Monthly Archives: September 2012

മാലിന്യസംസ്ക്കരണം കീറാമുട്ടിയല്ല


കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യസംസ്ക്കരണം തന്നെയാണെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ഇതൊരു വലിയ പ്രശ്നം തന്നെയാണ്.

p1

പ്ലാസ്റ്റിക്കിന്റെ, കൃത്യമായി പറഞ്ഞാല്‍ പ്ലാസ്റ്റിക്ക് ഷോപ്പിങ്ങ് ബാഗുകളുടെ കടന്നുവരവോടെയാണ് മാലിന്യങ്ങള്‍ ചീഞ്ഞളിയാതെ, കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധവും മാരാമാരികളും പടര്‍ത്തുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. പ്ലാസ്റ്റിക്ക് ബാഗുകള്‍ വരുന്നതിന് മുന്‍പും മാലിന്യങ്ങള്‍ നമുക്കുണ്ടായിരുന്നു. അതൊക്കെയും ഇന്ന് ചെയ്യുന്നത് പോലെ, സ്വന്തം പുരയിടത്തിലോ അയല്‍വാസിയുടെ മതില്‍ക്കെട്ടിനകത്തേക്കോ കനാലിലേക്കോ കായലിലേക്കോ കടലിലേക്കോ കലുങ്കിന്റെ അടിയിലേക്കോ തന്നെയായിരുന്നു നാം വലിച്ചെറിഞ്ഞിരുന്നത്. പ്ലാസ്റ്റിക്ക് ബാഗില്‍ കെട്ടിപ്പൊതിഞ്ഞ് എറിഞ്ഞാല്‍ പോകുന്ന അത്രയും ദൂരേയ്ക്ക് എറിയാന്‍ പറ്റിയിരുന്നില്ല എന്നൊരു വ്യത്യാസം മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വലിച്ചെറിഞ്ഞ് കളയുക എന്നതല്ലാതെ സംസ്ക്കരിക്കുക എന്നൊരു ഒരു മാലിന്യവിചാരം നമുക്കുണ്ടായിരുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്കില്‍ കെട്ടിപ്പൊതിയാതെ എറിഞ്ഞ് കളഞ്ഞിരുന്നതുകൊണ്ട് പഴയകാലത്ത് ജൈവമാലിന്യങ്ങള്‍ ഒക്കെയും യഥാസമയം അഴുകിപ്പോയിരുന്നു. ഇന്നത് സംഭവിക്കുന്നില്ല. ചിക്കന്‍ ഗുനിയ, എലിപ്പനി, തക്കാളിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ പോന്ന രോഗാണുക്കള്‍ക്ക് വിളനിലമായി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കുള്ളില്‍ത്തന്നെ കുരുങ്ങിക്കിടക്കുന്നു. നഗരങ്ങളില്‍ നിന്നുള്ള ഇത്തരം മാലിന്യങ്ങള്‍ കൊണ്ടുതള്ളിയതിന്റെ പേരില്‍ വിളപ്പില്‍ശാലകള്‍ പോലെ പല ഗ്രാമങ്ങള്‍ മലീമസമായി, ജീവിതയോഗ്യമല്ലാതായി. പ്രകൃതി നമുക്ക് കനിഞ്ഞുനല്‍കിയിട്ടുള്ള തോടുകളിലേയും പുഴകളിലേയുമൊക്കെ ജലം ഉപയോഗശൂന്യമായി മാറി. എത്ര ശോചനീയമായ അവസ്ഥയാണെന്ന് നോക്കൂ.

വര്‍ദ്ധിച്ചുവന്ന ജനസംഖ്യയും ഫ്ലാറ്റുകളില്‍ നിന്നുള്ള മാലിന്യത്തിന്റെ പ്രവാഹവുമൊക്കെ വിസ്മരിക്കുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്ക് തന്നെയാണ് മാലിന്യപ്രശ്നങ്ങള്‍ക്ക് ത്വരകമായി വര്‍ത്തിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. മാലിന്യപ്രശ്നങ്ങളുടെ കാരണങ്ങളൊക്കെ പകല്‍പോലെ വ്യക്തമാണ്. പ്രശ്നപരിഹാരവും അറിയാഞ്ഞിട്ടല്ല. അതൊന്ന് നടപ്പിലാക്കുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. അതാകട്ടെ ഒരു ഹെര്‍ക്കുലീയന്‍ ടാസ്‌ക്കൊന്നും അല്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി മറ്റ് മനുഷ്യര്‍ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍, ഇവിടിരുന്നുകൊണ്ടുതന്നെ അനായാസം മനസ്സിലാക്കാൻന്‍ നമുക്കാവും. അല്‍പ്പം നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അതുപോലെ തന്നെ മാലിന്യസംസ്ക്കരണം നടപ്പിലാക്കാനുമാകും.

ജൈവമാലിന്യങ്ങളും, റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന വസ്തുക്കളായ പ്ലാസ്റ്റിക്കും പേപ്പറുമൊക്കെ വെവ്വേറെ നിക്ഷേപിക്കുകയും അതെല്ലാം സമയാസമയം ശേഖരിച്ച് സംസ്ക്കരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനൊക്കെ പുറമെ ഗാര്‍ഡന്‍ വേസ്റ്റ് എന്ന തരത്തിലും മാലിന്യം തരം തിരിച്ച് ഇടാറുണ്ട്. പല രാജ്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കായി പ്രത്യേകം കുപ്പത്തൊട്ടിയും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. പല പാശ്ചാത്യരാജ്യങ്ങളിലും നമ്മള്‍ ഏഷ്യാക്കാര്‍ കൂടുതലായി താമസിക്കുന്ന ചില പ്രദേശങ്ങളെങ്കിലും കണ്ടാല്‍, അത് ഏഷ്യാക്കാര്‍ ജീവിക്കുന്നയിടമാണെന്ന് തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. കാരണം നമ്മള്‍ മാലിന്യങ്ങള്‍ റോഡിലും മറ്റും വലിച്ചെറിഞ്ഞുള്ള ശീലം എവിടെച്ചന്നാലും ആവര്‍ത്തിക്കുന്നു എന്നതുതന്നെ. അതേ സമയം ലോകത്തില്‍ തന്നെ ഏറ്റവും വൃത്തിയിലും വെടിപ്പിലും നിരത്തുകളും പരിസരവും സംരക്ഷിക്കുന്ന സിംഗപ്പൂര്‍ എന്ന രാജ്യം ഏഷ്യയില്‍ ആണെന്ന കാര്യവും വിസ്മരിക്കരുത്. സിംഗപ്പൂരില്‍ അലക്ഷ്യമായി ഒരു കടലാസോ ശീതള പാനീയത്തിന്റെ ഒഴിഞ്ഞ കുപ്പിയോ നിരത്തിലിട്ടാല്‍ അധികൃതര്‍ പിടികൂടി പിഴ അടിക്കും എന്നുള്ളതുകൊണ്ട് അവിടെ ജനങ്ങള്‍ ഒരു ബസ്സ് ടിക്കറ്റ് പോലും റോഡില്‍ ഇടുന്നില്ല. എല്ലാ നൂറ് മീറ്ററിലും ഒരു കച്ചറപ്പെട്ടി കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ആ രാജ്യത്തില്ല. എന്തിനും ഏതിനും ഫൈന്‍ അടിക്കുന്നതുകൊണ്ട് ‘Singapore is a fine city‘ എന്ന് തമാശ രൂപത്തില്‍ പറയാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ സിങ്കപ്പൂര്‍ ഒരു ‘ഫൈന്‍’ സിറ്റി ആയതിന്റെ കാരണം അവിടം മാലിന്യവിമുക്തമാണെന്നത് തന്നെയാണ്.

നമ്മുടെ രാജ്യത്ത് ഒരാള്‍ക്ക് മാലിന്യം വേസ്റ്റ് പെട്ടിയില്‍ത്തന്നെ നിക്ഷേപിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സംവിധാനം ഇവിടെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അവരവരുടേതായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഒരു ദിവസം ശേഖരിക്കുന്ന മാലിന്യം അടുത്ത ദിവസത്തേക്ക് കെട്ടിക്കിടക്കുന്നില്ല എന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പ് വരുത്തണം.

p1

വികസനമെന്ന ഒരേയൊരു മുദ്രാവാക്യം തന്നെയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എപ്പോഴും വലിയ വായില്‍ വിളിച്ച് കൂവിയിട്ടുള്ളത്. കോടികല്‍ മുടക്കിയുള്ള നിക്ഷേപങ്ങളും വ്യവസായങ്ങളും ടൂറിസം പദ്ധതികളും മാത്രമാണോ വികസനം ? മാലിന്യവിമുക്തമായ തെരുവുകളും നടുവൊടിയാതെ സുരക്ഷമായി സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകളുമാണ് വികസനത്തിന്റെ മുഖമുദ്രയെന്നത് അധികാരികള്‍ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ് ? വൃത്തികെട്ട ഒരന്തരീക്ഷത്തില്‍ വ്യവസായം നടത്താനും ടൂറിസ്റ്റായുമൊക്കെ തിക്കിത്തിരക്കി സംരംഭകരും ജനങ്ങളും വരുമെന്ന് കരുതുന്നത് മൌഢ്യമല്ലേ ?

വിദേശയാത്ര നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെ കാണുന്നില്ലേ അന്നാടുകളിലെ മാലിന്യസംസ്ക്കരണരീതികള്‍ ? കണ്ടിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ ഒരു വിദേശയാത്രകൂടെ നടത്തൂ. എന്നിട്ട് അതേ രീതികള്‍ ഇവിടെയും നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കൂ. പല കോര്‍പ്പറേഷനുകളിലും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ മാലിന്യപ്പെട്ടികളും, മാലിന്യം ശേഖരിക്കാനായി വാങ്ങിയ വാഹനങ്ങളും ഉപയോഗിക്കാതെ കിടന്ന് തുരുമ്പ് പിടിക്കുന്നതായി ടീവിയില്‍ ഈയിടെ കണ്ടിരുന്നു. ഇത്തരം നിഷ്‌ക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളും ഉണ്ടാകണം.

വിളപ്പില്‍ ശാലകളുടേയും കൂടംകുളത്തിന്റേയുമൊക്കെ പേരില്‍ ജനങ്ങള്‍ നിരത്തിലും സമുദ്രത്തിലും വരെ ഇറങ്ങിനിന്ന്, അവര്‍ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാരുകളോട് സമരം ചെയ്യേണ്ട ഗതികേടാണിന്നുള്ളത്. നേരത്തേ പറഞ്ഞ സിംഗപ്പൂര്‍ എന്ന രാജ്യവുമായി ഒരു താരത‌മ്യം നടത്താം. 40 ഏക്കറോളം വരുന്ന ഭൂമിയിലാണ് 250 ടണ്‍ മാലിന്യം സംസ്ക്കരിക്കാന്‍ അധികാരികള്‍ പെടാപ്പാട് പെടുന്നത്. അതേ സമയം വെറും 4 ഏക്കറിലാണ് സിംഗപ്പൂരില്‍ 800 ടണ്‍ മാലിന്യം സംസ്ക്കരിക്കുന്നത്. മാലിന്യത്തില്‍ നിന്ന് അവര്‍ വന്‍തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതേ സാങ്കേതിക വിദ്യ എന്തുകൊണ്ട് നമുക്കും നടപ്പിലാക്കിക്കൂടാ ? മെട്രോ റെയിലും സ്‌കൈ സിറ്റിയും ഇലക്ട്രോണിക് കോറിഡോറുകളുമൊക്കെ സ്ഥാപിക്കുന്നതിന് മുന്‍പേ പണിതുയര്‍ത്തേണ്ടത്, അവിടന്നൊക്കെ വരാന്‍ പോകുന്ന ജൈവമാലിന്യങ്ങള്‍ അതാത് ദിവസങ്ങളില്‍ സംസ്ക്കരിക്കാനുള്ള സംവിധാനങ്ങളല്ലേ ? കൂടങ്കുളങ്ങള്‍ക്കും വിളപ്പില്‍ശാലകള്‍ക്കും ഒറ്റയടിക്ക് പരിഹാരമുണ്ടാക്കാന്‍ പറ്റുമെന്നുള്ളപ്പോള്‍, സാങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തും ഒന്നുമില്ലാത്ത ശിലായുഗ മനുഷ്യരെപ്പോലെ നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് അപലപനീയമാണ്.

p1

ഫോര്‍ട്ട് കൊച്ചിയെപ്പറ്റിയുള്ള ഒരു ചരിത്രപുസ്തകത്തില്‍ കുറച്ച് നാള്‍ മുന്‍പ് വായിച്ച ഒരു കാര്യം ഓര്‍മ്മവരുന്നു. 1950കളില്‍ കൊച്ചിയിലുണ്ടായിരുന്ന പിയേര്‍സ് ലെസ്ലി എന്ന കമ്പനിയിലെ വിദേശിയായ ഒരു ഉദ്യോഗസ്ഥന്‍ 2007ല്‍ വീണ്ടും കേരളത്തില്‍ വരുന്നു. പഴയ കാലത്തെ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകല്‍ ഇതിനേക്കാള്‍ വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ഭൃത്യന്‍ ഒരു ഒഴിഞ്ഞ മരുന്ന് കുപ്പി അലക്ഷ്യമായി ജനലിലൂടെ വെളിയിലേക്കെറിഞ്ഞുകളഞ്ഞതിന്ന് അന്ന് 52 രൂപ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടത്രേ ! സ്വതന്ത്ര ഇന്ത്യയുടെ കാര്യമാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണം. 1950 ല്‍ 52 രൂപയുടെ മൂല്യമെന്താണെന്നും മറക്കരുത്. അങ്ങനെയൊരു വ്യവസ്ഥിതി ഉണ്ടായിരുന്നു നമുക്ക്. അവിടന്ന് ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു ? വിദേശികളോട് പടപൊരുതി പിടിച്ചുവാങ്ങിയത്, സകല കൊള്ളരുതായ്മകളും ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടെ ആയിരുന്നോ ?

ഫ്ലാറ്റില്‍ ജീവിക്കുന്നവരെ മാറ്റി നിര്‍ത്തി നോക്കിയാല്‍ രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായില്ലാത്തവര്‍ എത്രപേരുണ്ട് കേരളത്തില്‍ ? ഒരു ചതുരശ്ര അടി സ്ഥലമുണ്ടെങ്കില്‍ സ്വന്തം വീട്ടിലെ മാലിന്യം വീട്ടുപറമ്പില്‍ത്തന്നെ ജൈവവളമാക്കി മാറ്റാന്‍ സാധിക്കും. അതിനുതകുന്ന വിവിധതരം പദ്ധതികളും സാങ്കേതിക വിദ്യകളും ലഭ്യവുമാണ്. എറണാകുളത്ത് ഫ്ലാറ്റില്‍ ജീവിക്കുന്ന ഞാന്‍, ക്രെഡായി ക്ലീന്‍ സിറ്റി മൂവ്‌മെന്റ് പദ്ധതി പ്രകാരം, മാലിന്യത്തില്‍ നിന്ന് ജൈവവളം ഫ്ലാറ്റില്‍ത്തന്നെ ഉണ്ടാക്കുന്നുണ്ട്. ഫ്ലാറ്റുകളില്‍ നിന്ന് പോലും ജൈവമാലിന്യം തെരുവുകളിലേക്ക് എത്താതെ തടയാം എന്നതിന്റെ തെളിവാണത്. ചില വലിയ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ശമ്പളത്തിന് ജോലിക്കാരെ നിയമിച്ച് എല്ലാ ഫ്ലാറ്റുകളിലേയും ജൈവമാലിന്യം ശേഖരിച്ച് ഒരുമിച്ച് വളമാക്കുന്ന പദ്ധതികളും നടക്കുന്നുണ്ട്. ഇത് എല്ലാ ഫ്ലാറ്റുകളിലും നിര്‍ബന്ധമായും നടത്താന്‍ നിബന്ധന വെക്കേണ്ടത് സര്‍ക്കാരാണ്.

p1

p1

ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാലിന്യസംസ്ക്കരണ രീതി. അല്ലാതെ സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പില്‍ എറിയാമെന്നും അന്യര്‍ക്ക് ശല്യമാകുന്ന രീതിയില്‍ സംസ്ക്കരിക്കാമെന്ന് വ്യക്തികളും ഭരണകൂടവും ചിന്തിക്കാന്‍ പോലും പാടില്ല. ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കാനായാല്‍ അതില്‍ നിന്ന് കിട്ടുന്ന വളം ഉപയോഗിച്ച് അടുക്കളകൃഷി നടത്താം എന്നൊരു മെച്ചം കൂടെയുണ്ട്. മരുന്നടിക്കാത്ത കായ്‌കനികളും പച്ചക്കറികളും അന്യമായിക്കൊണ്ടിരിക്കുകയും മരുന്നടിച്ചതെങ്കിലും കിട്ടാനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ജൈവവളം ഉപയോഗിച്ചുണ്ടാക്കിയ നല്ല പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ സ്വന്തം വീട്ടിലെ മാലിന്യം തന്നെ പ്രയോജനപ്പെടുത്താനുമാകും. ക്രഡായി പോലുള്ള മാലിന്യസംസ്ക്കരണപദ്ധതികള്‍ക്ക് ആയിരം രൂപയിലധികം ചിലവ് വരുന്നുണ്ടെങ്കിലും അതിന്റെ നല്ലൊരു ഭാഗം ഇപ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നുണ്ടെന്നാണ് അറിവ്. മറ്റ് ചിലവ് കുറഞ്ഞ മാലിന്യസംസ്ക്കരണ പദ്ധതികളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നടക്കുന്നുണ്ട്. ആറിഞ്ച് വ്യാസവും മൂന്നടി ഉയരവുമുള്ള രണ്ട് പ്ലാസ്റ്റിക്ക് പൈപ്പുകളും ശര്‍ക്കരയും ഉണ്ടെങ്കില്‍ ജൈവ മാലിന്യം സംസ്ക്കരിച്ച് വളമാക്കുന്ന രീതിയും ഫലപ്രദമായി പരീക്ഷിച്ച് തെളിയിച്ചിട്ടുള്ളതാണ്. എല്ലാ വീടുകളിലും ഇത് നടപ്പിലാക്കാന്‍ വലിയ ചിലവൊന്നും വരുന്നതേയില്ല. അതിനുള്ള മനസ്സ് കാണിക്കണമെന്ന് മാത്രം.

p1

മാലിന്യം നല്‍കിയാൽ പണം കൊടുക്കുന്ന ഒരു പദ്ധതി കുടുംബശ്രീ പോലുള്ള സംരഭങ്ങളുമായി സഹകരിച്ച് കേരളത്തില്‍ പരീക്ഷിക്കുമെന്ന് ശ്രീ. സാം പിട്രോഡ അഭിപ്രായപ്പെട്ടതായി ഓര്‍ക്കുന്നു. പിന്നീടൊന്നും അതേപ്പറ്റി കേട്ടതുമില്ല. അദ്ദേഹത്തെപ്പോലുള്ളവരുടെ മനസ്സിലുള്ള പദ്ധതികളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യേണ്ടതും നടപ്പിലാക്കാന്‍ പറ്റുന്നതാണെങ്കില്‍ പ്രാവര്‍ത്തികമാക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്. പണം കിട്ടിയാല്‍ കൈയ്‌ക്കില്ലല്ലോ ? അതുകൊണ്ട് പൊതുജനം കൂട്ടത്തോടെ സഹകരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ജൈവമാലിന്യവും പ്ലാസ്റ്റിക്കും വേര്‍തിരിച്ച് ശേഖരിക്കാനും നിക്ഷേപിക്കാനും എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കില്‍, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിക്ക് വേണ്ടി ശ്രീ.കെ.ബി.ജോയ് നടത്തുന്ന ദുര്‍ഗന്ധമില്ലാത്ത മാലിന്യപ്ലാന്റ് പോലെയുള്ളത് ചിന്തിക്കാവുന്നതാണ്. അവിടെ യന്ത്രസഹായത്താലാണ് ദുര്‍ഗ്ഗന്ധമൊന്നും ഇല്ലാതെ തന്നെ മാലിന്യം വേര്‍തിരിക്കുന്നതും സംസ്ക്കരിക്കുന്നതും. അതും കോര്‍പ്പറേഷന്റെ മുഴുവന്‍ മാലിന്യവും അല്‍പ്പം പോലും കെട്ടിക്കിടക്കാതെ മറിക്കൂറുകള്‍ക്കകം. ഇത്തരം പ്ലാന്റുകള്‍ കേരളത്തില്‍ എവിടെയും സൌജന്യമായി സ്ഥാപിക്കാനും അതിന്റെ അറ്റകുറ്റപ്പണികള്‍ സൌജന്യമായി നടത്താനും ശ്രീ.ജോയി തയ്യാറാണ്. അതില്‍ നിന്നുണ്ടാകുന്ന വളവും പ്ലാസ്റ്റിക്കുമൊക്കെ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് (എക്കോ ഹെല്‍ത്ത് സെന്റര്‍) നല്‍കണം എന്നത് മാത്രമേ നിബന്ധനയുള്ളൂ.

ജോയിയെപ്പോലുള്ളവരുടേയും ഈ വിഷയത്തെപ്പറ്റി നന്നായി പഠിച്ച് മനസ്സിലാക്കിയിട്ടുള്ള സുധീഷ് മേനോനെപ്പോലുള്ളവരുടേയും നിര്‍ദ്ദേശങ്ങളും സേവനവുമൊക്കെ മാലിന്യസംസ്ക്കരണ രംഗത്ത് പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാകണം. കോടികള്‍ ലാഭമുണ്ടാക്കാന്‍ പോന്ന ഒരു ജൈവവള വ്യവസായമാണ് മാലിന്യസംസ്ക്കരണമെന്ന് കണക്കുകള്‍ നിരത്തിക്കൊണ്ട് ശ്രീ.സുധീഷ് മേനോന്‍ പറയുന്നു. യൂറോപ്യന്‍ മാതൃകയിലും നിലവാരത്തിലുമുള്ള 10 ടണ്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപിക്കുക വഴി കേരളത്തിന്റെ 6000 ടണ്‍ വരുന്ന മാലിന്യം പ്രകൃതിക്കോ പരിസ്ഥിതിക്കോ കോട്ടം തട്ടാത്ത തരത്തില്‍ അന്നന്ന് തന്നെ സംസ്ക്കരിച്ചെടുക്കാനും, ഓരോ പ്ലാന്റില്‍ നിന്നും 250 പേര്‍ക്കെങ്കിലും പാചകവാതകം നല്‍കാനും സാധിക്കുമെന്നതാണ് സുധീഷ് മേനോന്റെ നിര്‍ദ്ദേശം. ക്രെഡായി പദ്ധതികളിലും പി.വി.സി. പൈപ്പുകള്‍ ഉപയോഗിച്ചുള്ള മാലിന്യ സംസ്ക്കരണത്തിലും എന്തൊക്കെ അപാകതകളും പോരായ്മകളും ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാന്‍ പോന്നതാണ് യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍.

ബോധവല്‍ക്കരണം തന്നെയാണ് ഇനിയങ്ങോട്ട് വേണ്ടത്. അതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുക തന്നെ വേണം. പഴയ തലമുറയിലുള്ളവര്‍ മാറ്റാനാവാത്ത ചില ശീലങ്ങളുമായി മുന്നോട്ട് തന്നെ പോയെന്ന് വന്നേക്കാം. പക്ഷെ, പുതുതലമുറയെ എങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുത്ത് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണം മാലിന്യസംസ്ക്കരണത്തിന്റെ ബാലപാഠങ്ങള്‍. പ്രൈമറി സ്ക്കൂള്‍ തലത്തില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന വിഷയങ്ങള്‍ ശരിക്കും ഏതൊരാളെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. പക്ഷെ അവരുടെ നിലനില്‍പ്പിന്റെ തന്നെ വിഷയമായ മാലിന്യസംസ്ക്കരണ പാഠങ്ങള്‍ക്ക് സിലബസ്സില്‍ എത്രത്തോളം പ്രാധാന്യമുണ്ട് ? തുലോം തുച്ഛമാണെന്ന് വേണം മനസ്സിലാക്കാന്‍. കുട്ടികളെ ബോധവല്‍ക്കരിക്കുക തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അവര്‍ വീട്ടിലുള്ള മുതിര്‍ന്നവരിലേക്കും ഇത്തരം നല്ല ശീലങ്ങള്‍ പകര്‍ന്ന് നല്‍കിക്കോളും. എന്റെ സ്ക്കൂള്‍ കാലത്ത് ഒരാഴ്ച്ച മുഴുവനും നീണ്ടുനില്‍ക്കുന്ന ‘സേവനവാരം’ ഉണ്ടായിരുന്നു. ഇന്നത് ഒന്നോ രണ്ടോ ദിവസങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. കൊല്ലത്തില്‍ 10 സേവനവാരം നടത്തിയാലും തീരാത്തത്ര മാലിന്യം പ്ലാസ്റ്റിക്കായും അല്ലാതെയും ഇന്ന് ഓരോ സ്കൂളിന്റെ പരിസരത്തുനിന്നും കണ്ടെടുക്കാനാവും. പക്ഷെ, ‘സേവനവാരം‘ ഒരു ദിവസം മാത്രമായി ഒതുങ്ങിയിരിക്കുന്നു. സ്ക്കൂളും പരിസരവുമൊക്കെ ശുചിത്വത്തോടെ സൂക്ഷിക്കുന്നതോടൊപ്പം പുതിയൊരു മാലിന്യസംസ്ക്കാരം തന്നെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് സ്ക്കൂളുകളില്‍ നിന്നാണ്. അതിനി വൈകാനും പാടില്ല.

p1

നേരെ ചൊവ്വേ പറഞ്ഞാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ അറിഞ്ഞിരിക്കാനായി ചില നിയമവശങ്ങള്‍ കൂടെ പറഞ്ഞു കൊടുക്കുക. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മാലിന്യം നിക്ഷേപിക്കുന്നത് 2011 നവംബര്‍ മാസം മുതല്‍ നിയമപരമായി നിരോധിക്കപ്പെട്ട കാര്യമാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പി.യോട് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനും ജസ്റ്റിസ് പി.എസ്.ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും സംസ്ക്കരണത്തിനുമായി ലെവി ഈടാക്കണമെങ്കില്‍ അതും ആകാമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതുശല്യം തടയുന്ന വകുപ്പ് (ഐ.പി.സി. 268) പ്രകാരവും, രോഗം പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ള അശ്രദ്ധമായ നടപടിയുടെ (ഐ.പി.സി 269) പേരിലും, പൊതുവാസസ്ഥലത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായും (ഐ.പി.സി.278) ആയിരിക്കും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരായുള്ള നടപടികള്‍. വകുപ്പ് 269 പ്രകാരം ആറ് മാസം വരെ തടവും, വകുപ്പ് 278 പ്രകാരം 500 രൂപ വരെ പിഴയും കിട്ടിയെന്ന് വരും. പൊലീസ് വിചാരിച്ചാല്‍ ഹെല്‍മെറ്റ് വെക്കാത്തവനേയും സീറ്റ് ബെല്‍റ്റ് ഇടാത്തവനേയും ഓടിച്ചിട്ട് പിടിക്കുന്നതുപോലെ മാലിന്യം നിരത്തില്‍ കൊണ്ടുത്തള്ളുന്നവനെ കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് സാരം.

തടവും പിഴയും ലെവിയും എല്ലാം ഒഴിവാക്കാം. അടുക്കളകൃഷിക്ക് ആവശ്യമായ വളം ഉല്‍പ്പാദിപ്പിക്കാം, അല്ലെങ്കില്‍ പാചകത്തിനാവശ്യമായ ബയോഗ്യാസ് ഉണ്ടാക്കാം. ശുചിത്വമുള്ള അന്തരീക്ഷത്തില്‍ ജീവിക്കാം. അനാവശ്യ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം. മാലിന്യ സംസ്ക്കരണം ഓരോ വ്യക്തിയുടേയും കുടുംബത്തിന്റേയും സ്ഥാപനങ്ങളുടേയും ഉത്തരവാദിത്വമാണെന്ന വിചാരം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് മാത്രം. അല്ലെങ്കില്‍ അങ്ങോട്ടുമിണ്ടോട്ടും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ കുപ്പത്തൊട്ടിയായിക്കൊണ്ടിരിക്കുന്ന ഇന്നാട്ടില്‍ വൃത്തികെട്ട ഒരു സമൂഹമായി, സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന ലേബലും നെറ്റിയിലൊട്ടിച്ച് വാഴാം.

വിളപ്പില്‍ ശാല മാലിന്യസംസ്ക്കരണ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി വന്ന സമയത്ത് ശ്രീ.സിവിക് ചന്ദ്രന്‍ പറഞ്ഞ വരികള്‍ കടമെടുത്ത് കുറിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
“നിന്റെ അഴുകിയ ഭക്ഷണം, നിന്റെ മക്കളുടെ വിസര്‍ജ്ജ്യം പേറുന്ന പൊതിക്കെട്ടുകള്‍, നിന്റെ ഉച്ഛിഷ്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍, നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍, ……..ഇതെല്ലാം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല. നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ തീ തന്നെ തിന്നുതീര്‍ക്കണം, പന്നിയെപ്പോലെ.”

ശരിയല്ലേ അദ്ദേഹം പറഞ്ഞത് ? മറ്റൊരാളുടെ വിസര്‍ജ്ജ്യം നമ്മളുടെ മേലോ നമ്മുടെ പുരയിടത്തിലോ വീണാല്‍ നമ്മള്‍ സഹിക്കുമോ ? അതേ പരിഗണന മറ്റുള്ളവര്‍ക്ക് തിരിച്ച് നല്‍കാന്‍ നമ്മളും ബാദ്ധ്യസ്ഥരാണ്.
————————————————-

ഈ ലേഖനം  Maths ബ്ലോഗിലും