ഈ ലേഖനം മാതൃഭൂമി (2011 ഒൿടോബർ 30 ലക്കം) ബ്ലോഗനയിൽ |
ചില കാര്യങ്ങളിൽ തിരുവനന്തപുരത്തുകാരോട് ശരിക്കും അസൂയ തോന്നാറുണ്ട്. ഫിലിം ഫെസ്റ്റിവലുകൾ, സൂര്യയുടെ സംഗീതോത്സവങ്ങൾ, എന്നിങ്ങനെ ദേശീയ തലത്തിലും അല്ലാത്തതുമായ ഒരുപാട് കലാകാരന്മാരുടെ വ്യത്യസ്തമായ പരിപാടികൾ കാണാൻ അവർക്കാകുന്നുണ്ട്. എറണാകുളത്ത് താരതമ്യേന അത്തരം പരിപാടികൾ കുറവാണ്. ലളിത കലാ അക്കാഡമി ഹാളിലെ പരിപാടികൾക്ക് അംഗങ്ങൾ കയറി ഇരുന്ന ശേഷം ഹാളിൽ ഇടം ഉണ്ടെങ്കിൽ മാത്രമേ മറ്റുള്ളവരെ പ്രവേശിപ്പിക്കൂ. ഒരില ചോറിനായി കല്യാണവീട്ടിലെ തിരക്കൊഴിയാൻ പന്തലിന് വെളിയിൽ കാത്തുനിൽക്കുന്ന ഭിക്ഷക്കാരന്റെ ഗതികേടാണത്. നല്ലൊരു കലാപ്രകടനം കാണാമല്ലോ എന്ന ചിന്ത മാത്രമാണ് പലപ്പോഴും അതിനെ അതിജീവിക്കാറുള്ളത്. അംഗത്വം എടുക്കാൻ ലക്ഷങ്ങൾ ചിലവാക്കാൻ എത്രപേരെക്കൊണ്ടാവും ? അങ്ങനെയുള്ള സാഹചര്യത്തിൽ JTPAC(http://jtpac.org/)ശരിക്കും ഒരു ആശ്വാസമാണ്. മേൽപ്പറഞ്ഞതുപോലെയുള്ള വ്യത്യസ്തമായ പരിപാടികൾ കാണാൻ JTPAC സൌകര്യമൊരുക്കുന്നു. ജോസ് തോമസിന് നന്ദി പറയാതെ വയ്യ.
അവസാനമായി JTPACൽ പോയത് പ്രമുഖ നർത്തകി ഡോ: മല്ലികാ സാരാഭായിയുടെ, India – Now, Then, Forever എന്ന നൃത്തപരിപാടി കാണാനാണ്. അത്ര നിസ്സാരമായി നർത്തകി എന്ന ലേബലിൽ മാത്രം മല്ലികാ സാരാഭായിയെ ഒതുക്കിപ്പറയുന്നത് അക്ഷന്തവ്യമായ അപരാധമാണ്. നർത്തകി, നടി, പ്രക്ഷോഭകാരി, നൃത്തസംവിധായിക, അദ്ധ്യാപിക, എഴുത്തുകാരി, പ്രസാധക, സാമൂഹ്യപ്രവർത്തക, എന്നിങ്ങനെയുള്ള വിശേഷണങ്ങൾ തികയാതെ വരും പത്മഭൂഷൺ നൽകി രാഷ്ട്രം ആദരിച്ച ഈ വനിതാരത്നത്തെപ്പറ്റി പറയുമ്പോൾ. എന്നിരുന്നാലും ഒരു കമ്മ്യൂണിക്കേറ്റർ എന്ന നിലയ്ക്ക് സ്വയം പരിചയപ്പെടുത്താനാണ് അവർക്ക് താൽപ്പര്യം. ശരിയാണ്, മുകളിൽപ്പറഞ്ഞ എല്ലാ മേഖലകളിലൂടെയും, സമൂഹത്തിന്റെ പരിവർത്തനത്തിന് അവശ്യം കൈക്കൊള്ളേണ്ട നിലപാടുകൾ ജനങ്ങളിലേക്ക് പ്രചരിപ്പിക്കാനാണ് മല്ലിക സാരാഭായ് ശ്രമിക്കുന്നത്. നൃത്തത്തിന്റെ വഴി അതിലൊന്ന് മാത്രമാണവർക്ക്. മറ്റുള്ള വഴികൾ ഓരോന്നും നമ്മൾ ഇന്ത്യാക്കാർ സമയാ സമയത്ത് കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളതാണ്. രണ്ടാഴ്ച്ച മുന്നേ നരേന്ദ്ര മോഡിയുടെ പൊലീസ്, നർത്തകിയെ അറസ്റ്റ് ചെയ്ത് നീക്കിയതിന്റെ വാർത്തകൾ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചതാണ്.
നൃത്തരൂപങ്ങളിൽ ഒന്നിൽ നിന്ന്…. |
നൃത്തരൂപത്തെപ്പറ്റി അൽപ്പമെങ്കിലും പറയാതെ മറ്റ് കാര്യങ്ങൾ പറയുന്നത് അസ്ഥാനത്താകുമെന്ന് അറിയാം. ട്രൈബൽ നൃത്തത്തിന്റെ വളരെ വ്യത്യസ്തമായ ചുവടുകൾ ചവിട്ടി ആരംഭിക്കുന്ന നൃത്തപരിപാടി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നതും വളർന്നുവന്നതുമായ നൃത്തരൂപങ്ങളിലൂടെ കടന്ന് ചക്രവ്യൂഹത്തിലെ അഭിമന്യുവിലൂടെ സഞ്ചരിച്ച്, ഹിന്ദി സിനിമാ ഗാനങ്ങളിലെ ഗാനരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന കമ്പോസിങ്ങിലൂടെ ക്ലൈമാക്സിലെത്തുമ്പോൾ, മല്ലിക സാരാഭായി എന്ന പ്രധാന നർത്തകിക്കൊപ്പം മറ്റ് സംഘാംഗങ്ങളുടെ കൂടെ നൃത്തചാരുതയും മെയ്‌വഴക്കവുമാണ് കാണികൾക്ക് ദൃശ്യവിരുന്നാകുന്നത്. ഓരോ നൃത്തരൂപങ്ങൾ കഴിയുമ്പോഴും നീണ്ടുനിൽക്കുന്ന കൈയ്യടി കാണികളുടെ ഉള്ളിന്റെ ഉള്ളിൽ നിന്നുള്ളതാണ്. കൈയ്യടി മുഴുവനാകും മുൻപേ വേഷം മാറി അടുത്ത നൃത്തരൂപവുമായി കലാകാരന്മാർ രംഗത്തെത്തുന്നു. അമ്മ, മൃണാളിണി സാരാഭായി തുടങ്ങിവെച്ച ദർപ്പണ അക്കാഡമി ഓഫ് പെർഫോമിങ്ങ് ആർട്ട്‌സിലെ കലാകാരന്മാർ നൃത്തത്തോടൊപ്പം യോഗാഭ്യാസവും ജീവിതചര്യ ആക്കിയവരാണെന്ന് നൃത്തരൂപങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ക്ലാസ്സിക്കൽ, നാടോടി, ട്രൈബൽ എന്നിങ്ങനെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഒന്നിനൊന്ന് വ്യത്യസ്തമായ നൃത്തരൂപങ്ങൾക്കനുസരിച്ച് വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്ന കലാകാരന്മാർക്കും വേദിയിൽ സ്ഥാനഭ്രംശം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒന്നിലധികം വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്ന കലാകാരന്മാരാണ് സംഘത്തിലുള്ളവരിൽ പലരും. ജയൻ മേനോൻ എന്ന കലാകാരന്റെ പ്രധാന ജോലി ഗായകന്റേതാണെങ്കിലും, പാട്ടിനൊപ്പം തന്നെ അഞ്ചോളം വാദ്യോപകരണങ്ങൾ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. വാദ്യമേളങ്ങൾ മാത്രം സമ്മേളിപ്പിച്ചുകൊണ്ടുള്ള ഒരു രംഗത്തിൽ നർത്തകരെപ്പോലെ തന്നെ വാദ്യമേളക്കാരും മികവുറ്റവരാണെന്ന് തെളിയിക്കുന്നുണ്ട്.
‘യേ ക്യാ തമാശാ ഹേ‘ എന്ന നൃത്തശിൽപ്പത്തിൽ നിന്ന് |
ഭാരതീയ സംസ്ക്കാരത്തിന്റേയോ പൈതൃകത്തിന്റേയോ ഭാഗമായ ഏതെങ്കിലും ഒരു നൃത്തരൂപത്തോട് നീതി പുലർത്തുന്ന ഒരു തുണ്ടിനായി പൊയ്‌മുഖങ്ങൾക്കിടയിൽ തിരയുന്ന മല്ലികയെത്തന്നെയാണ്, ‘യേ ക്യാ തമാശാ ഹേ’ എന്ന് തുടങ്ങുന്നതും ഹിന്ദി സിനിമാ ഗാനത്തെ അനുസ്മരിപ്പിക്കുന്നമായ നൃത്തരംഗത്ത് പ്രേക്ഷകർ കാണുന്നത്. മാറിടം കുലുക്കി നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ, നൃത്തസംവിധായകന്റെ തലയ്ക്ക് കസേര കൊണ്ടടിച്ച് ഹിന്ദി സിനിമയിൽ നിന്നുതന്നെ ഇറങ്ങിപ്പോന്ന വ്യക്തിത്വത്തിന് ഉടമയാണവർ. സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ഒരു ചെറിയ നീക്കത്തെപ്പോലും ശക്തിയുക്തം അവർ എതിർത്തിരിക്കുമെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടത് ?
സ്വാതന്ത്ര്യസമര പോരാളികളായ ക്യാപ്റ്റൻ ലക്ഷ്മിയേയും കുട്ടിമാളു അമ്മയേയും പോലുള്ള ധീരവനിതകളെ കണ്ടും കേട്ടും അറിഞ്ഞും വളർന്ന ആനക്കര വടക്കത്ത് തറവാട്ടിലെ ഒരംഗത്തിന്റെ പോരാട്ടം സ്വതന്ത്ര ഇന്ത്യയിൽ ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്. അതിനവർ നൃത്തവും എഴുത്തും വിദ്യാർത്ഥികൾ അടക്കമുള്ള സ്ത്ര്രീസമൂഹത്തിലേക്ക് നേരിട്ടിറങ്ങിച്ചെന്നുള്ള പ്രവർത്തനവുമൊക്കെ മാർഗ്ഗമാക്കുന്നു. വ്യവസ്ഥാപിത രാഷ്ട്രീയക്കാരോട് ഏറ്റുമുട്ടി കെട്ടിവെച്ച കാശ് നഷ്ടപ്പെടുന്നതിൽ അവർക്കൊട്ടും ദുഃഖമില്ല. പക്ഷെ, പോരാട്ടത്തിനൊടുവിൽ എന്നെങ്കിലും സ്വതാൽപ്പര്യങ്ങൾക്ക് അതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന, കക്ഷിരാഷ്ട്രീയക്കാരന്റെ കൊടിക്കീഴിലല്ലാതെ അണിനിരക്കാൻ പോന്ന 50 പേരെയെങ്കിലും പാർലിമെന്റിൽ എത്തിക്കാൻ പറ്റിയാൽ നാടിന്റെ കഷ്ടകാലം കഴിയുമെന്നവർ വിശ്വസിക്കുന്നു. ലക്ഷ്യത്തിലെത്താൻ സഹായത്തിനായി ബ്ലോഗുകൾ പോലുള്ള ആയുധങ്ങൾ നമുക്കില്ലേ എന്നവർ ചോദിക്കുന്നു.
സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളോട് കേരള വനിതകളുടെ പ്രതികരണം ഇപ്പോഴുള്ള നിലയിലല്ല വേണ്ടത്. പ്രായപൂർത്തിയായ പെൺകുട്ടികളുടെ ബാദ്ധ്യത ഒഴിവാക്കാൻ മാതാപിതാക്കൾ നൽകുന്ന കൈക്കൂലിയാണ് സ്ത്രീധനം. അത് ആദ്യം മനസ്സിലാക്കേണ്ടത് പെൺകുട്ടികൾ തന്നെയാണ്. ഇപ്പോൾ കേരള സ്റ്റേറ്റ് വിമൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷനുവേണ്ടി ഒരു ബോധവൽക്കരണ പദ്ധതിയിൽ വ്യാപൃതയാണവർ. കേരളത്തിലെ ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥിനികളിലേക്ക് പോരാട്ടത്തിന്റെ വീര്യം അവർ പകർന്നു നൽകുന്നത്, ഇനിയുള്ള നാളുകളിൽ നമുക്ക് കാണാനായെന്ന് വരും.
പത്മഭൂഷൻ ഡോ:മല്ലികാ സാരാഭായ് |
സുഗതകുമാരി ടീച്ചറും അജിതയുമൊക്കെ കഴിഞ്ഞാൽ എടുത്ത് പറയാൻ ഒരു വനിതയുടെ ശബ്ദമുണ്ടോ പുതുതലമുറയിലെന്ന് അവർ ചോദിക്കുമ്പോൾ മലയാളിപ്പെണ്ണുങ്ങൾക്കും മറുപടി ഉണ്ടായെന്ന് വരില്ല. വിക്രം സാരാഭായ് ഒരു ക്യാബറേ നർത്തകിയെയാണ് വിവാഹം ചെയ്ത് കൊണ്ടുചെന്നതെന്ന് വടക്കേ ഇന്ത്യക്കാരിൽ ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് അമ്മ മൃണാളിണി സാരാഭായിയെ ഉദ്ധരിച്ച് മല്ലിക പറയുന്നു. താൻ ദക്ഷിണേന്ത്യയിൽ നിന്ന് സ്ത്രീധനമായി കൊണ്ടുചെന്നത് നൃത്തകലയുടെ മൂർത്തഭാവങ്ങളാണെന്ന് മൃണാളിണി സാരാഭായ് പറയുമ്പോൾ, വർഷങ്ങൾക്ക് ശേഷം ആ അമ്മയുടെ മകൾ കേരളത്തിലേക്ക് സംഭരിച്ച് കൊണ്ടുവരുന്നത് നിലനിൽപ്പിന്റേയും പോരാട്ടത്തിന്റേയും പുതിയ ചുവടുകൾ അല്ലെന്ന് ആരുകണ്ടു ?!
പ്രേക്ഷകരോട് സംവദിച്ചുകൊണ്ട് അൽപ്പനേരം. |
JTPAC ലെ രണ്ട് മണിക്കൂറിനടുക്കെ വരുന്ന നൃത്തസന്ധ്യയ്ക്കും അതിനുശേഷം പ്രേക്ഷകരുമായി സംവദിച്ച 15 മിനിറ്റ് സമയത്തും മല്ലികാ സാരാഭായ് എന്ന വ്യക്തിപ്രഭാവം പകർന്നു നൽകിയത് നൃത്തകലയ്ക്കൊക്കെ ഉപരിയായ അത്തരം ചില പ്രതീക്ഷകളായിരുന്നു.
ആദ്യത്തെ മൂന്ന് ചിത്രങ്ങൾക്ക് കടപ്പാട് :- http://www.mallikasarabhai.com/