Monthly Archives: May 2010

DSC05627

മിര്‍ജാന്‍ ഫോര്‍ട്ട്


‘കൊച്ചി മുതല്‍ ഗോവ വരെ‘ 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13.
————————————————————

ന്നേക്ക് 5 ദിവസമാകുന്നു യാത്ര തുടങ്ങിയിട്ട്. മുരുദ്വേശ്വര്‍ പിന്നിട്ടതിനുശേഷം ഗോകര്‍ണ്ണം വഴി കാര്‍വാറില്‍ ചെന്ന് അന്ന് രാത്രി അവിടെത്തങ്ങാനായിരുന്നു പദ്ധതി. കാര്‍വാര്‍ ബീച്ചിനടുത്തായി തരംഗ് എന്ന ബീച്ച് റിസോര്‍ട്ടിലാണ് മുറി ഏര്‍പ്പാടാക്കിയിരുന്നത്. രാത്രിയാകുമ്പോഴേക്കും റിസോര്‍ട്ടിലേക്ക് എത്തിയാല്‍ മതി. അതിനിടയില്‍ ഗോകര്‍ണ്ണത്തും, ഓം ബീച്ചിലുമൊക്കെ ഒന്ന് ചുറ്റിയടിക്കണം.

വാഹനം മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു. ചില നെടുനീളന്‍ പാലങ്ങളിലൂടെ പുഴകളെ മുറിച്ച് കടക്കുമ്പോള്‍ വെള്ളത്തില്‍ കൂട്ടം കൂട്ടമായി കാണാനിടയായ ചെറിയ കുറേ പച്ചത്തുരുത്തുകളെ നോക്കി

“ഹായ് ആര്‍ക്കിപലാഗോ ആര്‍ക്കിപലാഗോ

എന്ന് നേഹ സന്തോഷം പ്രകടിപ്പിക്കാന്‍ തുടങ്ങി. യാത്രകളില്‍ പൊതുവേ പുള്ളിക്കാരി ഉറക്കമാണ്, അല്ലെങ്കില്‍ നിശബ്ദയാണ്. പക്ഷെ സംസാരം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ നിറുത്തുകയുമില്ല.

“ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ബോറടി മാറ്റാന്‍ ഞാന്‍ ചില എന്റര്‍ടൈന്‍‌മെന്റുകള്‍ നടത്തുന്നതല്ലേ “

എന്നു പറഞ്ഞുകൊണ്ട് പ്രകടനം തുടര്‍ന്നു. ഉടനെ തന്നെ ഗോവയില്‍ എത്തുമല്ലോ എന്നതിന്റെ സന്തോഷപ്രകടനമാണ് ഇതൊക്കെയെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. നേഹയുടെ വര്‍ത്തമാനങ്ങളും കഥകളുമൊക്കെ, തുടര്‍ച്ചയായി വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്നതിന്റെ വിരസത പുറന്തള്ളുന്ന പ്രക്രിയ എളുപ്പമാക്കുന്നുണ്ട്. വണ്ടി കാര്‍വാര്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടേയിരുന്നു.

ഉത്തര കന്നടയിലെ ‘കുംത്ത‘ എന്ന പട്ടണം ചന്ദനത്തടിയില്‍ കൊത്തുപണികള്‍ ചെയ്യുന്നതിന് പേരുകേട്ടതാണ്. കുംത്ത പിന്നിട്ട് 8 കിലോമീറ്ററോളം മുന്നോട്ട് നീങ്ങിയപ്പോള്‍, പെട്ടെന്ന് ഞാനൊരു ബോര്‍ഡ് വായിച്ചു. ‘മിര്‍ജാന്‍ ഫോര്‍ട്ട് ‘. മുഴങ്ങോടിക്കാരി അത് വായിച്ചത് ‘മിര്‍ജാന്‍ പോര്‍ട്ട് ‘ എന്നാണ്. അത് പിന്നെ ഒരു തര്‍ക്കത്തിലേക്ക് നീങ്ങി.

തര്‍ക്കത്തിന്റെ കാര്യം പറയുമ്പോൾ‍….. സാധാരണ യാത്രകളില്‍ വഴി, ദൂരം എന്നിവ സംബന്ധമായി ചില തര്‍ക്കങ്ങളൊക്കെ ഉണ്ടാകാറുണ്ട്. നേവിഗേറ്റര്‍ വന്നതിനുശേഷം ആ വക പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. നേവിഗേറ്റര്‍ യാത്രയില്‍ മാത്രമല്ല സഹായിക്കുന്നത് കുടുംബജീവിതത്തില്‍ കൂടെയാണെന്ന് ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് തമാശയായിട്ടും കാര്യമായിട്ടും സ്മരിക്കാതിരുന്നില്ല.

എന്തായാലും വണ്ടി തിരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. മിര്‍ജാന്‍ പോര്‍ട്ട് ആണോ മിര്‍ജാന്‍ ഫോര്‍ട്ട് ആണോയെന്ന് അറിഞ്ഞിട്ടുതന്നെ ബാക്കി കാര്യം. ഇതിലേതായാലും അവിടെവരെ ഒന്ന് പോകുന്നതില്‍ തെറ്റില്ലല്ലോ ? തിരികെ ചെന്ന് ബോര്‍ഡ് നോക്കിയപ്പോൾ‍, ഞങ്ങള്‍ രണ്ടുപേരും രണ്ട് വ്യത്യസ്ഥ ബോര്‍ഡുകളാണ് കണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാനായി. ഒന്നില്‍ മിര്‍ജാന്‍ പോര്‍ട്ട് എന്നും മറ്റേതില്‍ മിര്‍ജാന്‍ ഫോര്‍ട്ട് എന്നും എഴുതിയിരിക്കുന്നു. തര്‍ക്കത്തില്‍ രണ്ടുപേരും ജയിച്ചിരിക്കുന്നു.

പിന്നൊന്നും ആലോചിച്ചില്ല. വണ്ടി പോക്കറ്റ് റോഡിലേക്ക് തിരിച്ചു. ഒരു കിലോമീറ്ററോളം മുന്നോട്ട് ചെന്നപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന അവസ്ഥയില്‍ ഗാംഭീര്യത്തോടെ മിര്‍ജാന്‍ ഫോര്‍ട്ട് അതാ മുന്നിൽ‍.

മിര്‍ജാന്‍ ഫോര്‍ട്ട് – മുന്‍ഭാഗം

യാത്രയില്‍ ഇതിനകം പള്ളിപ്പുറം കോട്ട, കോട്ടപ്പുറം കോട്ട, കണ്ണൂര്‍ കോട്ട, ബേക്കല്‍ കോട്ട, ചന്ദ്രഗിരിക്കോട്ട എന്നിങ്ങനെ പല കോട്ടകളും കണ്ടുകഴിഞ്ഞു. അക്കൂട്ടത്തിലേക്ക് അപ്രതീക്ഷിതമായിട്ടിതാ ഒരു കോട്ട കൂടെ കടന്നു വന്നിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും സന്തോഷമായി. നേഹയ്ക്ക് സങ്കടവും. ഗോവയിലേക്കെത്താന്‍ ഇനിയും ഒരുപാട് വൈകുമല്ലോ എന്ന സങ്കടം തന്നെ.

മിര്‍ജാന്‍ ഫോര്‍ട്ട് – ഒരു ഗൂഗിള്‍ ചിത്രം

കോട്ടയില്‍ നിന്ന് ഒരാള്‍ പെട്ടെന്ന് ഇറങ്ങി വന്നു. അദ്ദേഹം അതിന്റെ സൂക്ഷിപ്പുകാരനാണെന്ന് സംസാരത്തില്‍ നിന്ന് വ്യക്തം. കോട്ട പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഫോട്ടോയൊന്നും എടുക്കാന്‍ പാടില്ലെന്ന് പറഞ്ഞതിനുശേഷം അദ്ദേഹം സ്ഥലം വിട്ടു. പുതുക്കിപ്പണി നടക്കുന്നതും ഫോട്ടോയുമായി എന്തുബന്ധം ? അദ്ദേഹം പറഞ്ഞത് വകവെയ്ക്കാതെ, ആവശ്യത്തിന് ഫോട്ടോകള്‍ എടുത്തു. അതിനിടയ്ക്ക് രണ്ടുമൂന്ന് ചെറുപ്പക്കാരും കോട്ടയില്‍ വന്നുകയറി അവരും യഥേഷ്ടം പടങ്ങളെടുക്കുന്നുണ്ട്.

കോട്ടയ്ക്ക് അകത്തെ കൊത്തളവും അതിന്റെ പടികളും
 

10 ഏക്കറിലായിട്ടാണ് മിര്‍ജാന്‍ ഫോര്‍ട്ട് പരന്നുകിടക്കുന്നത്. പ്രധാനകവാടത്തിന് മുന്നിലുള്ള ഭാഗം ഒഴിച്ച് കോട്ടയുടെ ചുറ്റും കിടങ്ങുണ്ട്. പ്രധാനകവാടത്തിനോട് ചേര്‍ന്നുള്ള മതിലുകള്‍, തുരങ്കങ്ങൾ‍, ഉള്‍മതിലുകള്‍ എന്നിവയൊക്കെ പുതുക്കിപ്പണിഞ്ഞതാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാവില്ല. പണി ഇപ്പോഴും തുടങ്ങാത്ത പൊളിഞ്ഞുകിടക്കുന്ന കോട്ടഭാഗത്ത് ചെന്ന് നോക്കിയാല്‍ മാത്രമേ പുതുക്കിപ്പണിതഭാഗവും പഴയഭാഗവും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാകൂ. പുനര്‍നിര്‍മ്മാണത്തിനുപയോഗിച്ച കല്ലുകള്‍ക്കും നിറം മങ്ങിക്കഴിഞ്ഞിരിക്കുന്നു. എന്തായാലും വെളിയില്‍ നിന്ന് കാണുന്ന കോട്ടയ്ക്ക്, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഒരു ദയനീയ ഭാവമില്ല.

കോട്ടയ്ക്കകത്തെ കിണറ് – മുകളില്‍ നിന്നൊരു ദൃശ്യം
 
മിര്‍ജാന്‍ ഫോര്‍ട്ട് – മറ്റൊരു ദൃശ്യം
 

സംഭവബഹുലമായ ഒരു കോട്ടയാണിതെങ്കിലും ചരിത്രത്തില്‍ കോട്ടയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പലതും വ്യക്തവും കുറ്റമറ്റതുമല്ല എന്നതാണ് സങ്കടകരം. 1608-1640 കാലഘട്ടത്തിലാണ് കോട്ട പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ആരാണ് കോട്ട നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളാണുള്ളത്. വിദേശസഞ്ചാരികളായ De Barros, Barbosa, Hamilton, Buchanan എന്നിവരുടെ ഡയറിക്കുറിപ്പുകളാണ് ഇക്കാര്യത്തില്‍ നമ്മുടെ ചരിത്രകാരന്മാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമാകുന്നത്. ബാറോസിന്റെ രേഖകളില്‍ മെര്‍ഗാന്‍(Mergan) എന്നാണ് കോട്ടയുടെ പേര് എഴുതപ്പെട്ടിരിക്കുന്നത്. വിജയനഗര രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു കോട്ടയെന്നും ബാറോസ് പറയുന്നുണ്ട്. ഹാമില്‍‌ട്ടന്റെ 1720 ലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നത് മിര്‍ജാൻ‍, കുരുമുളക് കയറ്റുമതിക്ക് പേരുകേട്ട ഒരു കൊച്ചു തുറമുഖമായിരുന്നു എന്നാണ്. കുരുമുളക് മാത്രമല്ല ഇഞ്ചി, ഏലം ഗ്രാമ്പൂ മുതലായ സകല സുഗന്ധവ്യഞ്ജനങ്ങളും ഇവിടന്ന് കയറ്റുമതി ചെയ്തിട്ടുള്ളതായി കരുതപ്പെടുന്നു.

മിര്‍ജാന്‍ ഫോര്‍ട്ട് – വെളിയില്‍ നിന്ന് മറ്റൊരു ദൃശ്യം.
 

വിജയനഗര സാമ്രാജ്യത്തിലെ ജെറുസോപ്പ(Gerusoppa) രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു കോട്ട ഇരിക്കുന്നതടക്കമുള്ള പ്രവിശ്യ. ജെറുസോപ്പ രാജാക്കന്മാരുടെ വീഴ്ച്ചയ്ക്ക് ശേഷം ബീജാപ്പൂര്‍ സുല്‍ത്താന്മാര്‍ ഇവിടം കീഴടക്കുകയും അക്കാലത്തെ ഗോവന്‍ ഗവര്‍ണ്ണര്‍ ആയിരുന്ന ഷെരീഫ് ഉള്‍ മുള്‍ക്ക് (Sharief Ul Mulk) കോട്ട നിര്‍മ്മിക്കുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്തെന്നാണ് ഒരു പരാമര്‍ശം. കോട്ട ആദ്യം ആരാണ് നിര്‍മ്മിച്ചതെന്ന് മനസ്സിലാക്കാനാകാത്ത വിധം തെളിവുകള്‍ ഇല്ലാതാക്കി ഷെരീഫ് കോട്ടയെ പുനര്‍നിര്‍മ്മിച്ചെന്നും അതിന് മുഗള്‍ വാസ്തുശില്‍പ്പ ശൈലി നല്‍കിയെന്നും സംസാരമുണ്ട്.

കേലാടി രാജ്ഞിയായിരുന്ന ചെന്നമ്മ എന്ന ചെന്നഭൈരദേവി ഈ പ്രവിശ്യ കീഴടക്കിയെന്നും ചെന്നമ്മയാണ് കോട്ട ഉണ്ടാക്കിയിട്ടുണ്ടാകാന്‍ സാദ്ധ്യതയെന്നുമുള്ള ഒരനുമാനം കൂടെ നിലനില്‍ക്കുന്നുണ്ട്. ജൈനമതസ്ഥയായിരുന്ന ചെന്നമ്മയ്ക്ക് കുരുമുളക് രാജ്ഞിയെന്ന് ഒരു പേരുകൂടെ ഉണ്ടെന്നുള്ളത് കൌതുകകരമായ ഒരു വസ്തുതയാണ്.

മിര്‍ജാന്‍ കോട്ടയില്‍ നിന്നും 25 കിലോമീറ്ററോളം അകലെയുള്ള മറ്റൊരു കോട്ടയാണ് അങ്കോള ഫോര്‍ട്ട്. അവിടന്ന് 4 കിലോമീറ്റര്‍ അകലെയുള്ള ‘ബസകള്‍ മല‘യുടെ മുകളിൽ‍, 2009 മാര്‍ച്ച് 11ന് ചില ചെറുപ്പക്കാര്‍ ഒരു തുരങ്കം കണ്ടെത്തുകയും അതിലൂടെ 150 മീറ്ററോളം സഞ്ചരിച്ചശേഷം ശ്വാസം കിട്ടാത്ത അവസ്ഥയിലെത്തിയപ്പോള്‍ വെളിയില്‍ വന്ന് ഈ വിവരം അധികൃതരെ അറിയിക്കുകയും ഉണ്ടായി. ഈ തുരങ്കം മിര്‍ജാന്‍ കോട്ടയിലേക്കാണ് നീളുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അങ്കോള കോട്ട നിര്‍മ്മിച്ച Sarp Ul Mulk അഥവാ സര്‍പ്പമല്ലിക്‍ (1650-1672) രാജാവ് തന്നെയാണ് മിര്‍ജാന്‍ കോട്ടയും നിര്‍മ്മിച്ചതെന്നും ചരിത്രകാരന്മാര്‍ കരുതുന്നുണ്ട്.

കിണറിനകത്തേക്കുള്ള തുരങ്കവും കിണറിന്റെ മുകള്‍ഭാഗവും

ചെറുതും വലുതുമായി ഒന്‍പതോളം കിണറുകളാണ് കോട്ടയ്ക്കകത്തുള്ളത്. ഏറ്റവും വലിയ 2 കിണറുകള്‍ക്കും സമീപത്തായി തുരങ്കത്തിലേക്കെന്ന പോലെ താഴേക്കിറങ്ങിപ്പോകുന്ന പടികള്‍ കാണാം. അതിലൂടെ ഞാനിറങ്ങിച്ചെന്നത് കിണറുകള്‍ക്ക് ഉള്ളിലേക്ക് തുറക്കുന്ന ദ്വാരത്തിലേക്കാണ്. അക്കാലത്ത് കോട്ടയ്ക്കകത്തുനിന്ന് ഇത്തരം തുരങ്കങ്ങളിലൂടെ വെളിയിലുള്ള കനാലുകള്‍ വഴി ജലഗതാഗതം ഉണ്ടായിരുന്നെന്നും കരുതപ്പെടുന്നു.

കിണറിനകത്തേക്കുള്ള തുരങ്കവും പടികളും

കിണറിനകത്തേക്കുള്ള തുരങ്കം ചെന്നവസാനിക്കുന്നയിടത്തെ കാഴ്ച്ച
 

ഒരു ദര്‍ബാര്‍ ഹാൾ‍, ഒരു അങ്ങാടി, ഒരു കൊച്ചുക്ഷേത്രം എന്നതൊക്കെ കോട്ടയ്ക്കകത്തുണ്ടായിരുന്നെന്ന് കോട്ടയുടെ അവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നു. ഒരുപാട് പോരാട്ടങ്ങളും കൈമാറ്റങ്ങളും രക്തച്ചൊരിച്ചിലുകളും കയറ്റുമതിയുമൊക്കെ നടന്നിട്ടുണ്ടാകാന്‍ സാദ്ധ്യതയുള്ള ഈ കോട്ടയുടെ ശരിയായ ചരിത്രം കണ്ടുപിടിക്കാനായി 2000-2001 വര്‍ഷങ്ങളില്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ടുമെന്റുകാര്‍ സമഗ്രമായ ഉദ്‌ഘനനം നടത്തുകയും വളരെയധികം അമൂല്യ വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

കിണറ്റിനകത്തെക്കുള്ള മറ്റൊരു തുരങ്കം

അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത് 1652ല്‍ Joao നാലാമന്റെ കാലത്ത് പോര്‍ച്ചുഗീസ് വൈസ്രോയി Conde De Sarzedas പുറത്തിറക്കിയ സ്വര്‍ണ്ണനാണയമാണ്. 20 കിലോഗ്രാമിലധികം തൂക്കമുള്ള ഇരുമ്പുകട്ടികൾ‍, 50ല്‍പ്പരം ഇരുമ്പ് വെടിയുണ്ടകൾ‍, സര്‍പ്പമല്ലിക്‍ കാലഘട്ടതിലേതാണെന്ന് കരുതപ്പെടുന്ന മണ്‍പാത്രങ്ങൾ‍, ചൈനീസ് പോര്‍സുലൈന്‍ പാത്രങ്ങൾ‍, ഇസ്ലാമിക്‍ ആലേഖനങ്ങളുള്ള കളിമണ്‍ ഫലകങ്ങള്‍ എന്നിവയൊക്കെയാണ് മറ്റ് പ്രധാനപ്പെട്ട കണ്ടെത്തലുകൾ‍. അതൊക്കെ പഠിച്ച് കഴിയുമ്പോൾ‍, പുരാവസ്തുവകുപ്പില്‍ നിന്ന് കോട്ടയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കോട്ടയുടെ മറ്റൊരു ദൃശ്യം

കോട്ടയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി സാമാന്യം വലിപ്പമുള്ള ഒരു മരത്തിനടിയില്‍ കോട്ടയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ദേവന്മാരും മറ്റ് പ്രതിഷ്ഠകളും വിശ്രമിക്കുന്നു. ജൈനശില്‍പ്പകലയുമായി ഒത്തുപോകുന്നതാണ് സര്‍പ്പക്കല്ലുകള്‍ അടക്കമുള്ള പല കൊത്തുപണികളും.

കോട്ടയ്ക്കകത്തെ മരത്തിനടിയില്‍ ദേവശില്‍പ്പങ്ങളും കൊത്തുപണികളും
 

കോട്ടയുടെ ചരിത്രപ്രാധാന്യം പ്രചരിപ്പിക്കുന്നതിനും കോട്ടയിലേക്കുള്ള ടൂറിസം വളര്‍ത്തുന്നതിനുമൊക്കെയായി ‘കോട്ടേഹബ്ബ ’ എന്ന ഒരു ഉത്സവം തന്നെ നാട്ടുകാരുടേയും നാട്ടുപ്രമാണിമാരുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം സഹകരണത്തോടെ നടത്തുകയുണ്ടായിട്ടുണ്ട്. എല്ലാക്കൊല്ലവും ഇത്തരം കോട്ടേഹബ്ബകള്‍ ഉണ്ടായാല്‍ കോട്ടയിലേക്കിനിയും ജനങ്ങള്‍ എത്തിച്ചേരുമെന്ന് ഉറപ്പാണ്.

പലപ്പോഴും സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നത് ഇത്തരം ആളൊഴിഞ്ഞ വലിയ കോട്ടകളും കെട്ടിടങ്ങളുമെല്ലാമാണ്. കേരളത്തിലെ പ്രശസ്തമായ കണ്ണൂര്‍ കോട്ടയില്‍ പല മോശം സംഭവങ്ങളും ഉണ്ടായിട്ടുള്ളതായി കണ്ണൂരിലെ എന്റെ പഠനകാലത്ത് മനസ്സിലാക്കാനായിട്ടുണ്ട്. ചില മോശം സംഭവങ്ങള്‍ മിര്‍ജാന്‍ കോട്ടയിലും ഉണ്ടായിട്ടുണ്ട്. അമൂല്യമായ ഇത്തരം ചരിത്രസ്മാരകങ്ങള്‍ മൊത്തമായും ചില്ലറയായും സാമൂഹ്യദ്രോഹികള്‍ പ്രയോജനപ്പെടുത്താന്‍ ഇടയാകുന്നത് ഭരണവര്‍ഗ്ഗത്തിന്റെ പിടിപ്പുകേടുകൊണ്ടുമാത്രമാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ ചെയ്യുന്നതുപോലെ സ്വകാര്യവ്യക്തികള്‍ക്ക് അവരുടെ ചടങ്ങുകള്‍ നടത്താനായി ഇത്തരം കോട്ടകള്‍ വിട്ടുകൊടുക്കുക വഴി സര്‍ക്കാരിന് വരുമാനം ഉണ്ടാക്കാനും സാമൂഹ്യവിരുദ്ധരെ അകറ്റിനിര്‍ത്താനും ആവുമെന്നതില്‍ സംശയമില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ സ്മാരകങ്ങള്‍ കേടുവരുത്തപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് കര്‍ശനമായിത്തന്നെ ഉറപ്പുവരുത്തുകയും അതിലേക്കായി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നുള്ളത് മാത്രമാണ് ഇത്തരം പദ്ധതികളുടെ ഒരു പ്രധാന ന്യൂനത.

കൊത്തളത്തിന്റെ പടികളില്‍ നേഹയോടൊപ്പം

അവിചാരിതമായി കാണാനിടയായതാണ് മിര്‍ജാന്‍ ഫോര്‍ട്ട്. ഒരു ബോണസ് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. പക്ഷെ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം കോട്ടയില്‍ ചിലവഴിക്കപ്പെട്ടിരിക്കുന്നു. വൈകുന്നേരമാകുന്നതിനുമുന്‍പ് ഗോകര്‍ണ്ണവും, ഓം ബീച്ചും , കാര്‍വാറും കണ്ടുതീര്‍ക്കാനുണ്ട് . അതിനിടയ്ക്ക് ഉച്ചഭക്ഷണം കഴിക്കുകയും വേണം.

ഗോവയിലെ ബീച്ചുകളില്‍ ഉള്ളതുപോലെ സീ ഫുഡ്ഡൊക്കെ മിതമായ റേറ്റിന് കിട്ടുന്ന ബീച്ച് ഷാക്കുകൾ‍, ഓം ബീച്ചിലോ ഗോകര്‍ണ്ണത്തെ മറ്റേതെങ്കിലും ബീച്ചിലോ ഉണ്ടായിരുന്നെങ്കിൽ‍….? അതോര്‍ത്തപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും നാവില്‍ വെള്ളമൂറി.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……