Monthly Archives: May 2009

bhavani-puzha-in-manorama1

ഭവാനിപ്പുഴയുടെ തീരത്തിലൂടെ


ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

———————————————————–
വേണുവിന് താല്‍പ്പര്യം യാതൊരുവിധ നിബന്ധനകളും തടസ്സങ്ങളുമില്ലാതെ വനാന്തര്‍ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനോടാണ്. എന്റെയൊരു കുടുംബസുഹൃത്തായ വേണു ജോലി ചെയ്യുന്നത് വിപ്രോ ഇന്‍ഫോടെക്കിലാണ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയാണ് പ്രധാന ഹോബി. കക്ഷിയുടെ ചില പടങ്ങളെല്ലാം കണ്ട് അന്തം വിട്ടുനിന്നിട്ടുണ്ട് ഞാന്‍. അതുകൊണ്ടുതന്നെ വേണുവിനൊപ്പം ആദ്യമായി ഒരു യാത്ര പോയപ്പോള്‍ അത് കേരളത്തിലെ പേരും പെരുമയുമുള്ള ഒരു കാട്ടിലേക്കുതന്നെയാക്കാന്‍ പറ്റിയത് ഹൃദ്യമായ ഒരനുഭവമായി.

സൈലന്റ് വാലി. ഓര്‍മ്മവെച്ചനാള്‍ മുതല്‍ കേള്‍ക്കുന്നതാണ് ആ പേര്. ഏഷ്യാനെറ്റ് ടി.വി. ഈയിടെ കേരളത്തിലെ സപ്തവിസ്മയങ്ങളില്‍ ഒന്നാമത്തേതായി സൈലന്റ് വാലിയെ തിരഞ്ഞെടുത്തതോടെ ഇതുവരെ കേള്‍ക്കാത്തവരും ആ പേര് കേട്ടുതുടങ്ങിയെന്ന് സൈലന്റ് വാലിയുടെ മുക്കാളിയിലുള്ള ഫോറസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ മനസ്സിലാക്കാനായി. ഭയങ്കര തിരക്ക്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍സംഘങ്ങളും, ചെറുപ്പക്കാരുടെ സെറ്റുകളുമൊക്കെയായി നൂറുകണക്കിനാളുകള്‍ കാടുകാണാനിറങ്ങിയിരിക്കുന്നു.

സ്ഥലത്തെ ഫോറസ്റ്റ് ഓഫീ‍സര്‍ ശ്രീ.ശിവദാസന്‍(I.F.S.), റിട്ടയേര്‍ഡ് ഫോറസ്റ്റ് ഓഫീസറായ വേണുവിന്റെ അച്ഛന്‍ ശ്രീ. ഗോപാലകൃഷ്ണന്റെ സുഹൃത്താണ്. ശിവദാസന്‍ സാറുമായി ഫോറസ്റ്റ് ഓഫീസിലെ വരാന്തയില്‍, ഒരു സൌഹൃദസംഭാഷണത്തിന് ശേഷം കാട്ടിലേക്ക് കയറാന്‍ ഞങ്ങള്‍ റെഡിയായി. ഞങ്ങളെന്ന് പറഞ്ഞാല്‍ വേണുവും, ഭാര്യ നികിതയും, ഫോറസ്റ്റ് ഗാര്‍ഡ് സോമനും, പിന്നെ ഞാനും. ഫോറസ്റ്റ് ഗാര്‍ഡില്ലാതെ കാട്ടിനുള്ളിലേക്ക് പോകാന്‍ അനുവാദം കിട്ടില്ല.

സൈലന്റ് വാലി കാണാനാണ് രാവിലെതന്നെ എറണാകുളത്തുനിന്ന് പാലക്കാട് ജില്ലവരെ ഞങ്ങള്‍ കാ‍റോടിച്ച് എത്തിയതെങ്കിലും, പലതരം യാത്രാപദ്ധതികള്‍ സൈലന്റ് വാലിയിലും അതിന്റെ ബഫ്ഫര്‍ സോണിലുമായി ഉണ്ടെന്ന് മനസ്സിലാക്കിയത് മുക്കാളി ഫോറസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ മാത്രമാണ്.

പാത്രക്കടവ് ട്രക്കിങ്ങ്, കരുവാര വാട്ടര്‍ ഫാള്‍, റോക്ക് ഹോള്‍ ഹട്ട്, കീരിപ്പാറ വാച്ച് ടവര്‍, എന്നിങ്ങനെ പലയിനം ടൂര്‍ പ്രോഗ്രാമുകള്‍ അവിടെയുണ്ട്. എല്ലാറ്റിനും പ്രത്യേകം ടിക്കറ്റെടുക്കുകയും ഫോറസ്റ്റ് ഗാര്‍ഡിനെ അറേഞ്ച് ചെയ്യുകയും വേണം. ഫോറസ്റ്റ് ഓഫീസില്‍ ജനത്തിരക്ക് കാരണം നിന്നുതിരിയാന്‍ സ്ഥലമില്ല. കാട്ടില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില മിനിമം മര്യാദകളും (അ)ലിഖിത നിയമങ്ങളുമൊക്കെ ലംഘിച്ചുകൊണ്ടാണ് സ്ത്രീകളില്‍ ബഹുഭൂരിഭാഗവും അണിഞ്ഞൊരുങ്ങി ആടയാഭരണങ്ങളൊക്കെ ചാര്‍ത്തി വന്നിരിക്കുന്നത്. വര്‍ണ്ണപ്പകിട്ടാര്‍ന്ന പട്ടുസാരികള്‍, മൂക്കടിച്ചുപോകുന്ന തരത്തിലുള്ള കടുത്ത മണമുള്ള സ്പ്രേ എന്നതൊക്കെ കാട്ടിലെ യാത്രയ്ക്ക് യോജിച്ചതല്ല.

സൈലന്റ് വാലിയിലേക്ക് നേരിട്ട് കടക്കുന്നതിന് മുന്‍പ് അതിന്റെ ബഫ്ഫര്‍ സോണിലൊക്കെ കറങ്ങി കാര്യങ്ങള്‍ മനസ്സിലാക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ടുതീര്‍ക്കാവുന്ന ഒരു വനമല്ല സൈലന്റ് വാലിയും, ബഫ്ഫര്‍ സോണുമെല്ലാം.ഞങ്ങള്‍ക്ക് 2 ദിവസമാണ് കൈയ്യിലുള്ളത്. ഭവാനി റിവര്‍ ട്രെയില്‍ എന്ന ട്രിപ്പ് ആദ്യത്തെ ദിവസം നടത്താമെന്ന് ഉറപ്പിച്ചു.

യാത്ര ആരംഭിച്ചപ്പോള്‍ത്തന്നെ രണ്ട് കൊച്ചുസഞ്ചാരികള്‍ ഞങ്ങളുടെ കൂടെ കൂടി. ഫോറസ്റ്റ് ഗാര്‍ഡ് ശ്രീ. സോമന്റെ മക്കള്‍ 6 വയസ്സുകാരന്‍ അഭിഷേകും, 3 വയസ്സുകാരന്‍ ആഷിഷുമായിരുന്നു ആ മിടുക്കന്മാര്‍.

“സ്ക്കൂളില്ലാത്ത ദിവസമാണ്, കാട്ടിലെ എന്റെ കഷ്ടപ്പാടൊക്കെ അവന്മാരു കാണട്ടെ“

എന്നുപറഞ്ഞാണ് സോമന്‍ കുട്ടികളെ കാട്ടിലേക്ക് കൊണ്ടുപോകുന്നത്. ആനയിറങ്ങി തേരാപ്പാര മേഞ്ഞുനടക്കുന്ന കാട്. സഹ്യപുത്രന്മാരുടെ മുന്നിലെങ്ങാനും ചെന്നുചാടിയാല്‍ തിരിഞ്ഞുനോക്കാതെ ഓടേണ്ടിവരും. അതിനിടയില്‍ ഈ കൊച്ചുകുഞ്ഞുങ്ങള്‍. ഓര്‍ത്തപ്പോള്‍ത്തന്നെ എന്റെ ഉള്ളൊന്ന് പിടച്ചെങ്കിലും കുട്ടികളുടെ ഉത്സാഹവും, സോമന്റെ ധൈര്യവും കണ്ടപ്പോള്‍ ആശങ്കകളൊക്കെ പമ്പകടന്നു.

ഫോറസ്റ്റ് ഓഫീസിന്റെ പുറകിലൂടെ നടന്നാല്‍‍ ഭവാനി, കുന്തി എന്നീ 2 കോട്ടേജുകള്‍ക്ക് പുറകിലായി കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഒന്നായ ഭവാനിപ്പുഴ കാണാം. കബനീനദി, പാമ്പാര്‍ എന്നിവയാണ് കിഴക്കോട്ടൊഴുകുന്ന മറ്റ് നദികള്‍. പാമ്പാര്‍, ഭവാനി എന്നീ നദികള്‍ കിഴക്കോട്ടൊഴുകി തമിഴ്‌നാട്ടില്‍ എത്തുമ്പോള്‍, കബനീനദി കിഴക്കോട്ട് സഞ്ചരിച്ച് കര്‍ണ്ണാടകത്തില്‍ ചെല്ലുന്നു.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മഴക്കാട് സംരക്ഷിക്കപ്പെടേണ്ടതിനുപകരം ഹൈഡ്രോഇലക്‍ട്രിക്ക് പ്രോജക്‍ടിന് വേണ്ടി നീക്കിവെക്കാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായ കോലാഹലങ്ങളൊക്കെ കെട്ടടങ്ങിയത് 1985 സെപ്റ്റംബര്‍ 7 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധി 89.52 സ്ക്വയര്‍ കിലോമീറ്ററോളം വരുന്ന സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി രാജ്യത്തിന് സമര്‍പ്പിച്ചതോടെയാണ്.

2007 സെപ്റ്റംബര്‍ 23ന്, 148 സ്ക്വയല്‍ കിലോമീറ്റര്‍ കാടുകള്‍ കൂടെ സൈലന്റ് വാലിയുടെ പ്രൊട്ടക്‍റ്റീവ് സോണായി പ്രഖ്യാപിച്ച്, കേരളാ മുഖ്യമന്ത്രി ശ്രീ.അച്ചുതാനന്ദന്‍ ഉത്ഘാടനം ചെയ്തു.മണ്ണാര്‍കാട് ഫോറസ്റ്റ് ഡിവിഷന്റെ അട്ടപ്പാടി, മണ്ണാര്‍കാട് റേഞ്ചുകളും നിലംബൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ കാളിക്കാവ് റേഞ്ചുമൊക്കെ ചേര്‍ന്നതാണ് സൈലന്റ് വാലി കോര്‍ സോണിന്റെ സംരക്ഷരണ വലയമായ ബഫ്ഫര്‍ സോണ്‍ കാടുകള്‍.

ലോകത്തെ 34 ബയോഡൈവേഴ്സിറ്റിയുള്ള ഹോട്ട് സ്പോട്ടുകളില്‍ ഒന്ന്,
ഇന്ത്യയില്‍ ഹിമാലയസാനുക്കള്‍ കഴിഞ്ഞാല്‍ അതേ പ്രാധാന്യമുള്ള മറ്റൊരിടം,
മഴവേഴാമ്പലുകള്‍ അടക്കമുള്ള 200 തരം പക്ഷികള്‍,
128 തരം ചിത്രശലഭങ്ങള്‍,
400 ല്‍പ്പരം വണ്ടുകള്‍,
12 ല്‍പ്പരം മത്സ്യങ്ങള്‍,
19 ല്‍പ്പരം ഉഭയജീവികള്‍,
35 ല്‍പ്പരം ഉരഗങ്ങള്‍,
13 ല്‍പ്പരം സസ്തനികള്‍,
അന്യം നിന്നുകൊണ്ടിരിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍,
കടിച്ചാല്‍ ഉടന്‍ മരണം സമ്മാനിക്കുന്ന, 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന ടൈഗര്‍ ചിലന്തികള്‍,
40 ല്‍പ്പരം ദേശാടനപ്പക്ഷികള്‍ വന്നുപോ‍കുന്നയിടം,
20,000 തരത്തിലുള്ള ഔഷധസസ്യങ്ങള്‍,
1000 ല്‍പ്പരം പൂച്ചെടികള്‍,
20 X 20 – മീറ്റര്‍ സ്ഥലം എടുത്താല്‍ 70 മുതല്‍ 700 വരെ ഔഷധസസ്യങ്ങള്‍ കിട്ടുന്ന ഇടം,
പാലക്കാട് ജില്ലയില്‍ കൊടും ചൂട് അനുഭവപ്പെടുമ്പോളും നല്ല തണുപ്പനുവപ്പെടുന്ന ഉള്‍ക്കാടുകളുള്ളയിടം,
ഒരേക്കര്‍ സ്ഥലത്ത് ഒന്നരലക്ഷം ലിറ്റര്‍ ജലം സ്റ്റോര്‍ ചെയ്യാനുള്ള കഴിവുള്ള മഴക്കാട്…..,എന്നിങ്ങനെ സൈലന്റ് വാലിയെപ്പറ്റി പറയാന്‍ പോയാല്‍ ഒരിടത്തുമെത്തില്ല.

സോമന്റെ വാക്കുകള്‍ അതേപടി പകര്‍ത്തിയാല്‍,

“ആയിരത്തൊന്ന് രാവുകള്‍ പോലെ പറഞ്ഞാലും പറഞ്ഞാലും തീരാത്തത്രയും പ്രത്യേകതകളുള്ളൊരു കാടാണ് സൈലന്റ് വാലി.”

പുഴക്കരയില്‍ നിന്ന് കാടിനെപ്പറ്റി നല്ലൊരു വിശദീകരണം തന്നതിനുശേഷം പുഴമുറിച്ച് കടക്കാമെന്നായി സോമന്‍. മുട്ടൊപ്പം വെള്ളമേ പുഴ മുറിച്ചുകടക്കുന്ന ഭാഗത്തുള്ളൂ. അടിത്തട്ടില്‍ കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ വ്യക്തമായി കാണാന്‍ പാകത്തിന് തെളിമയുണ്ട് വെള്ളത്തിന്. ആഷിഷിനെ കൈയ്യിലെടുത്ത് സോമന്‍ വെള്ളത്തിലേക്കിറങ്ങി,പിന്നാലെ അഭിഷേകും, നികിതയും, വേണുവും. ഷൂ ഊരി, ലേസുകള്‍ തമ്മില്‍ പിണച്ച് തോളിലൂടെ ഇട്ട് ഞാനും നദിയിലേക്കിറങ്ങി.
പെട്ടെന്ന് അക്കരെക്കാടിനുള്ളില്‍ ഒരു ജനകൂ‍ട്ടം പ്രത്യക്ഷപ്പെട്ടു. പുഴക്കരയില്‍ എത്തിയപാടെ അവരും പുഴമുറിച്ച് കടക്കാനാരംഭിച്ചു. അക്കൂട്ടത്തിലുണ്ടായിരുന്ന ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിത്വം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ പ്രൊഫസറായിരുന്ന ശ്രീ.ശോഭീന്ദ്രന്‍ മാഷായിരുന്നു. കൈയ്യിലുള്ള സോണിയുടെ ഡിജിറ്റല്‍ ക്യാമറ കൊണ്ട്‍, പുഴ മുറിച്ച് കടക്കുന്നവരുടെ പടമെടുത്തതിനുശേഷം തന്റെ ഫിഡല്‍ കാസ്ട്രോ വേഷം മുട്ടോളം നനച്ചുകൊണ്ടുതന്നെ ആ അദ്ധ്യാപകനും പുഴയിലേക്കിറങ്ങി. ‘ഒരു മരം പദ്ധതി‘യുടെ പ്രവര്‍ത്തകരായ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന സംഘമായിരുന്നത്.

പലയിടത്തും വായിച്ചറിവ് മാത്രമുള്ള ശോഭീന്ദ്രന്‍ മാഷിനെപ്പോലുള്ള ഒരു പ്രകൃതിസ്നേഹിയെ കണ്ടുമുട്ടാന്‍ സൈലന്റ് വാലി ബഫ്ഫര്‍ സോണിലെ ഭവാനിപ്പുഴയുടെ മദ്ധ്യഭാഗത്തേക്കാള്‍ നല്ലൊരിടം ഇനിയുണ്ടാകാനില്ല. മാഷിന്റെ ചൈതന്യമുള്ള മുഖം കണ്ടപ്പോള്‍, അത് പുഴയുടെ നടുവില്‍ വെച്ചായാലും ക്യാമറയില്‍പ്പകര്‍ത്തണമെന്ന് വേണുവിന് തോന്നിയതില്‍ അത്ഭുതം കൂറേണ്ടിവന്നില്ല. ചിരിച്ചുകൊണ്ട് വേണുവിന്റെ ക്യാമറയ്ക്ക് പോസുചെയ്യുന്ന മാഷിന്റെ ചിത്രമൊരെണ്ണം ഞാനും ക്യാമറയില്‍ ഒപ്പിയെടുത്തു.

വെള്ളത്തിനടിയിലെ ഉരുളന്‍ കല്ലുകള്‍ക്കൊക്കെ നല്ല വഴുക്കലുണ്ട്. തെന്നി വെള്ളത്തില്‍ വീണാല്‍ കൈയ്യിലുള്ള ക്യാമറ പിന്നൊന്നിനും പ്രയോജനപ്പെടില്ല. ഓരോ കാലടിയും ശ്രദ്ധിച്ചെടുത്തുവെച്ച് പുഴമുറിച്ചുകടന്നു.

പുഴക്കകരെ എത്തിയപ്പോള്‍ രണ്ട് റൂട്ടുകള്‍ സോമന്‍ നിര്‍ദ്ദേശിച്ചു. 2 കിലോമീ‍റ്ററോളമാണ് കാട്ടിലൂടെയുള്ള ട്രക്കിങ്ങ്. അത് പുഴക്കരുകിലൂടെ ആകണമെങ്കില്‍ അങ്ങനെയാകാം. അല്ലെങ്കില്‍ പകുതിവഴി കാട്ടിനുള്ളിലൂടെ നടന്ന് മടക്കയാത്ര മുഴുവന്‍ പുഴക്കരുകിലൂടെയാക്കാം. രണ്ടാമത്തെ മാര്‍ഗ്ഗമായിരിക്കും കൂടുതല്‍ നല്ലത്. മടക്കയാത്ര ഇരുട്ടുന്നതോടെയായിരിക്കും. ആ സമയത്ത് ആനകള്‍ വെള്ളം കുടിക്കാനായി പുഴയരുകിലേക്കിറങ്ങാന്‍ സാദ്ധ്യതയുണ്ട്.അപ്പോ‍ള്‍ പുഴക്കരയിലൂടെ വന്നാല്‍ അവറ്റകളെ ദൂരെ നിന്നുതന്നെ കണ്ട് ഓടി രക്ഷപ്പെടാനാകും.

സോമന്‍ പറയുന്നതുതന്നെ ഞങ്ങള്‍ക്ക് വേദവാക്യം. കാട്ടിനുള്ളിലൂടെ നടന്ന് പുഴക്കരയിലൂടെ മടക്കയാത്രയാകാമെന്ന് തീരുമാനമായി. 3 വയസ്സുകാരന്‍ എറ്റവും മുന്നില്‍ അതിന് പുറകേ സോമന്‍, പിന്നെ 6 വയസ്സുകാരന്‍, വേണു, നികിത, ഏറ്റവും പുറകില്‍ ഞാന്‍. പന്തിക്ക് മുന്നേ പടയ്ക്ക് പിന്നേ എന്നാണല്ലോ?

ഡോ. സാലിം അലിയും, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന ശ്രീ എം.എസ്സ്.സ്വാമിനാഥനുമൊക്കെ വര്‍ഷങ്ങളോളം ചിലവഴിച്ച് പഠനം നടത്തിയ കാടിനുള്ളിലേക്കാണ് കടക്കുന്നതെന്ന് ഓര്‍ത്തപ്പോള്‍ത്തന്നെ അഭിമാനം തോന്നി. കാടിനുള്ളില്‍, കാണാന്‍ തുടങ്ങിയ ഓരോരോ കാട്ടുചെടികളുടേയും, മരങ്ങളുടേയും പേരും, നാളും, മാഹാത്മ്യവുമെല്ലാം സോ‍മന്‍ വിശദീകരിച്ചുകൊണ്ടേയിരുന്നു. ഒരു ഫോറസ്റ്റ് ഗാര്‍ഡ് എന്നതിനുപരി നല്ലൊരു പ്രകൃതിസ്നേഹിയും കാടിന്റെ മര്‍മ്മം അറിഞ്ഞവനുമാണ് സോമനെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അടിവരയിട്ടു.

കാട്ടിനുള്ളിലേക്ക് കൂടുതല്‍ കടന്നതോടെ ആനകള്‍ വിഹരിക്കുന്ന വഴികളാണ് അതെന്ന് തെളിയിക്കുന്ന മട്ടില്‍ ഓരോ 100 മീറ്ററിലും ഉണങ്ങിയതും ഉണങ്ങാത്തതുമായ ആനപ്പിണ്ഡങ്ങള്‍ കാണാന്‍ തുടങ്ങി. ആനപ്പിണ്ഡം നോക്കി അതിട്ടുപോയ ആനയുടെ പ്രായം വരെ സോമന്‍ പറയുന്നുണ്ടായിരുന്നു.പ്രായത്തില്‍ ഇളയതായാലും മൂത്തതായാലും ആനയിറങ്ങുന്ന കാടുതന്നെയാണതെന്ന് ഉറപ്പായി. കൂടുതല്‍ തെളിവെന്ന വണ്ണം ചടച്ചി എന്നുപേരുള്ള ഒരു മരത്തിന്റെ മധുരമുള്ള തൊലി കാട്ടാന കൊമ്പുവെച്ച് കുത്തിപ്പറിച്ചെടുത്ത് തിന്നിരിക്കുന്നതും കാണാനായി. ഇനി ആനയെ മാത്രമേ നേരിട്ട് കാണാ‍നുള്ളൂ. ആനച്ചൂരടിച്ചാല്‍ സോമന് മനസ്സിലാക്കാ‍ന്‍ പറ്റുമെന്ന് പറയുന്നതുകൊണ്ട് ഓടിരക്ഷപ്പെടാനുള്ള സാവകാശം കിട്ടുമെന്ന ധൈര്യത്തിലാണ് ഞങ്ങളുടെ മുന്നോട്ടുള്ള നീക്കം. കരിയിലകള്‍ ചവിട്ടി നടക്കുമ്പോള്‍ അതിനടിയില്‍ പാമ്പുണ്ടാകുമോ എന്നുള്ള സ്ഥിരം ചിന്തയൊന്നും ഈ കാട്ടിനുള്ളില്‍ എന്നെ അലട്ടിയിരുന്നില്ല. ഇവിടെ പ്രധാന ശത്രു ആ‍നമാത്രമാണ്.

കാട്ടിനുള്ളിലെ ഓരോ ചലനങ്ങളും സോമന്‍ മനസ്സിലാക്കുന്നുണ്ടെന്ന് എനിക്കുറപ്പായത് മരത്തിനുമുകളിലിരിക്കുന്ന ഒരു മലയണ്ണാറക്കണ്ണനെ ഇലകള്‍ക്കിടയിലൂടെ അദ്ദേഹം കാണിച്ചുതന്നപ്പോഴാണ്. ‘മലയണ്ണാക്കണ്ണന്‍ മാര്‍ഗ്ഗഴിത്തുമ്പിയെ മണവാട്ടിയാക്കും നേരമായി‘ എന്നൊക്കെ പാട്ടുകേട്ടിട്ടുണ്ടെന്നല്ലാതെ മലയണ്ണാറക്കണ്ണനെ ഞാനാദ്യമായിട്ടായിരുന്നു കാണുന്നത്. പാട്ടെഴുതിയ കവി മലയണ്ണാക്കണ്ണനെ നേരില്‍ കണ്ടുകാണുമായിരിക്കും.

രണ്ടടിയോളം നീളം വരുന്ന വാല് മരക്കൊമ്പിലൂടെ താഴേക്ക് നീട്ടിയിട്ടുകൊണ്ട് വിശ്രമിക്കുകയായിരുന്ന മലയണ്ണാന് ഒരു മുയലിന്റെ വലിപ്പമുണ്ടായിരുന്നു. ക്യാമറയില്‍ വലിയൊരു സൂം ലെന്‍സ് മാറ്റിപ്പിടിപ്പിച്ചുകൊണ്ട് ശബ്ദമുണ്ടാക്കാതെ മരത്തിനടിയില്‍ ചെന്നുനിന്ന് അണ്ണാക്കണ്ണനെ തന്റെ ക്യാമറയിലേക്ക് വേണു ആവാഹിച്ചെടുത്തു. വേണുവിന്റെ ലെന്‍സുകള്‍ , ഫില്‍ട്ടറുകള്‍ തുടങ്ങിയ ക്യാമറാ ആക്‍സ്സസറികള്‍ കൊണ്ടുനടക്കുകയും, സമയാസമയം അത് എടുത്തുകൊടുക്കുകയും ചെയ്യുക എന്ന ഒരു ക്യാമറാ അസിസ്റ്റന്റിന്റെ ജോലി വളരെ ഭംഗിയായിട്ട് നികിത നിര്‍വ്വഹിക്കുന്നുണ്ട്.

അടുത്തടുത്തുള്ള മരങ്ങളിലായി മലയണ്ണാന്റെ ഒന്നിലധികം കൂടുകള്‍ കാണാം. പ്രധാന ശത്രുവായ പരുന്തില്‍ നിന്ന് രക്ഷപ്പെടാനായി അണ്ണാറക്കണ്ണന്‍ പുറത്തിറക്കുന്ന ഒരു തന്ത്രമാണത്രേ ഒന്നിലധികം കൂടുകള്‍! സന്ധ്യയാകുമ്പോള്‍ ഏതെങ്കിലും ഒരു കൂട്ടിലേക്ക് കടക്കുന്ന അണ്ണാന്‍, ശത്രുവിനെ കബളിപ്പിക്കാനായി കുറച്ചുനേരത്തിനുശേഷം ഒച്ചയനക്കമുണ്ടാക്കാതെ മറ്റൊരു കൂട്ടിലേക്ക് കടക്കും. അണ്ണാറക്കണ്ണന്റെ നീക്കങ്ങള്‍ പകല്‍ വെളിച്ചത്തില്‍ നോക്കിയിരിക്കുന്ന ശത്രുക്കള്‍ ഇളിഭ്യരാകാന്‍ മറ്റെന്തു വേണം ?!

കാടിനുള്ളിലൂടെ നടക്കുന്നതിനിടയില്‍, വളരെ വിരളമായാണെങ്കിലും കാണാനിടയാകുന്ന പ്ലാസ്റ്റിക്കിന്റെ കടലാസുകളോ കുപ്പികളൊ ഒക്കെ പെറുക്കി കയ്യിലുള്ള ഒരു സഞ്ചിയിലില്‍ സോമന്‍ ശേഖരിക്കുന്നുണ്ടായിരുന്നു. ഫോറസ്റ്റ് ഗാര്‍ഡായി ജോലി ചെയ്യുന്നതിനോടൊപ്പം പ്രകൃതിയോട് കാണിക്കുന്ന സ്നേഹവും, ജോലിയോടുള്ള ആത്മാര്‍ത്ഥതയുമൊക്കെ എടുത്തുകാണിക്കുന്നതായിരുന്നു ആ പ്രവര്‍ത്തി.

താമസിയാതെ പ്ലാസ്റ്റിക്ക് പെറുക്കല്‍ കര്‍മ്മത്തില്‍ ഞങ്ങളും സോമനോടൊപ്പം കൂടി. കാട്ടുവഴികളില്‍ അവിടവിടെയായി മരക്കമ്പുകള്‍ വെച്ചുകെട്ടിയുണ്ടാക്കിയ നീ‍ളമുള്ള ചൂല് ഉപയോഗിച്ച് സ്വന്തം വീട്ടുവളപ്പെന്നപോലെ നടപ്പാതകള്‍ അടിച്ച് വൃത്തിയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു സോമന്‍.

ഒരു കിലോമീറ്ററോളം യാത്ര കഴിഞ്ഞപ്പോള്‍ വീണ്ടും പുഴക്കരയിലേക്ക് ചെന്നുകയറി. അവിടന്ന് വലത്തേക്ക് കടന്ന് കാട്ടിലൂടെ യാത്ര തുടര്‍ന്നപ്പോള്‍ ഒരു കൊച്ചുമരത്തിനടിയില്‍ കിടക്കുന്ന കുറേ കല്ലുകളിലേക്ക് ഞങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, ആ കാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ഒരു ആദിവാസി ഊരിന്റെ കഥയിലേക്ക് സോമന്‍ കടന്നു.

1940ന് മുന്നേ പൊട്ടിക്കല്‍ എന്നപേരില്‍ ഒരു ആദിവാസി ഊര് ഈ ഭാഗത്തുണ്ടായിരുന്നു. അക്കാലത്തുണ്ടായ ഒരു ഉരുള്‍ പൊട്ടലില്‍, ഒരാള്‍ ഒഴികെ ഊരിലുണ്ടായിരുന്ന എല്ലാവരും മരണമടഞ്ഞു. കക്കി എന്നുപേരുള്ള രക്ഷപ്പെട്ട ആദിവാസി പുഴക്കക്കരെ എന്തോ ആവശ്യത്തിന് പോയ സമയത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അതുകൊണ്ട് അയാള്‍ മാത്രം രക്ഷപ്പെട്ടു. ബാക്കിയെല്ലാവരും ഈ മണ്ണിനടിയില്‍ ഉണ്ട്. 1951, 1952, 1953 കൊല്ലങ്ങളില്‍ അതിന് മുകളില്‍ സര്‍ക്കാര്‍ തേക്കുതൈകള്‍ നട്ടു.

അവര്‍ക്കവിടെ ഒരു അമ്പലമൊക്കെ ഉണ്ടായിരുന്നതായി അവശിഷ്ടമൊക്കെ കണ്ടാല്‍ മനസ്സിലാക്കാം. വാള്, പരിച മുതലായവയൊക്കെ കല്ലിലെ കൊത്തുപണികളില്‍ കാണുന്നതില്‍ നിന്ന് അവര്‍ യോദ്ധാക്കളായിരുന്നിരിക്കണം എന്ന് അനുമാക്കിക്കപ്പെടുന്നു. അട്ടപ്പാടിക്കാര്‍ സാമൂതിരിയുടെ സാമന്തന്മാരായിട്ടാണ് അറിയപ്പെട്ടിരുന്നത്. സാമൂതിരി വന്നാല്‍ മണ്ണാര്‍ക്കാട് മുതല്‍ ആദിവാസി ഊരുകള്‍ വരെ കാടിന്റെ മക്കള്‍ ചുമന്നുകൊണ്ടുവരും. തൊവര, റാഗി, മറ്റ് ധാന്യങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, തേന്‍, പെണ്ണുങ്ങള്‍, എന്നിങ്ങനെയുള്ള കാഴ്ച്ചവസ്തുക്കളുമൊക്കെയായിട്ടായിരിക്കും സാമൂതിരിയുടെ മടക്കയാത്ര.

മണ്ണടിഞ്ഞുപോയ ആ ഊരിനുമുകളിലാണ്, ആ സംസ്ക്കാരത്തിനു മുകളിലാണ് ഞങ്ങളും തൊട്ടടുത്തുള്ള തേക്കിന്റെ മരങ്ങളുമൊക്കെ നിവര്‍ന്നുനില്‍ക്കുന്നത്.

സൈലന്റ് വാലിയില്‍ ആദിവാസികള്‍ താമസ്സമില്ലെങ്കിലും, പലപല ഊരുകളിലായി ഇരുളര്‍, മുഡുകര്‍, കുടുംബര്‍ എന്നീ 3 വിഭാഗം ആദിവാസികള്‍ ബഫ്ഫര്‍ സോണിനകത്ത് ഇപ്പോഴും വസിക്കുന്നുണ്ട്.

കാടിന്റെ മനം മയക്കുന്ന കഥകള്‍ കേട്ടും, കാട്ടാറിന്റെ പൊട്ടിച്ചിരിക്ക് കാതോര്‍ത്ത് അതിന്റെ കരയിലിരുന്നും, ദാഹം വന്നപ്പോള്‍ പനിനീരുപോലുള്ള പുഴവെള്ളം കുപ്പിയില്‍ നിറച്ച് യഥേഷ്ടം കുടിച്ചുമൊക്കെ, കാട്ടിലൂടെയുള്ള ആ നടത്തം മനസ്സിനും ശരീരത്തിനും ഉണര്‍വ്വും ഉന്മേഷവും പകര്‍ന്നു നല്‍കി.

പശ്ചിമഘട്ടത്തിലെ വനങ്ങളില്‍ മരങ്ങള്‍ വളരുന്ന രീതി, അതിന്റെ വേരോട്ടത്തിന്റെ പ്രത്യേകതകള്‍, പാലമരത്തിന്റെ കീഴെ രാത്രികാലങ്ങളില്‍ വന്നിരുന്നാല്‍ ഓക്സിജന്റെ കുറവുകാരണം തലകറക്കം തോന്നാവുന്നതുകൊണ്ട് പാലമരത്തില്‍ യക്ഷിയുണ്ടെന്നുള്ള അന്ധവിശ്വാസം, തേക്ക്, വീട്ടി, ചടച്ചി, പുന്ന, ഇരുമ്പകം എന്നീ മരങ്ങളുടെ പ്രത്യേകതകള്‍, രൂപപരിണാമമൊന്നും സംഭവിക്കാത്ത ഈന്ത് എന്ന പൊക്കം കുറഞ്ഞ ചെടി, പാണല്‍ച്ചെടിയുടെ ഇലയുടെ ഔഷധഗുണങ്ങള്‍, കാട്ടുതീ പടരുന്നതിനെപ്പറ്റിയുള്ള ആധികാരികമായ കണക്കുകള്‍, ഫോട്ടോ സിന്തസിസ്, ജൈവമണ്ഡലം, സൈലന്റ് വാലിയിലെ മരങ്ങള്‍ ഇലപൊഴിക്കുന്നതിന്റെ ആനുപാതക്കണക്കുകള്‍ എന്നുതുടങ്ങി കാടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെപ്പറ്റിയും സോമന്‍ വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു.

പോകുന്നവഴിയിലുള്ള മരത്തിലൊന്ന് തട്ടി, അതിനെയൊന്ന് കുലുക്കി, മെല്ലെ തലോടിയൊക്കെ നടക്കണമെന്നാണ് സോമന്‍ പറയുന്നത്. കാറ്റൊന്നുമില്ലെങ്കിലും പെട്ടെന്നാ മരം ഇലകളൊക്കെ ഒന്നിളക്കിയെന്ന് വരും. അതൊരു സ്നേഹമാണ് , അടുപ്പമാണ്, നമ്മളോടുള്ള അതിന്റെ സന്തോഷം പങ്കുവെക്കലാണ്.

ചുണ്ടക്കല്‍ വെള്ളക്കെട്ടിനടുത്തുനിന്ന് പുഴമുറിച്ച് കടന്ന് വീണ്ടും കുറച്ചുകൂടെ മുന്നോട്ട് നടന്നപ്പോള്‍ വാഹനങ്ങള്‍ പോകുന്ന റോഡിലെത്തി. അല്‍പ്പസ്വല്‍പ്പം ജനജീവിതം ഉള്ള ഭാഗമാണത്.

പിന്നിലേക്ക് നോക്കിയാല്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കരുവാരമലനിരകള്‍ കാണാം. ഉത്സവകാലത്ത് ആദിവാസിമൂപ്പന്‍ അതിനുമുകളിലുള്ള കോവിലില്‍ ദീപം തെളിയിക്കുക പതിവാണ്.

റോഡിലൂടെ കുറച്ചൂടെ മുന്നിലേക്ക് ചെന്ന് വീണ്ടും പുഴക്കരയിലൂടെ മടങ്ങാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. റോഡിലൂടെ 4 കിലോമീറ്ററോളം പുറകോട്ട് പോയാല്‍ ചെന്നെത്തുന്നത് ഒരു ആദിവാസി നടത്തുന്ന ‘വള്ളിയമ്മ ക്യാന്‍സര്‍ ചികിത്സാകേന്ദ്ര‘ത്തിലാണ്. കാടിനുള്ളില്‍ ഇപ്പറഞ്ഞയാള്‍ താമസിക്കുന്നത് വലിയ ബംഗ്ലാവിലും, യാത്ര ചെയ്യുന്നത് ഷെവര്‍ലേ കാറിലുമാണ് പോലും! ക്യാന്‍സര്‍ ചികിത്സയുടെ ആധികാരികതയെപ്പറ്റിയും, ഫലപ്രാപ്തിയെപ്പറ്റിയുമൊക്കെ കാര്യമായ അറിവ് സോമനുമില്ല.

റോഡിലൂടെ കുറച്ച് മുന്നോട്ട് നടന്ന് വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് പുഴക്കരയിലെത്തി. ആ ഭാഗത്തും പുഴയ്ക്ക് ആഴം കുറവാണ്. പുഴമുറിച്ചുകടക്കാന്‍ തുടങ്ങിയപ്പോള്‍ അതുവഴിവന്ന ഒരു സ്ത്രീ ആ വഴി പോകേണ്ടെന്ന് വിലക്കി. അപ്പുറത്തെവിടെയോ‍ കുറച്ചുമുന്‍പ് ആനയുണ്ടായിരുന്നുപോലും. അതറിഞ്ഞിട്ട് തിരിച്ചുനടക്കുകയാണവര്‍. ആനയുണ്ടെങ്കിലെന്താ നമുക്കൊരുമിച്ച് പോകാമെന്ന് പറഞ്ഞ് മടങ്ങിപ്പോകുകയായിരുന്ന ആ സ്ത്രീയേയും അവരുടെ മകളേയും നിര്‍ബന്ധിച്ച് ഞങ്ങള്‍ക്കൊപ്പം കൂട്ടി സോമന്‍.

അല്‍പ്പം ഭയത്തോടെയാണ് പിന്നീട് മുന്നോട്ട് നീങ്ങീയത്. ആനയവിടെത്തന്നെയുണ്ടെങ്കില്‍ ഓടേണ്ടിവരുമല്ലോ എന്നുകരുതി ക്യാമറയൊക്കെ ബാഗിനകത്ത് സുരക്ഷിതമാക്കി. ഇതിനിടയില്‍ പലപ്പോഴും ആഷിഷ് സോമന്റെ തോളില്‍ക്കയറി യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഒരു 3 വയസ്സുകാരന് താങ്ങാവുന്നതിലും വലുതാണ് കാട്ടിലൂടെ 2 കിലോമീറ്ററോളം വരുന്ന ആ നടത്തമെന്നുള്ളതില്‍ സംശയമില്ല.

പുഴക്കരയിലെ ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെ നടന്ന് കുന്തി-ഭവാനി കോട്ടേജുകള്‍ക്ക് പിന്നില്‍ എല്ലാവരും തിരിച്ചെത്തി. ആന ഇതിനകം അതിന്റെ വഴിക്ക് പോയതുകാരണം പ്രശ്നമൊന്നുമില്ലാതെ ആ യാത്ര അവസാനിച്ചു. കോട്ടേജിന്റെ പിന്നിലുള്ള നദിക്കരയിലെ അല്‍പ്പം വലുപ്പമുള്ള ഉരുണ്ട പാറകള്‍ക്ക് മുകളിലായി വൈകുന്നേരത്തെ കുളി പാസാക്കാന്‍ വന്ന് വെള്ളത്തിലേക്ക് ചാടിയും മറിഞ്ഞുമൊക്കെ കളിക്കുന്ന തദ്ദേശീയരാ‍യ കുട്ടികള്‍. കൈലിയും തോര്‍ത്തുമൊക്കെ ചുറ്റി 2 വിദേശി ചെറുപ്പക്കാരും അക്കൂട്ടത്തിലുണ്ട്.

ആ രാത്രി വേണമെങ്കില്‍ കോട്ടേജുകളില്‍ ഒന്നില്‍ തങ്ങാമായിരുന്നു. ഉരഗങ്ങളെ പേടിയൊന്നുമില്ല്ലെങ്കില്‍ ഭവാനിപ്പുഴയില്‍ ഇറങ്ങിക്കിടന്ന് രാത്രിസമയത്ത് പുഴയില്‍ വെള്ളം കുടിക്കാന്‍ വരുന്ന സഹ്യപുത്രന്മാരെക്കാണാനൊക്കെ സാധിച്ചെന്നുവരും. പക്ഷെ ഞങ്ങള്‍ക്കന്നു രാത്രി താമസിക്കാന്‍ ഇടമൊരുക്കിയിരുന്നത് കീരിപ്പാറ വാച്ച് ടവറിലായിരുന്നു. അവിടാകുമ്പോള്‍ കൂടുതല്‍ കാട്ടുമൃഗങ്ങളെ കാണാന്‍ സാധിക്കും.

ആഷിഷിനേയും, അഭിഷേകിനേയും ഫോറസ്റ്റ് ഓഫീസിനു പുറകിലുള്ള തന്റെ ക്വാര്‍ട്ടേര്‍സില്‍ ഭാര്യയുടെ അടുത്ത് തിരിച്ചാക്കാന്‍ പോയപ്പോള്‍ ഞങ്ങളേയും നിര്‍ബദ്ധിച്ച് അങ്ങോട്ട് വിളിച്ചുകൊണ്ടുപോയി ചായയും പലഹാരവുമൊക്കെ തന്ന് സല്‍ക്കരിച്ചു സോമന്‍.

മുക്കാളി കവലയില്‍ നിന്ന് രാത്രി കഴിക്കാനുള്ള ഭക്ഷണവും,കീരിപ്പാറയിലേക്ക് പോകാനുള്ള ജീപ്പുമൊക്കെ സോമന്‍ തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. വേണുവും, നികിതയും പലപല കാടുകളില്‍ അതിസാഹസികമായി രാത്രികാലങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളവരാണ്. ഫോറസ്റ്റ് ഗാര്‍ഡായ സോമന്റെ കാര്യം പറയാനുമില്ല.

പക്ഷെ, ഏതെങ്കിലും ഒരു കാട്ടിനുള്ളില്‍ ആദ്യമായിട്ടാണ് ഞാന്‍ അന്തിയുറങ്ങാന്‍ പോകുന്നത്. എനിക്കതോര്‍ത്തപ്പോള്‍ത്തന്നെ ആഹ്ലാദം നുരഞ്ഞുപൊങ്ങി.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മലയണ്ണാറക്കണ്ണന്റേതടക്കമുള്ള നല്ല ചിത്രങ്ങള്‍ക്ക് കടപ്പാട് വേണുവിനോട്.