Monthly Archives: February 2013

24012013

നത്തോലി ഒരു ചെറിയ മീനല്ല.


ല്ലാർപാടം കണ്ടൈനർ ടെർമിനൽ റോഡിന്റെ കോതാട് ഭാഗത്തുള്ള പാലം പൊളിഞ്ഞിട്ട് മാസം 6 ആയെന്നാണ് എന്റെ ഓർമ്മ. കോൺക്രീറ്റ് അടർന്ന് വീണ് കമ്പിയൊക്കെ പുറത്ത് കാണുന്ന വിധത്തിലാണ് പാലമിപ്പോൾ. പണിതീർന്നിട്ട് ഒരുകൊല്ലം മാത്രമായ ഒരു പാലമാണിത്. ലോഡുമായി പോയ ഒരു കണ്ടൈനർ ലോറിയുടെ ചക്രങ്ങൾ പാലത്തിലുണ്ടായ ദ്വാരത്തിൽ കുടുങ്ങിയെങ്കിലും ലോറി നിർത്താതെ ഓടിച്ച് പോയതുകൊണ്ട് വലിയ അപകടം ഒന്നുമുണ്ടായില്ല. തൊട്ടടുത്ത ദിവസം ചാനലുകളിലും പത്രങ്ങളിലുമൊക്കെ ഇത് വാർത്തയായിരുന്നു. പിറ്റേന്ന് സ്ഥലം എം.എൽ.എ. ശ്രീ ഹൈബി ഈടൻ അടക്കമുള്ള ചിലർ പാലത്തിൽ പ്രതിഷേധ യോഗം കൂടുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടായതായി ഇതുവരെ കാണാനായിട്ടില്ല.

പാലത്തിന്റെ ആ ഭാഗത്തുകൂടെയുള്ള (1.8 കിലോമീറ്റർ) ഗതാഗതം നിയന്ത്രിക്കുക മാത്രമാണ് നാളിത്രയായിട്ടും ചെയ്തിട്ടുള്ളത്. അതിന് പ്രത്യേകിച്ച് ചിലവോ അദ്ധ്വാനമോ ഒന്നും ഇല്ലല്ലോ ? നാലഞ്ച് കല്ല് പെറുക്കി വെച്ച് റോഡ് ബ്ലോക്ക് ചെയ്യുക. ‘ഇതുവഴി ഗതാഗതം നിരോധിച്ചിരിക്കുന്നു’ എന്നൊരു ഫ്ലക്സ് ബോർഡ് 30 രൂപ കൊടുത്ത് എഴുതിവെക്കുക. അതോടെ പ്രശ്നപരിഹാരം ആയോ ?

കോടികൾ ചിലവാക്കി പണിയുന്ന ഒരുപാലത്തിന്റെ ആയുസ്സ് ഒരു കൊല്ലം മാത്രമാണോ ? പാലം പണിതിട്ട് പോയ കോണ്ട്രാൿടർക്കെതിരെ എന്തെങ്കിലും നടപടി എടുത്തോ ഇതുവരെ ? അധികം താമസിയാതെ ഇപ്പോൾ ഗതാഗതം നടന്നുകൊണ്ടിരിക്കുന്ന പാലവും പൊളിഞ്ഞ് വീഴില്ലെന്ന് എന്താണുറപ്പ്. ആ പാലം പണിതതും ഇതേ കോണ്ട്രാൿടർ തന്നെ ആണല്ലോ !

ഒരു കാര്യം അധികാരികൾ മനസ്സിലാക്കേണ്ടതുണ്ട്. (അധികാരികൾ എന്ന് പറയുമ്പോൾ കൊച്ചിൻ മേയർ ശ്രീ. ടോണി ചമ്മിണി, എം.എൽ.എ. ശ്രീ. ഹൈബി ഈടൻ, വ്യവസായ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവരെല്ലാം പെടും.) നാലുവരിപ്പാതയുടെ രണ്ട് വരികളിലൂടെയുള്ള ഗതാഗതമാണ് ഇപ്പോൾ സ്തംഭിച്ചിരിക്കുന്നത്. മറുവശത്തുള്ള പാലം കൂടെ തകർന്നാൽ അതോടുകൂടെ കണ്ടൈനർ ടെർമിനൽ എന്ന പദ്ധതി സ്വിച്ച് ഓഫാക്കിയതുപോലെ നിൽക്കും. വല്ലാർപാടത്ത് വന്ന് നിറയുന്ന കണ്ടൈനറുകൾ നഗരത്തിന് വെളിയിലേക്ക് കടത്താൻ പിന്നെ, പട്ടണത്തിന് നടുവിലൂടെയുള്ള ഏതെങ്കിലും വഴി തന്നെ ആശ്രയിക്കേണ്ടി വരും. മെട്രോ റെയിലിന്റെ ഭാഗമായി പൊളിച്ചുപണി നടക്കുന്ന നോർത്ത് പാലത്തിലൂടെ ഒരു കണ്ടൈനർ ലോറി പോലും നേരം വണ്ണം കടന്നുപോയെന്ന് വരില്ല. ഇനി അങ്ങനെ സാധിച്ചാൽത്തന്നെ, നിലവിലുള്ള ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിലെ റോഡുകൾ അതോടെ പൂർണ്ണമായും നിശ്ചലമാകും. സൌത്ത് പാലം വഴി പോയാലും വൈപ്പിൻ കരയെ ആശ്രയിച്ചാലും ഇതൊക്കെത്തന്നെയാകും ഫലം.

പ്രശ്നപരിഹാരമായി ചെയ്യാനാകുന്നത് ഒന്നുമാത്രമാണ്. എത്രയും പെട്ടെന്ന് പാലത്തിന്റെ പുനഃനിർമ്മാണം പൂർത്തിയാക്കുക. കഴിയുമെങ്കിൽ പാലം പണിതിട്ടുപോയ പഴയ കോണ്ട്രാൿടറെക്കൊണ്ട് തന്നെ സൌജന്യമായി പുതിയ പാലം പണിയിപ്പിക്കുക. സാങ്കേതിക വിദ്യയൊന്നും ഇത്രയ്ക്ക് കേമമല്ലാതിരുന്ന കാലത്ത്, കുറഞ്ഞ് ദിവസങ്ങൾ കൊണ്ട് പാലം പണിത ചരിത്രമൊക്കെ ഒരുപാടുണ്ട്. വേണമെന്ന് വെച്ചാൽ എല്ലാം നടക്കും. അവനവന്റെ പോക്കറ്റിലേക്കും തറവാട്ടിലേക്കും മാത്രം വേണമെന്ന് വെച്ചാൽ ഇതുപോലെ പാലം തകർന്ന കഥകൾ ഒരുപാടുണ്ടായെന്ന് വരും.

പാലത്തിൽ ഉണക്കാനിട്ടിരിക്കുന്ന മത്സ്യസമ്പത്ത്

ദോഷം പറയരുതല്ലോ? പൊളിഞ്ഞുകിടക്കുന്ന പാലത്തിന്റെ ഭാഗത്ത് ക്രിയാത്മകമായി ഒന്നും നടക്കുന്നില്ലെന്ന് ആക്ഷേപിക്കാനാവില്ല. തദ്ദേശവാസികൾ ആ പാലം നല്ല നിലയ്ക്ക് തന്നെ ഉപയോഗിക്കുന്നുണ്ട്. നത്തോലി, മുള്ളൻ, ചെമ്മീൻ, എന്നിങ്ങനെയുള്ള മത്സ്യസമ്പത്തൊക്കെ അവർ ഉണക്കാനിടുന്നത് ഈ പാലത്തിലാണ്. നത്തോലി ഒരു ചെറിയ മീനല്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ ? അതുകൊണ്ടാണല്ലോ അതുണക്കാൻ, കോടികൾ ചിലവാക്കി നിർമ്മിച്ച കണ്ടൈനർ ടെർമിനൽ റോഡ് തന്നെ സർക്കാർ വിട്ടുകൊടുത്തിരിക്കുന്നത്.