Monthly Archives: August 2013

cc

‘പാലിയം ചരിത്രം’ – പുസ്തകപ്രകാശനം


ന്നലെ (24 ആഗസ്റ്റ് 2013) വൈകീട്ടുള്ള, വ്യക്തിപരമായി ക്ഷണമൊന്നുമില്ലാത്ത ഒരു പരിപാടിയിൽ ഇടിച്ച് കയറി പങ്കെടുക്കണമെന്ന് അതേപ്പറ്റിയുള്ള പത്രവാർത്ത കണ്ടപ്പോൾത്തന്നെ തീരുമാനിച്ചിരുന്നതാണ്. വൈകീട്ട് 5 മണിക്ക്, അതായത് പരിപാടി തുടങ്ങുന്നതിന് മുൻപ് തന്നെ പ്രധാനമന്ത്രിയുടെ കൊട്ടാരത്തിലെത്തി. ഓ… ക്ഷമിക്കണം, പരിപാടി എന്തെന്നും പ്രധാനമന്ത്രി ആരെന്നും കൊട്ടാരം എവിടെയാണെന്നും വിശദമാക്കിയില്ലല്ലോ അല്ലേ ?
പരിപാടി: – പുസ്തകപ്രകാശനം. 

പ്രധാനമന്ത്രി: – പഴയ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായ പാലിയത്തച്ചൻ.

സ്ഥലം : – ചേന്ദമംഗലത്തുള്ള പാലിയം കൊട്ടാര സമുച്ചയം.

മുസരീസിന്റെ കഥയറിയാനുള്ള നടപ്പാണ് കുറേ നാളുകളായിട്ട്. പാലിയം കൊട്ടാരം ആ കഥയിൽ പ്രധാനപ്പെട്ട ഒരു റോൾ വഹിക്കുന്ന ഇടമാണ്. പാലിയത്തിന്റെ ചരിത്രം, അവിടത്തെ ഒരു മരുമകളും മഹാരാജാസ് കോളേജിലെ അദ്ധ്യാപികയുമായിരുന്ന പ്രൊഫ:എം.രാധാദേവി എഴുതി പ്രകാശിപ്പിക്കുമ്പോൾ അതിൽ പങ്കെടുക്കാനായാൽ, അവിടെ പ്രസംഗിക്കാൻ വരുന്നവരിൽ നിന്ന് കിട്ടാവുന്ന അറിവുകൾ പെറുക്കിയെടുത്ത് കൊണ്ടുപോരാനായാൽ, ഈയൊരു ദിവസം ധന്യമാക്കാൻ അതിനേക്കാൾ വലുതെന്തുണ്ട് ?  
പാലിയം നാലുകെട്ടിനകത്തുവെച്ചാണ് പുസ്തകപ്രകാശനച്ചടങ്ങ്. ചെന്നുകയറിയപ്പോൾത്തന്നെ കസേരകൾ നിറഞ്ഞ് കവിഞ്ഞിരിക്കുന്നെങ്കിലും ഇടയിലെവിടെയോ ഒരു ഇരിപ്പിടം ഒപ്പിച്ചെടുത്തു. 450ൽ‌പ്പരം വരുന്ന പാലിയത്തച്ചന്മാർക്കും കുഞ്ഞമ്മമാർക്കും ഇരിക്കാനുള്ള സ്ഥലമേ സത്യത്തിൽ അവിടെയുള്ളൂ.

പ്രൌഢഗംഭീരമായ ഒരു പുസ്തകപ്രകാശനച്ചടങ്ങ് ആയിരുന്നു അത്. അദ്ധ്യക്ഷൻ ശ്രീ.വി.ഡി.സതീശൻ എം.എൽ.എ. പ്രമുഖ പ്രഭാഷണം സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് മേധാവിയും പ്രസിദ്ധ ചരിത്രകാരനുമായ ശ്രീ.എം.ജി.എസ്.നാരായണൻ. മഹനീയ സാന്നിദ്ധമായി ജസ്റ്റീസ് കൃഷ്ണയ്യർ. മറ്റ് പ്രഭാഷകരായി പാലിയം രവിയച്ചൻ, കവി എസ്.രമേശൻ നായർ, സാഹിത്യകാരനായ ശ്രീ.സേതു ഗ്രന്ഥകർത്താവ് പ്രൊഫസർ രാധാദേവി, ഗ്രന്ഥം മലയാളത്തിലേക്ക് പുനരാഖ്യാനം നടത്തിയിരിക്കുന്ന ശ്രീമതി ശ്രീകുമാരി രാമചന്ദ്രൻ എന്നിവർ വേദിയിൽ.

എല്ലാവരേയും നല്ല ഒന്നാന്തരം പൊന്നാട അണിയിച്ചാണ് പാലിയം ട്രസ്റ്റ് സ്വാഗതം ചെയ്തത്. Paliam History എന്ന ഇംഗ്ലീഷ് പുസ്തകവും അതിന്റെ മലയാളം വിവർത്തനമായ പാലിയം ചരിത്രവും ഒരേ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടു.

പ്രസാധകർ – പാലിയം ഈശ്വര സേവാ ട്രസ്റ്റ്.
വില – 200 രൂപ. 
ഫോൺ – 0484-2518578
ഈ-മെയിൽ – pet_chm@hotmail.com

സദസ്സിന്റേയും വേദിയുടേയും ഒരു ഭാഗികദൃശ്യം.

ഉത്ഘാടനത്തിന്റെ നിലവിളക്ക് ശ്രീ.എം.ജി.എസ്. കൊളുത്തിയത് വേദിയിൽ നിന്ന് മാറിയുള്ള പൂജാമുറിക്ക് മുന്നിൽ. അതിനൊപ്പം മൂന്ന് വട്ടം കുരവ അകത്തളത്തിൽ ഉയർന്നു. ഇത് ആ പുസ്തകപ്രകാശന ചടങ്ങിന്റെ റിപ്പോർട്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും ചരിത്രവസ്തുതകൾ ഒരുപാട് നിറഞ്ഞുനിന്ന ആ ചടങ്ങിൽ എല്ലാ പ്രാസംഗികരും നടത്തിയ പരാമർശങ്ങൾ അൽ‌പ്പമെങ്കിലും വിശദീകരിക്കണമെന്നുണ്ട്.

മുഖ്യപ്രാസംഗികൻ നിലവിളക്ക് കൊളുത്തുന്നു.  – ദൃശ്യം ഭാഗികം.
അദ്ധ്യക്ഷൻ – ശ്രീ.വി.ഡി സതീശൻ (എം.എൽ.എ)

സ്ക്കൂൾ വിദ്യാഭ്യാസ കാലത്ത് എന്തിനാണ് ഈ ചരിത്രമൊക്കെ പഠിക്കുന്നത് എന്ന് ഓർത്തിട്ടുണ്ട്. പ്ലാസി യുദ്ധവും പാനിപ്പട്ട് യുദ്ധവുമൊക്കെ കൊല്ലം തെറ്റാതെ പഠിച്ചിട്ടെന്തിനാണ് എന്നായിരുന്നു ചിന്ത. മുതിർന്നപ്പോളാണ് ചരിത്രത്തിൽ നിന്നുള്ള അന്തസത്ത ഉൾക്കൊണ്ടുകൊണ്ടല്ലാതെ മുന്നോട്ടുള്ള പ്രയാണം ബുദ്ധിമുട്ടാനെന്ന് മനസ്സിലാക്കിയത്.
ശ്രീ:എം.ജി.എസ്.നാരായണൻ

സത്യത്തിൽ പ്ലാസി യുദ്ധം എന്നൊന്ന് നടന്നിട്ടില്ല (ചിരി). ഒരു വശത്ത് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടേയും മറുവശത്ത് നവാബിന്റേയും പട്ടാളം നിരന്നുനിന്നു. പിന്നെ നവാബ് പതുക്കെ കുതിരയോടിച്ച് ഒരു വശത്തേക്ക് നീങ്ങി. അത്ര തന്നെ. അല്ലാതെ യുദ്ധമൊന്നും അവിടെ നടന്നിട്ടില്ല. ചരിത്രത്തിൽ അങ്ങനെ ഒരുപാട് വൈരുദ്ധ്യങ്ങളും അസത്യങ്ങളും കാലാകാലങ്ങളായി തൽ‌പ്പര കക്ഷികൾ തിരുകിച്ചേർത്തിട്ടുണ്ട്. പക്ഷെ ഇന്ന് അക്കാര്യങ്ങൾ പലതും നമുക്ക് തെളിവടക്കം ലഭ്യമാണ്. കേരളം ഭരിച്ചിരുന്ന പെരുമാളുമാരെപ്പറ്റി പഠിക്കാനായി കൊടുങ്ങല്ലൂരിലെ ചേരമാൻ പറമ്പിൽ എത്തിയപ്പോൾ അവിടെ നൂറ്റാണ്ടുകൾക്ക് മുന്നേ ഒരു ഉത്ഘനനം നടന്നിട്ടുള്ളതായി മനസ്സിലാക്കാനായി. അത് നടത്തിയത് പാലിയത്തച്ചന്മാരിൽ ഒരാളാണ്. ഇപ്പോൾ എന്റെ ശിഷ്യകൂടിയായ ശ്രീമതി രാധാദേവി പാലിയത്തിന്റെ ചരിത്രം ഗവേഷണം നടത്തി പുസ്തകമാക്കിയതിൽ അഭിമാനിക്കുന്നു.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന കാലത്ത് ശത്രുവിന്റെ കുറ്റങ്ങളും കുറവുകളും നിരത്തുകയും പ്രചരിപ്പിക്കുകയുമൊക്കെ പതിവാണ്. അത് തന്നെയാണ് ശരി. പക്ഷെ യുദ്ധാനന്തരം ശത്രുവാണെങ്കിൽ അവർ നമുക്ക് ചെയ്ത് തന്ന നല്ല കാര്യങ്ങൾ ചികഞ്ഞെടുത്ത് പ്രശംസിക്കണം. അത് ചരിത്രനിയോഗമാണ്. ശത്രുക്കളായിരുന്നെങ്കിലും ബ്രിട്ടീഷുകാർ നമുക്ക് ചെയ്ത് തന്ന ഉപകാരങ്ങൾ നാം മറക്കരുത്. ആധുനിക സംസ്ക്കാരത്തോട് അവർ നമ്മെ അടുപ്പിച്ചു. പല നാട്ടുരാജ്യങ്ങളായി കിടന്നിരുന്ന ഇന്ത്യ ഇത്രയെങ്കിലും ഏകീകരിക്കപ്പെട്ടതിൽ നിഷേധിക്കാനാവത്ത പങ്ക് അവർക്കുണ്ട്. പഴശ്ശിരാജയെ വധിച്ച ബാബറിന്റെ പേരമകനെ നേരിൽ കാണാനുള്ള അവസരമുണ്ടായിട്ടുണ്ട്. മുത്തച്ഛന്റെ കുറിപ്പുകൾ ഒരുപാട് അദ്ദേഹത്തിൽ നിന്നും കിട്ടിയിട്ടുണ്ട്. പഴശ്ശിരാജ എന്ന വീരയോദ്ധാവിനെപ്പറ്റി, ശത്രുവായിരുന്നെങ്കിലും ബാബറിന്റെ വരികളിൽ നിറയെ ആദരവും ബഹുമാനവുമാണ്.

അദ്ദേഹത്തിന്റെ പ്രസംഗം പാലിയം ചരിത്രമടക്കം ഇന്ത്യാചരിത്രത്തിന്റേയും ലോകചരിത്രത്തിന്റേയും പല വശങ്ങളേയും പരാമർശിച്ചും എടുത്തുകാണിച്ചും അനർഗ്ഗളനിർഗ്ഗളം പ്രവഹിച്ചു. ജസ്റ്റിസ് കൃഷ്ണയ്യർക്ക് അധികം സമയം ഇരിക്കാൻ സാധിക്കില്ലെന്നതുകൊണ്ട് അദ്ദേഹം പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ചതിൽ ഞാൻ കുണ്ഠിതനായിരുന്നു.
ജസ്റ്റിസ് കൃഷ്ണയ്യർ

പ്രായാധിക്യമൊന്നും കണക്കിലെടുക്കാതെ വിളിക്കുന്ന ചടങ്ങുകളിൽ എല്ലാം പങ്കെടുക്കുന്ന ശ്രീ.കൃഷ്ണയ്യർക്ക് വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പാലിയത്ത് നടക്കുന്ന ഈ ചടങ്ങ് ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല. പ്രസംഗമൊന്നും ചെയ്യാതെയാണെങ്കിലും അദ്ദേഹം വേദിയിൽ ചടങ്ങുകൾക്ക് എല്ലാത്തിനും സാക്ഷിയായി ഇരുപ്പുറപ്പിച്ചു.
ശ്രീ.സേതു

ചേന്ദമംഗലത്തുകാരനായ ഞാൻ മറുപിറവി എന്ന നോവലിന്റെ ഭാഗമായി പാലിയത്തിന്റെ ചരിത്രം കുറേയൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളതാണ്. കേരള ചരിത്രത്തിൽ വേലുത്തമ്പിക്കും പഴശ്ശിരാജയ്ക്കും മങ്ങാട്ടച്ചനുമൊക്കെ വലിയ പ്രാധാന്യം കൊടുക്കുമ്പോൾ സത്യത്തിൽ പാലിയത്തച്ചന്മാരെ കാര്യമായി ഗൌനിച്ചിട്ടില്ല. അതിന് ഏറ്റവും വലിയ തെളിവാണ് പാലിയം കുടുംബത്തിൽ നിന്നുതന്നെയുള്ള ഒരു വ്യക്തിക്ക് പാലിയം ചരിത്രം എഴുതേണ്ടി വന്നത്. മറ്റാരെങ്കിലും ഇതിന് മുന്നേ തന്നെ എഴുതേണ്ടതായിരുന്നു പാലിയത്തിന്റെ ചരിത്രം.

ശ്രീ.എസ്.രമേശൻ നായർ

ചരിത്രം മതത്തിന്റേതാകുമ്പോളും മതം ചരിത്രമാകുമ്പോളും അസത്യങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കുന്നു. ഇന്ത്യയിൽ കാലുകുത്താത്ത ഒരാൾ ഇവിടെ വന്നെന്നും ഒരുപാട് പ്രവർത്തനങ്ങൾ നടത്തിയെന്നും ചരിത്രം പറയുന്നത് അതുകൊണ്ടാണ്.

ശ്രീ.രവിയച്ചൻ

ശ്രീമതി.ശ്രീകുമാരി പുനരാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത് ഒരു കഥയെഴുതുന്ന മനോഹാരിതയോട് കൂടെയാണ്. സത്യത്തിൽ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയതാണെന്ന് ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അതിശയിക്കെണ്ടതില്ല. പാലിയം എന്ന വലിയ കൂട്ടുകുടുംബത്തിന്റെ നന്മകളും കുറവുകളും അനുഭവിക്കാനായിട്ടുണ്ട്. താമസം തൃപ്പൂണിത്തുറയിൽ ആയതുകൊണ്ട് വെളിയിൽ നിന്ന് ഒരാൾ നോക്കിക്കാണുന്നത് പോലെ അത്ഭുതംകൂറി നോക്കിനിൽക്കാനായിട്ടുണ്ട്. നൂറ്റാണ്ടുകളോളം കൊച്ചിയുടെ പ്രധാനമന്ത്രിപദവിയിൽ ഇരുന്നിട്ടും പാലിയത്തച്ചന്മാർ ഇന്നത്തെ മന്ത്രിമാരെപ്പോലെ ഒന്നും കട്ടുമുടിച്ചിട്ടില്ല.

പാലിയത്ത് വന്ന് എന്ത് ചോദിച്ചാലും കൊടുക്കണം. വെറും കൈയ്യോടെ മടക്കി അയക്കരുതെന്നാണ്. ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല പാലിയത്ത്. മുണ്ടിന് മുണ്ട് പുസ്തകത്തിന് പുസ്തകം, പെൻസിലിന് പെൻസിൽ എല്ലാം കിട്ടും. പിറന്നാളാണോ ചെന്നിരുന്നാൽ മാത്രം മതി. പായസമടക്കം സദ്യ കഴിക്കാം. പക്ഷെ പണം മാത്രം ഇല്ല. കാലണ കിട്ടിയാൽ മൂന്ന് പഴം വാങ്ങാം. 50 കപ്പലണ്ടി വാങ്ങാം. കാലണയുള്ളവൻ ധനികനാണ്. ഇന്ന് കാൽ രൂപ പോലും ഇല്ലാതായിരിക്കുന്നു. 20,000 രൂപയുള്ളവൻ പോലും ദരിദ്രനാണ്. തോക്ക് പിടിച്ച് പൊലീസ് കാവലുണ്ടായിരുന്നു പാലിയത്തിന്റെ വാതിലുകളിൽ. രാത്രി ഭക്ഷണം കഴിഞ്ഞാൽ‌പ്പിന്നെ 15 വയസ്സിന് മേൽ പ്രായമുള്ളവർക്ക് നാലുകെട്ടിനകത്തേക്ക് പ്രവേശനമില്ല. അക്കാലത്ത് നമ്പൂരി ജനിച്ചു എന്നാണ് പറയുക. കുട്ടി ആണോ പെണ്ണോ എന്ന് പിന്നെ ചോദ്യമില്ലല്ലോ ? എല്ലാവരേയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിയെത്ര നാൾ ഇങ്ങനെ കാണാനാകുമെന്ന് അറിയില്ലല്ലോ ? ഞാൻ ഒരു അൻപത് കൊല്ലം കൂടിയല്ലേ ഇനി ജീവനോടെയുണ്ടാകൂ.
സ്വതസിദ്ധമായ നർമ്മം കലർത്തിയാണ് രവിയച്ചൻ പാലിയത്തിന്റെ ചരിത്രം അവതരിപ്പിച്ചത്.
പ്രൊഫ:രാധാദേവി

പറഞ്ഞ കഥകളേക്കാൾ അധികം പറയാത്ത കഥകളാണുള്ളത്. പോർച്ചുഗീസുകാരും ടിപ്പുവുമൊക്കെ ഈ നാലുകെട്ട് വളഞ്ഞിട്ടുണ്ട്. ഇതിന് തീയിട്ടിട്ടുണ്ട് അവർ. വൈസ്രോയി അടക്കമുള്ളവർ ഈ മുറ്റത്ത് മീറ്റിങ്ങ് വിളിച്ചിട്ടുണ്ട്. രാജ്യതാൽ‌പ്പര്യം സംരക്ഷിക്കാനായി പിടികൊടുക്കുകയും ജയിലിൽ ആകുകയും ചെയ്തിട്ടുണ്ട് തന്റെ പടനായകനാകാൻ താൽ‌പ്പര്യമുണോ എന്ന് തിരുവിതാം‌കൂർ മാർത്തണ്ഡവർമ്മ മഹാരാജാവ് പാലിയത്തച്ചനോട് ചോദിച്ചിട്ടുണ്ടെങ്കിലും, കൂറ് എന്നും കൊച്ചിയോട് മാത്രമായിരിക്കും എന്നായിരുന്നു പാലിയത്തച്ചന്റെ മറുപടി. 

ശ്രീമതി.ശ്രീകുമാരി രാമചന്ദ്രൻ

മൊഴിമാറ്റങ്ങൾ മുൻപും നടത്തിയിട്ടുണ്ട്. പക്ഷെ ചിലർക്ക് മൊഴിമാറ്റം നടത്തിയ ഗ്രന്ഥങ്ങളോട് വലിയ പ്രതിപത്തിയില്ല. മൊഴിമാറ്റം നടത്തിയില്ലായിരുന്നെങ്കിൽ വേദങ്ങളും ഉപനിഷത്തുകളും അടക്കം എത്രയോ കൃതികൾ നമുക്ക് അന്യമായിപ്പോകുമായിരുന്നു. തർജ്ജിമ എന്നതിനേക്കാൾ ട്രാൻസ് ക്രിയേഷൻ എന്ന് പറയാനാണ് താൽ‌പ്പര്യപ്പെടുന്നത്. പാലിയത്തിന്റെ ചരിത്രത്തെ കൊച്ചിയുടെ ചരിത്രത്തിൽ നിന്ന് മാറ്റി നിർത്താനാവില്ല. 
പാലിയം വെബ് സൈറ്റ്

ഞാൻ സ്ഥിരമായി ഓൺലൈനിൽ നിരങ്ങുന്ന ആളാണെന്ന് അറിഞ്ഞിട്ടെന്ന പോലെ പാലിയത്തിന്റെ വെബ് സൈറ്റ് ഉത്ഘാടനം ചെയ്യാനുള്ള മേശ തയ്യാറാക്കിയിരുന്നത് എന്റെ ഇരിപ്പിടത്തിന് മുന്നിൽത്തന്നെ. രവിയച്ചൻ പാലിയം വെബ് സൈറ്റ് (www.paliam.in) ഉത്ഘാടനം ചെയ്തു.

രവിയച്ചൻ പാലിയം സൈറ്റ് ഉത്ഘാടനം ചെയ്യുന്നു.
മുഖ്യാതിഥികൾക്ക് എല്ലാവർക്കും ഉപഹാരം സമർപ്പിച്ചുകൊണ്ടും പങ്കെടുത്തവർക്ക് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടും ചടങ്ങ് അവസാനിച്ചു.
സമയം ഏഴര മണി. മൂന്നൂറോളം പേർ വരുന്ന അതിഥികൾക്ക് ഭക്ഷണം കരുതിയിട്ടുണ്ട്, പ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ. എല്ലാം കൊണ്ടും രാജകീയമായ ഒരു പുസ്തകപ്രകാശനച്ചടങ്ങ് തന്നെയായിരുന്നു അത്. ഇങ്ങനൊന്ന് ഇതുവരെ ഞാൻ കണ്ടിട്ടില്ല, ഇനി കാണുമോന്നും നിശ്ചയമില്ല.
Paliam History – ഇംഗ്ലീഷ് പുസ്തകച്ചട്ട

വ്യക്തിപരമായി ഉണ്ടായത് ഒരുപാട് വലിയ സന്തോഷങ്ങളാണ്. രണ്ട് ദിവസം മുന്നേ വാങ്ങി തോൾസഞ്ചിയിൽ കരുതിയിരുന്ന Perumal of Kerala എന്ന ഗ്രന്ഥത്തിൽ ഗ്രന്ഥകർത്താവായ ശ്രീ.എം.ജി.എസ്.നാരായണന്റെ കൈയ്യൊപ്പ് ചാർത്തി വാങ്ങാൻ കഴിഞ്ഞു. അദ്ദേഹത്തോടും സേതു മാഷിനോടുമൊക്കെ അൽ‌പ്പനേരം സംസാരിക്കാൻ കഴിഞ്ഞു. പ്രകാശനം ചെയ്യപ്പെട്ട രണ്ട് ഗ്രന്ഥങ്ങളിലും ഗ്രന്ഥകർത്താക്കളുടെ ഒപ്പിട്ട് വാങ്ങി കുശലം പറയാനായി. ഇങ്ങനൊരു ചടങ്ങിൽ പങ്കെടുക്കാനായെന്നതും ചരിത്രത്തിന്റെ ഒരുപാട് ഏടുകളിലൂടെ കടന്നുപോയ നിരവധി പ്രസംഗങ്ങൾ കേൾക്കാൻ കഴിഞ്ഞെന്നതുമുള്ളത് ഇതിനേക്കാളൊക്കെ വലിയ അനുഗ്രഹം.

പാലിയം ചരിത്രം – മലയാളം പുസ്തകച്ചട്ട.
Perumals of Kerala – ഗ്രന്ഥകർത്താവിന്റെ ഒപ്പോട് കൂടിയത്.

ഭക്ഷണം കഴിക്കാൻ നിന്നില്ല. ഉദരവും മനസ്സും അത്രയ്ക്ക് നിറഞ്ഞിരുന്നു. ഇനി ഈ ഗ്രന്ഥങ്ങളെല്ലാം വായിച്ച് മനസ്സിൽ കുടിയിരുത്തണം. മുസരീസിലൂടെയുള്ള യാത്രമാർഗ്ഗങ്ങൾ സുഗമമാക്കാൻ പോന്ന കാര്യങ്ങൾ ചോദിക്കാതെ തന്നെ മുന്നിൽ കൊണ്ടുവന്നുതരുന്ന അദൃശ്യ ശക്തിക്ക് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് മാത്രം അറിയില്ല.