Monthly Archives: August 2010

ബി.സി.സി. (Bcc)


ഫോര്‍വ്വേഡഡ് മെയിലുകളുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ അതിനെപ്പറ്റി ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ എഴുതി ഇട്ടിരുന്നു. അത് എത്രത്തോളം ഗുണം ചെയ്തെന്ന് നിശ്ചയമൊന്നുമില്ല. ഒരാളെയെങ്കിലും ബോധവല്‍ക്കരിക്കാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതൊരു നേട്ടമായി കാണുന്നു.

ബ്ലോഗുലകത്തിലേക്ക് വന്നതിനുശേഷം ഇ-മെയില്‍ ഐഡി കുറേയധികം പരസ്യമാകപ്പെടുകയും യാതൊരുവിധ പരിചയവും ഇല്ലാത്തവരുടെ മെയിലുകള്‍ വരുകയുമുണ്ടായിട്ടുണ്ട്. ഓര്‍ക്കുട്ട്, ഫേസ്ബുക്ക് എന്നീ സൌഹൃദ സൈറ്റുകളും മറ്റും, ഇ-മെയില്‍ അഡ്രസ്സ് പരസ്യമാകല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തിയിട്ടുമുണ്ട്.

ഈയിടെയായി അനുഭവിച്ചുണ്ടിരിക്കുന്ന മറ്റൊരു വിഷയം, ബ്ലോഗുകളില്‍ ഓരോ ബ്ലോഗറും എഴുതിയിടുന്ന ലേഖനങ്ങളുടെ പരസ്യങ്ങള്‍ അവര്‍ ഇ-മെയില്‍ വഴി അയച്ചുതരുന്നതാണ്. ഈ പ്രവൃത്തി ഞാന്‍ സ്വയം ചെയ്യാറില്ലെങ്കിലും അങ്ങനെ ചെയ്യുന്നവരോട് എനിക്ക് എതിര്‍പ്പൊന്നും ഇല്ല. അയക്കുന്നവര്‍ അയച്ചോളൂ. എനിക്ക് താല്‍പ്പര്യവും സമയവും ഉണ്ടെങ്കില്‍ ഞാന്‍ വായിക്കും. എന്തെങ്കിലും അഭിപ്രായം പറയണമെന്ന് തോന്നിയാല്‍ പറയും. വായിക്കണമെന്ന് തോന്നിയില്ലെങ്കില്‍ അത്തരം മെയിലുകല്‍ ഡിലീറ്റ് ചെയ്ത് കളയും. ഒന്ന് തുറന്ന് നോക്കി ഒറ്റനോട്ടത്തില്‍ നല്ല ലേഖനമാണെന്നും വായിക്കണമെന്നും തോന്നിയാല്‍ അത് മാര്‍ക്ക് ചെയ്ത് ഒരു ഫോള്‍ഡറില്‍ ഇടും. സമയം കിട്ടുന്നതുപോലെ വായിക്കും. ഇതൊക്കെയാണ് പതിവ്.

പക്ഷെ ഈയിടെയായി കിട്ടുന്ന ഇത്തരം പരസ്യ മെയിലുകളില്‍ ഭൂരിഭാഗത്തിലും ഒരു കുഴപ്പമുണ്ട്. ഓരോരുത്തരും അവരവരുടെ അഡ്രസ്സ് ബുക്കിലെ മുഴുവനും ഐഡികളും To എന്ന ഫീല്‍ഡില്‍ അടിച്ചാണ് മെയില്‍ അയക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, മെയില്‍ അയക്കുന്ന ഓരോരുത്തരുടേയും അഡ്രസ്സ് ബുക്കില്‍ ആരൊക്കെയുണ്ടെന്ന് മെയില്‍ കിട്ടുന്ന എല്ലാവര്‍ക്കും മനസ്സിലാക്കാനാകുന്നു. ഓരോ മെയില്‍ അഡ്രസ്സിന്റേയും പ്രൈവസി നഷ്ടപ്പെടുന്നു. മെയില്‍ അയക്കുന്ന ആളുടെ സുഹൃത്ത് വലയത്തില്‍ ആരെല്ലാമുണ്ടെന്നുള്ളത് പരസ്യമാകുന്നു.

ഇതിന് പുറമേ, ഇത്തരം മെയിലുകള്‍ കിട്ടുന്നവരില്‍ ആരെങ്കിലും അറിഞ്ഞോ അറിയാതെയോ Reply All ക്ലിക്ക് ചെയ്ത് മറുപടി അയച്ചാല്‍, ആ മറുപടി ഇപ്പറഞ്ഞ അഡ്രസ്സ് ലിസ്റ്റിലുള്ള അത്രയും പേര്‍ക്ക് കിട്ടുന്നു. എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നതെന്ന് നോക്കൂ. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലല്ലോ ? ഈ പ്രശ്നത്തിനും പരിഹാരമുണ്ട്.

100 മെയില്‍ ഐഡികളിലേക്ക് നിങ്ങള്‍ക്ക് ഒരേ വിഷയം അറിയിക്കാനുണ്ടെങ്കില്‍ ആ അഡ്രസ്സുകള്‍ എല്ലാം Bcc (Blind Carbon Copy)എന്ന ഫീല്‍ഡില്‍ അടിച്ച് കയറ്റി മെയില്‍ വിടുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ മെയില്‍ കിട്ടുന്നവര്‍ക്ക് ഓരോരുത്തര്‍ക്കും ബാക്കിയുള്ള 99 പേരുടെ അഡ്രസ്സുകള്‍ കാണാനാവില്ല. ഓരോരുത്തരുടേയും മെയില്‍ അഡ്രസ്സിന്റെ പ്രൈവസി നിലനില്‍ക്കുകയും ചെയ്യും.

ഈ വിഷയത്തില്‍ ഉണ്ടാകാവുന്ന ചില ന്യായമായ സംശയങ്ങള്‍ ഉണ്ട്. Bcc വഴി മെയില്‍ അയച്ചതിനുശേഷം അതിലെ അഡ്രസ്സുകള്‍ ഒന്നുകൂടെ നോക്കിയാല്‍ അയക്കുന്ന ആള്‍ക്ക് എല്ലാ അഡ്രസ്സുകളും കാണാനാകും. അപ്പോള്‍ മറ്റുള്ളവരും ഇതെല്ലാം കാണുന്നുണ്ടെന്ന് അയാള്‍ തെറ്റായി ധരിക്കുന്നു. പക്ഷെ മെയില്‍ കിട്ടുന്നവര്‍ പരസ്പരം മെയില്‍ ഐഡികള്‍ ഒന്നും കാണുന്നില്ല. ഇക്കാര്യം ഒരു സുഹൃത്തുമായി പരസ്പരം Bcc മെയില്‍ അയച്ച് ആര്‍ക്കും ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ. അതുമല്ലെങ്കില്‍ Bcc യില്‍ മറ്റ് അഡ്രസ്സുകള്‍ക്കൊപ്പം സ്വന്തം അഡ്രസ്സുതന്നെ സ്വയം വെച്ച് ഒന്ന്‍ അയച്ച് നോക്കൂ. വ്യത്യാസം മനസ്സിലാക്കാം.

ആദ്യാക്ഷരി, ഇന്ദ്രധനുസ്സ് എന്നീ ബ്ലോഗ് പാഠശാലകളില്‍ പറയേണ്ടതും പഠിപ്പിക്കേണ്ടതുമായ ഇത്തരം കാര്യങ്ങള്‍ നിരക്ഷരനായ താനെന്തിനാണ് വിളിച്ച് പറയുന്നത് എന്നതാകാം അടുത്ത സംശയം.

എന്റെ പൊന്ന് ചങ്ങാതിമാരേ…സഹികെട്ടതുകൊണ്ടാണ്. അതുകൊണ്ട് മാത്രമാണ് എനിക്ക് പറയാനുള്ളത് എന്റെ ഭാഷയില്‍ പറയുന്നത്. ഈ വിഷയത്തില്‍ ഒരു ഗൂഗിള്‍ ബസ്സ് ഇറക്കി നോക്കി ഈ അടുത്ത കാലത്ത്. നാലഞ്ച് പേര്‍ക്ക് അത് വായിച്ച് നിരക്ഷരത്ത്വം മാറിക്കിട്ടി എന്നാണ് അറിവായത്. അത്രയും സന്തോഷം. ആ ബസ്സ് കണ്ടിട്ട് കെ.പി.സുകുമാരന്‍ ചേട്ടന്‍ ഒരു പോസ്റ്റും ഇറക്കി. ഇതൊക്കെ ആയിട്ടും പരസ്യ മെയിലുകള്‍ ഇപ്പോഴും Bcc വഴിയല്ലാതെ വന്നുകൊണ്ടേയിരിക്കുന്നു.

ഇനിയും ആരെങ്കിലും ആദ്യം പറഞ്ഞതുപോലെ മെയിലുകള്‍ അയച്ചാല്‍ അവര്‍ക്ക് എല്ലാവര്‍ക്കും ഈ പോസ്റ്റിന്റെ ലിങ്ക് ഫ്രീ ആയിട്ട് അയച്ച് തരുന്നതാണ്. ഇത് വായിച്ചിട്ട് വല്ല സംശയവും ഉണ്ടെങ്കില്‍ ആദ്യാക്ഷരി മുതലാളി അപ്പൂനോടോ ഇന്ദ്രധനുസ് അര്‍ബാബ് മുള്ളൂക്കാരനോടോ ചോദിച്ച് സംശയം തീര്‍ക്കേണ്ടതാണ്. നിരക്ഷരന്മാര്‍ക്ക് കാര്യങ്ങളൊക്കെ പറഞ്ഞുമനസ്സിലാക്കിത്തരുന്നതിന് ഒരു പരിധിയൊക്കെയുണ്ട്. അല്ലപിന്നെ.

വാല്‍ക്കഷണം :- ഒരാളുടെ ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് അയാള്‍ തന്നെ അയച്ച് തരുന്നതിനും എനിക്കിഷ്ടം “ ദാ നല്ലൊരു പോസ്റ്റ്, വായിച്ചില്ലെങ്കില്‍ നഷ്ടമാകും“ എന്ന് പറഞ്ഞ് മറ്റൊരാള്‍ അയച്ച് തരുന്നതാണ്. അങ്ങനെ കിട്ടുന്ന ലിങ്കിലൂടെ പോയി ആ പോസ്റ്റ് വായിച്ചിരിക്കും, അഭിപ്രായം പറഞ്ഞിരിക്കും.