മറ്റുള്ളവന്റെ മാലിന്യം മൂലമുണ്ടാകുന്ന ദുരിതങ്ങൾ സഹിച്ച് ജീവിക്കാനാവില്ലെന്ന് പൊലീസിനോടും ഭരണാധികാരികളോടും തീർത്തുപറഞ്ഞുകൊണ്ട് വിളപ്പിൽശാല ഗ്രാമം ഒറ്റക്കെട്ടായി നടത്തിയ ഒരു ചെറുത്തുനിൽപ്പ് ഇന്ന് കേരളം കണ്ടു. നീതിപീഠത്തിന്റെ ആജ്ഞയ്ക്ക് പുല്ലുവില കൽപ്പിച്ചുകൊണ്ട് ഈ ഒരു ദിവസത്തേക്കെങ്കിലും വിജയം നേടാൻ വിളപ്പിൽശാലയിലെ ജനങ്ങൾക്കായി. പക്ഷെ, നാളെ മാലിന്യക്കൂമ്പാരവുമായി ലോറികൾ വീണ്ടും വിളപ്പിൽശാലയിൽ എത്തിയെന്ന് വരും. നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. ചെറുത്ത് നിൽപ്പ് എവിടെ വരെ പോകുമെന്നും ആർക്കായിരിക്കും അന്തിമ വിജയമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
സമരസമിതി ജയിച്ചാലും ഭരണകൂടം ജയിച്ചാലും ഒരു വശത്ത് തോൽക്കപ്പെടുന്നത് ജനങ്ങൾ തന്നെയാണ്. ഒന്നുകിൽ വിളപ്പിൽശാലയിലെ ജനങ്ങൾ, അല്ലെങ്കിൽ തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾ. തലസ്ഥാനത്തെ ഈ പ്രശ്നം ഒരു സൂചന മാത്രമാണ്. മാലിന്യത്തെച്ചൊല്ലിയുള്ള ഇത്തരം ശക്തമായ പ്രക്ഷോഭങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഇനിയും ഉയർന്നുവരാൻ പോകുന്നതേയുള്ളൂ.
കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കിയേ തീരൂ. അതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ആകാശ നഗരം, മെട്രോ റെയിൽ, അതിവേഗ റെയിൽ എന്നിങ്ങനെയുള്ള പദ്ധതികളെ വികസനമായി കണക്കാക്കി മുന്നോട്ട് പോകുന്നതിന് പകരം മാലിന്യനിർമ്മാർജ്ജനത്തിനായുള്ള പഴുതുകളില്ലാത്ത പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ് ചെയ്യേണ്ടത്. ശുചിത്വമുള്ള അന്തരീക്ഷവും, കുണ്ടും കുഴിയും ഇല്ലാത്ത റോഡുകളും, രോഗബാധിതരല്ലാത്ത ജനങ്ങളുമൊക്കെയാണ് യഥാർത്ഥ വികസനത്തിന്റെ മുഖമുദ്രകൾ.
ഈ വിഷയത്തിൽ ‘മാലിന്യ വിമുക്ത കേരളം‘ എന്ന പേരിൽ ഒരു ലേഖനം മുൻപൊരിക്കൽ എഴുതിയിരുന്നു. അതിനനുബന്ധമായും അതിനോട് ചേർത്തും വായിക്കാനായി, അനുഭവത്തിന്റെ വെളിച്ചത്തിൽ കുറച്ച് കാര്യങ്ങൾ കൂടെ എഴുതിയിടുന്നു.
കുറച്ച് നാളുകളായി ഞങ്ങളുടെ വീട്ടിൽ(ഫ്ലാറ്റ്) നിന്ന് ഭക്ഷ്യമാലിന്യങ്ങൾ കൊച്ചിൻ കോർപ്പറേഷന് നൽകാറില്ല. മാലിന്യമായി നൽകുന്നത് പ്ലാസ്റ്റിക്കും പേപ്പറും മാത്രം. ഭക്ഷ്യ മാലിന്യങ്ങൾ മുഴുവൻ വീട്ടിൽത്തന്നെ വളമാക്കി മാറ്റപ്പെടുന്നു. ഫ്ലാറ്റിലോ പരിസരത്തോ മാലിന്യം മൂലമുള്ള നാറ്റം പോലും ഉണ്ടാക്കാതെയാണ് ഇത് സാധിക്കുന്നത്. Credai Clean City Movement എന്ന സംരംഭത്തിന്റെ ഭാഗമായി 1500 രൂപ ചിലവഴിച്ചാണ് ഇത് സാദ്ധ്യമാക്കിയത്. ഇതിന്റെ കൃത്യമായി രീതികൾ മനസ്സിലാക്കാൻ പ്രസ്തുത ഏജൻസി തയ്യാറാക്കിയ ലഘുലേഖ താഴെച്ചേർക്കുന്നു. ചിത്രത്തിൽ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം.
![]() |
| 3 തട്ടുകളുള്ള മൺചട്ടികൾ |
ഈ സജ്ജീകരണത്തിലൂടെ ജൈവ വളമാക്കി മാറ്റപ്പെടുന്ന മാലിന്യം, ചെറിയ ചാക്ക് ഒന്നിന് 35 രൂപ നിരക്കിൽ വിറ്റ് വരുമാനം ഉണ്ടാക്കാൻ പറ്റും എന്നതാണ് മറ്റൊരു പ്രധാന നേട്ടം. മൺചട്ടികൾക്കും, ഉപകരണങ്ങൾക്കും, സ്റ്റാർട്ടർ ആയി ഉപയോഗിക്കുന്ന വളത്തിനും, ബയോകൾച്ചർ മിശ്രിതത്തിനുമൊക്കെ ചേർത്താണ് 1500 രൂപ ചിലവ് വരുന്നത്. അത് സാധാരണക്കാർക്ക് എല്ലാവർക്കും താങ്ങാൻ പറ്റുന്ന ഒരു തുകയല്ല. പക്ഷെ, ഒരു ദിവസം 2 കിലോ വരെ അടുക്കള മാലിന്യം സംസ്ക്കരിക്കാൻ പറ്റുന്ന ഈ സംവിധാനം രണ്ട് വീട്ടുകാർക്ക് ചേർന്ന് സ്വന്തമാക്കാൻ പറ്റിയെന്ന് വരും. അതുമല്ലെങ്കിൽ കുറച്ച് തുക സബ്‌സിഡി നൽകി സർക്കാർ തന്നെ ഓരോ വീടുകളിലും ഈ സംരംഭം നടപ്പിലാക്കാനുള്ള നടപടികൾ കൈക്കൊള്ളണം. കൈയ്യിൽ നിന്ന് പണം മുടക്കി ഇത് വാങ്ങാൻ യാതൊരു നിവൃത്തിയും ഇല്ലാത്ത മൂന്നോ നാലോ വീട്ടുകാർക്ക് വേണ്ടി ഒരു യൂണിറ്റ്, സർക്കാർ സൌജന്യമായി നൽകണം. എറണാകുളത്തെ ഒരു നക്ഷത്രഹോട്ടലിൽ ഇതേ സംവിധാനത്തിന്റെ വലിയ പതിപ്പ് ഉപയോഗിച്ച് 100 കിലോ മാലിന്യമാണ് ഒരു ദിവസം സംസ്ക്കരിക്കപ്പെടുന്നത്. ഹോട്ടലുകളിലും മറ്റും അടുക്കള മാലിന്യത്തിൽ നിന്ന് ബയോഗ്യാസ് നിർമ്മിക്കുന്ന രീതിയോ അല്ലെങ്കിൽ മേൽപ്പറഞ്ഞ പദ്ധതിയോ നിർബന്ധമാക്കണം.
![]() |
| തുടക്കക്കാർക്ക് കിട്ടുന്ന കിറ്റ്, കറുത്ത നിറത്തിൽ ഫൈനൽ പ്രോഡൿറ്റ്. |
![]() |
| ചട്ടിയുടെ ഉൾവശം. |
ഇതുപയോഗിക്കേണ്ട രീതി ജനങ്ങളെ പഠിപ്പിക്കാനും ബോധവൽക്കരിക്കാനും ഉദ്യോഗസ്ഥ തലത്തിൽ സാദ്ധ്യമായ എല്ലാ ഏർപ്പാടുകളും ചെയ്യണം. പഞ്ചായത്ത് മെമ്പർ അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ ഇതിനായി സന്നദ്ധപ്രവർത്തകരായി മുന്നിട്ടിറങ്ങണം. മാലിന്യം അലക്ഷ്യമായി അവിടവിടെ നിക്ഷേപിക്കുന്നതുകൊണ്ടുള്ള ദൂഷ്യഫലങ്ങൾ കൃത്യമായി അറിയാത്തതുകൊണ്ടും, മാലിന്യസംസ്ക്കരണ മാർഗ്ഗങ്ങൾ ഒന്നും കൈവശമില്ലാത്തതുകൊണ്ടുമാണ്, നല്ലൊരു വിഭാഗം ജനങ്ങൾ മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കവറിൽക്കെട്ടി അന്യന്റെ പറമ്പിലേക്കോ കായലിലേക്കോ കടലിലേക്കോ കൊണ്ടുതള്ളുന്നത്. ചിക്കൻ ഗുനിയ, തക്കാളിപ്പനി എന്നിങ്ങനെയുള്ള രോഗങ്ങളുടേയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടേയുമൊക്കെ കാരണം ഇതൊക്കെയാണെന്ന് പറഞ്ഞാൽ ജനം മനസ്സിലാക്കാതിരിക്കില്ല.
മാലിന്യം സൃഷ്ടിക്കപ്പെടുന്നിടത്ത് തന്നെ സംസ്ക്കരിക്കപ്പെടാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഗ്രാമങ്ങളിൽ സ്വന്തമായി പുരയിടമുള്ള എല്ലാ വീട്ടുകാർക്കും അടുക്കള മാലിന്യം പറമ്പിൽത്തന്നെ നിർമ്മാജ്ജനം ചെയ്യുകയെന്നത് അത്രയ്ക്കധികം അദ്ധ്വാനമോ ചിലവോ ഇല്ലാത്ത കാര്യമാണ്.
വിദ്യാലയങ്ങളിൽ എല്ലാ ക്ലാസ്സുകളിലും മാലിന്യനിർമ്മാർജ്ജനത്തിന്റെ ആവശ്യകതയും പാഠ്യവിഷയമാക്കുക. കുട്ടികളെ കണ്ട് വീട്ടിലുള്ള വലിയവർ പഠിക്കും എന്നതോടൊപ്പം യഥാവിധിയുള്ള മാലിന്യനിർമ്മാർജ്ജനത്തിന്റെ ആവശ്യകത അറിയുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കാനും ഇതുമൂലം സാദ്ധ്യമാകും.
ഇങ്ങനെ ചില കാര്യങ്ങൾ ആത്മാർത്ഥമായി ചെയ്യാനായാൽ ചുരുങ്ങിയ കാലം കൊണ്ട് കാര്യങ്ങൾ നിയന്ത്രവിധേയമാക്കാൻ നമുക്കാകും. മാലിന്യസംസ്ക്കരണത്തിന് കേരള സംസ്ഥാനം ഒട്ടുക്ക്, അല്ലെങ്കിൽ രാജ്യം മുഴുവനും തന്നെ ഇത്തരത്തിലോ അല്ലെങ്കിൽ ഇതിനേക്കാൾ ഫലപ്രദമായ എന്തെങ്കിലും സംവിധാനമോ കൊണ്ടുവന്നേ പറ്റൂ. അല്ലെങ്കിൽ കേരളം മൊത്തമായി ചീഞ്ഞ് നാറി രോഗഗ്രസ്തമാകുന്ന ഒരു അവസ്ഥാ വിശേഷം സംജാതമാകാൻ അധികം താമസമില്ല.
വാൽക്കഷണം:- ഇലൿട്രോണിക് മാലിന്യം എന്ന മറ്റൊരു ഭീകരമായ സംഭവം കൂടെ രംഗപ്രവേശനം ചെയ്തു കഴിഞ്ഞിരിക്കുന്നു. നിലവിലുള്ള മാലിന്യ പ്രശ്നങ്ങളൊക്കെ ഫലപ്രദമായി പരിഹരിച്ചിട്ട് വേണം അതേപ്പറ്റി എന്തെങ്കിലുമൊക്കെ ചർച്ചകളെങ്കിലും തുടങ്ങാൻ.
![]() |
| ക്രെഡായി പദ്ധതി വൻവിജയം – 29 ഫെബ്രുവരി 2012 ദീപിക വാർത്ത. |





