ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .
നിലംമ്പൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആദ്യം മനസ്സിലേക്കോടി വന്നിരുന്നത് നല്ല തടിച്ചുരുണ്ട കാതലുള്ള തേക്ക് മരങ്ങളാണ്. നിലമ്പൂര്‍ മുഴുവനും തേക്കുകാടുകള്‍ മാത്രമാണുള്ളതെന്നാണ് ചെറുപ്രായം മുതലേയുള്ള എന്റെ ധാരണ.
നിലംബൂര്‍ ഏറനാടിന്റെ ഭാഗമാണെന്നൊക്കെ മനസ്സിലാക്കിയത് വളരെ വൈകിയാണ്. ബൂലോകത്ത് വന്നതിനുശേഷം ബൂലോക കഥാകാരനായ ഏറനാടന്‍ (ഏറനാടന്‍ കഥകള്‍ )എന്ന എന്റെ പ്രിയസുഹൃത്ത് സാലിയെ പരിചയപ്പെട്ടതോടെയാണ് ഏറനാട്ടിലേക്കുള്ള ഒരു യാത്രയ്ക്ക് വഴിയൊരുങ്ങിയത്.
ഏറനാട്ടില്‍ കാണാന്‍ എന്തൊക്കെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഏറനാടന്റെ വിശദമായ ഇ-മെയില്‍ വന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ടൊന്നും കണ്ടുതീര്‍ക്കാന്‍ പറ്റാത്തത്രയും ഉണ്ടായിരുന്നു ആ ലിസ്റ്റില്‍ . ഏറനാടന്റെ സുഹൃത്തുക്കളായ സാബുവും, നസീറും എല്ലാ സൌകര്യങ്ങളുമായി കാത്തിരിക്കുന്നുണ്ടാകും, ഒന്നാവഴിക്ക് ചെന്നാല്‍ മാത്രം മതി എന്നു സൂചിപ്പിച്ചതിനൊപ്പം ‘ഏറനാടന്‍ കഥകള്‍ ‘ വായിച്ച ഏതെങ്കിലും തദ്ദേശവാസികള്‍ , ഏറനാടന്റെ സുഹൃത്തായ നിരക്ഷരനെ കൈയ്യേറ്റം ചെയ്താല്‍ അതിനുത്തരവാദി താനല്ലെന്ന് നര്‍മ്മം കലര്‍ത്തിയ മുന്‍കൂര്‍ ജാമ്യവും ഏറനാടന്‍ കുറിച്ചിട്ടുണ്ടായിരുന്നു.
എറണാകുളത്തുനിന്ന് വണ്ടിയോടിച്ച് ഏറനാട്ടിലേക്ക് യാത്ര പുറപ്പെട്ടത് ഒറ്റയ്ക്കാണ്. മലപ്പുറത്തുനിന്ന് കിഴക്കോട്ടുള്ള വഴികള്‍ എനിക്കത്ര പരിചയമൊന്നുമില്ല. അതുകൊണ്ടുതന്നെ പലയിടത്തും വഴി ചോദിച്ച് മനസ്സിലാക്കി ഏറനാട്ടില്‍ എത്തിയപ്പോള്‍ ഉച്ചയ്ക്ക് 12 മണിയായി . ഉച്ചഭക്ഷണം കഴിക്കാന്‍ പട്ടണത്തിലെ ഒരു റസ്റ്റോറന്റില്‍ കയറിയപ്പോള്‍ നസീറിനെ വിളിച്ചു. അധികം താമസിയാതെ നസീറെത്തി. അവിടന്നങ്ങോട്ട് 2 ദിവസം ഏറനാടന്‍ പറഞ്ഞതുപൊലെ എല്ലാ സൌകര്യങ്ങളും എനിക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തി നസീറെന്റെ കൂടെത്തന്നെയുണ്ടായിരുന്നു . രാത്രി താമസിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരിക്കുന്നത് സാബുവിന്റെ ഉടമസ്ഥതയിലുള്ള നിലമ്പൂര്‍ ടൂറിസ്റ്റ് ഹോമില്‍ ആയിരുന്നു.
ഭക്ഷണത്തിനുശേഷം നിലമ്പൂരുനിന്നും ഗൂഡലൂര്‍ റൂട്ടില്‍ 4 കിലോമീറ്ററോളം ദൂരെയുള്ള തേക്ക് മ്യൂസിയത്തിലേക്ക് തിരിച്ചു. മ്യൂസിയത്തിന്റെ മതില്‍ക്കെട്ടിനകത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമൊക്കെയുണ്ട്.
വണ്ടി പാര്‍ക്ക് ചെയ്ത് മ്യൂസിയത്തിലേക്ക് കടക്കാനുള്ള ടിക്കറ്റെടുത്ത് പുരയിടത്തിനകത്തേക്ക് നടന്നു.ഇരുവശത്തും മുളങ്കാടുകള്‍ കാമാനാകൃതിയില്‍ വളഞ്ഞുനിന്ന് സ്വാഗതമാശംസിക്കുന്നുണ്ട്.
കൂറ്റനൊരു തേക്കിന്റെ പാര്‍ശ്വവേരുകളുള്‍ അടക്കമുള്ള കടഭാഗമാണ് തേക്ക് മ്യൂസിയത്തിന്റെ കെട്ടിടത്തിനുമുന്നില്‍ കാത്തുനില്‍ക്കുന്നത്. ആ വേരുപടലം നിലമ്പൂര്‍ റേഞ്ചിലെ കുരിറ്റി ബീറ്റില്‍ നിന്നുള്ളതാണ്. പ്രായമായ തേക്കിന് തായ്‌വേരുണ്ടാകില്ല്ലെന്നും, പ്രായമാകുമ്പോള്‍ തായ്‌വേര് ശുഷ്‌ക്കിച്ച് പോകുകയും പാര്‍ശ്വവേരുകളാല്‍ സമ്പുഷ്ടമായ ഒരു വേരുപടലം ഉണ്ടാകുകയും ചെയ്യുമെന്ന് മനസ്സിലാക്കാന്‍ ആ വേരുപടലം നല്ലൊരുദാഹരണമാണ്.
തേക്കില്‍ പണിതീര്‍ത്തിരിക്കുന്ന പടുകൂറ്റന്‍ ഒരു വാതിലാണ് മ്യൂസിയത്തിന്റേത്. ഒരു തേക്ക് മ്യൂസിയത്തിന്റെ അന്തസ്സിനും ആഭിജാത്യത്തിനും അലങ്കാരത്തിനുമൊക്കെ പോന്ന ഒന്നാന്തരമൊരു കവാടം തന്നെയാണത്.
മ്യൂസിയത്തിനകത്തേക്ക് കടന്നതോടെ, തേക്ക് എന്ന മരത്തെപ്പറ്റി അന്നുവരെ എനിക്കജ്ഞമായിരുന്ന ഒരുപാട് കാര്യങ്ങള്‍ക്ക് അന്ത്യമാകുകയായിരുന്നു.
തേക്ക് എന്ന ദക്ഷിണേന്ത്യന്‍ പദത്തില്‍ നിന്നുതന്നെയാണ് ടീക്ക് എന്ന ഇംഗ്ലീഷ് പദത്തിന്റെ ഉത്ഭവം.ടെക്‍റ്റോണ എന്ന ജനുസ്സില്‍പ്പെടുന്ന മരമാണ് തേക്ക്. ഗ്രീക്ക് ഭാഷയില്‍ ‘ആശാരി’ എന്ന അര്‍ത്ഥം വരുന്ന ടെക്‍റ്റണ്‍ എന്ന പദത്തില്‍ നിന്നാണ് ഈ ജനിതകനാമത്തിന്റെ ഉത്ഭവം.
നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ടെക്‍റ്റൊണ ഗ്രാന്‍സിസ്, ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ കാണുന്ന ടെക്‍റ്റോണ ഹാമില്‍ട്ടോണിയാന, ടെക്‍റ്റോണ ഫിലിപ്പിനെന്‍സിസ് എന്നിവയാണ് തേക്ക് കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ .
മ്യൂസിയത്തിനകത്തേക്ക് കടന്ന്‍ കേരളത്തിലെ തേക്കിന്റെ ചരിത്രം മുതല്‍ തേക്ക് നട്ടുപിടിപ്പിക്കുന്നതും, മുറിച്ചെടുത്തുകൊണ്ടുപോയി ഉരുപ്പിടിയാക്കി മാറ്റുന്നതുവരെയുള്ള കാര്യങ്ങളെല്ലാം വളരെ വിശദമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കണ്ടുമനസ്സിലാക്കാനായി.
തേക്കിന്റെ വന്‍തോതിലുള്ള കയറ്റുമതി മലബാറില്‍ നിന്നുതന്നെയായിരുന്നു. ഉള്‍നാടന്‍ ജലാശയത്തിലൂടെ നഗരങ്ങളിലേക്കും കടലിനപ്പുറം അറേബ്യന്‍ നാടുകളിലേക്കും തേക്ക് കയറ്റുമതി ചെയ്തിരുന്നതായി ചരിത്രരേഖകള്‍ പറയുന്നുണ്ട്. കോളനി ഭരണകാലങ്ങളില്‍ കപ്പല്‍ നിര്‍മ്മാണത്തിനാവശ്യമായ തേക്കുമരമത്രയും കിട്ടിക്കൊണ്ടിരുന്നത് സ്വാഭാവികവനങ്ങളില്‍ നിന്നായിരുന്നു. തീവണ്ടി ഗതാഗതം ആരംഭിച്ചതോടെ തേക്കിന്റെ ഉപഭോഗം കൂടിക്കൂടിവന്നു. വന്‍തോതിലുള്ള ഉപഭോഗം മൂലം സ്വാഭാവിക വനങ്ങളില്‍ ദുര്‍ലഭമായിത്തീര്‍ന്ന തേക്കിനെ കൃത്രിമ വനത്തോട്ടങ്ങളിലൂടെ മാത്രമേ സുലഭമാക്കാനാവൂ എന്നാദ്യം മനസ്സിലാക്കിയത് ഇംഗ്ലീഷുകാര്‍ തന്നെയായിരുന്നു.
തേക്കുതോട്ടങ്ങളുടെ ചരിത്രം പറയുമ്പോള്‍ അവഗണിക്കാനാവാത്ത ഒരു പേരാണ് തോമസ് ഹാല്‍ട്ടന്‍ ബോര്‍ഡില്ലോണ്‍ എന്ന സായിപ്പിന്റേത്. 1891 മുതല്‍ 1909 വരെ തിരുവിതാംകൂറില്‍ വനപാലകനായി ഇദ്ദേഹം സേവനമനുഷ്ടിച്ചിരുന്നപ്പോഴാണ് 6793 ഹെക്‍ടര്‍ സ്ഥലത്ത് തേക്ക് വെച്ചുപിടിപ്പിക്കുകയുണ്ടായി. തൈക്കുറ്റി നട്ട് തേക്ക് പിടിപ്പിക്കുന്ന രീതി ആദ്യമായി ആവിഷ്ക്കരിച്ചത് ഇദ്ദേഹമാണ്. കൊല്ലം ജില്ലയിലെ ആര്യങ്കാവ് വനപ്രദേശത്തുള്ള ബോര്‍ഡില്ലോണ്‍ ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന ഒരു തേക്ക് വനമാണ്.
വള്ളുവശ്ശേരി ബീറ്റില്‍ നിന്നും മുറിച്ചെടുത്ത്കൊണ്ടുവന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്ന 116 വര്‍ഷം പഴക്കമുള്ള, 38 മീറ്റര്‍ നീളവും 3.90 മീറ്റര്‍ ചുറ്റളവുമുള്ള ഒരു തേക്ക് മരമാണ് മ്യൂസിയത്തിനകത്തെ പ്രധാനപ്പെട്ട കാഴ്ച്ചകളില്‍ ഒന്ന്. രണ്ടായി മുറിച്ചെടുത്താണ് മരം മ്യൂസിയത്തിനകത്ത് കിടത്തിയിരിക്കുന്നത്.
2 മീറ്റര്‍ അകലത്തിലാണ് തേക്ക് തൈകള്‍ നടുന്നത്. പിന്നീട് അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ ഇടം ഉണ്ടാക്കുന്നതിനു വേണ്ടി ഇടമുറിക്കല്‍ നടത്തുന്നു. കേരളത്തില്‍ 50 മുതല്‍ 80 വര്‍ഷം വരെയുള്ള കാലയളവിലാണ് വിളവെടുപ്പ് നടത്തുന്നത്.
1542 ല്‍ നട്ട് 452 വര്‍ഷങ്ങള്‍ക്ക് ശേഷം മുറിച്ചെടുത്ത ഒരു കൂറ്റന്‍ തേക്കിന്റെ വേരുഭാഗത്തിന്റെ നെടുകെയുള്ള ഛേദമാണ് മറ്റൊരാകര്‍ഷണം. കോട്ടയം ഫോറസ്റ്റ് ഡിവിഷനിലെ നഗരംപാറ റേഞ്ചിലെ കടുവാക്കുഴി എന്ന സ്ഥലത്തുനിന്നും 1994 ല്‍ മുറിച്ച് നീക്കിയപ്പോള്‍ 20.40 മീറ്റര്‍ നീളമുണ്ടായിരുന്ന ഈ മരം തലക്കോട് ഡിപ്പോയില്‍ വെച്ച് 10,84,333 രൂപയ്ക്കാണ് ലേലത്തില്‍ വിറ്റുപോയത്.
അക്‍ബര്‍ ചക്രവര്‍ത്തിയുടെ ജനനം(1542), ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്(1600), ശിവജി ജനനം(1627), റാണി ലക്ഷ്മീഭായിയുടെ ജനനം(1837), ഇന്ത്യയിലെ പ്രധമ തേക്കിന്‍ തോട്ടം നിലമ്പൂരില്‍ (1840), ഒന്നാം സ്വാതന്ത്രസമരം(1857), രബീന്ദ്രനാഥ ടാഗോറിന്റെ ജനനം(1861), സ്വാമി വിവേകാനന്ദന്റെ ജനനം(1863), മഹാത്മാഗാന്ധിയുടെ ജനനം(1869), ഒന്നാം ലോകമഹായുദ്ധം(1914-1918), രണ്ടാം ലോകമഹായുദ്ധം(1939-1945), ജാലിയന്‍ വാലാ ബാഗ്(1919), മാപ്പിളലഹള(1921), ദണ്ഡിയാത്ര(1930),
ഇന്ത്യ സ്വതന്ത്രലബ്ദ്ധി(1947), ഇന്ത്യ ചൈന യുദ്ധം(1962), കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്(1975) തുടങ്ങി ഒട്ടേറേ ചരിത്രമുഹൂര്‍ത്തങ്ങള്‍ നടക്കുമ്പോള്‍ ഈ മരം വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്രയും പഴക്കമുള്ള ഒരു മരം ഈ ജന്മത്തില്‍ ഇനിയെവിടെയെങ്കിലും കാണാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ചരിത്രത്തിന്റെ സാക്ഷി എന്ന പേരില്‍ ആ വേരിന്റെ ഛേദം അവിടെ അവതരിപ്പിച്ചിരിക്കുന്നതില്‍ ഒരു അതിശയോക്തിയും തോന്നിയില്ല.
മണ്ണില്‍ കാണുന്ന വ്യതിയാനം, ഡ്രിപ്പ് ഇറിഗേഷന്‍ വഴിയുള്ള ജലസേചനം, വിത്ത് തരം തിരിക്കലും പാകപ്പെടുത്തലും, ചിതലുകളുടെ സഹായത്തോടെ വിത്ത് പാകപ്പെടുത്തല്‍ , തേക്കില്‍ ക്ലോണിങ്ങ് നടത്തുന്ന രീതി, ഗ്രാഫ്‌റ്റിങ്ങ്, ടിഷ്യൂ കള്‍ച്ചര്‍ , വേരുപിടിപ്പിക്കല്‍ മുതലായ കായകപ്രജനന രീതികള്‍ , ഇലപ്പുള്ളി രോഗം, ബാക്‍ടീരിയ മൂലമുള്ള വാട്ടം, റസ്റ്റ് രോഗം, പിങ്ക് രോഗം, ഹാര്‍ട്ട് റോട്ട്, എന്നിങ്ങനെ തേക്കിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ , തേക്കിന്റെ പ്രധാന ശത്രുവായ ഇലതീനിപ്പുഴു, അതിന്റെ ശത്രുവായ ഷട്ട്പദങ്ങള്‍ , തണ്ടുതുരപ്പന്‍, തൈ തുരപ്പന്‍ എന്നിങ്ങനെയുള്ള വണ്ടുകള്‍ , തേക്കിന്റെ ഗുണമേന്മകള്‍ , തേക്കില്‍ കാണുന്ന വൈകല്യങ്ങളും ന്യൂനതകളും എന്നിങ്ങനെ തേക്കിനെപ്പറ്റി ഒന്നൊഴികാതെ എല്ലാ വിവരങ്ങളും പ്രദര്‍ശനങ്ങളും ഈ മ്യൂസിയത്തിലുണ്ട്.
ഇതിനിടയില്‍ കണ്ട ഒരു ചിത്രവും അതിനെപ്പറ്റിയുള്ള വിവരവും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. പാലക്കാട് ജില്ലയിലെ പറമ്പിക്കുളം ഡിവിഷനിലെ തൂണിക്കടവ് റേഞ്ചിലെ 450 ല്‍ അധികം വര്‍ഷം പ്രായമുള്ള ഒരു തേക്കുമരത്തിന്റെ ചിത്രമായിരുന്നു അത്. 48 മീറ്റര്‍ ഉയരവും 6.45 മീറ്റര്‍ ചുറ്റളവും ഉള്ള ഈ മരത്തിന് ഭാരത സര്‍ക്കാറിന്റെ മഹാവൃക്ഷപുരസ്ക്കാരം ലഭിച്ചിട്ടുണ്ടെന്നും, ലോകത്തിലെ തന്നെ ഏറ്റവും വലിയ തേക്കുമരമാണിതെന്നുള്ളതും പുതിയ അറിവുകളായിരുന്നു.
ഇന്ത്യാ, മ്യാണ്‍മാര്‍ , ലാവോസ്, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ ഇലപൊഴിയും കാടുകളിലെ സ്വാഭാവിക വനങ്ങളില്‍ കണ്ടുവരുന്നതിനുപുറമേ തേക്കിന്റെ സവിശേഷതകളും വിലയുമൊക്കെ കാരണം 40ല്‍പ്പരം രാജ്യങ്ങളില്‍ കൃത്രിമ വനത്തോട്ടങ്ങളില്‍ തേക്ക് കൃഷി ചെയ്യപ്പെടുന്നുണ്ട്. സംസ്ക്കാരത്തിനും അതിര്‍ത്തികള്‍ക്കുമപ്പുറം അരുമയോടെ വളര്‍ത്തപ്പെടുന്ന ഏകമരം ഒരുപക്ഷേ തേക്ക് മാത്രമായിരിക്കും.
തേക്കിനും, നിലമ്പൂരിനും ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുത്തത് ശ്രീ.എച്ച്.വി.കനോലി എന്നുപേരുള്ള സായിപ്പാണ്. മലബാര്‍ കളക്‍ടറായിരുന്ന ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന ചാത്തുമേനോന്‍ വെച്ചുപിടിപ്പിച്ച കനോലി പ്ലോട്ട് ഇന്നും നിലംബൂരിലെത്തുന്ന സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണകേന്ദ്രമാണ്.
മ്യൂസിയത്തിനകത്തെ കാഴ്ച്ചകളും പടമെടുക്കലുമൊക്കെയായി ഒരുപാട് സമയം ചിലവഴിച്ചതിനുശേഷം കെട്ടിടത്തിനുപുറകിലുള്ള ജൈവ വിഭവ ഉദ്യാനത്തിലേക്ക് കടന്നു.
ആദിമകാല കരസസ്യങ്ങളായി കണക്കാക്കപ്പെട്ടിരുന്ന മോസ്സുകള്‍ക്കും സസ്യലോകത്തെ തന്നെ ഏറ്റവും താഴെ തട്ടിലുള്ള പായലുകള്‍ക്കുമൊക്കെയുള്ള ഉദ്യാനങ്ങളവിടെയുണ്ട്. ഭൂമിയില്‍ ആകെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഓക്‍സിജന്റെ 90 % പായലുകളില്‍ നിന്നാണെന്നുള്ളത് അവിശ്വസനീയമായ ഒരു അറിവായിരുന്നു.
മരുപ്രദേശങ്ങളില്‍ വളരുന്ന ചെടികള്‍ക്കും, ഔഷധഗുണമുള്ള സസ്യങ്ങള്‍ക്കും, പന്നല്‍ച്ചെടികള്‍ക്കുമൊക്കെയായി വെവ്വേറെ ഗൃഹങ്ങള്‍ തന്നെ ഇവിടെയുണ്ട്. 180ല്‍പ്പരം ഔഷധ സസ്യങ്ങളാണിവിടെയുള്ളത്.
ഇതിനൊക്കെപ്പുറമെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ശലഭങ്ങളുടെ ഉദ്യാനമായിരുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ ശലഭോദ്യാനമാണിത്. ചിത്രശലഭങ്ങളുടേയും അവയുടെ പ്രാരംഭദശയായ ലാര്‍വ്വകളുടേയും അവ ഭക്ഷിക്കുന്ന പ്രത്യേകയിനം ആഹാരസസ്യങ്ങളുമൊക്കെ നട്ടുവളര്‍ത്തി ചിത്രശലഭങ്ങളെ ആകര്‍ഷിക്കുകയും അവയെ അവിടത്തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ഈ ഉദ്യാനത്തില്‍ ചെയ്തിട്ടുള്ളത്. ഓരോ ചിത്രശലഭത്തിന്റേയും ലാര്‍വ്വയ്ക്ക് അവ ഭക്ഷിക്കുന്ന ചില പ്രത്യേകയിനം ആഹാരസസ്യങ്ങളുണ്ട്. ചിത്രശലഭമാകട്ടെ പൂക്കളില്‍ നിന്ന് തേനും നന്നായി പഴുത്ത പഴങ്ങളില്‍ നിന്നും മറ്റു സസ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രവങ്ങളുമാണ് ഭക്ഷിക്കുക. ചെറുനാരകം വാക, ഈശ്വരമൂലി, കറിവേപ്പില എന്നീ സസ്യങ്ങള്‍ ലാര്‍വ്വകള്‍ക്ക് ആഹാരമാകുമ്പോള്‍, കിങ്ങിണി, ചെണ്ടുമല്ലി, സീനിയ എന്നിവയുടെ തേനാണ് ചിത്രശലഭത്തിന്റെ ആഹാരം തെച്ചി മുസാണ്ട എന്നീ സസ്യങ്ങള്‍ ശലഭങ്ങളുടേയും ലാര്‍വ്വകളുടേയും ആഹാരമാകാറുണ്ട്.
ശലഭോദ്യാനത്തിലേക്ക് കടന്നപ്പോള്‍ കാര്യമായി ഒരു ശലഭത്തിനെപ്പോലും കണ്ടില്ലെങ്കിലും പിന്നീട് പലതരം ശലഭങ്ങളുടെ വിഹാരകേന്ദ്രമാണത് എന്നുമനസ്സിലാക്കാനായി. ചുറ്റുമെമ്പാടും വലുതും ചെറുതും പല വര്‍ണ്ണത്തിലുള്ളതുമായ ശലഭങ്ങള്‍ പാറിനടക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ശലഭങ്ങള്‍ക്ക് വളരാനാവശ്യമായ ഒരു അന്തരീക്ഷം നമ്മുടെ തൊടിയിലും ഉദ്യാനത്തിലുമൊക്കെ ഉണ്ടാക്കിയെടുക്കാന്‍ പറ്റിയാല്‍ സ്വന്തം പൂന്തോട്ടവും ശലഭങ്ങളുടെ പറുദീസയാക്കി മാറ്റാന്‍ പറ്റുമെന്ന് തന്നെയാണ് എനിക്കപ്പോള്‍ തോന്നിയത്. ശലഭങ്ങളുടെ ഫോട്ടോ പിടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് അതൊനൊന്നും സമയം കളയാതെ ഉദ്യാനത്തിന്റെ പിന്നാമ്പുറത്തുള്ള കാട്ടുചെടിക്കള്‍ക്കിടയിലുണ്ടാക്കിയ വഴിയിലൂടെ ഒരു നടത്തത്തിനുശേഷം കാര്‍ പാര്‍ക്കിങ്ങിലേക്ക് ചെന്ന് വണ്ടിയുമെടുത്ത് വെളിയിലേക്കിറങ്ങി.
നാളുകള്‍ ഒരുപാടായി കേള്‍ക്കാന്‍ തുടങ്ങിയിട്ടുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സംരംഭമായ ഈ തേക്ക് മ്യൂസിയത്തില്‍ അല്‍പ്പം വൈകിയാണെങ്കിലും ഒന്ന് പോകാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടായിരുന്നെങ്കിലും, പലപ്രാവശ്യം മ്യൂസിയത്തില്‍ വന്നിട്ടുള്ളതുകൊണ്ട് നസീറിനത് കുറച്ച് വിരസമായ സമയമായിരുന്നെന്നാണ് എനിക്ക് തോന്നിയത്.
മ്യൂസിയത്തിന് വെളിയില്‍ നിന്ന് ഓരോ കരിമ്പിന്റെ ജ്യൂസ് കുടിച്ചശേഷം ലോകത്തിലെ തന്നെ ആദ്യത്തെ മനുഷ്യനിര്‍മ്മിത തേക്ക് തോട്ടമായ കനോലി പ്ലോട്ടിലേക്ക് വണ്ടി തിരിച്ചു. ടൌണിലേക്ക് കടന്ന് വീണ്ടും മലപ്പുറം റൂട്ടിലേക്ക് 2 കിലോമീറ്ററോളം പോയാല്‍ വലത്തുവശത്തായി ഫോറസ്റ്റ് റേഞ്ച് ഓഫീസ് കാണാം.
അവിടന്ന് 200 മീറ്ററോളം ഉള്ളിലേക്ക് നടന്ന്, ചാലിയാര്‍ മുറിച്ച് കടന്നാല്‍ കനോലി പ്ലോട്ടിലേക്കെത്താം. 160 ല്‍ അധികം വര്‍ഷം പഴക്കമുള്ള 119 തേക്ക് മരങ്ങളുടെ സംരക്ഷിത മേഖലയാണ് 5.675 ഏക്കര്‍ വിസ്തൃതിയുള്ള കനോലി പ്ലോട്ട്.
പക്ഷെ ഞങ്ങള്‍ക്ക് അങ്ങോട്ട് കടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.
———തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക——–