Monthly Archives: August 2009

aadu-2Bjeevitham

ആടുജീവിതം


 14 -)മത് ഫോക്കാന സോവനീറിൽ (ഹരിതം) ഈ അവലോകനം


ടുജീവിതം.
ബന്യാമിന്റെ ആടുജീവിതം.
കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ നജീബിന്റെ ആടുജീവിതം.

വിപണിയില്‍ ഇറങ്ങുന്ന പുസ്തകങ്ങളൊക്കെ എല്ലാവര്‍ക്കും വായിക്കാന്‍ സാധിച്ചെന്ന് വരില്ല. പക്ഷെ, ഗള്‍ഫ് പ്രവാസി മലയാളികള്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു നോവലാണ് ബന്യാമിന്‍ എഴുതി ഗ്രീന്‍ ബുക്ക്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘ആടുജീവിതം‘.

ഗള്‍ഫ് പ്രവാസി മലയാളികള്‍ എന്ന് എടുത്ത് പറയാന്‍ കാര്യമുണ്ട്. ഞാനടക്കമുള്ള ബഹുഭൂരിപക്ഷം വരുന്ന ഗള്‍‍ഫ് പ്രവാസികളും, ഈ മണലാരണ്യത്തിലെ സുഖസ‌മൃദ്ധിമാത്രം കാണുന്നവരും അനുഭവിക്കുന്നവരുമാണെന്നാണ് എന്റെയൊരു വിശ്വാസം. അതിനൊക്കെയപ്പുറം ഈ ചുട്ടുപഴുത്ത മണലാരണ്യത്തില്‍ പൊള്ളി അമരുന്ന ജീവിതങ്ങള്‍ ചിലതെങ്കിലുമുണ്ട്. അതാണ് ആടുജീവിതത്തിന്റെ ഇതിവൃത്തം. പുസ്തകത്തിന്റെ പുറം ചട്ടയില്‍ പറയുന്ന വാചകം കടമെടുത്ത് പറഞ്ഞാല്‍ ……

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് “

പുറം ലോകത്ത് നടക്കുന്നതെന്താണെന്ന് അറിയാനാവാതെ, ഇന്നെന്താണ് ദിവസമെന്നും തീയതിയെന്നും പോലും തിരിച്ചറിയാനാകാതെ, മരുഭൂമി ചുട്ടുപഴുക്കുമ്പോഴും, തണുപ്പില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴുമൊക്കെ തണുത്തുറഞ്ഞ നിര്‍വ്വികാരമായ മനസ്സോടെ വര്‍ഷങ്ങളോളം ജീവിതം തള്ളിനീക്കേണ്ടി വന്ന നജീബിന്റെ കഥയാണ് ആടുജീവിതം.

കൃത്യമായിപ്പറഞ്ഞാൽ, 3 വര്‍ഷവും 4 മാസവും 9 ദിവസവുമാണ് സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമൊക്കെ അകന്ന്, മതിലുകളൊന്നുമില്ലാത്ത മരുഭൂമിയിലാണെങ്കിലും ഒറ്റപ്പെടലിന്റെ വന്മതിലിനുള്ളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നജീബിന് കഴിച്ചുകൂട്ടേണ്ടി വരുന്നത്.

സ്ഥിരമായി കാണുന്ന അറബാബ് എന്ന ക്രൂരനായ യജമാനൻ‍, തന്നെപ്പോലെ തന്നെ വന്നുപെട്ടുപോയ അധികമൊന്നും മുരടനക്കാത്ത ഭീകരരൂപിയും അന്യഭാഷക്കാരനുമായ ഒരു സഹപ്രവര്‍ത്തകൻ, ആഴ്ച്ചയില്‍ ഒരിക്കലോ മറ്റോ ആടുകള്‍ക്കുള്ള തീറ്റയും വെള്ളവുമായി വരുന്ന ട്രക്ക് ഡ്രൈവർ, പിന്നെ ഒരുപറ്റം ആടുകളും ഒട്ടകങ്ങളും. ഇതായിരുന്നു നജീബിന്റെ മരുഭൂമിയിലെ ലോകം. ഭീകരരൂപി കുറച്ചുദിവസങ്ങള്‍ക്കകം അപ്രത്യക്ഷനാകുന്നതോടെ നജീബ് ശരിക്കും ഒറ്റപ്പെടുകയാണ്. പുറം ലോകത്തേക്ക് രക്ഷപ്പെടാനുള്ള ഏക കണ്ണിയായ ട്രക്ക് ഡ്രൈവറുമാരുമായി എന്തെങ്കിലും ആശയവിനിമയം നടത്താന്‍ അറബാബ് ഒരിക്കലും അനുവദിച്ചിരുന്നുമില്ല. അഥവാ അങ്ങനെന്തെങ്കിലും ‘കടുംകൈ‘ ചെയ്താല്‍ നജീബിനൊപ്പം ട്രക്ക് ഡ്രൈവറും തോക്കിന്റെ പാത്തികൊണ്ടുള്ള അടി ഏറ്റുവാങ്ങേണ്ടി വരും.

വീട്, കുടുംബം, നാട്, നാട്ടുകാര്‍ എന്നൊക്കെപ്പറയുന്നത് ബാക്കിയുള്ള ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ സാദ്ധ്യതയില്ലാത്ത ഒന്നാണെന്ന് തിരിച്ചറിവ് ഉണ്ടാകുമ്പോഴും അള്ളാഹു തനിക്കായി ഈ ജീവിതമാണ് കനിഞ്ഞുനല്‍കിയിരിക്കുന്നതെന്ന് ഉള്‍ക്കൊണ്ടുകൊണ്ട് ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ച് കഴിഞ്ഞുകൂടേണ്ടി വരുന്ന ഒരു അവസ്ഥ ഭാവനയില്‍പ്പോലും ഒരോ വായനക്കാരനും നടുക്കമാണുണ്ടാക്കുക.

നാട്ടിൽ, പുഴയില്‍ നിന്ന് മണല്‍ വാരുകയും അതേ ജലത്തില്‍ മുടങ്ങാതെ കുളിച്ച് ശുദ്ധിയാകുകയുമൊക്കെ ചെയ്തുപോന്നിരുന്ന ഒരാള്‍ക്ക് സുഖസൌഭാഗ്യങ്ങള്‍ വഴിഞ്ഞൊഴുകുന്ന അറബിനാട്ടില്‍ കാലുകുത്തിയ അന്നുമുതല്‍ മലവിസര്‍ജ്ജനം ചെയ്തതിനുശേഷം ശുദ്ധിവരുത്താന്‍ അല്‍പ്പം വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വരുന്ന ഒരു അവസ്ഥയെ വിശേഷിപ്പിക്കാന്‍ ഗതികേട്, വിധിവൈപരീത്യം എന്നൊക്കെയുള്ള വാക്കുകള്‍ തികച്ചും അപര്യാപ്തമാണ്.

മരുഭൂമിയിലെ ആദ്യദിവസം തന്നെ, മേല്‍പ്പറഞ്ഞ ആവശ്യത്തിലേക്കുവേണ്ടി അല്‍പ്പം വെള്ളം ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെയാണ് അറബാബ് എന്ന ക്രൂരന്റെ ബെല്‍റ്റുകൊണ്ടുള്ള അടിയോടുകൂടിയ പീഢനപരമ്പര തുടങ്ങുന്നത്. മുഖത്ത് തുപ്പുന്നതും, പട്ടിണിക്കിടുന്നതും, ബൂട്ടിട്ട് ചവിട്ടുന്നതും, തോക്കിന്റെ പാത്തിക്ക് അടിക്കുന്നതടക്കമുള്ള ക്രൂരതകളൊക്കെ കാലം മുന്നേറുന്നതോടെ വലിയ ബുദ്ധിമുട്ടൊന്നുമല്ലാതാകുന്നു നജീബിന്. പട്ടിണി കിടക്കുക എന്നത് അത്ര വലിയ കാര്യമായിട്ട് പറയാന്‍ തന്നെയില്ല. ഖുബ്ബൂസ്** തന്നെയാണ് മൂന്ന് നേരത്തേയും ആഹാരം. അത് മുക്കിക്കുതിര്‍ത്ത് തിന്നാന്‍ പച്ചവെള്ളമുള്ളപ്പോള്‍ ആനന്ദലബ്ധിക്കിനിയെന്തുവേണം എന്ന സ്ഥിതിവിശേഷം തന്നെ. രാവിലെ അല്‍പ്പം ആട്ടിന്‍പാല് കുടിക്കാമെന്നുള്ളതാണ് ഒരു വലിയ കാര്യം.

വല്ലപ്പോഴുമൊരിക്കല്‍ പറ്റിപ്പോകുന്ന അപരാധങ്ങള്‍ക്കുള്ള ശിക്ഷ മൂന്ന് ദിവസം വരെ നീളുന്ന പട്ടിണിയിലാകും ചെന്നവസാനിക്കുക. വിശപ്പ് സഹിക്കാനാവാതെ ആടുകളുടെ മസറ*യില്‍ കടന്ന് തൊട്ടിയില്‍ അവിടവിടായി അവശേഷിക്കുന്ന ഗോതമ്പുമണികള്‍ തടുത്തുകൂട്ടി ചവച്ചിറക്കി പച്ചവെള്ളവും കുടിക്കുന്നതോടെ മനുഷ്യന്‍ ശരിക്കും ഒരു ആടിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കാഴ്ച്ച നിസ്സഹായതയോടെയും ആര്‍ദ്രമായ മനസ്സോടെയും മാത്രമേ വായിച്ച് പോകാനാവൂ.

അള്ളാഹു കാണിച്ചുതരുന്ന രക്ഷാമാര്‍ഗ്ഗമാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നുണ്ട് ഒരിക്കല്‍ കഥാനായകൻ‍. ആ ശ്രമത്തിനിടയില്‍ പിടിക്കപ്പെടുന്നതിനോടൊപ്പം തന്റെ ജീവനുപകരം, ഉന്നം തെറ്റിയോ അബദ്ധത്തിലോ മറ്റോ അറബാബിന്റെ തോക്കിനിരയാകുന്നത് ഒരു മുട്ടനാടാണ്. അതിന്റെ മാസം അര്‍ബാബ് നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നതോടെ ആട്ടിറച്ചി ജീവിതത്തില്‍ ഒരിക്കലും കഴിക്കാന്‍ പറ്റാത്ത മാനസ്സികാവസ്ഥ നജീബിനുണ്ടാകുന്നുണ്ട്. ആടുജീവിതം വായിച്ച് കഴിഞ്ഞതിനുശേഷം ആട്ടിറച്ചി കാണുമ്പോള്‍ വായനക്കാരില്‍ ആര്‍ക്കെങ്കി‍ലും അതിനോട് വിരക്തി തോന്നുകയാണെങ്കില്‍ അത് ഈ ഭൂപ്പരപ്പിലെ മണല്‍ക്കാടുകളില്‍ നജീബിനെപ്പോലെ ആടുജീവിതം നയിക്കേണ്ടി വന്നിട്ടുള്ള, (ഇപ്പോഴും നയിച്ചുകൊണ്ടിരിക്കുന്ന) മനുഷ്യന്‍ എന്ന സഹജീവിയോടുള്ള സഹാനുഭൂതിയ്ക്കും അനുകമ്പയ്ക്കും പുറമെ, ആട് എന്ന മൃഗത്തോട് അങ്ങാടിയിലെ മാംസക്കച്ചവടത്തിലുണ്ടാക്കാന്‍ പോകുന്ന ലാഭം മാത്രം ലാക്കാക്കി കാണിക്കുന്ന ക്രൂരതകള്‍ കൂടെ കാരണമായേക്കാം. വരിയുടച്ച മുട്ടനാടുകള്‍ക്ക് വളര്‍ച്ച പെട്ടെന്നാണെന്നും അവയെ എളുപ്പംതന്നെ മാംസക്കമ്പോളത്തില്‍ എത്തിക്കാമെന്നും തിരിച്ചറിഞ്ഞ മനുഷ്യന്റെ ക്രൂരമനസ്സും, പെറ്റ് വീഴുന്ന ആട്ടിന്‍‌കുട്ടികള്‍ക്ക് പോലും തള്ളയാടിന്റെ അകിടില്‍ നിന്നുള്ള ചുടുപാല്‍ നിഷേധിക്കുകയും ചെയ്യുന്ന അവന്റെ ദാക്ഷിണ്യമില്ലായ്മയൊക്കെയും നോവലിലെ കരളലിയിപ്പിക്കുന്ന ചില രംഗങ്ങള്‍ മാത്രമാണ്.

ജീവിതം അപ്രതീക്ഷിതമായി ദുരിതപൂര്‍ണ്ണമായി മാറുമ്പോഴും അള്ളാഹുവിലുള്ള അടിയുറച്ച വിശ്വാസവും, മനുഷ്യനേക്കാള്‍ ഔദാര്യവും സ്നേഹവുമൊക്കെ കാണിക്കുന്ന ആടുകളുമായുള്ള ജീവിതവുമാണ് നജീബിന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അള്ളാഹുവിന്റെ കണക്കുപുസ്തകത്തില്‍ എവിടെയെങ്കിലും തനിക്കായി ഇങ്ങനൊരു കാലഘട്ടം എഴുതിവെച്ചിട്ടുണ്ടെങ്കിൽ, ആ പരമകാരുണികനെ സ്തുതിച്ചുകൊണ്ടുതന്നെയാണ് അയാളാ ജീവിതം മുന്നോട്ടുനീക്കുന്നത്.

മനുഷ്യനേക്കാളേറെ മൃഗങ്ങളെ മനസ്സിലാക്കാനാവുന്ന ഈ കാലയളവില്‍ മസറ*യിലെ ഓരോ ആടിന്റേയും ചേഷ്ടകളും ശബ്ദവുമൊക്കെ വേര്‍തിരിച്ചറിയാനും അവയുമായി സംവദിക്കാനുമൊക്കെ കഴിയുന്നുണ്ട് നജീബിന്. പോച്ചക്കാരി രമണി, അറവുറാവുത്തർ, മേരിമൈമുന, ഞണ്ടുരാഘവൻ‍, പരിപ്പുവിജയന്‍ എന്നിങ്ങനെ ആടുകള്‍ക്ക് ഓരോന്നിനും പേരിട്ടിരിക്കുന്നത് സ്വന്തം നാട്ടുകാരുടെ ചില സ്വഭാവവിശേഷങ്ങളുമായി താരതമ്യം ചെയ്തിട്ടാണ്. മോഹന്‍ലാല്‍ എന്നു പേരുള്ള ആടിന്റെ ചരിഞ്ഞുള്ള നടത്തം തന്നെയാണ് ആ ഇരട്ടപ്പേര് അതിന് കൊടുക്കാനുള്ള കാരണം. മോഹന്‍ലാലിന്റെ മാത്രമല്ല, ജഗതിയുടെയും, ഇ.എം.എസ്സിന്റേയും വരെ ഭാവങ്ങളോ ശബ്ദമോ നോട്ടമോ ഒക്കെയുള്ള ആടുകള്‍ ആ മസറ*യില്‍ നജീബ് നമ്മെ പരിചയപ്പെടുത്തുന്നുണ്ട്.

ഗര്‍ഭിണിയായ ഭാര്യയോട് വിടപറഞ്ഞ് നാട്ടില്‍ നിന്ന് പോരുന്ന നജീബ്, തന്റെ കയ്യിലേക്ക് പെറ്റ് വീഴുന്ന ഒരു കൊച്ചുമുട്ടന് സ്വന്തം മകനിടാന്‍ തീരുമാനിച്ചുറച്ചിരുന്ന ‘നബീല്‍ ‘ എന്ന പേരിട്ട് വിളിച്ച് അരുമയായി കൊണ്ടുനടക്കുന്നതും, അവന്‍ വളര്‍ന്ന് വരുമ്പോള്‍ വിത്തിന് ഗുണമില്ലാത്തവനാണെന്ന് കണ്ടെത്തിയ അറബാബ് അവന്റെ വരിയറുക്കുന്നത് തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ പാഴാകുന്നതുമൊക്കെയാണ് നോവലിലെ വികാരസാന്ദ്രമായ മറ്റ് ചില രംഗങ്ങള്‍ .

കഥയുടെ അന്ത്യഭാഗത്ത്, വെള്ളം പോലും കുടിക്കാതെ ദിവസങ്ങളോളം മരുഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞ് അള്ളാഹു തുറന്നുകൊടുത്ത വഴിയിലൂടെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് ഒരു മഹാത്ഭുതം പോലെ തിരിച്ചുവരുന്ന നായകന് കുറച്ചുകാലം ജയിലില്‍ കഴിച്ചുകൂട്ടേണ്ടി വരുന്നുണ്ട്. ജയിലിലെ നാലഞ്ചുമാസത്തെ ജീവിതം ഒരു സ്വര്‍ഗ്ഗജീവിതം പോലെ അയാള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ആടുകള്‍ക്കൊപ്പമുള്ള ടെ മസറ*യിലെ ജീവിതം എത്രത്തോളം ദുസ്സഹമായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നജീബിന്റെ ജീവിതത്തിനുമേല്‍ വായനക്കാരന്റെ രസത്തിവേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വെച്ചുകെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്ന് പിന്‍‌കുറിപ്പില്‍ ബന്യാമിന്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ, കഥാനായകനായ നജീബ് അനുഭവിച്ച ദുരിതങ്ങളുടെ കാഠിന്യമാണ് പൊള്ളിക്കുന്ന മണല്‍ക്കാറ്റായി വായനക്കാരുടെ ഓരോരുത്തരേയും പൊതിയുന്നത്.

ഗ്രൂപ്പ് വിസയെന്നോ, ഫ്രീ വിസയെന്നോ ഒക്കെയുള്ള ഓമനപ്പേരിലുള്ള തരികിട വിസകളില്‍ നാട്ടില്‍ നിന്ന് വിമാനം കയറി അന്യനാട്ടിലെത്തുന്ന അത്രയധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത ഏത് പൌരനും സംഭവിക്കാവുന്ന ഒരു ദുര്‍ഗ്ഗതിയാണിത്. എയര്‍പ്പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനുള്ള ആള് വരാന്‍ വൈകിയാൽ, ഭാഷയും ദേശവുമൊന്നുമറിയാത്ത ഏതൊരാള്‍ക്കും പറ്റാവുന്ന ചതി.

എണ്ണപ്പാടത്തെ ജോലിക്കിടയില്‍ കുറച്ചുനേരത്തേക്കാണെങ്കിലും ഒരുപ്രാവശ്യം മരുഭൂമിയില്‍ പെട്ടുപോയിട്ടുള്ളവനാണ് ഞാനും. അന്ന് അല്‍പ്പനേരം കൊണ്ട് ഞാനനുഭവിച്ച ബുദ്ധിമുട്ടുകൾ, എന്നിലൂടെ കടന്നുപോയ ചിന്തകൾ, വികാര വിചാരങ്ങൾ‍, …ആ അവസ്ഥയിലൂടൊക്കെ ഞാനൊരിക്കല്‍ക്കൂടെ കടന്നുപോയി. ‘ആടുജീവിതം‘ എന്നെ വല്ലാതെ പിടിച്ചുലച്ചതിന് ആ അനുഭവവും ഒരു കാരണമായിരിക്കാം.

ശത്രുക്കള്‍ക്ക് പോലും ഇങ്ങനുണ്ടാവരുതേ എന്ന് ഏത് കഠിനഹൃദയനും ചിന്തിച്ചുപോയാല്‍ അത്ഭുതം കൂറേണ്ട കാര്യമില്ല. തുടക്കത്തില്‍ ഞാന്‍ കുറിച്ച ചില വരികള്‍ ഇപ്പോള്‍ അല്‍പ്പം മാറ്റിപ്പറഞ്ഞാല്‍ കൊള്ളാമെന്ന് തോന്നുന്നു.

സകല സുഖസൌകര്യങ്ങളോടെയും ജീവിച്ചുപോകുന്ന എല്ലാ ഗള്‍ഫ് പ്രവാസി മലയാളിയും വീട്ടിലെവിടെയെങ്കിലും കൈയ്യുത്തും ദൂരത്ത് കരുതിവെക്കേണ്ട ഒന്നാണ് ആടുജീവിതം. ഈ പ്രവാസഭൂമിയില്‍ നമുക്ക് കഷ്ടപ്പാടുകളും ദുരിതങ്ങളും വന്നുചേരുമ്പോൾ, ജീവിതം ദുസ്സഹമാണെന്ന് തോന്നിത്തുടങ്ങുമ്പോൾ, ശമ്പളം പോരെന്നും, മേലുദ്യോഗസ്ഥന്റെ കുറ്റപ്പെടുത്തലുകള്‍ സഹിക്കാനാവില്ലെന്നുമൊക്കെയുള്ള തോന്നലുകള്‍ തള്ളിത്തള്ളി വരുമ്പോള്‍ ആടുജീവിതം കൈയ്യിലെടുക്കുക, ഒരാവര്‍ത്തി വീണ്ടും ആ പേജുകളിലൂടെ കടന്നുപോകുക.

എല്ലാ പ്രശ്നങ്ങള്‍ക്കും അതോടെ പരിഹാരമുണ്ടാകും. കാരണം നാമാരും നജീബ് നയിച്ചതുപോലുള്ള ഒരു ആടുജീവിതമല്ല നയിക്കുന്നത്.
————————————————————————-
*മസറ – ആടുകളുടെ കിടപ്പാടം
**ഖുബ്ബൂസ് – അറബി റൊട്ടി