Monthly Archives: August 2013

66

ഓർമ്മക്കുറവ്


പൊലീസ് സ്റ്റേഷന്റെ വടക്കേ അതിരിലൂടെ കിഴക്കോട്ട് പോകുന്ന ഇടുങ്ങിയ മാർഗ്ഗേ നടന്നത് ‘ഇലവഞ്ചിക്കുളം‘ കാണാൻ വേണ്ടിയായിരുന്നു. വഴിപിരിയുന്ന ഒന്നുരണ്ടിടങ്ങളിൽ സംശയം തീർക്കാൻ ചിലരോട് ചോദിച്ചപ്പോൾ, ഇലവഞ്ചിക്കുളം എല്ലാവർക്കും അറിയാം.

പേര് സൂചിപ്പിക്കുന്നതുപോലെ കുളവാഴയുടെ ഇലകൾ കൊണ്ട്, കുളം മൂടി നിൽക്കുന്നു. ഒരു വഞ്ചിയുടെ കുറവ് മാത്രമേയുള്ളൂ.

പരിസരത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾക്കിടയിൽ നിന്ന് ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് ആൺകുട്ടികൾ എനിക്കൊപ്പം കുളത്തിനരികിലേക്ക് നടന്നു. മെല്ലെ മെല്ലെ അവരെന്നോട് ലോഹ്യം കൂടി.

“എന്തിനാ കുളത്തിലേക്ക് പോകുന്നത് ? “

“കുളിക്കാൻ.“

“ഈ കുളത്തിൽ കുളിക്കുന്നതിനേക്കാൾ നല്ലത്, അപ്രത്ത് വേറേ നല്ല കുളമുണ്ട്. ഞാൻ കാണിച്ചുതരാം”

“എനിക്കീ കുളത്തിൽ കുളിച്ചാമ്മതി”

“എന്നാപ്പിന്നെ മറ്റേ വശത്ത് പായലില്ലാത്ത പടവുണ്ട്.”

ഒരു മുൻപരിചയവുമില്ലാത്ത ഞാൻ നല്ല പടവിൽ, നല്ലവെള്ളത്തിൽ  കുളിക്കണമെന്ന് അവന് നിർബന്ധം. അവഗണിക്കപ്പെട്ട് കിടക്കുന്ന ഈ കുളത്തിന്റെ ചരിത്രവും പ്രാധാന്യവുമൊക്കെ അവന് എന്തെങ്കിലും അറിയുമോ ആവോ ?!

കുളക്കടവിലുള്ള മരങ്ങളിൽ സാരികൾ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.

“ഇതാരാണ് ഈ സാരികൾ മരത്തിൽ തൂക്കിയിട്ടിരിക്കുന്നത്?”

“അത് ആ ദേവൂട്ടിയുടെ പണിയാണ്.”

“ആരാണ് ദേവൂട്ടി ?”

“അത് ഓർമ്മക്കുറവുള്ള ഒരു പെണ്ണാണ്.”

എനിക്കാ ഏഴ് വയസ്സുകാരന്റെ ഉത്തരം നന്നെ ബോധിച്ചു. ‘അത് ആ ഭ്രാന്തിപ്പെണ്ണാണ്, അത് ആ ബുദ്ധിസ്ഥിരതയില്ലാത്ത പെണ്ണാണ്‘ എന്നൊന്നും അവൻ പറഞ്ഞില്ലല്ലോ. ദേവൂട്ടിക്ക് ഭ്രാന്താണെന്നോ ബുദ്ധിസ്ഥിരതയില്ലെന്നോ പറഞ്ഞുകൊടുക്കുന്നതിന് പകരം, എത്ര നന്നായിട്ടാണ് അവന്റെ അമ്മയോ അച്ഛനോ വീട്ടിലുള്ളവരോ അക്കാര്യം അവനിലേക്ക് പകർന്നിരിക്കുന്നത്.

ഓർമ്മക്കുറവ് !!! അത്രേയുള്ളൂ.

അകലെ കളിക്കളത്തിൽ ഒരു വിക്കറ്റ് വീണതിന്റെ ആർപ്പ്.

“ഇവിടെ കുളിച്ചോ. എന്റെ ബാറ്റിങ്ങായി. ഞങ്ങള് പോണൂ….”

പടവ് കാണിച്ചുതന്ന്, അവർ രണ്ടുപേരും പിച്ച് ലക്ഷ്യമാക്കി ഓടിയകന്നു.

ചരിത്രമുറങ്ങുന്ന ഇലവഞ്ചിക്കുളത്തിന്റെ കുളവാഴ മൂടാത്ത വരമ്പിൽ നിന്ന് വെള്ളത്തിലേക്ക് കാലിട്ട് കുറേ നേരം ഞാനിരുന്നു. ചുറ്റും പൊന്തക്കാടുകളാണ്. ഏതൊക്കെയിനം ഇഴജന്തുക്കൾ വേണമെങ്കിലും ഉണ്ടാകാം. പക്ഷെ എന്റെ ചിന്ത മുഴുവൻ പൊന്തക്കാടുകൾക്കും കുളത്തിനടിയിലുമൊക്കെ മറഞ്ഞിരിക്കുന്ന ചരിത്ര രഹസ്യങ്ങളെപ്പറ്റിയായിരുന്നു. സ്വർണ്ണനിറമുള്ള ആന പൊന്തിവരും എന്നൊക്കെ പറഞ്ഞ് അച്ഛനമ്മമാർ കുഞ്ഞിക്കുട്ടികളെ ഭയപ്പെടുത്തിയിരുന്ന ഈ കുളത്തിന്റെ കഥകളറിയാൻ സാദ്ധ്യതയുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം എവിടെ നിന്ന് തുടങ്ങണം എന്നായിരുന്നു.

ദേവൂട്ടിക്ക് ഓർമ്മക്കുറവ് ഉണ്ടെന്നല്ലേ പയ്യൻ പറഞ്ഞത്. ദേവൂട്ടിക്ക് ഏത് വരെ ഓർമ്മ കാണുമായിരിക്കും ? കുറവ് കഴിഞ്ഞുള്ള ദേവൂട്ടിയുടെ ഓർമ്മയിൽ കുളത്തെപ്പറ്റി എന്തെങ്കിലും കാണുമോ ? കുളക്കടവിലെ മരത്തിൽ ദേവൂട്ടിയെന്തിനാണ് സാരികൾ കെട്ടിത്തൂക്കുന്നത് ? സന്യാസിമാരുടെ കുളമാണെന്നും കഥകളുണ്ടല്ലോ ? അമരന്മാരായ സന്യാസിമാർ ആരെങ്കിലും നിലാവുള്ള രാത്രികളിൽ കുളക്കടവിൽ ധ്യാനനിരതരാകാറുണ്ടോ ? അവർക്ക് ആർക്കെങ്കിലും ‘ദ ഗ്രേറ്റ് ഇന്ത്യൻ റോപ്പ് ട്രിക്ക്’ ചെയ്യാൻ വേണ്ടിയാണോ ദേവൂട്ടിയുടെ വക സാരികൾ ?!!

മടക്കവഴിക്ക് എവിടെ വെച്ചെങ്കിലും ദേവൂട്ടിയെ കണ്ടിരുന്നെങ്കിൽ എല്ലാം വിശദമായി ചോദിക്കാമായിരുന്നു. നല്ല ഓർമ്മയും സ്വബോധവുമൊക്കെ ഉള്ളവരോട് ചോദിക്കുന്നതിലും ഭേദം ദേവൂട്ടിയോട് തന്നെ ചോദിക്കുന്നതാവും. അടുത്ത പ്രാവശ്യം കുളക്കടവിലേക്ക് പോകുമ്പോൾ അൽ‌പ്പം ‘ഓർമ്മക്കുറവ്’ ബാധിച്ചുതുടങ്ങിയിരിക്കുന്ന ഈയുള്ളവന് കുറുകേ ദേവൂട്ടി വന്ന് ചാടിയിരുന്നെങ്കിൽ !!!!
..
.