ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .
വാരാന്ത്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോഴാണ് ഗില്‍ഫോര്‍ഡ് പട്ടണത്തിലുള്ള സുഹൃത്ത് സാജന്‍ ജേക്കബ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. പുതിയൊരു പട്ടണം കാണാന്‍ കിട്ടുന്ന അവസരമെന്തിന് പാഴാക്കണം? മുഴങ്ങോടിക്കാരി നല്ലപാതിക്കൊപ്പം അടുത്ത തീവണ്ടിയില്‍ക്കയറി ഗില്‍ഫോര്‍ഡിലേക്ക് വിട്ടു. സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ടിന്റെ അഡ്‌മിനിസ്ട്രേറ്റീവ് തലസ്ഥാനം കൂടെയാണ് ഗില്‍ഫോര്‍ഡ് പട്ടണം.
സാജന്റെ വീട്ടിലെത്തി കുശലമൊക്കെ പറഞ്ഞിരുന്ന് ആ ദിവസം കടന്നുപോയി. അടുത്തദിവസം(ശനിയാഴ്ച്ച)‘ഐല്‍ ഓഫ് വൈറ്റ് ‘(Isle of Wight) എന്ന ദ്വീപിലേക്ക് പോകണമെന്ന് ഞങ്ങള്‍ക്കാഗ്രഹമുണ്ടായിരുന്നു. പക്ഷെ അതിനുള്ള ഒരുക്കങ്ങള്‍ ഒന്നും നടത്തിയിട്ടില്ലായിരുന്നു. ഇംഗ്ലണ്ടിലെ ഒരു കൌണ്ടി കൂടെയാണ് ഐല്‍ ഓഫ് വൈറ്റ്. (രാജ്യത്തിനകത്തുതന്നെയുള്ള പ്രാദേശിക സര്‍ക്കാരിനുകീഴെയുള്ള പട്ടണങ്ങളും നഗരങ്ങളുമൊക്കെ ചേര്‍ന്ന സ്ഥലത്തെയാണ് കൌണ്ടി എന്ന് പറയുന്നത്.)
ശനിയാഴ്ച്ച രാവിലെ യാത്രയ്ക്കുള്ള ചില തയ്യാറെടുപ്പുകളൊക്കെ ഇന്റര്‍നെറ്റിലൂടെ നടത്തിയശേഷം സാജന്റെ കാറില്‍ പോര്‍ട്ട്സ്‌മൌത്ത് (Portsmouth)എന്ന തുറമുഖ പട്ടണത്തിലേക്ക് യാത്ര തിരിച്ചു.
ഒരു ഹാര്‍ബര്‍ പട്ടണമെന്നതിലുപരി ചാള്‍സ് ഡിക്കന്‍സ് എന്ന വിശ്വവിഖ്യാതനായ എഴുത്തുകാരന്റെ ജന്മം കൊണ്ട് ധന്യമായ ഒരിടം കൂടെയാണ് പോര്‍ട്ട്‌സ്‌മൌത്ത്. ഗില്‍ഫോര്‍ഡില്‍ നിന്ന് 70 കിലോമീറ്ററോളം യാത്ര ചെയ്ത് പോര്‍ട്ട്‌മൌത്തില്‍ എത്തിയപ്പോള്‍ ഉച്ചയ്ക്ക് 12:30 കഴിഞ്ഞിരുന്നു. 13:00 മണിക്കുള്ള ഫെറി അഥവാ ഒരു കൂറ്റന്‍ ജങ്കാറിലാണ് ഐലന്റിലേക്ക് പോകാനുള്ള ടിക്കറ്റ് ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്തിരിക്കുന്നത്.
കൃത്യസമയത്ത് തന്നെ ജെട്ടി കണ്ടുപിടിച്ച് വാഹനങ്ങളുടെ ക്യൂവില്‍ ഹാജരായി. സാജന്റെ കാറിന് ഒരു ചെറിയ പ്രശ്നമുണ്ട്. അതില്‍ വഴികാട്ടിയായി ഈ രാജ്യത്തെ എല്ലാ മനുഷ്യന്മാരും ഉപയോഗിക്കുന്ന നേവിഗേറ്റര്‍ സംവിധാനം ഇല്ല. അതുകൊണ്ടുതന്നെ സാജന് റോഡുകളെപ്പറ്റിയൊക്കെ നല്ലൊരു ധാരണയുണ്ട്. തെക്ക് വടക്കൊക്കെ നന്നായി തിരിയുകയും ചെയ്യും. വാഹനത്തില്‍ നേവിഗേറ്റര്‍ ഉള്ളവര്‍ക്ക് അവരുടെ വീടിന്റെ തൊട്ടടുത്ത സ്ഥലങ്ങള്‍ പോലും കൃത്യമായി നേവിഗേറ്ററിന്റെ സഹായമില്ലാതെ പോകാന്‍ പറ്റിയെന്ന് വരില്ല.
ഞങ്ങളുടെ വാഹനം ജങ്കാറിനകത്തേക്ക് കയറി അധികം താമസിയാതെ തന്നെ ജങ്കാര്‍ കരയുമായുള്ള ബന്ധം വേര്‍പെടുത്തി ഉള്‍ക്കടലിലേക്ക് നീങ്ങി. തീരത്തുള്ള കണ്ട ഒരു ആധുനിക കെട്ടിടം, ദുബായിയില്‍ വെള്ളത്തിന് നടുക്ക് പണിതീര്‍ത്തിരിക്കുന്ന ‘ബുര്‍ജ് അല്‍ അറബ് ‘ എന്ന നക്ഷത്ര ഹോട്ടലാണ് എന്നെ ഓര്‍മ്മപ്പെടുത്തിയത്.
മെയിന്‍ ലാന്‍ഡ് ബ്രിട്ടണിനും, ഐല്‍ ഓഫ് വൈറ്റിനും(Isle of Wight) ഇടയിലുള്ള കടലിടുക്ക് സോളന്റ് (Solent) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ കടലിടുക്ക് ഒരു പ്രമുഖ കപ്പല്‍ച്ചാല്‍ എന്നതിലുപരി ജലവിനോദങ്ങള്‍ക്ക് കൂടെ പേരുകേട്ടതാണ്. വളരെ സങ്കീര്‍ണ്ണമായ വേലിയേറ്റവും വേലിയിറക്കവുമൊക്കെയുള്ള ഒരു കടലിടുക്കാണിത്. ഇംഗ്ലണ്ടിന്റെ കരയോട് വളരെ ചേര്‍ന്നാണ് കിടക്കുന്നതെങ്കിലും, ഇംഗ്ലീഷ് ചാനലിന് ഇടയില്‍ കിടക്കുന്നതുകൊണ്ട് ഈ ദ്വീപിനെ ചാനല്‍ ഐലന്‍ഡ് എന്നുവിളിക്കുന്നതിലും തെറ്റില്ലെന്ന് തോന്നുന്നു.
1826 മുതല്‍ കൌസ് വീക്ക് (Cowes Week) എന്നപേരില്‍ ലോകത്തിലെ ഏറ്റവും ദീര്‍ഘദൂര റെഗാട്ട (Regatta) നടക്കുന്നതും സോളന്റ് കടലിടുക്കിലാണ്. ഒരു ബോട്ട് റേസ് അല്ലെങ്കില്‍ തുടര്‍ച്ചയായുള്ള ബോട്ട് റേസുകള്‍ എന്നാണ് റെഗാട്ട (Regatta)എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
റേസിന് പങ്കെടുക്കുന്ന യാട്ടുകളും ബോട്ടുകളുമൊക്കെ ഈ കടലിടുക്കിലും ഐലന്റിന്റെ തീരത്തുമൊക്കെയായി ധാരാളമായി നങ്കൂരമിട്ട് കിടക്കുന്നുണ്ട്. വെള്ളത്തിലൂടെ കാറ്റ് പിടിച്ചും യന്ത്രമുപയോഗിച്ചും ഓടി നടക്കുന്ന ബോട്ടുകള്‍ വേറെയും.
ഇതിനൊക്കെപ്പുറമേ ഇംഗ്ലീഷ് ചാനലിന്റെ ഭാഗമായ ഈ ഉള്‍ക്കടലില്‍ നിരവധി മറ്റിനം ബോട്ടുകളും, വലിയ യാത്രാക്കപ്പലുകളും ചരക്കുകപ്പലുകളുമൊക്കെ യാത്രയിലുടനീളം കണ്ടുകൊണ്ടേയിരുന്നു.
ജനിച്ച നാള്‍ മുതല്‍ കോളേജ് വിദ്യാഭ്യാസമൊക്കെ കഴിയ്യുന്നതുവരെ ഒന്നാന്തരമൊരു വെള്ളക്കുഴിയില്‍ ജീവിച്ചിരുന്നതുകൊണ്ടും, ഔദ്യോഗികമായി ഒരുപാട് ബോട്ട് യാത്രകള്‍ നടത്തുക പതിവുള്ളതുകൊണ്ടും ജലസവാരികള്‍ എന്നെ പലപ്പോഴും അത്രയധികം ഉന്മത്തനാക്കാറില്ല. പക്ഷെ ഇതിപ്പോള്‍ ഇംഗ്ലീഷ് ചാനലിന്റെ ഭാഗമായ ഒരു കടലിടുക്കാണല്ലോ മുറിച്ച് കടക്കുന്നത് എന്നുള്ള ചിന്ത ഒരു പ്രത്യേക അനുഭൂതിയാണ് തന്നത്.
ജലനൌകകള്‍ക്കിടയിലൂടെയുള്ള ആ യാത്ര അര മണിക്കൂറിലധികം നീണ്ടുനിന്നു. കാഴ്ച്ചകള്‍ കാണാനായി ബോട്ടിന്റെ തുറസ്സായ ഡെക്കിലിരിക്കണമെന്നുള്ളവര്‍ക്ക് അത്യാവശ്യം വെയില്‍കായുകയും ആവാം. ആ ആഗ്രഹത്തോടെ നല്ലൊരു കൂട്ടം ജനം തുറസ്സായ ഡക്കില്‍ ഇരിക്കുന്നുണ്ട്. കാഴ്‌ച്ചകള്‍ കാണാനും ശുദ്ധവായു ശ്വസിക്കാനുമൊക്കെ നല്ലത് അവിടമായതുകൊണ്ട് മറുകരയെത്തുന്നതുവരെ ഞങ്ങളും അവിടെത്തന്നെ ചിലവഴിച്ചു. അധികം വെയില്‍ കായണമെന്നില്ലാത്തവര്‍ക്കുവേണ്ടി രണ്ടാമത്തെ ഡക്കില്‍ വിശാലമായ ഇരിപ്പിടങ്ങളും, ഭക്ഷണം കഴിക്കാനുള്ള സൌകര്യവുമൊക്കെയുണ്ട്.
ഫെറി ദ്വീപിനോട് അടുത്തുതുടങ്ങിയപ്പോള്‍ ആ കരയിലും ഒരുപാട് നൌകകള്‍ നങ്കൂരമിട്ട് കിടക്കുന്നത് കാണാറായി. ഇവിടെയുള്ള കൌസ് സീപോര്‍ട്ടാണ് റെഗാട്ടയുടെ മത്സരങ്ങളുടെ അസ്ഥാനം എന്നതാണ് അവിടേയും നൌകകള്‍ കാണപ്പെടാനുള്ള കാരണം.
ജങ്കാര്‍ കരയ്ക്കടുത്തു. നിരനിരയായി വാഹനങ്ങള്‍ കരയ്ക്കിറങ്ങി. ഞങ്ങളുടെ പ്രശ്നങ്ങള്‍ അവിടന്ന് തുടങ്ങുകയായി. പ്രശ്നങ്ങള്‍ എന്നുപറഞ്ഞാല്‍ യാത്ര മുന്‍കൂട്ടി നല്ലവണ്ണം പ്ലാന്‍ ചെയ്യാതിരുന്നതുകൊണ്ടും വാഹനത്തില്‍ നേവിഗേറ്റര്‍ ഇല്ലാതിരുന്നതുകൊണ്ടുമുള്ള കുഴപ്പങ്ങള്‍.
ഏറ്റവും വലിയ പ്രശ്നം വിശപ്പുതന്നെ. 2 മണികഴിഞ്ഞിട്ടും ഒന്നും അകത്തേക്ക് ചെന്നിട്ടില്ല. ദ്വീപില്‍ മിക്കവാറും റസ്റ്റോറന്റുകള്‍ എല്ലാം അടഞ്ഞാണ് കിടക്കുന്നത്. ചെറിയൊരു സൂപ്പര്‍മാര്‍ക്കറ്റ് തുറന്നിരിക്കുന്നത് രക്ഷയായി. അവിടന്ന് അത്യാവശ്യം സാന്‍വിച്ചും ജ്യൂസുമൊക്കെ വാങ്ങിക്കഴിച്ച് വിശപ്പടക്കി. അവിടെക്കണ്ട ഒരു സായിപ്പിനോട് വഴി ചോദിച്ച് മനസ്സിലാക്കാന്‍ സാജനൊരു ശ്രമം നടത്തി. നേവിഗേറ്ററില്‍ സെറ്റ് ചെയ്യേണ്ട ചില ലാന്‍ഡ് മാര്‍ക്കുകളൊക്കെ കക്ഷി സാജനോട് പറയാന്‍ തുടങ്ങിയപ്പോള്‍ നേവിഗേറ്റര്‍ ഇല്ലെന്ന കാര്യം സാജന്‍ മെല്ലെ അവതരിപ്പിച്ചു. എങ്കില്‍പ്പിന്നെ മാപ്പ് എടുക്ക്, വഴി പറഞ്ഞ് തരാമെന്ന മട്ടിലാണ് സായിപ്പിന്റെ നില്‍പ്പ്. അതും ഇല്ല സായിപ്പേ എന്ന് പറഞ്ഞപ്പോള്‍ ‘ഇവന്‍ ഇതെവിടുന്ന് ചാനല് നീന്തിവന്നിരിക്കുന്നു ?‘ എന്ന മട്ടിലൊരു നോട്ടം സായിപ്പിന്റെ വക.
പെട്ടെന്നുതന്നെ അതേ കടയില്‍ നിന്ന് ഒരു മാപ്പ് വാങ്ങി ആ പ്രശ്നം അവസാനിപ്പിച്ചു. അത്യാവശ്യം വഴികളൊക്കെ സായിപ്പ് പറഞ്ഞുമനസ്സിലാക്കിക്കൊടുത്തു. പക്ഷെ അതൊന്നും കാര്യമാക്കാതെ ഞങ്ങള്‍ അലക്ഷ്യമായി ദ്വീപിലുടനീളം വാഹനത്തില്‍ കറങ്ങിനടന്നു. അങ്ങനെ ചുറ്റിയടിക്കുന്നതിനും ഒരു പ്രത്യേക സുഖമുണ്ടെന്ന് പറയാതെ വയ്യ.
ദ്വീപിനെ ചുറ്റി കടലോരത്തോട് ചേര്‍ന്നുള്ള വഴികളിലൂടെയും, പച്ചപ്പരവതാനി വിരിച്ചപോലെ പുല്ലുപിടിച്ച് കിടക്കുന്ന മനോഹരമായ പ്രകൃതിക്കിടയിലൂടെയും വാഹനം മെല്ലെ മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്നു.
വിക്‍ടോറിയന്‍ കാലഘട്ടം മുതല്‍ക്കുതന്നെ ഹോളീഡേ റിസോര്‍ട്ടുകള്‍ക്ക് പേരുകേട്ടയിടമാണ് ഐല്‍ ഓഫ് വൈറ്റ്. കനിഞ്ഞനുഗ്രഹിക്കപ്പെട്ട പ്രകൃതിസൌന്ദര്യവും, കൌസ് ആസ്ഥാനമാക്കിയുള്ള ലോകപ്രശസ്തമായ ബോട്ട് റേസുമൊക്കെയാണ് ഈ ദ്വീപിന്റെ മറ്റ് ആകര്‍ഷണങ്ങള്‍.
ഇടയ്ക്കിടയ്ക്ക് ബീച്ചിനോട് ചേര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഇടങ്ങളുണ്ട്.വണ്ടിയില്‍ നിന്നിറങ്ങി ബീച്ചില്‍ നിന്നും കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന പാറമുകളില്‍പ്പോയി നിന്ന്‍ ഇളം കാറ്റേറ്റ് കടല്‍ക്കരയുടെ സൌന്ദര്യമാസ്വദിച്ചും, കരയിലേയും കടലിലേയും ആകാശത്തിലേയുമൊക്കെ മറ്റ് കാഴ്കകള്‍ കണ്ടും സമയം കടന്നുപോയ്‌ക്കൊണ്ടേയിരുന്നു.
അലക്ഷ്യമായി നീണ്ടുപോയ ആ യാത്രയ്ക്ക് പക്ഷേ, ഒരു ലക്ഷ്യമെങ്കിലും ഉണ്ടായിരുന്നെന്ന് പറയാതെ വയ്യ. ദ്വീപിലെ ഏറ്റവും പ്രധാന ആകര്‍ഷണമായ നീഡില്‍സ് കാണുകയായിരുന്നു ആ ലക്ഷ്യം. അധികം വൈകാതെ ഞങ്ങളാ ലക്ഷ്യത്തിലെത്തി. കാറ് പാര്‍ക്ക് ചെയ്ത് ഒരു കിലോമീറ്ററോളം ദൂരം മുന്നോട്ട് നടന്നാലേ നീഡില്‍സിന്റെ വ്യൂ പോയന്റില്‍ എത്താനാകൂ.
പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഒരു സൂചിയെപ്പോലെ കടലിലേക്ക് നീണ്ടുനില്‍ക്കുന്ന ചുണ്ണാമ്പുകല്ലിന്റെ 3 പാറകളാണ് നീഡില്‍സ് എന്ന പേരില്‍ അറിയപ്പെടുന്നത്.
കാലാകാലങ്ങളിലായി കടലിലേക്ക് ഇടിഞ്ഞ് വീണ് ഈ അവസ്ഥയിലായിരിക്കുന്ന നീഡിലിന്റെ അറ്റത്തായി സ്ക്കോട്ട്‌ലാന്‍ഡുകാരനായ സിവില്‍ എഞ്ചിനീയര്‍ ജയിംസ് വാക്കര്‍ രൂപകല്‍പ്പന ചെയ്ത് 1859ല്‍ സ്ഥാപിച്ച ഒരു ലൈറ്റ് ഹൌസ് നിലകൊള്ളുന്നുണ്ട്.
കരയില്‍ നിന്ന് കാണുന്ന ഒന്നാമത്തേയും രണ്ടാമത്തേയും പാറയ്ക്കിടയില്‍ സൂചിപോലെ കുത്തനെ മുകളിലേക്ക് ഉയര്‍ന്നുനിന്നിരുന്ന വീതികുറഞ്ഞ മറ്റൊരു പാറകൂടെ ഉണ്ടായിരുന്നു. 1764 ല്‍ ഉണ്ടായ ഒരു കൊടുങ്കാറ്റില്‍ അത് കടപുഴകി കടലിലേക്ക് പതിക്കുകയാണുണ്ടായത്.
സമയം വൈകിച്ചെന്നതുകാരണം നീഡിലിനോട് ചേര്‍ന്നുള്ള തീരത്തുള്ള നീഡില്‍സ് ഓള്‍ഡ് ബാറ്ററി, നീഡില്‍സ് ന്യൂ ബാറ്ററി, റോക്കറ്റ് പരീക്ഷണ കേന്ദ്രം, റോക്കറ്റ് പ്രദര്‍ശനകേന്ദ്രം തുടങ്ങിയ ഒരിടത്തും ഞങ്ങള്‍ക്ക് കയറാനായില്ല. മറ്റൊരുപാട് കാര്യങ്ങള്‍ കൂടെ ഐല്‍ ഓഫ് വൈറ്റില്‍ ഞങ്ങള്‍ക്ക് നഷ്ടമായെന്ന് പിന്നീട് ഒരു കണക്കെടുപ്പ് നടത്തിയപ്പോളാണ് മനസ്സിലാക്കാനായത്.പ്ലാന്‍ ചെയ്യാതെ യാത്ര നടത്തിയതിനുള്ള കടുത്ത ശിക്ഷയായിട്ടതിനെ കണക്കാക്കി അല്‍പ്പം നിരാശരായിട്ടുതന്നെയാണ് ഞങ്ങള്‍ തിരിച്ച് കാറിനടുത്തേക്ക് നടന്നത്.
യാത്രയുടെ കാര്യത്തില്‍ ഈ തലമുറയിലെ അഗ്രഗണ്യനായ ശ്രീ.സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ വാക്കുകള്‍ ഈയവസരത്തില്‍ ഓര്‍ക്കാതെ വയ്യ.
‘ചരിത്രബോധമാണ് യാത്രയുടെ കാതല്‍. ചരിത്രബോധമില്ലാത്ത യാത്രകള്‍ വ്യര്‍ത്ഥമാണ്.’
ചരിത്രബോധത്തിനൊപ്പം, മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത യാത്രകളും വ്യര്‍ത്ഥമാണെന്ന് പറയാതെ വയ്യ.
—————————————————————————
ഐലന്‍ഡിന്റെ മാപ്പിന് കടപ്പാട് ഗൂഗിളിനോട്.
‘ഐല്‍ ഓഫ് വൈറ്റ് ‘നെപ്പറ്റി കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.