Monthly Archives: January 2011

devadasi-2B-2Bp.surendran

ദേവദാസി തെരുവുകളിലൂടെ


ദേവദാസികൾ എന്നാൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിരുന്ന കുറേ സ്ത്രീകൾ എന്നതിലപ്പുറം, കാര്യമായ വിവരമൊന്നും എനിക്കില്ലാതെ പോയത് നിരക്ഷരൻ ആയതുകൊണ്ടും വായനയുടെ കുറവുകൊണ്ടും തന്നെ. 2010 ഡിസംബറിൽ എറണാകുളത്തുവെച്ച് നടന്ന രാജ്യാന്തര പുസ്തകമേളയിൽ, ഗ്രീൻ ബുക്സിന്റെ സ്റ്റാളിൽ നിന്നാണ് ശ്രീ.പി.സുരേന്ദ്രന്റെ ‘ദേവദാസി തെരുവുകളിലൂടെ’ ഒരു കോപ്പി സ്വന്തമാക്കിയത്. യാത്രാവിവരണം എന്ന ലേബലുള്ള പുസ്തകമായതുകൊണ്ടാകണം 108 പേജ് ഒറ്റയടിക്ക് വായിച്ച് തീർക്കുകയും ചെയ്തു.

അന്ധവിശ്വാസത്തിന്റേയും വിദ്യാഭ്യാസമില്ലായ്മയുടേയും കൂടെ പുരുഷവർഗ്ഗത്തിന്റെ ചൂഷണമനോഭാവം കൂടെ ചേർന്നപ്പോൾ പിറവികൊണ്ട ദേവദാസി കുലത്തിന്റേയും, കുഞ്ഞുന്നാളിലേ തന്നെ അന്യർക്കായി സ്വശരീരം വിട്ടുകൊടുത്ത് ജീവഛവങ്ങളായി കാലം തള്ളിനീക്കേണ്ടിവന്ന അമ്മപെങ്ങന്മാരുടേയും നേർക്കാഴ്ച്ചയാണ് ഈ ഗ്രന്ഥം.

പരശുരാമന്റെ മാതാവും ജമദഗ്നി മഹർഷിയുടെ പത്നിയുമാണ് രേണുക. പാതിവ്രത്യത്തിന് പേരുകേട്ടവൾ. ആ പാതിവ്രത്യം കളങ്കപ്പെട്ടെന്ന് മനസ്സിലാക്കിയ മഹർഷി, പരശുരാമനോട് സ്വന്തം അമ്മയെ നിഗ്രഹിക്കാൻ പറയുന്ന പുരാണമുണ്ടല്ലോ? അതുമായി ബന്ധപ്പെട്ടുകിടക്കുന്നു ദേവദാസി കുലത്തിന്റെ ആരംഭവും വിശ്വാസങ്ങളും. തന്റെ ആജ്ഞ ശിരസ്സാവഹിച്ച മകനിൽ സം‌പ്രീതനായ മഹർഷി, പരശുരാമന് ഒരു വരം നൽകുന്നു. മരിച്ചുപോയ മാതാവിനെ പുനരുജ്ജീവിപ്പിക്കണമെന്നായിരുന്നു പരശുരാമൻ ആവശ്യപ്പെട്ട വരം. മഹർഷി ധർമ്മസങ്കടത്തിലാവുന്നു. കളങ്കപ്പെട്ട ഭാര്യയുടെ മുഖത്തെങ്ങനെ നോക്കും. ആശ്രമപരിസരത്തുണ്ടായിരുന്ന ഒരു ദളിത് സ്ത്രീയുടെ തലയറുത്ത് രേണുകാ ദേവിയുടെ ഉടലുമായി ചേർത്ത് ( ഈ കഥയുടെ മറ്റ് രൂപഭേദങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.) പ്രശ്നം പരിഹരിക്കപ്പെടുന്നു. ദളിത് (മാതംഗ) സ്ത്രീയുടെ തലയുമായി രേണുക ജീവിക്കുന്നു. സ്വന്തം സമുദായത്തിന്റെ മുഖം മുനിപത്നിയിൽ കണ്ട് ആനന്ദിച്ച മാതംഗർ, രേണുകാ ദേവി ചെയ്ത അതേ കുറ്റം ചെയ്യാൻ വേണ്ടി പെൺ‌മക്കളെ സജ്ജരാക്കിക്കൊണ്ട്, യെല്ലമ്മ എന്ന ദേവീസങ്കല്‍പ്പവും ആരാധനയും ആരംഭിക്കുന്നിടത്ത് ദേവദാസി സമ്പ്രദായത്തിന് തുടക്കം കുറിക്കപ്പെടുന്നു.

രേണുകാദേവി പാതിവ്രത്യത്തിന്റെ പര്യായമായിരുന്നു. ആശ്രമത്തിനടുത്തുള്ള നദിയിൽ നിന്ന് വെള്ളമെടുത്തുകൊണ്ടുവരുവാൻ അവർക്ക് പാത്രങ്ങൾ ആവശ്യമില്ലായിരുന്നു. പാതിവ്രത്യത്തിന്റെ ശക്തിമൂലം, ആവശ്യത്തിനുള്ള ജലം ഉരുട്ടി കൈയ്യിലെടുത്ത് കൊണ്ടുപോരാനും നദിയിൽ കഴുകിയെടുക്കുന്ന വസ്ത്രങ്ങൾ അഴയൊന്നും ഇല്ലാതെ അന്തരീക്ഷത്തിൽ നിർത്തി ഉണക്കാനും അവർക്കാകുമായിരുന്നു. ഒരിക്കൽ നദിയിലെ കണ്ണാടിപോലെ നിശ്ചലമായ ജലത്തിൽ ഒരു ഗന്ധർവ്വർ അപ്സരസ്സുമായി രമിക്കുന്നതിന്റെ പ്രതിബിംബം രേണുകാദേവി കാണുകയും ഗന്ധർവ്വന്റെ നേർക്ക് അവരുടെ മനസ്സൊന്ന് പതറുകയും ചെയ്തതാണ് പാതിവ്രത്യം ഭംഗപ്പെടാൻ കാരണം. അക്കാരണത്താൽ അന്ന് ജലം ഉരുട്ടിയെടുക്കാനോ വസ്ത്രങ്ങൾ അന്തരീക്ഷത്തിൽ നിർത്തി ഉണക്കുവാനോ അവർക്കാവുന്നില്ല. ഇതാണ് പുരാണം.

ആ പുരാണത്തിന്റെ ചുവടുപിടിച്ച് വിവരമില്ലാത്ത മനുഷ്യർ ചെയ്തതെന്താണ് ? വേശ്യാവൃത്തിക്കായി ഒരു കുലം തന്നെ സൃഷ്ടിച്ചെടുത്തു. അച്ഛനാരെന്ന് അറിഞ്ഞിട്ടും അത് പുറത്ത് പറയാൻ അർഹതയില്ലാത്ത ഒരുപാട് കുഞ്ഞുങ്ങളേയും രോഗബാധിതരായ അവരുടെ അമ്മമാരേയും സമൂഹത്തിന് സമ്മാനിച്ചു. നിയമം മൂലം ദേവദാസി സമ്പ്രദായം നിർത്തലാക്കപ്പെട്ടിട്ടും ഇന്നും, മേല്‍പ്പറഞ്ഞ അന്ധവിശ്വാസങ്ങളിൽ നിന്ന് പുറത്തുകടക്കാനാവാതെ യെല്ലമ്മ (എല്ലാവരുടേയും അമ്മ) എന്ന ദേവതയുടെ പേരിൽ രഹസ്യമായി ഡെക്കാനിലെ പല ഗ്രാമങ്ങളിലും നടക്കുന്ന ദേവദാസി സമർപ്പണത്തിന്റേയും മറ്റ് അനാചാരങ്ങളുടേയുമൊക്കെ പാതകളിലൂടെ ലേഖകൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു, നടുക്കുന്ന വിവരങ്ങൾ പങ്കുവെക്കുന്നു.

ഹിന്ദുപുരാണത്തിന്റെ ചുവടുപിടിച്ച് ഉണ്ടായി വന്ന കുലവും സമ്പ്രദായവുമൊക്കെയാണ് ഇതെങ്കിലും ലൈംഗികതയുടെ കാര്യം വരുമ്പോൾ ജാതിമത ഭേദമൊന്നും ഇല്ലാതെ ദേവദാസികൾ സൃഷ്ടിക്കപ്പെട്ടിരുന്നെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അനിസ്ലാമിക രീതിയാണെങ്കിലും, ബീജാപ്പൂരിലെ ഒരു മസ്‌ജിദിനെ കേന്ദ്രീകരിച്ച് അപൂർവ്വമായാണെങ്കിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നെന്ന് പുസ്തകം പറയുന്നു. പക്ഷെ, പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന മട്ടിൽ ഈ സമ്പ്രദായം മായ്ച്ചുകളയുന്നതിൽ മുസ്ലീം സമൂഹം വിജയിച്ചിരിക്കുമ്പോൾ, ഹിന്ദു സമൂഹം അന്ധവിശ്വാസങ്ങളുടെ നിലയില്ലാക്കയത്തിൽ ഇപ്പോഴും കൈകാലിട്ടടിച്ചുകൊണ്ടിരിക്കുന്നു.

പെൺകുട്ടികൾക്ക് തലമുടിയിൽ ജഢ പിടിക്കാൻ തുടങ്ങിയാൽ അവളെ ദേവദാസികളുടെ കുലദേവതയായ യെല്ലമ്മ ദേവി ആഗ്രഹിക്കുന്നു എന്നതാണ് അന്ധവിശ്വാസം. അത്യാവശ്യത്തിന് പോലും ശുദ്ധജലം ലഭ്യമല്ലാത്ത, പട്ടിണിയും പരിവട്ടങ്ങളുമൊക്കെ നിത്യക്കാഴ്ച്ചയായ വൃത്തിഹീനമായ ഗ്രാമങ്ങളിൽ, ഒരു പെൺകുട്ടിയുടെ നീളമുള്ള മുടി ജഢ പിടിക്കാനാണോ ബുദ്ധിമുട്ട് ! ഇതൊന്നുമല്ലെങ്കിലും കുടുംബത്തിലെ മൂത്ത പെൺകുട്ടി യെല്ലമ്മ ദാസിയാക്കപ്പെടുന്നു. ചെറുപ്പത്തിലേ തന്നെ ഒരു പെൺകുട്ടിയെ ദേവദാസിയായി സമർപ്പിക്കുന്ന ചടങ്ങ് നടക്കുന്നു. അവൾക്ക് പ്രായപൂർത്തിയായാൽ ആദ്യമായി അവളെ പ്രാപിക്കാനുള്ള അവകാശം ക്ഷേത്രപുരോഹിതനുള്ളതാണ്. കർണ്ണാടകത്തിലടക്കമുള്ള ഗ്രാമങ്ങളിൽ പൂജാരികൾ ഗ്രാമമുഖ്യന്മാരുടേയോ ജന്മിമായുടേയോ ശിങ്കിടികളായതുകൊണ്ട്, മിക്കവാറും പെൺകുട്ടികൾ പൂജാരിമാർ മുഖേന ജന്മിമാരായ ഗൗണ്ടർമാർക്കും മറ്റും കാഴ്ച്ചവെക്കപ്പെടുന്നു. വെപ്പാട്ടിയായും ഗ്രാമവേശ്യയായും നീറിത്തീരാനായി നിസ്സഹായയായ ഒരു പെൺകുട്ടി ബലികഴിക്കപ്പെടുന്ന ഒരു കാഴ്ച്ചയാണത്.

ആദ്യകാലത്ത് ദേവദാസികൾ എന്നാൽ സമൂഹത്തിൽ ‘അന്തസ്സുള്ള’ ഒരു വിഭാഗമായിരുന്നു. അവർ കലാനിപുണരായിരുന്നു. ക്ഷേത്രത്തിലേക്ക് സമർപ്പിക്കപ്പെട്ട് താലിക്കല്യാണ ചടങ്ങ് നടന്നാൽ ഉടനെ തന്നെ നട്ടുവൻ അവളെ കലയുടെ പാഠങ്ങൾ പഠിപ്പിച്ച് തുടങ്ങും. രതിയുടെ പാഠങ്ങൾ പഠിപ്പിക്കാൻ പ്രായം ചെന്ന ജോഗിതി എന്ന ദേവദാസിമാരും ഉണ്ടായിരിക്കും. സംഗീതം നൃത്തം (ഭരതനാട്യം തമിഴ്‌നാട്ടിലെ ദേവദാസികളുടെ നൃത്തമായിരുന്നു.) എന്നതൊക്കെ കൂടാതെ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യാനുമൊക്കെ അറിയുന്നവരായിരുന്നു ദേവദാസികൾ.  സമൂഹത്തിലെ ഉന്നതർ വരെ ദേവദാസി വീടുകളിൽ അഭിമാനത്തോടെ ചെല്ലുകയും പ്രാപിക്കുകയും ചെയ്തിരുന്ന ഒരുകാലമുണ്ടായിരുന്നു. രാജാ രവിവർമ്മയ്ക്ക് മോഡലായിരുന്ന, ലാൽ‌വാഡിയിലെ ബഡാബായി എന്ന അഞ്ജനീബായിയേയും പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. ഗായികയും നർത്തകിയുമായ ധനാഢ്യയായ ഒരു ദേവദാസി ആയിരുന്നവർ. തന്നെ വിഷയാസക്തിയില്ലാത്ത കണ്ണുകളോടെ നോക്കിയ ഒരേയൊരു വ്യക്തി രവിവർമ്മ ആയിരുന്നെന്ന് അവർ പറയുന്നുണ്ട്.

കാലം കടന്നുപോയതോടെ ദേവദാസികൾക്ക് കലയുമായുള്ള ബന്ധമൊക്കെ വിച്ഛേദിക്കപ്പെടുന്നു. ദേവദാസിയായി സമർപ്പിക്കപ്പെടുന്ന പെൺകുട്ടികൾ ഗോവയിലേയും മറ്റ് നഗരങ്ങളിലേയും വേശ്യാഗൃഹങ്ങളിലേക്ക് കയറ്റി അയക്കപ്പെടാൻ തുടങ്ങുന്നു. ലേഖകന്റെ സഞ്ചാരം കർണ്ണാടക, ഹൈദരാബാദ്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെയെല്ലാം ദേവദാസിത്തെരുവുകളിലൂടെയും വേശ്യാത്തെരുവുകളിലൂടെയും മുന്നോട്ട് നീങ്ങുമ്പോൾ വേദനിക്കുന്ന ദൃശ്യങ്ങളാണ് നമുക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്.  ബ്‌ളാക്ക് & വൈറ്റ് ചിത്രങ്ങൾ എട്ടെണ്ണം  പുസ്തകത്തിന്റെ നടുക്കുണ്ടെങ്കിൽ, പുസ്തകത്തിലെ വരികളിലുള്ളതൊക്കെയും ചവിട്ടിത്താഴ്ത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ നിറം മങ്ങിയ ചിത്രങ്ങളാണ്.

കേരളത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റിയും അത് നിലനിന്നിരുന്ന കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല, തെക്കൻ തിരുവിതാംകൂർ എന്നീ സ്ഥലങ്ങളെപ്പറ്റിയും, 1931ൽ മഹാറാണി ലക്ഷ്മീഭായി നിയമം മൂലം ദേവദാസി സമ്പ്രദായം നിരോധിച്ചപ്പോൾ നട്ടുവന്മാരും ആട്ടക്കാരികളും അവിടന്ന് പാലായനം ചെയ്ത് തൃശൂരിലെ കടവല്ലൂർ ക്ഷേത്രപരിസരത്ത് കുടിയേറിയതായുമൊക്കെ പരാമർശിക്കുന്നുണ്ട് പുസ്തകത്തിൽ.

തേവിടിശ്ശി എന്ന പദം ഉരുത്തിരിഞ്ഞ് വന്നതെങ്ങനെ? ഹിജഡകളിൽ ചിലരുടെയെങ്കിലും തുടക്കം എവിടെ നിന്ന് ? ഗ്രാമങ്ങളിലെ സാമൂഹികമായ പിന്നോക്കാവസ്ഥയെ ചൂഷണം ചെയ്ത് ജീവിക്കുന്ന നേതാക്കന്മാർ. ദേവദാസി സമ്പ്രദായത്തിന്റെ വേരുകൾ അറുത്തുമാറ്റാതെ നിലനിർത്തുകയും അതേസമയം പുറം ലോകവുമായി അവരുടെ ബന്ധം നിയന്ത്രിക്കുകയും അവരെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടികളുടെയും മറ്റ് ചില സംഘടനകളുടേയും പൊള്ളത്തരങ്ങൾ. ദേവദാസി കുലത്തിൽ നിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടായിട്ടും യെല്ലമ്മയുടെ കോപം ഉണ്ടായാലോ എന്ന് ഭയന്ന്, വൃത്തിഹീനമായ ഈ പാതയിലൂടെ നടക്കേണ്ടി വരുകയും, അടുത്ത തലമുറയേയും അതേ വഴിക്കുതന്നെ തെളിച്ച് വിടുകയും ചെയ്യുന്ന അരപ്പട്ടിണിക്കാരായ സ്ത്രീജന്മങ്ങൾ. അന്ധവിശ്വാസങ്ങളുടെ കെട്ടുപൊട്ടിച്ച് പുറത്തുചാടി മക്കളെയെങ്കിലും രക്ഷിച്ചെടുക്കാൻ ധൈര്യം കാണിച്ച ചുരുക്കം ചില ദേവദാസികൾ. കനം കുറഞ്ഞ കീശയുമായി കിട്ടുന്ന സൗകര്യത്തിൽ ഉണ്ടും ഉറങ്ങിയും പ്രശസ്ത ഫോട്ടോഗ്രാഫർ കണ്ണൻ സൂരജിനൊപ്പം ലേഖകൻ നടത്തുന്ന അസൂയപ്പെടുത്തുന്ന യാത്രയിലൂടെ, നൊമ്പരമുളവാക്കുന്ന കാഴ്ച്ചകൾക്കൊപ്പം, വേശ്യകൾ അല്ലെങ്കിൽ സ്യൂളകൾ എന്ന് നാമൊക്കെ പുച്ഛിച്ച് തള്ളുന്ന ഒരു സമൂഹത്തിന്റെ ജീവിതവും ചരിത്രവുമൊക്കെയാണ് വിവരിക്കപ്പെടുന്നത്. ഇന്ത്യയെ കാണണമെങ്കിൽ, മനസ്സിലാക്കണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം എന്ന മഹത്‌വചനം ഈ യാത്രയിൽ പാലിക്കപ്പെടുന്നുണ്ട്. എത്രത്തോളം തിളങ്ങുന്നുണ്ട് ഇന്ത്യയെന്ന് പി.സുരേന്ദ്രൻ എടുത്തുകാണിക്കുകയാണ് ഈ സഞ്ചാരകൃതിയിലൂടെ.

ഒരു യാത്രയ്ക്കിടയിൽ ലേഖകനെ കണ്ടുമുട്ടിയപ്പോൾ – ചിത്രം:- സജി മാർക്കോസ്

അദ്ദേഹം പോയ വഴികളിൽ ചിലതിലൂടെയെങ്കിലും ഞാനും സഞ്ചരിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം കണ്ട കാഴ്ച്ചകളൊന്നും ഞാൻ കണ്ടിട്ടില്ല. പല പ്രാവശ്യം ഗോവയിൽ പോയിട്ടുണ്ടെങ്കിലും, ഈ പുസ്തകം വായിക്കുന്നതുവരെ, ഗോവൻ സർക്കാർ തേച്ചുമാച്ച് കളയാൻ ശ്രമിക്കുന്ന വേശ്യാത്തെരുവുകളുള്ള ബൈന ബീച്ചിനെപ്പറ്റി എനിക്കൊന്നുമറിയില്ല. കർണ്ണാടകത്തിലെ പലയിടങ്ങളിലേയും കാര്യത്തിൽ എന്റെ അവസ്ഥ അതുതന്നെ. പോയ സ്ഥലങ്ങളിൽത്തന്നെ ഒന്നോ രണ്ടോ ആവർത്തി എനിക്കിനിയും പോകാനുണ്ടെന്ന് ഈ പുസ്തകം ബോദ്ധ്യപ്പെടുത്തിത്തന്നു.

മറ്റ് പലരേയും പോലെ താനും ഈ ദേവദാസികളെ ചൂഷണം ചെയ്യുകയല്ലേ എന്ന് പുസ്തകത്തിൽ ഒരിടത്ത് ലേഖകൻ ആശങ്കപ്പെടുന്നുണ്ട്. അവരുടെ കഥ പഠിച്ച് മനസ്സിലാക്കി അത് പുസ്തകമാക്കി ഇറക്കുമ്പോൾ അങ്ങനൊരും ചൂഷണം നടന്നിട്ടുണ്ടെങ്കിൽ അതിന് പ്രായശ്ചിത്തമായി പുസ്തകത്തിലൂടെ കിട്ടുന്ന വരുമാനം, ദേവദാസികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കർണ്ണാടകത്തിലെ കുട്‌ലികിയിലെ സ്‌നേഹ (SNEHA – Society for Needful Education & Health Awareness) എന്ന സംഘടനയ്ക്കായി നീക്കിവെക്കുന്നുണ്ട് അദ്ദേഹം.

പുസ്തകം ഒരുപാട് വായിക്കപ്പെടണം. അതാത് സംസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും മാത്രം ഒതുങ്ങുനിൽക്കുന്ന ഇത്തരം സമൂഹങ്ങളേയും സംഭവങ്ങളേയും പറ്റി ഭൂലോകർ അറിയണം.  ഇതിനൊക്കെ എതിരായി ചലനങ്ങൾ സൃഷ്ടിക്കപ്പെടണം. അന്ധവിശ്വാസത്തിന്റെ പടുകുഴിയിൽ വീണുകിടക്കുന്ന ഇത്തരം സമൂഹങ്ങളെ, വിദ്യാഭ്യാസവും ധൈര്യവും അർത്ഥവുമൊക്കെ കൊടുത്ത് കൈപിടിച്ചുയർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.