‘ഒഴിമുറി‘ തീയറ്ററിൽ പോയിത്തന്നെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ തിരക്കുകൾ കാരണം ആ ആഗ്രഹം നടന്നില്ല. തിരക്കെന്ന് വെച്ചാൽ രണ്ട് തരം തിരക്കുകളാണ്. 1. എന്റെ വ്യക്തിപരമായ തിരക്കുകൾ. 2. നല്ല സിനിമകളെ പെട്ടെന്ന് തന്നെ തീയറ്ററിൽ നിന്ന് എടുത്തുമാറ്റാൻ തീയറ്ററുമായും, സിനിമാ വിതരണവുമായും, സിനിമയുടെ രാഷ്ട്രീയവുമായൊക്കെ ബന്ധമുള്ളവർ കാണിക്കുന്ന തിരക്ക്.
പിന്നീടങ്ങോട്ട്, മ്യൂസിക്ക് സ്റ്റോറിൽ കയറുമ്പോൾ എന്നും നോക്കിയിരുന്നത് ‘ഒഴിമുറി‘ യുടെ ഡീ.വി.ഡി. വന്നോ എന്നായിരുന്നു. കാത്തുകാത്തിരുന്ന്, അവസാനം, രണ്ട് ദിവസം മുന്നേ അത് വന്നു. ഇന്നലെ സിനിമ കാണുകയും ചെയ്തു.
സിനിമയെപ്പറ്റിയുള്ള അവലോകനമൊക്കെ, റീലീസ് ചെയ്യുന്ന അന്നുതന്നെ എഴുതിയിടുന്ന നാലുപേരെങ്കിലും ഓൺലൈനിൽ സജീവമാണ്. അതൊക്കെ എല്ലാവരും ഇതിനകം വായിച്ചിട്ടുമുണ്ടാകും അതുകൊണ്ട് അങ്ങനെയൊരു സാഹസത്തിന് മുതിരുന്നില്ല.
എന്നാലും എന്തെങ്കിലുമൊരു അഭിപ്രായം പറഞ്ഞില്ലെങ്കിൽ നല്ലൊരു സിനിമയോടും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരോടും കാണിക്കുന്ന നന്ദികേടായിപ്പോകും. അതുകൊണ്ട് വളരെ ചുരുക്കിപ്പറയുന്നു.
വ്യത്യസ്തമായ പ്രമേയം. ശക്തമായ കഥാപാത്രങ്ങൾ. ലാലും, ശ്വേതാ മേനോനും, മല്ലികയുമൊക്കെ അമ്പരപ്പിക്കുന്നു. ഒഴിമുറി എന്നാൽ വിവാഹമോചനം എന്നാണെന്ന് മനസ്സിലാക്കാൻ പറ്റിയത് തന്നെ ഒരു വലിയ കാര്യമല്ലേ ? പല കാരണങ്ങൾ കൊണ്ടും, ഒരു നിമിഷം പോലും ശ്രദ്ധ മറ്റൊരിടത്തേക്ക് മാറിപ്പോകാതെ കാണേണ്ടിവന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്. ഈ ചിത്രം കാണാത്തവർക്ക്, മലയാളസിനിമ മരിച്ചുകൊണ്ടിരിക്കുകയാണ്, മരിച്ചു, നാളെ അല്ലെങ്കിൽ മറ്റന്നാൾ മരിക്കും, എന്നൊക്കെ വിലപിക്കാൻ ഒരവകാശവും ഇല്ലെന്നേ ഞാൻ പറയൂ. കൂടുതൽ ഒന്നും പറയാനുമില്ല.
പറ്റുമെങ്കിൽ സ്വന്തമായി ഒരു ഡീ.വി.ഡി. വാങ്ങി കാണുക, അത് വരും തലമുറയ്ക്കായി സൂക്ഷിച്ച് വെക്കുക. തീയറ്ററിൽ നിന്ന് പെട്ടെന്ന് തന്നെ പുറത്താക്കപ്പെട്ട ഒരു സിനിമയെ അങ്ങനെയെങ്കിലും പ്രോത്സാഹിപ്പിക്കുക.
നല്ലൊരു സിനിമ സമ്മാനിച്ചതിന് മധുപാലിന് (Madhupal Kannambath)ഒരുപാടൊരുപാട് നന്ദി. തലപ്പാവ് എന്ന ആദ്യ സിനിമയെപ്പോലെ ഒരുപാട് അംഗീകാരങ്ങൾ ഒഴിമുറിയും വാരിക്കൂട്ടട്ടെ എന്നാശംസിക്കുന്നു. നാല് കൊല്ലത്തിലൊരിക്കൽ ഇതുപോലെ ഓരോ സിനിമകൾ ചെയ്താൽ മതി മാഷേ. കുറേയധികം തട്ട് തകർപ്പൻ അടി ഇടി സിനിമകൾ ചെയ്യുന്നതിനേക്കാൾ ഭേദമല്ലേ ഇങ്ങനോരോന്ന് !!