‘കൊച്ചി മുതല്‍ ഗോവ വരെ‘ യാത്രയുടെ ആദ്യഭാഗങ്ങള്‍1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17.
——————————————————
ബീച്ച് ഷാക്കിലെ ഉച്ചമയക്കത്തിന് ശേഷം കടല്‍ത്തീരത്ത് അല്‍പ്പസമയം നേഹയുമായി ചിലവഴിച്ചതിനുശേഷം കാറില്‍ക്കയറി വീണ്ടും യാത്ര തുടര്‍ന്നു. അഗ്വാഡ ഫോര്‍ട്ട് ആയിരുന്നു അടുത്ത ലക്ഷ്യം. ഫോര്‍ട്ടിലേക്കെത്തുന്നതിന്റെ മുന്നായി അഗ്വാഡ സെന്‍ട്രല്‍ ജയിലിന്റെ മുന്നിലും ചെന്ന് ചാടി. ഗോവയിലെ ഏറ്റവും വലിയ തടവറയാണ് അഗ്വാഡ ജയില്‍. നോര്‍ത്ത് ഗോവയിലെ മറ്റൊരു ബീച്ചായ മീരാമാറില്‍ നിന്ന് ഒരു വിദൂരദൃശ്യമായി ഈ ജയില്‍ പലപ്രാവശ്യം കണ്ടിട്ടുണ്ട്. ജയിലിന്റെ ഗേറ്റിനകത്തേക്ക് കയറാന്‍ അനുമതി ആവശ്യമാണ്. അതുകൊണ്ട് അഗ്വാഡ ജയില്‍ക്കാഴ്ച്ച ഗെയിറ്റിന് വെളിയില്‍ത്തന്നെ അവസാനിച്ചു.
കുറ്റം ചെയ്തിട്ടായാലും അല്ലാതെ ആയാലും ഏതെങ്കിലും ഒരു ജയിലിനകത്ത് ഇതുവരെ കയറിയിട്ടില്ല. കണ്ണൂര് പഠിക്കുന്ന കാലത്ത് കോളേജിന്റെ ബാലാരിഷ്ടതകള്‍ തീര്‍ക്കാനുള്ള സമരങ്ങളുടെ ഭാഗമായി അഞ്ചെട്ട് സഹപാഠികളുമായി ജില്ലാ കളക്‍ടറുടെ ചേംബറില്‍ ഇടിച്ചുകയറി മുദ്രാവാക്യം വിളിക്കുകയും കളക്‍ടറെ തടഞ്ഞുവെക്കുകയും ചെയ്തതിന്, അറസ്റ്റ് കൈവരിച്ച് പൊലീസ് സ്റ്റേഷനകത്ത് ഒരു ദിവസം മുഴുവന്‍ ഇരിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് പോലും ലോക്കപ്പിനകത്ത് കയറാനുള്ള ‘ഭാഗ്യ’മുണ്ടായില്ല. വെളിയില്‍ ഇരുന്നാല്‍ മതിയെന്ന് പൊലീസുകാര്‍ പറഞ്ഞതുകൊണ്ട് ഇരുമ്പഴിക്ക് അകത്തുള്ള കുറ്റവാളികളുമായി സൊറപറഞ്ഞിരുന്ന് സമയം കൊന്നു. അകത്ത് കയറി കാണണമെന്ന് ആഗ്രഹിച്ചിട്ടുള്ള ഒരു ജയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലാണ്. എന്നെങ്കിലും ഒരിക്കല്‍ തരപ്പെടുമായിരിക്കും.
മണ്ടോവിപ്പുഴ കടലിലേക്ക് ചേരുന്ന മുനമ്പിന്റെ വടക്കുഭാഗത്ത് വളരെ തന്ത്രപ്രധാനമായ ഇടത്തിലാണ് അഗ്വാഡ ഫോര്‍ട്ട് നിലകൊള്ളുന്നത്. ഇതുവരെയുള്ള യാത്രയില്‍ ഞങ്ങള്‍ കണ്ട കോട്ടകളെ അപേക്ഷിച്ച് വലുപ്പത്തില്‍ താരതമ്യേന ചെറുതാണ് ചപ്പോറ ഫോര്‍ട്ടും അഗ്വാഡ ഫോര്‍ട്ടും.
1612 ലാണ് പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ പ്രധാന ശത്രുക്കളായ മാറാഠകളുടേയും ലന്തക്കാരുടേയും (ഡച്ച്) ആക്രമണത്തെ ചെറുക്കാനായി അഗ്വാഡ ഫോര്‍ട്ട് പണിതീര്‍ത്തത്. 79 ല്‍ അധികം പീരങ്കികളും, വെള്ളം നിറച്ച കിടങ്ങുകളും, കനത്ത കോട്ടമതിലുകളും അഗ്വാഡ ഫോര്‍ട്ടിനെ അജയ്യമാക്കി. 450 കൊല്ലം നീണ്ടുനിന്ന പറങ്കിഭരണത്തിനിടയില്‍ ശത്രുക്കളാല്‍ കീഴടക്കപ്പെടാത്ത ഏക പോര്‍ച്ചുഗീസ് കോട്ട എന്ന ബഹുമതി അഗ്വാഡ ഫോര്‍ട്ടിനുള്ളതാണ്.
സാമാന്യം നല്ല തിരക്കുണ്ട് കോട്ടയ്ക്കകത്തും പുറത്തും. ആര്‍ക്കിയോളജി വകുപ്പിന്റെ സംരക്ഷണത്തിലാണ് കോട്ടയിപ്പോള്‍. വാഹനം കോട്ടയ്ക്കരുകില്‍ ഒതുക്കിയിട്ട്, കിടങ്ങിനെ മുറിച്ചുകടക്കുന്ന പാലത്തിലൂടെ ഞങ്ങള്‍ കോട്ടയ്ക്കകത്തേക്ക് കടന്നു. സാമാന്യം നല്ല ഉയരമുള്ള തുരങ്കം പോലുള്ള ഇടനാഴിയിലൂടെ നീങ്ങിയാല്‍ കോട്ടയുടെ ഉള്‍ഭാഗത്തെ തുറസ്സായ ഭാഗത്തെത്താം.
കോട്ടയ്ക്കകത്തെ പ്രധാന ആകര്‍ഷണം നാല് നിലകളുള്ള ലൈറ്റ് ഹൌസ് ആണ്. ഈ ശ്രേണിയിലുള്ള ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ലൈറ്റ് ഹൌസാണ് ഇതെന്ന് പറയപ്പെടുന്നു. ലൈറ്റ് ഹൌസ് കോട്ടയ്ക്കകത്ത് സ്ഥാപിക്കപ്പെട്ട വര്‍ഷത്തെപ്പറ്റി പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ലഭ്യമായത്.
1864ല്‍ ആണ് ഈ ദീപസ്തംഭം കോട്ടയ്ക്കകത്ത് ഉയര്‍ത്തപ്പെട്ടത് എന്നാണ് ചിലയിടങ്ങളില്‍ നിന്ന് മനസ്സിലാക്കാനായത്. പക്ഷെ കോട്ടയ്ക്കകത്ത് ആര്‍ക്കിയോളജി വിഭാഗം നല്‍കുന്ന വിവരപ്രകാരം, 1834 ന് മുന്‍പ് 7 മിനിറ്റില്‍ ഒരിക്കല്‍ ലൈറ്റ് ഹൌസ് പ്രകാശം പരത്തിയിരുന്നുവെന്നും പിന്നീട് അത് 30 സെക്കന്റില്‍ ഒരിക്കലാക്കി മാറ്റി എന്നും പറയുന്നുണ്ട്. എന്തായാലും കോട്ടയുടെ നിര്‍മ്മാണശേഷമാണ് ലൈറ്റ് ഹൌസ് ഉയര്‍ത്തിയത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 1976 ല്‍ ലൈറ്റ് ഹൌസിന്റെ പ്രവര്‍ത്തനം നിലച്ചു എന്നും ആര്‍ക്കിയോളജി രേഖകള്‍ പറയുന്നു.
പ്രവര്‍ത്തനം നിലച്ച പഴഞ്ചന്‍ പറങ്കി ലൈറ്റ് ഹൌസിന് പകരം ആധുനിക രീതിയിലുള്ള ലൈറ്റ് ഹൌസ് ഒരെണ്ണം കോട്ടയ്ക്ക് വെളിയില്‍ സ്ഥാപക്കപ്പെട്ടിട്ടുണ്ട്. കോട്ടയില്‍ നിന്ന് വളരെ വ്യക്തമായി പുതിയ ലൈറ്റ് ഹൌസ് കാണാം. അടുത്തടുത്ത് രണ്ട് ലൈറ്റ് ഹൌസുകള്‍. പുതുമയുള്ള കാഴ്ച്ച തന്നെ.
അഗ്വാഡാ (Aguada) എന്നാല്‍ Watering Place എന്നാണ് പോര്‍ച്ചുഗീസ് ഭാഷയിലെ അര്‍ത്ഥം. കോട്ടയ്ക്കും, കോട്ട നില്‍ക്കുന്ന ഇടത്തിനും പേര് വീഴാനുണ്ടായ കാരണം കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ ? യൂറോപ്പില്‍ നിന്ന് വരുന്ന കപ്പലുകള്‍ക്ക് ഒരു പ്രധാനപ്പെട്ട അടയാളമായി വര്‍ത്തിക്കുകയും, ജലവിതരണം എന്ന അവശ്യ സേവനം നല്‍കുകയുമായിരുന്നു കോട്ടയുടെ പ്രധാന കര്‍മ്മങ്ങള്‍.
കോട്ടയ്ക്കകത്തുകൂടെ ഒഴുകുന്ന ഒരു ശുദ്ധജല ഉറവ് കോട്ടയില്‍ത്തന്നെ ശേഖരിക്കപ്പെടുകയും ഈ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു പതിവ്. 23,76,000 ഗാലന്‍ വെള്ളം ശേഖരിക്കാന്‍ കോട്ടയ്ക്കുള്ളിലെ ടാങ്കിന് ശേഷിയുണ്ട്. ജലശേഖരണവും വിതരണവും നടത്തുന്നതോ നടത്തിയിരുന്നതോ ആയ മറ്റൊരു കോട്ടയും ഞാനതുവരെ കണ്ടിട്ടില്ലായിരുന്നു.
കോട്ടയുടെ അകത്തെ തറനിരപ്പില്‍ ജലസംഭരണിയുടെ വെന്റിലേറ്റര്‍ പോലുള്ള മുകള്‍ഭാഗങ്ങള്‍ ഒരുപാട് കാണാം. താഴേക്കുള്ള പടികള്‍ ഇറങ്ങിച്ചെന്നാല്‍ താഴിട്ട് പൂട്ടിയ കൊച്ചുകൊച്ചുഗേറ്റുകള്‍ തടഞ്ഞുനിര്‍ത്തും. കോട്ടമതിലിനോട് ചേര്‍ന്ന് കാണുന്ന സാമാന്യം വലിപ്പമുള്ള ഉള്ളറകളും താഴിട്ട് പൂട്ടിയ നിലയില്‍ത്തന്നെയാണ്. അത്തരം ഉള്ളറകള്‍ ഭൂരിഭാഗവും മതില്‍ കെട്ടി അടച്ചുകളഞ്ഞിട്ടുമുണ്ട്.
ചുരുക്കം ചിലയിടങ്ങളില്‍ മാത്രം അല്‍പ്പസ്വല്‍പ്പം കേടുപാടുകള്‍ സംഭവിച്ചതുപോലെ കാണുന്നുണ്ട് കോട്ടയില്‍. അതിനെപ്പറ്റി കൂടുതലെന്തെങ്കിലും ചോദിച്ച് മനസ്സിലാക്കാമെന്ന് വെച്ചാല്‍ ആര്‍ക്കിയോളജിക്കാരെ ആരെയും കോട്ടയില്‍ കാണാന്‍ പോലും കിട്ടിയില്ല.
കോട്ടമതിലിനോട് ചേര്‍ന്നുള്ള ചരിവിലൂടെ മുകളിലേക്ക് കയറി, ചുമരിന്റെ അരികുപറ്റി പുറത്തേക്കുള്ള കാഴ്ച്ചയും കണ്ട് നടക്കുന്ന സഞ്ചാരികളെ ഞങ്ങളും പിന്‍തുടര്‍ന്നു. ചിലയിടത്ത് വീതി കൂടിയും ചിലയിടത്ത് വീതി കുറഞ്ഞും ഇരിക്കുന്ന ഈ വഴിയിലൂടെ നാലുചുറ്റും നടക്കാനാവും.
ചെറിയ ക്യാമറ കൈയ്യിലെടുത്ത് പടങ്ങള്‍ എടുത്ത് നടക്കുകയാണ് നേഹ. അതുകൊണ്ടുതന്നെയാകണം ഇപ്രാവശ്യം കോട്ടയില്‍ കറങ്ങിനടക്കുന്നത് വലിയ പരാതികളൊന്നും ഇല്ലാതെയാണ്. ഈ പ്രായത്തില്‍ ഇത്തരം കോട്ട സന്ദര്‍ശനമൊക്കെ അവള്‍ക്കൊരു വിരസത തന്നെയായിരിക്കാം. പക്ഷെ എനിക്കുറപ്പാണ്, കുറേ നാളുകള്‍ക്ക് ശേഷം ഓര്‍മ്മയില്‍ എവിടെയെങ്കിലും നേഹയ്ക്കിത് രസകരമായ അനുഭവങ്ങളായി തെളിഞ്ഞ് വരാതിരിക്കില്ല. കുറഞ്ഞപക്ഷം ഈ കുറിപ്പുകളെങ്കിലും അതിന് ഇടയാക്കുമാറാകട്ടെ.
1932 മുതല്‍ 1968 വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന സാലസാര്‍ (António de Oliveira Salazar)ന്റെ കാലത്ത് അഗ്വാഡ ഫോര്‍ട്ട് ഒരു ജയിലായും ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളെയാണ് പ്രധാനമായും ഈ ജയിലില്‍ അടച്ചിരുന്നതെന്നും പറച്ചിലുണ്ട്. കോട്ടമതിലിന് ഉള്ളിലുള്ള ഭാഗം മാത്രമല്ല, മറിച്ച് ലൈറ്റ് ഹൌസ് നില്‍ക്കുന്ന ഈ കോട്ടയുടെ സമീപമുള്ള ഒരുപാട് പ്രദേശവും കോട്ടയുടെ ഭാഗമായി പരന്നുകിടക്കുകയാണ്. തുടക്കത്തില്‍ കാണാനായ ജയില്‍ കോട്ടയ്ക്ക് കീഴെയുള്ള ഭാഗത്തായിട്ടാണ് വരുന്നത്. ഇതെല്ലാം ചേര്‍ന്ന മുനമ്പ് മുഴുവനും അഗ്വാഡ കോട്ടയുടെ ഭാഗങ്ങള്‍ തന്നെ.
കോട്ടയുടെ ചുറ്റുമൂള്ള പലഭാഗങ്ങളും ഇപ്പോള്‍ വമ്പന്‍ ഹോട്ടല്‍ ഗ്രൂപ്പുകളുടെ കൈവശമാണ്. ഫോര്‍ട്ട് അഗ്വാഡാ ബീച്ച് റിസോര്‍ട്ട്, ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി എന്നതൊക്കെ അവയില്‍ ചിലത് മാത്രം. അത്തരം ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുള്ള, കടലിലേക്ക് തള്ളിനില്‍ക്കുന്ന കൊത്തളത്തിന്റെ ദൃശ്യം അതിമനോഹരമാണ്. കന്‍ഡോലിം ബീച്ചിന്റേയും തീരത്ത് അടിഞ്ഞിരിക്കുന്ന റിവര്‍ പ്രിന്‍സസ്സിന്റേയുമൊക്കെ മറ്റൊരു ദിശയില്‍ നിന്നുള്ള കാഴ്ച്ച സമ്മാനിക്കുന്നുണ്ട് ചില ബീച്ച് റിസോര്‍ട്ടുകള്‍. നിര്‍ഭാഗ്യവശാന്‍ ചിത്രങ്ങളിലൂടെ മാത്രം കണ്ടിട്ടുള്ള ആ റിസോര്‍ട്ടുകളുടെ പിന്നാമ്പുറത്തേക്കെത്തിപ്പറ്റി അത്തരം കാഴ്ച്ചകള്‍ നേരില്‍ക്കാണാന്‍ ഞങ്ങള്‍ക്കായില്ല.
കോട്ടയില്‍ നിന്നിറങ്ങി വീണ്ടും കന്‍ണ്ടോലിം ബീച്ചില്‍ ചെന്ന് ‘റിവര്‍ പ്രിന്‍സസ്സി‘നെ ഒരിക്കല്‍ക്കൂടെ കണ്ട് കലാഗ്യൂട്ടിലേക്ക് മടങ്ങിയപ്പോഴേക്കും ഇരുട്ട് വീണുതുടങ്ങിയിരുന്നു. തലേന്ന് ഭക്ഷണം കഴിഞ്ഞ ജോളീസ് ഷാക്കില്‍ നിന്നുതന്നെ അത്താഴം കഴിക്കാമെന്ന് കരുതി അങ്ങോട്ട് ചെന്നുകയറിയപ്പോള്‍ സ്വീകരിച്ചത് ഒരു വെടിക്കെട്ടാണ്. ബീച്ചില്‍ നിരത്തിവെച്ചിരിക്കുന്ന കതിനകള്‍ ഇടതടവില്ലാതെ ആകാശത്തേക്ക് കുതിച്ചുയര്‍ന്ന് വര്‍ണ്ണങ്ങള്‍ വാരി വിതറി. 5 മിനിറ്റോളം നീണ്ടുനിന്ന വെടിക്കെട്ടായിരുന്നു അത്. എല്ലാ ബീച്ച് ഷാക്കുകളിലും സാമാന്യം നല്ല തിരക്കുണ്ട്. ഡിസംബര്‍ 28 ആയതേ ഉള്ളെങ്കിലും ഗോവയില്‍ ന്യൂയര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ദീപാലങ്കാരങ്ങള്‍ കൊണ്ടും കൃസ്തുമസ്സിന് തൂക്കിയ നക്ഷത്രങ്ങള്‍ കൊണ്ടും ഷാക്കുകള്‍ എല്ലാം നന്നായി അലങ്കരിച്ചിരിക്കുന്നു. കടലില്‍ നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകളും കപ്പലുമൊക്കെ ദീപപ്രഭ ചൊരിയുന്നുണ്ട്. പകല്‍ കാണുന്ന ബീച്ചിന്റെ മുഖത്തിനോടൊപ്പം രാത്രിയിലെ വ്യത്യസ്തമായ മറ്റൊരു ദൃശ്യം കൂടെ ആസ്വദിക്കുമ്പോഴേ ഗോവന്‍ ബീച്ചുകളുടെയും ഷാക്കുകളുടേയും മനോഹാരിതയ്ക്ക് പൂര്‍ണ്ണത കൈവരുന്നുള്ളൂ.
കടല്‍ക്കാറ്റിപ്പോള്‍ ഡിസംബറിലെ ഇളം തണുപ്പോടെയാണ് വീശുന്നത്. ഭക്ഷണം വന്നു. മെഴുകുതിരി വെളിച്ചത്തിലുള്ള ഡിന്നറാണ്. മുന്തിരിച്ചാറും കടല്‍ഭക്ഷണവും അകത്താക്കിക്കഴിഞ്ഞപ്പോഴേക്കും സായിപ്പ് ഒരാള്‍ ഒരു ട്രേയില്‍ കേക്കുമായി ഞങ്ങളുടെ ടേബിളില്‍ എത്തി. തൊട്ടടുത്ത മറ്റേതോ ഷാക്കില്‍ ആരുടേയോ പിറന്നാളാഘോഷമാണ്. അതിന്റെ കേക്ക് വിതരണം ചെയ്യുന്നത് വിദേശിയായ ഈ മനുഷ്യനാണ്. ഈ ബീച്ചില്‍ ദേശ ഭാഷ വ്യത്യാസമില്ലാതെ എല്ലാം മറന്ന് തിന്നുകയും കുടിക്കുകയും ആഘോഷിക്കുകയുമൊക്കെ ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളും. വല്ലാത്ത സന്തോഷം തോന്നി.
ഇടയ്ക്കിടയ്ക്ക് അല്‍പ്പം ദൂരെയും വെടിക്കെട്ടുകള്‍ നടക്കുന്നുണ്ട്. രാവേറെ ചെല്ലുന്നത് വരെ ഈ ആഘോഷങ്ങള്‍ നീണ്ടുപോയെന്ന് വരും. നേരം വെളുക്കുന്നതുവരെ അവിടങ്ങനെ ഇരിക്കാന്‍ എനിക്കാഗ്രഹമുണ്ട്. പക്ഷെ, യാത്രയുടെ തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ നല്ല ഉറക്കം, നല്ല ഭക്ഷണം എന്നത് കൃത്യമായി പാലിച്ചില്ലെങ്കില്‍ അത് അടുത്ത ദിവസത്തെ യാത്രയെ ബാധിക്കും, ഡ്രൈവിങ്ങിനെ ബാധിക്കും. എന്നിരുന്നാലും ഗോവയുടെ നൈറ്റ് ലൈഫും, രാത്രിത്തെരുവുകളും അല്‍പ്പം കൂടെ കണ്ടാസ്വദിച്ചതിനുശേഷം മാത്രമേ ഹോട്ടലിലേക്ക് മടങ്ങാന്‍ മനസ്സ് വന്നുള്ളൂ.
കലാഗ്യൂട്ട് -അഗ്വാഡ റൂട്ടിലൂടെ വളരെ പതിയെ ഒരു നൈറ്റ് ഡ്രൈവ് ആയിരുന്നു അത്. നന്നായി വസ്ത്രം ധരിച്ച വിദേശികളും അല്‍പ്പവസ്ത്രധാരികളായ സ്വദേശി യൌവനങ്ങളുമൊക്കെ റോഡ് നിറഞ്ഞൊഴുകുകയാണ് രാത്രി 11 മണി സമയത്തും. വഴിയില്‍ എവിടെയോ സണ്‍ബേണ്‍ എന്ന ടീമിന്റെ ഒരു പാര്‍ട്ടിയോ കണ്‍സേര്‍ട്ടോ മറ്റോ നടക്കുന്നുണ്ട്. അങ്ങോട്ടുള്ള ഒഴുക്കാണ്. നിഖില്‍ ചിന്നപ്പയാണ് ഡി.ജെ. എന്ന് പരസ്യ ബോര്‍ഡുകളില്‍ നിന്ന് മനസ്സിലാക്കാം. തലയൊന്നുക്ക് 1500 രൂപയാണ് പ്രവേശന ഫീസ്. കണ്‍സേര്‍ട്ട് നടക്കുന്ന സ്ഥലത്ത് പോകാതെ തന്നെ അതിന്റെ ഒരു പള്‍സ് റോഡില്‍ നിന്ന് കിട്ടും. അലങ്കാര ദീപങ്ങള്‍, യുവമിഥുനങ്ങള്‍, അവരുടെ അല്‍പ്പവസ്ത്രങ്ങള്‍ക്ക് വെളിയില്‍ കാണുന്ന ടാറ്റൂ, പിയേഴ്‌സിങ്ങ് തുടങ്ങിയ ബോഡീ ഡക്കറേഷനുകള്‍, പാട്ട്, ആര്‍പ്പ് വിളികള്‍, ഹോണ്‍ അടികള്‍, അട്ടഹാസങ്ങള്‍, മുന്തിയ ഇനം വാഹനങ്ങള്‍….. ഞങ്ങളാ നൈറ്റ് ഡ്രൈവ് ശരിക്കും ആസ്വദിച്ചു. ഇത്രയൊക്കെയേ ഒരു ഗോവന്‍ യാത്രയില്‍ ആഗ്രഹിച്ചിരുന്നുള്ളൂ. അതൊക്കെ ഏതാണ് സാധിച്ചിരിക്കുന്നു. അതിനപ്പുറം കിട്ടിയതൊക്കെ ക്രിസ്തുമസ്സ്-ന്യൂ ഇയര്‍ ബോണസ് മാത്രം.
അല്ലെങ്കില്‍ത്തന്നെയും ഈ നൈറ്റ് ഡ്രൈവ് ഞങ്ങള്‍ ശരിക്കും ആസ്വദിച്ചേ പറ്റൂ. കാരണം, നാളെ രാത്രി ഇതുപോലെ നൈറ്റ് ലൈഫ് ആസ്വദിക്കാനായി നിശയുടെ വൈകിയ യാമങ്ങളില്‍ കറങ്ങിനടക്കാന്‍ ഞങ്ങള്‍ക്കാവില്ല. മറ്റന്നാള്‍ അതിരാവിലെ മടക്കയാത്രയാണ്, നാളെ ഗോവയിലെ അവസാനത്തെ ദിവസവും.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.