരതീർത്ഥം കുടിക്കുവാൻ അന്യന്റെ
അവയവം വിറ്റ കാശുമായ് പോകുവോർ,

രോഗബീജങ്ങള്‍ സൌഹൃദം പങ്കിടും
ആതുരാലയ വാതിലിറങ്ങുന്നു.
…….
….
..

കവിയുടെ വരികളും, ശബ്ദവും ചെവിയിലൂടെ ഹൃദയത്തിലേക്കും, തലച്ചോറിലേക്കും, വൈദ്യശാസ്ത്രം ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത മറ്റുപല അവയവങ്ങളിലേക്കും, ആന്തരാവയവങ്ങളിലേക്കുമെല്ലാം ഒരു മതപ്രഭാഷണത്തിനും ചെന്നുകയറാൻ പറ്റാത്ത ആഴങ്ങളിലേക്ക് തുളച്ചുകയറിക്കൊണ്ടേയിരുന്നു.

വാഴുവോര്‍ തന്നെ വായ്പ്പ വാങ്ങിയീ
യാജകരുടെ രാജ്യം ഭരിക്കവേ,
കാലത്തിന്റെ ചെതുമ്പിച്ച കാലടി-
പ്പാടു പിന്തുടരുന്നു നാം ബന്ധിതര്‍
……..
….
..