പലപല മാദ്ധ്യമങ്ങളിലൂടെയായി SOS കുട്ടികളുടെ വില്ലേജ് എന്ന സ്ഥാപനത്തെപ്പറ്റി അറിയാത്തവര്‍ ചുരുക്കമായിരിക്കും. അറിയാത്തവര്‍ക്കായി ഞാനൊന്ന് ചുരുക്കിപ്പറയാം.
SOS എന്ന അന്താരാഷ്ട സംഘടന നടത്തുന്ന ഒരു അനാഥാലയമാണ് കുട്ടികളുടെ വില്ലേജ്. അനാഥാലയം എന്ന പേര് പറയാന്‍ എനിക്കിഷ്ടമല്ല, പക്ഷെ പരിചയപ്പെടുത്തലിന്റെ ഭാഗമായി മാത്രം ഒരിക്കലിവിടെ പറയുന്നു. ക്ഷമിക്കുക.
ഒരു വീട്, അതില്‍ ഒരമ്മ. ആ അമ്മയുടെ കീഴില്‍ 10-12 കുട്ടികള്‍. അങ്ങനെയുള്ള 15 വീടുകള്‍. അതാണ് ഒരു ഗ്രാമത്തിന്റെ ഘടന. കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന വിധവകളായ, അല്ലെങ്കില്‍ അവിവാഹിതരായ സ്ത്രീകളാണ് ഓരോ വീട്ടിലേയും അമ്മമാര്‍. 13 വയസ്സുവരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ വീട്ടില്‍ത്തന്നെ കഴിയുന്നു. 13 വയസ്സിനുശേഷം ആണ്‍കുട്ടികള്‍ ഗ്രാമത്തിനകത്തുതന്നെയുള്ള യൂത്ത് ഹോസ്റ്റലിലേക്ക് താമസം മാറ്റുന്നു. എല്ലാ മതവിഭാഗത്തിലുള്ള കുട്ടികള്‍ക്കുമായി പ്രത്യേകം വീടുകള്‍ തന്നെയുണ്ട്.
വളരെ ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടമായ Dr.Hermann Gmeiner എന്ന ഓസ്ട്രിയക്കാരനാണ് SOS ഗ്രാമങ്ങളുടെ സ്ഥാപകന്‍. 1919 ല്‍ ഭൂജാതനായ അദ്ദേഹത്തിന്റെ 16 വയസ്സുള്ള സഹോദരിയാണ് മാതാപിതാക്കളുടെ മരണശേഷം അദ്ദേഹത്തേയും മറ്റ് സഹോദരങ്ങളേയും അമ്മയുടെ സ്ഥാനത്തുനിന്ന് വളര്‍ത്തി വലുതാക്കുന്നത്. ആ സംഭവത്തില്‍ നിന്നാണ് ഒരമ്മയും വീടും എന്ന അദ്ദേഹത്തിന്റെ സങ്കല്‍പ്പം SOS കുട്ടികളുടെ ഗ്രാമം എന്ന നിലയിലേക്ക് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. 1949 ല്‍ വെറും 600 ഓസ്ട്രിയന്‍ ഷില്ലിങ്ങ് ചിലവാക്കിയാണ് ആദ്യത്തെ കുട്ടികളുടെ ഗ്രാമം ഓസ്ട്രിയയില്‍ അദ്ദേഹം സ്ഥാപിക്കുന്നത്. 1963 ലെ കൊറിയന്‍ യുദ്ധത്തിനുശേഷം ഒറ്റപ്പെട്ടുപോയ കുട്ടികള്‍ക്കായി യൂറോപ്പിന് പുറത്തുള്ള ആദ്യത്തെ SOS ഗ്രാമം കൊറിയയില്‍ (Daegu) സ്ഥാപിക്കപ്പെടുന്നു. അവിടന്നങ്ങോട്ടുള്ള ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയും Dr.Hermann Gmeiner ന്റെ കഥയുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്.
ആലുവ പെരുമ്പാവൂര്‍ റൂട്ടില്‍ എടത്തല എന്ന സ്ഥലത്തുള്ള കുട്ടികളുടെ വില്ലേജിലേക്കുള്ള എന്റെ യാത്രകള്‍ക്ക് 14 വര്‍ഷത്തിലധികം പഴക്കമുണ്ട്. അക്കാലത്ത് ഞാന്‍ എറണാകുളത്ത് ചെയ്തുകൊണ്ടിരുന്ന ജോലിയുടെ ഭാഗമായിട്ടാണ് ആദ്യമായി SOS ല്‍ പോകുന്നത്. പിന്നീട് ജോലിയുടെ ഭാഗമായും അല്ലാതെയും പലപ്രാവശ്യം കുട്ടികളുടെ ആ ഗ്രാമത്തിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്.
ഒരിക്കല്‍ ഈ ഗ്രാമത്തിലെ വീട്ടിലൊന്നില്‍ നിന്ന് വിവാഹം കഴിച്ചിരിക്കുന്ന ദുബായിക്കാരനായ ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാനുള്ള ഭാഗ്യമെനിക്കുണ്ടായി. പാവപ്പെട്ട ഏതെങ്കിലും വീട്ടിലെ ഒരു പെണ്‍കുട്ടിക്ക് ഒരു ജീവിതം കൊടുക്കണമെന്നുള്ള ആഗ്രഹമാണ് നല്ലവനായ ഈ ദുബായിക്കാരനെ കുട്ടികളുടെ ഗ്രാമത്തിലേക്കെത്തിച്ചത്. കല്യാണം കഴിഞ്ഞ് ഭാര്യവീട്ടിലേക്കെന്നപോലെതന്നെ വിരുന്നുവന്നിരിക്കുന്ന ആ ചെറുപ്പക്കാരന്‍ 9-)ം നമ്പര്‍ വീട്ടിലുള്ള കുട്ടികള്‍ക്കായി പായസം ഉണ്ടാക്കുന്നു. കുട്ടികളെല്ലാവരും ജേഷ്ഠസഹോദരനോടെന്നപോലെ സ്നേഹത്തോടും ആദരവോടും കൂടെ അയാളോട് പെരുമാറുന്നു. എത്ര മനോഹരമായ ഒരു അനുഭവമായിരുന്നതെന്നോ ! ആ ചെറുപ്പക്കാരന്റെ മുന്നില്‍ നമിക്കാതെ വയ്യ.
ഗ്രാമത്തിലെ കുട്ടികളെല്ലാം തൊട്ടടുത്തുള്ള സ്കൂളുകളില്‍ സാധാരണ കുട്ടികളെപ്പോലെ പോയി പഠിക്കുന്നു. കൂടുതല്‍ ശ്രദ്ധ വേണ്ട വിഷയങ്ങളിലേക്കായി സാധാരണ വീടുകളിലെന്ന പോലെ ട്യൂഷന്‍ സൌകര്യങ്ങളും മറ്റും ഉള്ളതിനൊപ്പം കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് ഡാന്‍സ്, പാട്ട്, ചിത്രരചന, മുതലായവയുമൊക്കെ ഇവിടെത്തന്നെ പഠിപ്പിക്കുന്നു. അതിനൊക്കെയായി പ്രത്യേകം കെട്ടിടങ്ങളും, അദ്ധ്യാപകരും സൌകര്യങ്ങളുമൊക്കെ SOS ല്‍ ഉണ്ട്. ഉപരിപഠനത്തിനായി മറ്റിടങ്ങളിലേക്ക് പോയി ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്ന കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കിനടത്താനും സമയാസമയങ്ങളില്‍ അവരുടെ കാര്യങ്ങള്‍ക്കായി അതതുസ്ഥാപനങ്ങളില്‍ പോയി അന്വേഷിക്കാനുമൊക്കെയായി ഉദ്യോഗസ്ഥരുണ്ട് ഓരോ SOS ഗ്രാമങ്ങളിലും. പഠനമൊക്കെ കഴിഞ്ഞ് ജോലിയും കാര്യങ്ങളുമൊക്കെയായി പറക്കമുറ്റി ജീവിതത്തിന്റെ ഓരോരോ കരകളിലേക്ക് ചേക്കേറിപ്പോകുമ്പോഴും ഈ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഓരോ കുട്ടികള്‍ക്കും ഇതവരുടെ സ്വന്തം വീടുതന്നെയാണ്. വെളിയില്‍ പഠിക്കുന്നവരും ജോലികിട്ടിപ്പോയവരുമെല്ലാം അവധിക്കാലത്ത് തിരിച്ചുവരുന്നത് ഈ വീട്ടിലേക്കാണ്, അവരവരുടെ അമ്മമാരുടെ അടുത്തേക്കാണ്. പെണ്‍കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ വിവാഹം കഴിഞ്ഞ് പോകുന്നതും ഒക്കെ ഈ വീട്ടില്‍ നിന്നുതന്നെയാണ്.
കുട്ടികളില്‍ പലര്‍ക്കും വെളിയില്‍ നിന്നുള്ള സ്പോണ്‍സര്‍മാര്‍ ഉണ്ട്. ഓരോ കുട്ടിയും അവരവരുടെ സ്പോണ്‍സര്‍മാരെ ദൈവത്തെപ്പോലെ കാണുന്നു. ഏത് ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയിട്ടായാലും നിങ്ങള്‍ക്കേറ്റവും ഇഷ്ടമുള്ള ഒരാളുടെ പേര് പറയാന്‍ പറഞ്ഞാല്‍ അവര്‍ തങ്ങളുടെ സ്പോണ്‍സര്‍ അങ്കിളിന്റേയോ ആന്റിയുടേയോ പേര് പറയും. മലയാളികള്‍ക്ക് പുറമേ വിദേശികളുടെ വരെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന കുട്ടികളുണ്ട് ഈ ഗ്രാമങ്ങളില്‍. അബുദാബിയിലുള്ള ചില സ്ഥാപനങ്ങളില്‍ നിന്ന് SOS ഗ്രാമങ്ങളിലെ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യുന്ന ചില നല്ല മനുഷ്യരേയും, ഒരു വീട്ടിലെ എല്ലാ കുട്ടികളേയും സ്പോണ്‍സര്‍ ചെയ്തിരുന്ന ഒരു വലിയ മനുഷ്യനേയും എനിക്ക് പരിചയമുണ്ട്. സ്പോണ്‍സര്‍ഷിപ്പൊന്നും ഇല്ലെങ്കിലും മറ്റെല്ലാ കുട്ടികളേയും പോലെതന്നെ ഓരോ കുട്ടികളും ഇവിടെ എല്ലാ സൌകര്യങ്ങളോടെയും കഴിയുന്നു. CRY(Child Rights & You) മുതലായ അന്താരാഷ്ട്രസംഘടനകളില്‍ നിന്നൊക്കെയുള്ള സാമ്പത്തികസഹായങ്ങള്‍ SOS വില്ലേജുകളിലേക്ക് എത്താറുണ്ട്.
കേരളത്തില്‍ തൃശൂരും ആലുവയിലുമാണ് ഇപ്പോള്‍ കുട്ടികളുടെ ഗ്രാമങ്ങള്‍ നിലവിലുള്ളത്.അങ്ങനെ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി 40 ല്‍പ്പരം SOS ഗ്രാമങ്ങളിലായി 5900 ല്‍പ്പരം കുട്ടികളാണ് സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും വിലയറിഞ്ഞ് നല്ലരീതിയില്‍ ജീവിക്കുന്നത്. സുനാമി ദുരന്തത്തില്‍ ആരോരുമില്ലാതായ ഒരുപാട് കുട്ടികള്‍ എത്തിച്ചേര്‍ന്നത് SOS ഗ്രാമങ്ങളിലേക്കാണ്.
തികച്ചും ഒറ്റപ്പെട്ടുപോയവര്‍ മുതല്‍ തീരെ സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വരെ ഈ ഗ്രാമത്തില്‍ വളരെ ഉന്നതനിലവാരത്തിലുള്ള ജീവിതം നയിക്കുന്നു. താന്താങ്ങള്‍ ഏത് സാഹചര്യത്തില്‍ നിന്നാണ് വരുന്നതെന്നും മറ്റുള്ള നല്ല മനുഷ്യരുടെ സഹായങ്ങള്‍കൊണ്ടാണ് തങ്ങള്‍ക്കിവിടെ എല്ലാ സൌകര്യങ്ങളും കിട്ടുന്നതെന്നുമൊക്കെ ഗ്രാമത്തിലുള്ള തിരിച്ചറിവായ ഓരോ കുട്ടികള്‍ക്കുമറിയാം. നമ്മുടെ വീട്ടിലൊക്കെയുള്ള ഓരോ കുട്ടികളേക്കാളും 3 വയസ്സിന്റേതെങ്കിലും അധികം പക്വത ഈ ഗ്രാമത്തിലെ ഓരോ കുട്ടികളും കാണിക്കാറുണ്ടെന്നുള്ളത് എടുത്തുപറയേണ്ട ഒരു വിഷയമാണ്. ഒന്ന് അല്ലെങ്കില്‍ രണ്ട് കുട്ടികള്‍ മാത്രമുള്ള നമ്മുടെയൊക്കെ വീടുകള്‍ എത്ര അലങ്കോലമായിട്ടാണ് കിടക്കുക? പക്ഷെ ഈ വില്ലേജിലെ ഏത് വീട്ടില്‍ എപ്പോള്‍ച്ചെന്ന് നോക്കിയാലും വൃത്തിയും വെടിപ്പുമൊക്കെയുള്ള അന്തരീക്ഷമാണ് കാണാനാകുക. മുഷിഞ്ഞ് അഴുക്കായ വസ്ത്രങ്ങളിട്ട് ഒരിക്കല്‍പ്പോലും കുട്ടികളെ ഇവിടെ കാണാനിടയാകാറില്ല.
നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില കൊച്ചുകൊച്ചുപ്രശ്നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് SOS ഗ്രാമങ്ങളിലേക്കുള്ള ഒരു യാത്ര എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവിടെച്ചെന്ന് ആ കുട്ടികളുടെ കൂടെ കുറേ നേരം പങ്കിടുമ്പോള്‍, നമ്മള്‍ ചോദിച്ചില്ലെങ്കിലും അവരുടെ വിശേഷങ്ങളൊക്കെ കുട്ടികള്‍ നമ്മളുമായി പങ്കുവെക്കുമ്പോള്‍, എനിക്ക് പാട്ടിന് സമ്മാനം കിട്ടി, ഡാന്‍സിന് ഞാനാണ് ഒന്നാമതായത്, ഞാനിപ്പോള്‍ കമ്പ്യൂട്ടറില്‍ അനിമേഷന്‍ ചെയ്യാന്‍ പഠിക്കുകയാണ് …… എന്നൊക്കെ വളരെ അടുത്തുപരിചയം ഉള്ള ഒരാളോടെന്നപോലെ അവര്‍ നമ്മളോട് പറയുമ്പോള്‍, നമ്മളെപ്പോലെ വല്ലപ്പോള്‍ മാത്രമാണെങ്കിലും ആ വഴി ചെല്ലുന്നവരെ ആ കുട്ടികള്‍ സ്വന്തക്കാരെപ്പോലെയാണ് കാണുന്നതെന്ന് മനസ്സിലാക്കുമ്പോള്‍, നമ്മളുടെ പ്രശ്നങ്ങളെല്ലാം പമ്പകടക്കും. മടങ്ങിപ്പോരുമ്പോള്‍ ഗ്രാമത്തിന്റെ കമ്പിവേലിക്കപ്പുറം നമ്മുടെ വാഹനം മറയുന്നതുവരെ കൈവീശി യാത്രപറയുന്ന നിഷ്ക്കളങ്കരായ കുട്ടികള്‍ നമുക്ക് പകര്‍ന്നുതരുന്ന സന്തോഷത്തിന് വിലമതിക്കാനാവില്ല.
SOS ഗ്രാമങ്ങളില്‍ എത്തുന്ന അഭ്യുദയകാംക്ഷികളോട് വില്ലേജിന്റെ ഡയറക്‍ടര്‍ ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ കുട്ടികളെ നിങ്ങളുടെ വീട്ടിലും മറ്റും കൊണ്ടുപോകണം. അവിടെ ഒന്നോ രണ്ടോ ദിവസമൊക്കെ താമസിപ്പിക്കണം. അവരുമായി ഉല്ലാസയാത്രകള്‍ പോകണം. ആരും ഇല്ലാത്തവരാണ് തങ്ങള്‍ എന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാകാതിരിക്കാനാണിത്. ഇക്കാരണങ്ങളൊക്കെ വെച്ചാണ് ഈ ഗ്രാമങ്ങളെയൊന്നും അനാഥാലയം എന്ന് പറയാന്‍ ഇഷ്ടമില്ല എന്ന് ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചത്. അവര്‍ ആരും അനാഥരല്ല. മറ്റേത് വീട്ടിലും കുട്ടികള്‍ കഴിയുന്നതുപോലെ നല്ല രീതിയില്‍ അല്ലെങ്കില്‍ അതിനേക്കാള്‍ നല്ലരീതിയിലുള്ള സ്വഭാവഗുണങ്ങളോടെയാണ് SOS ഗ്രാമങ്ങളിലെ ഓരോ കുട്ടികളും വളരുന്നതെന്ന് ഒരിക്കലെങ്കിലും ആ വഴി പോയിട്ടുള്ള ഓരോരുത്തര്‍ക്കും മനസ്സിലായിട്ടുണ്ടാകുമെന്ന് എനിക്കുറപ്പാണ്.
ഏറ്റവും അവസാനം ഞാന്‍ ആലുവയിലെ SOS-ല്‍ പോകുന്നത് ഒരാഴ്ച്ചമുന്‍പ് ആ ഗ്രാമത്തിലെ 2 കുട്ടികളെ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു വലിയ മനുഷ്യന്റെ കൂടെയാണ്. 2 പെണ്‍കുട്ടികള്‍, അതിലൊരു കുട്ടിക്ക് 2 വയസ്സ്; അടുത്ത കുട്ടിക്ക് 12 വയസ്സ്. ഞങ്ങള്‍ 2-)ം നമ്പര്‍ വീട്ടില്‍ ചെന്നുകയറുമ്പോള്‍ ഇരുട്ടുവീണുകഴിഞ്ഞിരുന്നു. എന്നിട്ടും ദൂരെനിന്നുതന്നെ അദ്ദേഹത്തെ ആ 2 വയസ്സുകാരി തിരിച്ചറിഞ്ഞു, ഓടി അദ്ദേഹത്തിന്റെ തോളിലേക്ക് കയറി കവിളിലൊരു മുത്തം നല്‍കി. അതിമനോഹരമായ, ഉദാത്തമായ സ്നേഹത്തിന്റെ ഒരു വര്‍ണ്ണചിത്രമായിരുന്നു അത്.
നമ്മള്‍ ഓരോരുത്തരും കൊല്ലാകൊല്ലം ധൂര്‍ത്തടിച്ചുകളയുന്ന പണത്തിന്റെ ചെറിയൊരംശം മാത്രമുണ്ടെങ്കില്‍ ഒരു കുട്ടിയുടെ ഒരു വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് നടത്താനാകും. കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ഇത്തരത്തിലുള്ള മറ്റേത് സ്ഥാപനത്തേക്കാളും മികച്ച ഒന്നാണ് SOS കുട്ടികളുടെ ഗ്രാമം എന്നാണ് എനിക്ക് തോന്നുന്നത്.
ഇതൊക്കെയാണെങ്കിലും ജീവകാരുണ്യപ്രവര്‍ത്തനമായി നടക്കുന്ന ഈ സ്ഥാപനത്തെ ആ രീതിയില്‍ കാണാന്‍ ശ്രമിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും നമ്മുടെ നാട്ടില്‍ ഉണ്ടെന്നുള്ളത് മലയാളികള്‍ക്ക് മാത്രമല്ല മനുഷ്യരാശിക്ക് തന്നെ ഒരു കളങ്കമായി നില്‍ക്കുന്നു. കച്ചവടക്കണ്ണുമായി വിദ്യാഭ്യാസരംഗത്തിറങ്ങിയിരിക്കുന്നവര്‍ക്ക് ഇത്തരം നല്ലകാര്യങ്ങള്‍ പോലും കാണാനാകുന്നില്ല, ഉള്‍ക്കൊള്ളാനാവുന്നില്ല. പണമുണ്ടാക്കണമെന്നുള്ള ഒരൊറ്റ ചിന്തമാത്രമായി നടക്കുന്നതിനിടയില്‍ അവര്‍ക്ക് നന്മകളൊക്കെയും നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. SOS ഗ്രാമത്തിലെ കുട്ടികള്‍ക്ക് വരെ സ്കൂള്‍ അഡ്മിഷന്‍ സമയത്ത് ഡോണേഷന്‍ കൊടുക്കേണ്ട അവസ്ഥ നമ്മുടെ നാട്ടിലെ ചില സ്കൂളുകളിലുണ്ട് എന്നതൊരു ദുഖസത്യം തന്നെയാണ്.
സ്പോണ്‍സര്‍ഷിപ്പൊന്നും ചെയ്തില്ലെങ്കിലും, വിനോദയാത്രകള്‍ക്കും മറ്റുമായി സമയം ചിലവഴിക്കുന്നതിനൊപ്പം ഒരിക്കലെങ്കിലും എല്ലാവരും പോയി കണ്ടിരിക്കേണ്ട ഒന്നാണ് കുട്ടികളുടെ ഈ ഗ്രാമം. SOS ഗ്രാമങ്ങളെപ്പറ്റി കൂടുതലറിയണമെന്നുള്ളവര്‍ക്കായി താഴെയുള്ള ഇമേജുകള്‍ സമര്‍പ്പിക്കുന്നു. (അതില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം.)
ഒരിക്കലെങ്കിലും കുട്ടികളുടെ ഈ ഗ്രാമത്തിലേക്കൊന്ന് പോകൂ. അവിടെക്കാണുന്ന ഏതെങ്കിലും ഒരു കുഞ്ഞിന്റെ പുഞ്ചിരി, ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം.