Monthly Archives: March 2012

traffic-signs

ചില ഗതാഗത ചിന്തകൾ


1. മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ വരെ പിഴ.

2. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ വരെ പിഴ.

3. ഹെൽമെറ്റ് ഉപയോഗിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 1500 രൂപ വരെ പിഴ.

4. സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ 1500 രൂപവരെ പിഴ.

5. തട്ടിവീഴ്‌ത്തി പാഞ്ഞുപോയാൽ 100,000 രൂപ പിഴ.

എന്നിങ്ങനെ ട്രാഫിക്ക് നിയമലംഘനങ്ങൾക്കുള്ള, കേന്ദ്രസർക്കാരിന്റെ അഞ്ചിരട്ടിയാക്കി പുതുക്കിയ നിരക്ക് പത്രങ്ങളിൽക്കൂടെ എല്ലാ ഡ്രൈവർമാരും അറിഞ്ഞുകാണുമല്ലോ ? തീർന്നിട്ടില്ല; നിശ്ചിത വലിപ്പത്തിൽ നമ്പർ എഴുതാതെ, ഫാൻസി നമ്പർ പ്ലേറ്റുകളുമായി ചെത്തുന്നവർക്കും പിടിവീണ് തുടങ്ങിയിരിക്കുന്നു.

ജനങ്ങളുടെ സുരക്ഷയേക്കാൾ ഉപരി ഖജനാവ് നിറയ്ക്കലാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ, ഇനിയും പറഞ്ഞ് തരാം ഗതാഗതവകുപ്പിന് പണമുണ്ടാക്കാനുള്ള ഒരുപാട് മാർഗ്ഗങ്ങൾ.

1. ഒറ്റക്കണ്ണൻ (ഒരു ഹെഡ് ലൈറ്റ് മാത്രം കത്തുന്ന) വണ്ടികൾക്ക് ഓരോന്നിനും 10,000 രൂപ വീതം പിഴയടിക്കുക. എന്നിട്ട് കണ്ണ് രണ്ടും നേരെയാക്കുന്നത് വരെ വണ്ടി പിടിച്ചിടുക. മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് തുല്യമാണ് ഒരു ഹെഡ് ലൈറ്റ് മാത്രം വെച്ച് വണ്ടി ഓടിക്കുന്നത്.

2. ബ്രേക്ക് ലൈറ്റ് കത്താത്ത വണ്ടികൾക്ക് 2500 രൂപ വരെ പിഴയടിക്കുക. ബ്രേക്ക് ലൈറ്റ് കത്തുന്നില്ലെങ്കിൽ എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് വാഹനം ഓടിക്കുന്ന ഓരോരുത്തർക്കും അറിയാവുന്നതാണ്. ടെസ്റ്റ് കഴിഞ്ഞ് വന്നാൽ ഉടനെ, ബാറ്ററി ലൈഫ് ദീർഘിപ്പിക്കുന്നതിനായി ബ്രേക്ക് ലൈറ്റ് വേർപെടുത്തുന്നത് നല്ലൊരു പങ്ക് പബ്ലിക് കാരിയർ വാഹനങ്ങളുടേയും പതിവാണ്.

3. ആധുനിക യുഗവും ആധുനിക വാഹനങ്ങളുമൊക്കെ ആയതുകൊണ്ട് ഇൻഡിക്കേറ്റർ ലൈറ്റ് സംവിധാനമൊക്കെ ഉണ്ടായിട്ടും അതൊന്നും പ്രകാശിക്കാത്ത/പ്രവർത്തിക്കാത്ത/പ്രവർത്തിപ്പിക്കാത്ത വണ്ടികൾക്ക് 1500 രൂപ വരെ പിഴയടിക്കുക.

4. ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ് മുതലായവ പകുതിയും മുക്കാലും മറഞ്ഞിരിക്കുന്ന രീതിയിൽ വലിയ ഇരുമ്പു ചട്ടക്കൂടുകൾക്കുള്ളിൽ, സജ്ജീകരിച്ചിരിക്കുന്ന വാഹനങ്ങൾക്ക് 2500 രൂപ പിഴയടിക്കുക. ടിപ്പർ ലോറികൾ അടക്കമുള്ള ഹെവി വാഹനങ്ങളുടെ പതിവാണ് ഇത്.

5. ഏറ്റവും ചുരുങ്ങിയത് വാഹനത്തിന്റെ ഡ്രൈവർ ഭാഗത്തുള്ള കണ്ണാടി (Right Side Mirror) എങ്കിലും ഇല്ലാത്ത/ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് 1500 രൂപ പിഴയടിക്കുക. വാഹനം വാങ്ങുന്ന ദിവസം മുതൽ ഇടത്തും വലത്തുമുള്ള കണ്ണാടികൾ മടക്കിവെച്ച് ഓടിക്കുക പല ഡ്രൈവർമാരുടേയും പതിവാണ്. ആവശ്യ സമയത്ത് ഇരുവശത്തേയും കണ്ണാടികളിലൂടെ നോക്കി വാഹനം ഓടിക്കാൻ ഡ്രൈവിങ്ങ് സ്ക്കൂളുകൾ മുതൽക്കേ ഡ്രൈവർമാരെ പരിശീലിപ്പിക്കുക.

6. കോടതി വാഹനങ്ങളും, ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടേയും മന്ത്രിമാരുടേയും വക്കീലന്മാരുടേയും വാഹനങ്ങളുമൊക്കെ നിയമം ലംഘിച്ചാൽ സാധാരണക്കാരുടെ വാഹനങ്ങൾക്കെന്ന പോലെ പിഴയടിക്കുക. നോ പാർക്കിങ്ങ് പ്രദേശത്ത് പാർക്ക് ചെയ്തിരിക്കുന്ന കോടതി വാഹനങ്ങൾ എറണാകുളം നഗരത്തിൽ പലപ്പോഴും കണ്ടെത്താനാകും. എറണാകുളം കുടുംബക്കോടതി പരിസരത്ത്, നോ പാർക്കിങ്ങ് ബോർഡിനടിയിൽത്തന്നെ വാഹനം പാർക്ക് ചെയ്യുന്നത് വക്കീലന്മാരുടെ സ്ഥിരം പരിപാടിയാണ്. ഒരു നടപടിയും എടുത്ത് കാണാറില്ലെന്ന് മാത്രമല്ല, അതേ വാഹനങ്ങൾ സ്ഥിരമായി അവിടെ പാർക്ക് ചെയ്യുന്നതിന്റെ തെളിവുകൾ ഹാജരാക്കാൻ ആ വഴിയിലൂടെ നിത്യേന പോകുന്ന ഏതൊരാൾക്കുമാകും. എറണാകുളത്ത് മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട് ഇത്തരം ധാർഷ്ട്യങ്ങൾ. കോടതിയും വക്കീലന്മാരും വേണം നിയമം പരിപാലിക്കപ്പെടാൻ മാതൃകുയാവേണ്ടത്. എറണാകുളത്തിന്റെ ഹൃദയഭാഗത്ത് എവിടെയെങ്കിലുമുള്ള നോ പാർക്കിങ്ങ് പ്രദേശത്ത് വാഹനം പാർക്ക് ചെയ്താൽ, 15 മിനിറ്റിനകം മഞ്ഞ സ്റ്റിക്കർ വാഹനത്തിൽ ഒട്ടിച്ച് ഫൈൻ അടിക്കുന്നത് വളരെ ഫലപ്രദമായാണ് ട്രാഫിക്ക് പൊലീസുകാർ ചെയ്തുപോരുന്നത്. പക്ഷേ, ഈ പിഴയടിക്കൽ പരിപാടി സാധാരണക്കാരിൽ മാത്രമായി ഒതുക്കുന്നത് ശരിയല്ല.

ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അതുവഴി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ടിയാണല്ലോ ഈ പിഴയടിക്കലെല്ലാം. റോഡപകടങ്ങൾ ഒഴിവാക്കാൻ ഇതിൽക്കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാരിനും ജനങ്ങൾക്കുമാവും. അതിൽ ചിലത് സൂചിപ്പിക്കട്ടെ.

1. നാലുവരിപ്പാതകളൊക്കെ ഉള്ളയിടങ്ങളിൽ സ്പീഡ് ട്രാക്ക്, സ്ലോ ട്രാക്ക് എന്നതൊക്കെ എത്തരത്തിൽ ഉപയോഗിക്കണമെന്നും ട്രാക്കുകൾ മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും ബോധവൽക്കരണം ആരംഭിക്കുക. ഡ്രൈവിങ്ങ് സ്ക്കൂളുകളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും ഇത്തരം ബോധവൽക്കരണം തുടരുക.

2. തിരക്ക് പിടിച്ച റോഡുകളാണ് ഇന്ന് കേരളത്തിൽ എമ്പാടുമുള്ളത്. പഴയ രീതിയിൽ, കൈ വെളിയിലിട്ട് മൂന്ന് വട്ടം കറക്കി സിഗ്നൽ നൽകുന്നതൊക്കെ കൈ തന്നെ നഷ്ടപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കിയെന്ന് വരും. ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുക, അതേപ്പറ്റി ബോധവൽക്കരിക്കുക.

3. തെറ്റായ ഇൻഡിക്കേറ്റർ ഉപയോഗങ്ങൾ തിരുത്തിക്കൊടുക്കുക. ഉദാഹരണത്തിന്, വലതുവശത്തെ ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട്, ഓവർ ടേക്ക് ചെയ്തോളൂ എന്ന് പറയുന്ന ഒരു പതിവ് ഇന്ത്യയൊട്ടുക്കുണ്ട്. തെറ്റായ ഒരു സിഗ്നൽ രീതിയാണത്. അങ്ങനെയൊരു സിഗ്നൽ ഇട്ടാൽ വാഹനം വലത്തേക്ക് തിരിക്കാൻ പോകുന്നു എന്നാണ് കൃത്യമായി സിഗ്നൽ ഉപയോഗിച്ച് ശീലമുള്ള ഒരാൾ മനസ്സിലാക്കുക. ഇതുണ്ടാക്കുന്ന ചിന്താക്കുഴപ്പങ്ങൾ ഏതെങ്കിലും അപകടത്തിൽ ചെന്ന് കലാശിച്ചെന്ന് വരാം. ഇടത്തുവശത്തെ ഇൻഡിക്കേറ്റർ പ്രകാശിപ്പിച്ചുകൊണ്ടാവണം ഓവർടേക്ക് ചെയ്യാനുള്ള സിഗ്നൽ കൊടുക്കേണ്ടത്.

4. സീബ്രാ ക്രോസിങ്ങുകൾ, കാൽനടക്കാരന് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാനുള്ളതാണ്. ഒരാൾ റോഡ് ക്രോസ് ചെയ്യാനായി വരയിലേക്ക് കാലെടുത്ത് വെച്ചാൽ, അയാൾ റോഡ് മുറിച്ച് കടക്കുന്നതിന് മുന്നേ, തന്റെ വാഹനം വരയ്ക്ക് അപ്പുറം കടത്താൻ ശ്രമിക്കുക എന്നതാണ് ഈ രാജ്യത്തെ മിക്കവാറും ഡ്രൈവർമാരുടേയും സമ്പ്രദായം. അതിന് വ്യത്യാസം ഉണ്ടായേ പറ്റൂ. വാഹനം വേഗത കുറച്ച് നിറുത്തിക്കൊടുക്കാനുള്ള സന്മനസ്സ് ഓരോ ഡ്രൈവർമാരും കാണിക്കണം. കാൽനടക്കാരൻ മുഴുവൻ ദൂരവും നടന്നോ അല്ലെങ്കിൽ പ്രൈവറ്റ് ബസ്സ് പിടിച്ചോ കൂടണയാൻ ശ്രമിക്കുന്നവനാണെന്നുള്ള ബോധം, സ്വന്തം വാഹനം ഓടിക്കുന്നവർക്കെങ്കിലും ഉണ്ടാകണം. സീബ്രാ ക്രോസിങ്ങുകൾ തങ്ങളുടെ അവകാശവും അധികാരവും ആണെന്നുള്ള ബോധം കാൽനടയാത്രക്കാർക്കും ഉണ്ടാകണം. എറണാകുളം നഗരത്തിൽ തിരക്കുള്ള പലയിടങ്ങളിലേയും സീബ്രാ ക്രോസിങ്ങുകളിൽ പൊലീസാണ് കാൽനടക്കാരനെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നത്. ഈ അവസ്ഥ മാറി, സ്വയം റോഡ് മുറിച്ചുകടക്കാൻ കാൽനടക്കാരന് പറ്റുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടണം.

5. അവസാനമായി വാഹനം ഓടിക്കുന്നവരോടായി ഒരു ചെറിയ കാര്യം കൂടെ സൂചിപ്പിക്കട്ടെ. കേരളമെന്നാൽ പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ നീളുന്ന ഒരു ഷോപ്പിങ്ങ് മാൾ ആണ്. ഇപ്പറഞ്ഞ മാളിലെ ഒരു കടയിൽ നിന്ന് എതിർവശത്തുള്ള മറ്റൊരു കടയിലേക്ക് ഏത് നിമിഷം വേണമെങ്കിലും ബിഗ് ഷോപ്പറുമായി ഒരാൾ കുറുകെ ചാടിയെന്ന് വരാം. അവനവൻ സൂക്ഷിച്ചാൽ അവനവന് കൊള്ളാം.

ഇനി സർക്കാരിനോട് ഒരു ചെറിയ പരാതി. നികുതിയിനത്തിലും പിഴയിനത്തിലും പണം പിരിച്ചെടുത്താൽ മാത്രം മതിയോ ? ചിലതൊക്കെ വാഹനം ഓടിക്കുന്നവർക്കായി ചെയ്ത് കൊടുക്കേണ്ടതും ഭരണകൂടത്തിന്റെ കടമയല്ലേ ? പുതിയ വാഹനം വാങ്ങുമ്പോൾ ഓരോ വാഹനമുടമയും 15 കൊല്ലത്തെ നികുതി  ഒരുമിച്ച് അടക്കുന്നുണ്ട്. എന്നാൽ 15 കൊല്ലം മുന്നോട്ടുള്ള പുരോഗതിയോടെ റോഡുകൾ ഉണ്ടാക്കപ്പെടുന്നുണ്ടോ, നിലവിലുള്ള റോഡുകൾ പരിപാലിക്കപ്പെടുന്നുണ്ടോ ? അങ്ങനെ ചില ചെറിയ കാര്യങ്ങൾ കൂടെ വാഹനമുടമകൾക്കായി ചെയ്തു കൊടുക്കാത്തതെന്താണ് ?
.