വർഷത്തിൽ ഒരിക്കൽ കുടുംബത്തോടൊപ്പം ഒരു വിദേശയാത്ര എന്നതൊക്കെ ഒരു ആഗ്രഹമായിട്ട് കൊണ്ടുനടക്കുന്നുണ്ടെങ്കിലും പലപ്പോഴും അതൊന്നും നടക്കാറില്ല. ഇക്കൊല്ലം സിംഗപ്പൂർ യാത്ര ആകാമെന്ന് പദ്ധതിയിട്ടു. പക്ഷെ കാലക്കൂട്ടി വിസ അടിക്കാനോ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനോ പറ്റാതിരുന്നതുകൊണ്ട് സിംഗപ്പൂർ യാത്ര നടക്കില്ലെന്ന് ഉറപ്പായി. ആ സമയത്താണ് സുഹൃത്ത് മാധവ് ചന്ദ്രന്റെ വിളി വരുന്നത്. മാധവും കുടുംബവും റോട്ടറി ക്ലബ്ബ് അംഗങ്ങളാണ്. ആ സംഘടനയുടെ ഒരു മീറ്റിങ്ങുമായി ബന്ധപ്പെട്ട് നാലുദിവസത്തേക്ക് ശ്രീലങ്കയിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ട്. കൂടെ വരാൻ താൽപ്പര്യം ഉണ്ടെങ്കിൽ ഹോട്ടൽ മുറിയെല്ലാം ഒരുമിച്ച് ബുക്ക് ചെയ്യാമെന്നാണ് മാധവ് പറയുന്നത്. കുറച്ച് നാൾ മുൻപ് സിനിമാ നടൻ മുകേഷിന്റെ ശ്രീലങ്കൻ യാത്രാവിവരണം വായിച്ചതിനുശേഷം ലങ്കയിലേക്കൊരു യാത്ര പോയാൽ കൊള്ളാമെന്ന് കലശലായ ആഗ്രഹം എനിക്കുണ്ടായിരുന്നതുകൊണ്ട് കേട്ടയുടനെ തന്നെ സമ്മതം മൂളി. പുലി പ്രഭാകരന്റെ അന്ത്യത്തിന് ശേഷം ശ്രീലങ്കയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. നിലവിലുള്ള രീതിയിൽ അത് പുരോഗമിച്ചാൽ കേരളത്തിന്റെ ടൂറിസം വ്യവസായത്തെത്തന്നെ അത് ബാധിക്കുമെന്നാണ് മുകേഷിന്റെ ലേഖനത്തിൽ നിന്ന് മനസ്സിലാക്കാനായത്.
ഏപ്രിൽ 29 മുതൽ മെയ് 2 വരെയുള്ള നാല് ദിവസത്തേക്ക് താമസസൌകര്യമൊക്കെ മാധവ് ഏർപ്പാടാക്കി. പക്ഷേ, കൊളംബോയിലേക്കുള്ള വിമാന ടിക്കറ്റ് ഞങ്ങൾ തന്നെ ബുക്ക് ചെയ്യണം. 29ന് കൊച്ചിയിൽ നിന്ന് കൊളംബോയിലേക്ക് സീറ്റൊന്നും ഇല്ല. പിന്നെയുള്ളത് തിരുവനന്തപുരത്തുനിന്നാണ്. 29ന് രാവിലെ തിരുവനന്തപുരത്തുനിന്ന് കൊളംബോയിലേക്കുള്ള ടിക്കറ്റ് കിട്ടി. ടിക്കറ്റൊക്കെ എടുത്ത് കഴിഞ്ഞതിനുശേഷമാണ് നമ്മുടെ നാട്ടിൽ അപ്രതീക്ഷിതമായി ഏത് സമയത്തും പൊട്ടിപ്പുറപ്പെടാവുന്ന ഹർത്താൽ എന്ന ‘ആഘോഷം‘പ്രഖ്യാപിക്കപ്പെട്ടത്. ഇപ്രാവശ്യം എൻഡോസൾഫാന് എതിരെയുള്ള അഖിലേന്ത്യാ ഹർത്താൽ ആണ്. അതുകൊണ്ടുതന്നെ ഈ ഹർത്താൽ ഗൌരവമുള്ളതും അന്നേ ദിവസം പുറത്തിറങ്ങുന്നവർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതുമല്ലേ എന്നൊരു ചിന്ത പിടികൂടി. തലേന്ന് തന്നെ തിരുവനന്തപുരത്ത് പോയി താമസിക്കാനുള്ള ഏർപ്പാടൊക്കെ ചെയ്യാനാവും. പക്ഷെ ഹർത്താൽ ദിവസം രാവിലെ എയർപ്പോർട്ടിലേക്ക് പോകുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടായാലോ?! എന്തായാലും തലേന്ന് തന്നെ തിരുവന്തപുരത്തെ വഴുതക്കാടുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ ചേക്കേറാനും രാവിലെ അവിടന്ന് ഒരു ടാക്സിയിൽ വിമാനത്താവളത്തിലെത്താനും നിശ്ചയിച്ചു.
ശ്രീലങ്കൻ പതാക |
അതിനിടയ്ക്ക് ശ്രീലങ്കയിൽ ചെന്നാൽ കാണാനുള്ള സ്ഥലങ്ങളുടെയൊക്കെ ഒരു കണക്കെടുത്തു. ഒരു കൊച്ചു ദ്വീപ് ആണെങ്കിലും നാല് ദിവസം കൊണ്ടൊന്നും കണ്ടുതീർക്കാനാവില്ലെന്ന് ആർക്കും അറിയാവുന്ന കാര്യമാണ്. രണ്ട് ദിവസം കൊളംബോയിലും രണ്ട് ദിവസം കാൻഡി എന്ന ഹിൽ സ്റ്റേഷനിലും ചിലവഴിക്കാനുള്ള ഹോട്ടൽ ബുക്കിങ്ങാണ് മാധവ് ചെയ്തിരിക്കുന്നത്. കാൻഡിയിലും കൊളംബോയിലും എന്തൊക്കെ കാണാനുണ്ട് എന്ന് ഇന്റർനെറ്റിൽ പരതുന്നതിനോടൊപ്പം അബുദാബിയിലെ സഹപ്രവർത്തകനായ കമാൽ ജയാലത്ത് എന്ന ശ്രീലങ്കൻ സുഹൃത്തുമായും ബന്ധപ്പെട്ടു. കമാൽ കൃത്യമായി ഒരു പ്രോഗ്രാം ചാർട്ട് ഉണ്ടാക്കി അയച്ചുതന്നു. ആ ചാർട്ടിൽ പറയുന്ന എല്ലാ സ്ഥലങ്ങളും കാണാനുള്ള സമയം കിട്ടുമെന്ന് തോന്നിയില്ല. എന്നിരുന്നാലും, താൽപ്പര്യജനകമായ സ്ഥലങ്ങൾ എത്രത്തോളം ആ ഭാഗത്തൊക്കെ ഉണ്ടെന്നറിയാൻ കമാലിന്റെ നിർദ്ദേശങ്ങൾ സഹായിച്ചു.
ശ്രീലങ്കൻ സഹപ്രവർത്തകൻ കമാൽ ജയാലത്ത് |
ഏപ്രിൽ 28ന് എറണാകുളത്തുനിന്ന് കാറോടിച്ച് ഞങ്ങൾ തിരുവനന്തപുരത്തെത്തി; വഴുതക്കാട് ബേക്കറി ജങ്ങ്‌ഷനിലുള്ള ബന്ധുവിന്റെ വീട്ടിൽ തങ്ങി. കാറ് അവരുടെ ഷെഡ്ഡിൽ പാർക്കുചെയ്ത് അടുത്ത ദിവസം രാവിലെ ഹർത്താൽ തുടങ്ങുന്നതിന് മുന്നേ (5 മണിക്ക്) ഒരു ടാക്സി പിടിച്ച് വിമാനത്താവളത്തിൽ എത്തി. ഹർത്താലിന്റേതായ അനിഷ്ടസംഭവങ്ങളൊന്നും വഴിയിൽ നേരിടേണ്ടി വന്നില്ല എന്നത് ആശ്വാസജനകമായിരുന്നു.
എയർപ്പോർട്ടിൽ എത്തിയപ്പോൾത്തന്നെ ഒരു സിംഹള പ്രതീതി അനുഭവപ്പെട്ടു. ഒരുപാട് ശ്രീലങ്കക്കാർ അതിനകത്തുണ്ട്. നമ്മൾ ശ്രീലങ്കയിലേക്ക് പോകുന്നത് പോലെ കേരളം കാണാനായി ഒരുപാട് ശ്രീലങ്കക്കാർ ഇങ്ങോട്ടും വരുന്നുണ്ടാകണം.
ശ്രീലങ്കയെപ്പറ്റി പറയുമ്പോൾ ചെറിയ ക്ലാസ്സുകളിൽ പഠിച്ചിട്ടുള്ള കൊളമ്പ് എന്ന പേരാണ് ആദ്യം ഓർമ്മയിൽ വരുക. ലങ്കയിൽ ചെന്നാൽ ഡോളർ അല്ലെങ്കിൽ ശ്രീലങ്കൻ രൂപ മാത്രമേ ചിലവാകൂ എന്നറിയുന്നതുകൊണ്ട് എയർപ്പോർട്ടിനകത്തുനിന്നുതന്നെ കുറച്ച് ഡോളർ വാങ്ങി പോക്കറ്റിൽ സൂക്ഷിച്ചു. അത് മാറ്റി ശ്രീലങ്കൻ കറൻസി ആക്കുന്നതൊക്കെ കൊളംബോയിൽ ചെന്നിട്ടാകാമെന്നാണ് തീരുമാനം. വിമാനത്തിനകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ക്യാപ്റ്റൻ അതാ വഴിയിൽ നിൽക്കുന്നു. ‘താങ്കളല്ലേ മനോജ് ‘ എന്ന് ചോദിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി. ഇദ്ദേഹത്തിന് എന്റെ പേരെങ്ങനെ മനസ്സിലായി?!
“സീറ്റ് നമ്പർ 5C യിൽ ഇരിക്കുന്ന വ്യക്തിക്ക് താങ്കളെ കാണണമെന്നുണ്ട്; അദ്ദേഹം കാത്തിരിക്കുകയാണ് “
എന്നുകൂടെ ക്യാപ്റ്റൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും അത്ഭുതം കൂറി.
വിമാനത്തിനകത്തേക്ക് കടന്നതും 5C സീറ്റിൽ ഇരിക്കുന്ന വ്യക്തി എന്നെ തിരിച്ചറിഞ്ഞു. അദ്ദേഹം റോട്ടറി മെമ്പറായ അനൂജ് ആണ്. ഈ വിമാനത്തിൽ ഞാനും കുടുംബവും ഉണ്ടാകുമെന്ന് മാധവ് ചന്ദ്രൻ, അനൂജിനെ അറിയിച്ചതുകൊണ്ട് അനൂജിന്റെ വക ഒരു തമാശയായിരുന്നു ഒക്കെയും. അനൂജുമായി അൽപ്പം കുശലം പറഞ്ഞതിനുശേഷം ഞങ്ങൾ സ്വന്തം സീറ്റിലേക്ക് നീങ്ങി. 09:45ന്റെ വിമാനം പറന്ന് പൊങ്ങിയപ്പോൾ സമയം 10:15.
എയർലങ്ക ഹോസ്റ്റസ് – ( Couurtesy – Lankansonly.blogspot.com) |
വിമാനത്തിനകത്തെ എയർഹോസ്റ്റസ് മാരെ കണ്ടപ്പോൾ മൂന്ന് കൊല്ലം മുൻപൊരിക്കൽ അബുദാബിയിൽ നിന്ന് പുറപ്പെട്ട് കൊളംബോ വഴി സിംഗപ്പൂർക്ക് പോയത് ഓർമ്മ വന്നു. അതായിരുന്നു എയർ ശ്രീലങ്കയിലെ എന്റെ ആദ്യയാത്ര. ശരീരത്തിന്റെ മദ്ധ്യഭാഗം വളരെയധികം വെളിയിൽക്കാണുന്ന തരത്തിലാണ് ശ്രീലങ്കൻ എയർ ഹോസ്റ്റസുമാർ സാരിയുടുക്കുന്നത്. അധവാ അവരുടെ സാരി അത്തരത്തിലുള്ളതാണ്. ഇത്തരം സാരിയും അത് ഉടുത്തിരിക്കുന്നതും കണ്ട് ശീലമില്ലാത്തതുകൊണ്ടാകാം, ശരീരഭാഗങ്ങൾ മലയാളികളേക്കാൾ കൂടുതൽ പ്രദർശിപ്പിക്കുന്ന തരത്തിലുള്ളതാണ് സിംഗള സാരികൾ എന്നെനിക്ക് തോന്നുന്നത്. സ്ത്രീകൾ വസ്ത്രങ്ങൾക്കിടയിലൂടെ പ്രദർശിപ്പിക്കുന്ന ശരീരഭാഗത്തെപ്പറ്റി ഒരിക്കൽ ഒരു സിംഗപ്പൂർ സ്വദേശി എന്നൊട് പറഞ്ഞത് ഇന്നും ഓർമ്മയിലുണ്ട്.
‘നിങ്ങൾ മലയാളികൾ ഭാഗ്യവാന്മാരാണ്, പരമ്പരാഗത വസ്ത്രം ഉടുത്തുകഴിഞ്ഞാൽ സ്ത്രീകളുടെ വയർ ഭാഗം നിങ്ങൾക്ക് കാണാനാകുമല്ലോ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. നിങ്ങൾ സിംഗപ്പൂരുകാർക്ക് കുട്ടിയുടുപ്പുകൾ ഇട്ട് നടക്കുന്ന വനിതകളുടെ നഗ്നമായ കാലുകളും തുടകളും കാണാനുള്ള ഭാഗ്യമുണ്ടല്ലോ എന്ന് ഞാനും അഭിപ്രായപ്പെട്ടു. സ്ഥിരമായി കാണുന്ന കാഴ്ച്ചകളേക്കാൾ ആസ്വാദ്യകരമാകുക വല്ലപ്പോഴും കാണാനാകുന്ന ദൃശ്യങ്ങളാണെന്നത്, യാത്രകളുടെ കാര്യത്തിലെന്ന പോലെ മറ്റ് പല സന്ദർഭങ്ങളിലും സത്യമാണ്.
10:45ന് ഞങ്ങൾ കൊളംബോ ഭണ്ഡാരനായകേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. ശ്രീലങ്കയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമാണിത്. ഇന്ത്യൻ സമയവും ശ്രീലങ്കൻ സമയവും തമ്മിൽ വ്യത്യാസം ഒന്നുമില്ലാത്തതുകൊണ്ട് വാച്ച് മുന്നോട്ടോ പിന്നോട്ടോ തിരിക്കേണ്ട ആവശ്യമില്ല. എമിഗ്രേഷൻ കൌണ്ടറിൽ വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. കൌണ്ടറിന് മുന്നിൽ മനോഹരമായ ബുദ്ധപ്രതിമ സ്ഥാപിച്ചിരിക്കുന്നു. ബുദ്ധമതക്കാർക്ക് ഭൂരിപക്ഷമുള്ള മരതക ദ്വീപിലെ ആദ്യത്തെ ബുദ്ധപ്രതിമയെ, നേഹ ക്യാമറയിൽ പകർത്തി.
സ്വാഗതമേകിക്കൊണ്ട് എയർപ്പോർട്ടിലെ ബുദ്ധപ്രതിമ |
ഇന്ത്യക്കാർക്ക് ‘വിസ ഓൺ അറൈവൽ‘ ആണെന്ന് മാത്രമല്ല, അതിനായി പണം ഒന്നും കൊടുക്കേണ്ട ആവശ്യവുമില്ല. എമിഗ്രേഷന്റെ എൻട്രി സ്റ്റാമ്പിനകത്ത് 30 Days എന്നെഴുതിക്കിട്ടിയ വിസയുമായി ഞങ്ങൾ വെളിയിൽക്കടന്നപ്പോൾ മാധവ് കുടുംബം കാത്തുനിൽക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ കൊച്ചിയിൽ നിന്നുള്ള 59ൽപ്പരം മറ്റ് റോട്ടറി പ്രവർത്തകരും. ഞങ്ങൾക്ക് കൊച്ചിയിൽ നിന്ന് കൊളംബോയിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് കിട്ടാതിരുന്നതിന്റെ കാര്യം ഈ റോട്ടറി സംഘം തന്നെയാണെന്ന് സ്പഷ്ടമായിരുന്നു.
കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകത്തിൻ നിന്നും ആന്ധ്രയിൽ നിന്നുമൊക്കെയായി 6 ബസ്സുകളിൽ നിറയാനുള്ള റോട്ടറി അംഗങ്ങളാണ് ശ്രീലങ്കയിൽ വന്നിറങ്ങിയിരിക്കുന്നത്. അവരെ സ്വീകരിക്കാനും ബസ്സിൽ കയറ്റി കാൻഡിയിലേക്ക് കൊണ്ടുപോകാനുമുള്ള സ്വാഗതസംഘം വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. എമിഗ്രേഷൻ കഴിഞ്ഞ് എല്ലാവരും വെളിയിലിറങ്ങി തൊട്ടടുത്തുള്ള മണി എൿചേഞ്ച് സെന്ററുകളിൽ നിന്ന് ഡോളർ മാറി ശ്രീലങ്കൻ രൂപയാക്കി. തൽക്കാലം ആവശ്യത്തിലേക്കായി 200 ഡോളർ ഞാനും മാറ്റിയെടുത്തു. ആദ്യമായിട്ടാണ് ഇന്ത്യൻ രൂപയേക്കാൾ മൂല്യം കുറഞ്ഞ ഒരു രാജ്യത്തേക്ക് ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഞാൻ യാത്ര ചെയ്യുന്നത്. 1 രൂപ കൊടുത്തപ്പോൾ 2.3 ശ്രീലങ്കൻ രൂപയാണ് എയർപ്പോർട്ടിൽ നിന്ന് കിട്ടിയത്.
കുട്ടിപ്പട്ടാളം – ഋഷി. മിഹിർ & നേഹ |
പിന്നങ്ങോട്ട് ഫോട്ടോ സെഷൻ ആയിരുന്നു. സ്വീകരണക്കമ്മറ്റിക്കാർ കൊണ്ടുവന്ന പിങ്ക് നിറത്തിലുള്ള പുഷ്പഹാരമണിഞ്ഞ് റോട്ടറിക്കാർ എല്ലാവരും പടങ്ങളെടുത്തു. റോട്ടറിക്കാരല്ലാത്ത ഞങ്ങൾ നിരക്ഷരകുടുംബം അത് നോക്കി നിന്ന് ആസ്വദിച്ചു. പിന്നീട്, റോട്ടറിക്കാർ മാലയൊക്കെ ഊരിവെച്ച നേരത്ത് അതൊക്കെ കഴുത്തിലണിഞ്ഞ് ഒരു പടം ഞാനുമെടുത്തു.
എയർപ്പോർട്ടിന് വെളിയിൽ സ്വാഗതസംഘം ബാക്കിവെച്ചുപോയ മാലകളുമിട്ട് |
കൊച്ചിയിൽ നിന്ന് കുറച്ച് റോട്ടറിക്കാർ തലേന്ന് തന്നെ കൊളംബോയിൽ വന്ന് തമ്പടിച്ചിട്ടുണ്ട്. അവർ വാടകയ്ക്കെടുത്തിരിക്കുന്ന വാഹനവുമായി വന്ന് ഞങ്ങളെ സ്വീകരിച്ച്, എല്ലാവരും ഒരുമിച്ച് കാൻഡിയിലേക്ക് പോകുമെന്നാണ് മാധവിന്റെ പ്രോഗ്രാമിലുള്ളത്. പക്ഷെ സ്വീകരണക്കമ്മറ്റിക്കാർ എയർപ്പോർട്ടിൽ എത്തിയില്ല. അതുകൊണ്ട് മറ്റൊരു വാൻ പിടിച്ച് ഞങ്ങൾ കാൻഡിയിലേക്ക് തിരിച്ചു. റോട്ടറിയുടെ ഗവർണ്ണർ അടക്കമുള്ളവർ വാനിലുണ്ട്. അതുകൊണ്ടുതന്നെ ഞാൻ അൽപ്പം അസ്വസ്ഥനായിരുന്നു. അതിന് കാരണമുണ്ട്. കാൻഡിയിലേക്കുള്ള യാത്രാമദ്ധ്യേ ശ്രീലങ്കയിൽ എന്തായാലും സന്ദർശിച്ചിരിക്കണം എന്ന് ഞാൻ കരുതിയിരിക്കുന്ന ഒരിടമുണ്ട്. റോട്ടറിക്കാൻ എല്ലാവരും കൂടെ എന്റെ ആ ലക്ഷ്യത്തെ അട്ടിമറിച്ചേക്കുമോ എന്ന് ഞാൻ സംശയിച്ചു. കൊളംബോയിൽ നിന്ന് വണ്ടിയിൽ കയറുന്നതിന് മുൻപേ തന്നെ എന്റെ ആശങ്ക ഞാനവരെ അറിയിക്കുകയും, എന്റെ താൽപ്പര്യപ്രകാരം തന്നെയാകാം യാത്രയെന്ന് അവർ സമ്മതിക്കുകയും ചെയ്തു. അവർക്ക് വൈകീട്ട് 7 മണിക്ക് മുന്നേ കാൻഡിയിൽ എത്തി അന്നേ ദിവസത്തെ മീറ്റിങ്ങിൽ പങ്കെടുക്കാനായാൽ മാത്രം മതി.
വാഹനം മെല്ലെ എയർപ്പോർട്ടിൽ നിന്ന് കാൻഡിയെ ലക്ഷ്യമാക്കി നീങ്ങി. വാൻ ചലിക്കാൻ തുടങ്ങിയതോടെ സിംഗള രാജ്യത്തെ മറ്റ് പ്രത്യേകതകളിൽ കണ്ണുകൾ ഉടക്കാൻ തുടങ്ങി. കേരളത്തേക്കാൾ പച്ചപ്പുള്ള രാജ്യമായിട്ടാണ് കാൻഡിയിലേക്കുള്ള യാത്രയിൽ ഞാൻ ലങ്കയെ കണ്ടത്. ഇനിയുമുണ്ടല്ലോ മൂന്ന് ദിവസങ്ങൾ കൂടെ; പൂർണ്ണമായ ഒരു വിലയിരുത്തലിന് സമയമായിട്ടില്ല. റോഡിനിരുവശവും നമ്മുടെ നാട്ടിലെ ദേവാലയങ്ങളുടെ കാണിക്ക വഞ്ചി എന്നതുപോലെ വലുതും ചെറുതുമായ ബുദ്ധപ്രതിമകൾക്ക് ഒരു ക്ഷാമവും ഇല്ല. പക്ഷെ ബുദ്ധസന്യാസിമാരെ ആരേയും ഈ യാത്രയിൽ കാണാനായില്ല. പുരുഷന്മാരുടെതുപോലെ അരക്കൈയ്യൻ ഷർട്ട് അല്ലെങ്കിൽ ടീ-ഷർട്ടും മുട്ടിന് താഴെ വരെ നിൽക്കുന്ന പാവടയുമിട്ട എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ഗോവയിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ അനുസ്മരിപ്പിച്ചു. എടുത്ത് പറയേണ്ട മറ്റൊരു കാര്യം, കുണ്ടും കുഴിയുമൊന്നും ഇല്ലാതെ നടുവിലും വശങ്ങളിലും വെള്ള വരകളുള്ള മനോഹരമായ റോഡുകളാണ്. വഴിയരുകിൽ എങ്ങും അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങളില്ല, കുപ്പക്കൂനകളില്ല, ദുർഗ്ഗന്ധമില്ല. അൽപ്പമെങ്കിലും പ്രാധാന്യമുള്ള നാൽക്കവലകൾക്ക് നടുക്കായി ഒരു ക്ലോക്ക് ടവർ സാധാരണ കാഴ്ച്ചയാണ്. കോളനി വാഴ്ച്ചക്കാലത്തുണ്ടായതാകാം അതെല്ലാം. അതിൽ ചിലതൊക്കെ ഇപ്പോൾ ഇലൿട്രോണിൿ ക്ലോക്കുകളാണ്. ഇങ്ങനെയൊക്കെ തന്നെയാണ് ലങ്കയിലെ എല്ലാ പ്രദേശങ്ങളുമെങ്കിൽ ഇതുവരെ ലങ്കയെപ്പറ്റി മനസ്സിലുണ്ടായിരുന്ന പല മിഥ്യാധാരണകളും ഈ യാത്രയോടെ തിരുത്തപ്പെടുമെന്ന് എനിക്ക് തോന്നി.
വാഹൽക്കട റസ്റ്റോറന്റ് |
95 കിലോമീറ്ററോളം യാത്രയുണ്ട് കൊളംബോയിൽ നിന്ന് കാൻഡിയിലേക്ക്. ഒരു മണിക്കൂറോളം ഓടിയശേഷം വാഹനം റോഡരുകിൽ എവിടെയോ നിന്നു. ഉച്ചയൂണിന്റെ സമയമാണ്. ശ്രീലങ്കയിലെ ആദ്യത്തെ ഭക്ഷണം. കാഴ്ച്ചയ്ക്ക് മോശമില്ലാത്ത വാഹൽക്കട എന്ന് പേരുള്ള ഒരു റസ്റ്റോറന്റിന്റെ മുന്നിലാണ് വണ്ടി നിർത്തിയിരിക്കുന്നത്. അതിനകത്തെ സജ്ജീകരണങ്ങളും കൊള്ളാം. റസ്റ്റോറന്റിന്റെ പുറകുവശത്തെ വരാന്തയിലൂടെ ഒരു മരം കടന്നുപോകുന്നു. കെട്ടിടത്തിന് പിന്നിലൂടെ ഒരു അരുവിയും ഒഴുക്കുന്നുണ്ട്. അതിന്റെ കൊഞ്ചലും കേട്ട് വെളിയിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൌകര്യമുണ്ട്. തേക്കിൽ ഉണ്ടാക്കിയ മേശകൾക്കും കസേരകൾക്കുമെല്ലാം നല്ല കനവും അതിനൊത്ത ഭംഗിയുമുണ്ട്.
റസ്റ്റോറന്റിന് പിന്നിലൂടെ ഒരു അരുവി |
540 ശ്രീലങ്കൻ രൂപയുടെ ബുഫേ എല്ലാവരും ആസ്വദിച്ച് തന്നെ കഴിച്ചു. വെജിറ്റബിൾ കറികൾ വളരെ വ്യത്യസ്തമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. കേരളത്തിലാണെങ്കിൽ, അത്രയ്ക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് വല്ലപ്പോഴും മാത്രം കഴിക്കുന്ന വഴുതനങ്ങാ തോരനാണ് എന്നെ കൂടുതൽ ആകർഷിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ എവിടെന്നെല്ലാം വഴുതനങ്ങാ തോരൻ കഴിച്ചോ അവിടെയെല്ലാം വ്യത്യസ്ഥമായ ഇതേ രുചിതന്നെയാണ് അനുഭവപ്പെട്ടത്. അബുദാബിയിൽ ചെന്ന ഉടനെ വഴുതനങ്ങ തോരൻ അടക്കം ശ്രീലങ്കയിലെ ചില പാചകവിധികൾ കമാലിൽ നിന്ന് പഠിക്കണമെന്ന് ഞാൻ തീർച്ചപ്പെടുത്തി. ഒരു സഹപ്രവർത്തകനെന്നതിലുപരി നല്ലൊരു സുഹൃത്തും ഒന്നാന്തരം പാചകവിദഗ്ദ്ധനും കൂടെയാണ് കമാൽ.
വാഹൽക്കടയുടെ അന്തർഭാഗത്ത് |
ബുഫേ കഴിഞ്ഞു. ഹോട്ടലിനകത്തും പുറത്തുമൊക്കെ നിന്ന് ഫോട്ടോയൊക്കെ എടുത്ത് എല്ലാവരും വാനിലേക്ക് കയറി. ശ്രീലങ്കയിൽ ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന പിന്നവള എന്ന സ്ഥലത്തേക്കാണ് ഇനി യാത്ര.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.