Monthly Archives: November 2013

6

ചില ഹർത്താൽ വിശേഷങ്ങൾ


ന്ന് 2013 നവംബർ 18. കേരളീയർക്ക് ഓണത്തേക്കാൾ പ്രിയങ്കരമായ  ആഘോഷമായി മാറിയിരിക്കുന്ന ഒരു ഹർത്താൽ ദിനം കൂടെ കഴിഞ്ഞിരിക്കുന്നു.

ഹർത്താൽ എന്ന പ്രതിഷേധപ്രകടന രീതിയോട് ഒരുതരത്തിലും യോജിക്കുന്ന ആളല്ല ഞാൻ. ഹർത്താൽ നടത്തുന്നത് ഏത് പാർട്ടി ആയാലും സമുദായം ആയാലും സംഘടന ആയാലും ആ എതിർപ്പിന് മാറ്റമില്ല. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അത് അൽ‌പ്പം പോലും നിഷേധിക്കുന്നില്ല. പക്ഷേ മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ടും ജനങ്ങളുടെ സ്വര്യജീവിതം താറുമാറാക്കിക്കൊണ്ടും പൊതുമുതൽ നശിപ്പിച്ചുകൊണ്ടുമുള്ള ഒരു പ്രതിഷേധമാർഗ്ഗത്തോടും, അതിനി ഏത്ര മഹത്തായ കാര്യത്തിന് വേണ്ടിയാണെങ്കിലും, യോജിക്കാൻ വയ്യ.

ഹർത്താൽ അടക്കമുള്ള പ്രതിഷേധമാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഓരോ ഇന്ത്യൻ പൌരനുമുള്ള ജനാധിപത്യ സ്വാതന്ത്ര്യം എന്നതുപോലെ തന്നെ ഏതൊരു ദിവസവും ഭീതിയില്ലാതെ നിരത്തിലിറങ്ങി നടന്ന് ജീവിതം മുന്നോട്ട് നയിക്കാനുള്ള സ്വാതന്ത്ര്യം ഹർത്താലിനെ അനുകൂലിക്കാത്തവർക്കും ഉണ്ട്. പരസ്പരം ബഹുമാനിച്ചുകൊണ്ടുള്ള ഒരു പ്രതിഷേധം ആയിക്കോളൂ. ഏതൊരു പ്രശ്നത്തിലും പ്രതികരിക്കണമെന്നുള്ളവർ അവരുടെ നേതൃത്വം പറയുന്നതനുസരിച്ച് വീട്ടിലടച്ചുപൂട്ടിയിരുന്ന് പ്രതികരിച്ചോളൂ. ആ പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമില്ലാത്തവരെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കൂ. ഇതൊരു അപേക്ഷയായിട്ട് കാണണമെന്നാണ് പറയാനുള്ളത്. മറ്റൊരു തരത്തിലും കാണരുത്.

ഇങ്ങനെയൊക്കെയുള്ള ഹർത്താൽ വിരുദ്ധ ചിന്തകളുമായി നടക്കുമ്പോളാണ് സുഹൃത്ത് രാജു പി. നായർ കുറേയേറെക്കാലമായി Say No To Harthal എന്ന മുദ്രാവാക്യവുമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ‌പ്പെട്ടത്. ഒരു പ്രത്യേക പാർട്ടിയുടെ പ്രവർത്തകൻ ആണെങ്കിലും സ്വന്തം പാർട്ടി ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾക്കെതിരെ പോലും പ്രതികരിക്കുകയും വാഹനം ഓടിക്കുകയും ചെയ്യുന്നുണ്ട് രാജു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പാർട്ടിക്കാർക്കിടയിൽ അങ്ങനെയുള്ളവർ കൂടുതൽ പേർ ഉണ്ടായി വന്നാൽ ഹർത്താലുകളിൽ നിന്ന് മോചനം നേടാൻ വിദൂരഭാവിയിലെങ്കിലും സാദ്ധ്യമായേക്കും എന്ന് തോന്നിയതുകൊണ്ട് എറണാകുളത്ത് രാജു മുൻ‌കൈ എടുത്ത് വിളിച്ചു ചേർത്ത ഹർത്താൽ വിരുദ്ധ സമ്മേളനങ്ങളിൽ പലതിലും പങ്കെടുക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

അങ്ങനെയുള്ള ചില സമ്മേളനങ്ങൾക്ക് ശേഷമുണ്ടായ ആദ്യത്തെ കേരള ഹർത്താലായിരുന്നു ഇന്നത്തേത്. മീറ്റിങ്ങുകളിൽ ധാരണയിൽ എത്തിയിരുന്നത്, ഹർത്താൽ ദിവസങ്ങളിൽ നിരത്തിൽ വാഹനങ്ങളുമായി ഇറങ്ങുകയും റയിൽ വേ സ്റ്റേഷൻ, ബസ്സ് സ്റ്റാന്റ് എന്നു തുടങ്ങി സാദ്ധ്യമാകുന്ന എല്ലാ സ്ഥലങ്ങളിൽ നിന്നും യാത്രാക്ലേശം അനുഭവിക്കുന്നവരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ സഹായിക്കുകയുമായിരുന്നു. ആ ലക്ഷ്യത്തോടെ രാവിലെ 10 മണിക്ക് കടവന്ത്രയിലെ പഴയ വർക്കീസ് ജങ്ഷനിൽ രാജു പി. നായർ, സിന്ധു രഞ്ജിത്, ഫസീല പ്രദീപ്, ജോർജ്ജ് വർഗ്ഗീസ് കാട്ടിത്തറ, ബിജി കുര്യൻ, കെ.വേണു കുമാർ, ജോണി, നിമിഷ് ധില്ലർ‌കർ, മേരി ജോർജ്ജ് എന്നിങ്ങനെ ഞങ്ങൾ കുറേപ്പേർ വാഹനങ്ങളുമായി ഒത്തു ചേർന്നു. യൂ ട്യൂബ് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം.

വാഹനങ്ങളിൽ ചിലത്.
വാഹനങ്ങളും സ്തീകൾ അടക്കമുള്ള സന്നദ്ധപ്രവർത്തകരും.

Say No To Harthal എന്ന സ്റ്റിക്കർ ഒട്ടിച്ച വാഹനങ്ങളുമായി നഗരപ്രദക്ഷിണം നടത്തിയ ശേഷം എറണാകുളം സൌത്ത് റയിൽ വേ സ്റ്റേഷനിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാനായിരുന്നു തീരുമാനം. ഇക്കാര്യം Say No To Harthal എന്ന ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള അറിയിപ്പുകളും അതിലൂടെത്തന്നെയാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ http://www.saynotoharthal.com/ വെബ് സൈറ്റിലും ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. ഈ സംരംഭത്തിൽ കൂട്ടുചേരാൻ താൽ‌പ്പര്യമുള്ളവർക്ക് വേണ്ടി രജിസ്റ്റ്രേഷൻ സൌകര്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത് റോഡിന് മറുവശത്തുനിന്ന് കാണാനിടയായി പൊലീസുകാർ ഞങ്ങളെ സമീപിച്ചു. കലൂരിലും കാക്കനാടും അല്ലറ ചില്ലറ കല്ലേറുകൾ ഉണ്ടായിട്ടുണ്ട്, അതുകൊണ്ട് എന്തൊക്കെയാണ് നിങ്ങളുടെ പരിപാടികൾ എന്ന് പറയണം ഞങ്ങൾക്കത് കണ്ട്രോൾ റൂമിൽ അറിയിക്കേണ്ട ബാദ്ധ്യതയുണ്ട്. അങ്ങനെ ചെയ്യാതെ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഞങ്ങൾക്ക് പഴി കേൾക്കേണ്ടി വരും എന്നുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശം മാനിച്ച് യാത്ര പോകുന്ന റൂട്ട് അടക്കമുള്ള കാര്യപരിപാടികൾ ഞങ്ങളവരെ ബോധിപ്പിച്ചു. യാത്ര പുറപ്പെടുമ്പോൾ അറിയിക്കണമെന്ന് പറഞ്ഞ് അവർ മറ്റ് ജോലികളിലേക്ക് നീങ്ങി. അണിചേരാനുള്ള മറ്റ് വാഹനങ്ങൾ വന്നതോടെ കടവന്ത്രയിൽ നിന്ന് ആരംഭിച്ച് മെഡിക്കൽ ട്രസ്റ്റ്, തേവര ജങ്ഷൻ വഴി തിരിഞ്ഞ് എം.ജി.റോഡ്, കച്ചേരിപ്പടി, കലൂർ വഴി തിരിഞ്ഞ് ചിറ്റൂർ റോഡിലൂടെ എല്ലാവരും സൌത്ത് റെയിൽ വേ സ്റ്റേഷനിലെത്തി. ഈ യാത്രയിലുടനീളം പൊലീസ് വാഹനം ഞങ്ങൾക്ക് അകമ്പടി വന്നു.

പിന്നീട് റെയിൽ വേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്തിക്കുന്ന പ്രവർത്തനവുമായി വൈകീട്ട് നാല് മണി വരെ ഉച്ചഭക്ഷണം പോലും വെടിഞ്ഞുകൊണ്ടുള്ള യാത്രകൾ.

സ്വന്തം നിലയ്ക്ക് എനിക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞ ചിലരെപ്പറ്റി താഴെ കുറിക്കുന്നു.

1. പൂനയിൽ നിന്ന് മധുവിധു ആഘോഷിക്കാൻ കേരളത്തിലെത്തിയ യുവ മിഥുനങ്ങളെ സൌത്തിൽ നിന്ന് നോർത്തിൽ എത്തിച്ചപ്പോൾ അവർക്ക് വലിയ സന്തോഷം. തിരുവനന്തപുരത്തേക്കാണ് അവരുടെ യാത്ര.

2. നോർത്തിൽ ടൌൺ ഹാളിന്റെ മുന്നിൽ നിന്ന് കിട്ടിയ ഫോർട്ട് കൊച്ചിക്കാരൻ ചെറുപ്പക്കാരൻ വർക്കലയിലുള്ള റസ്റ്റോറന്റിൽ നിന്ന് അത്യാവശ്യമായി വീട്ടിലേക്ക് തിരിച്ചിരിക്കുന്നത് പോസ്റ്റ് ഓഫീസിൽ ചെന്ന് പാസ്സ്‌പ്പോർട്ട് വാങ്ങാനാണ്. പാസ്സ്പ്പോർട്ട് വാങ്ങിക്കഴിഞ്ഞാലുടനെ വാഹനമെടുത്ത് റോഡിലിറങ്ങി രണ്ടുപേരെയെങ്കിലും വീടുകളിൽ എത്തിക്കാതെ കിടന്നുറങ്ങില്ലെന്ന് അയാളുടെ ഉറപ്പ് ഉള്ളിൽത്തട്ടിയുള്ളതാണ്.

3. BTH ൽ  താമസിക്കുന്ന കുട്ടികളും സ്ത്രീകളുമൊക്കെയുള്ള ഗുജറാത്തി കുടുംബത്തിന് ധാരാളം ലഗ്ഗേജ് ഉള്ളതുകൊണ്ട് വാഹനമില്ലാതെ സ്റ്റേഷനിൽ എത്താനാകില്ല. ഹോട്ടലുകാർക്ക് ഒരു ടാക്സിയോ ഓട്ടോയോ സൌകര്യപ്പെടുത്തി കൊടുക്കാനാവില്ല എന്ന സ്ഥിതിവിശേഷമാണ്. ഇന്ത്യൻ എക്സ്പ്രസ്സിൽ Say No To Harthal നെപ്പറ്റി വന്ന വാർത്തയിൽ കൊടുത്തിരുന്ന രാജുവിന്റെ ഫോൺ നമ്പറിൽ അവർ ബന്ധപ്പെട്ടു. രണ്ട് കാറുകളിലായി അവരേയും അവരുടെ ബാഗുകളും സ്റ്റേഷനിലെത്തിച്ചു.

ഇന്ത്യൻ എൿസ്പ്രസ്സ് വാർത്ത.

4. പോർച്ചുഗീസിൽ നിന്ന് ഗോവ വഴി കേരളത്തിലെത്തിയ യുവമിഥുനങ്ങൾക്ക് പോകേണ്ടത് മൂന്നാറിലേക്കാണ്. അവരേയും കൊണ്ട് ബസ്സ് സ്റ്റാന്റിലെത്തിയപ്പോളാണ് ഇടുക്കിയിൽ 48 മണിക്കൂർ ഹർത്താലാണെന്ന് കാര്യം ഞാനോർത്തത്. അവർക്ക് ഒരു ദിവസം കൊച്ചിയിൽ തങ്ങാതെ നിവൃത്തിയില്ല. ബോട്ട് ജട്ടിക്കടുത്തുള്ള ജോൺസ് റസിഡൻസിൽ മുറിയെടുത്ത് അവരെ താമസിപ്പിച്ച് മടങ്ങുമ്പോൾ പോർച്ചുഗലിൽ വരുന്നുണ്ടെങ്കിൽ തീർച്ചയായും അവരുടെ ആതിഥ്യം സ്വീകരിക്കണമെന്ന് കെട്ടിപ്പിടിച്ചുകൊണ്ടുള്ള ക്ഷണം.

5. തിരുവനന്തപുറത്ത് ശ്രീചിത്തിരയിൽ നിന്ന് സർജറി കഴിഞ്ഞ് തീവണ്ടിമാർഗ്ഗം എത്തിയ അമ്മയ്ക്കും മകനും പോകേണ്ടത് വൈപ്പിനിലേക്കാണെന്നാണ് പറഞ്ഞതെങ്കിലും ശരിക്കുള്ള സ്ഥലം മാലിപ്പുറമാണ്. വൈപ്പിൻ വരെ ചെന്നിട്ടും ഓട്ടോ റിക്ഷകൾ ഒന്നും കിട്ടാത്തതുകൊണ്ട് അവരെ മാലിപ്പുറത്ത് തന്നെ എത്തിച്ചു. ടാക്സി ഡ്രൈവറായ മകൻ അനോഷ് അടുത്ത ഹർത്താലിന് ഞങ്ങൾക്കൊപ്പം വന്ന് സഹകരിക്കുമെന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങിയാണ് പിരിഞ്ഞത്.

6. അലഹബാദിൽ നിന്നെത്തിയ ചെറുപ്പക്കാരന് പോകേണ്ടത് കരിമുകളിലേക്കാണ്. നഗരത്തിൽ നിന്ന് അൽ‌പ്പം ദൂരെ മാറിയുള്ള സ്ഥലം. കൂട്ടത്തിൽ KRL ൽ പരിസരത്ത് ജോലി ചെയ്യുന്ന 9 അന്യസംസ്ഥാന തൊഴിലാളികളുമായപ്പോൾ ഞങ്ങൾ രണ്ടുപേരുടെ കാറുകളിലായി അവരേയും ലക്ഷ്യസ്ഥാനത്തെത്തിച്ചു.

ഇതിനിടയ്ക്ക് മറ്റുള്ളവർ ഓരോരുത്തരും നടത്തിയ സവാരികളും അരഡസൻ വീതം വരും. ഫോർട്ട് കൊച്ചി, ചുള്ളിക്കൽ, തോപ്പുമ്പടി ഭാഗത്തേക്ക് ഒരു കൂട്ടർ. കാക്കനാട് വൈറ്റില ഭാഗങ്ങളിലേക്ക് മറ്റൊരു കൂട്ടർ, ചോറ്റാനിക്കര ഭാഗത്ത് പരീക്ഷ എഴുതാനായി വന്ന കുട്ടികളെ തിരിച്ചുകൊണ്ടുവരാനായി ചിലർ. ഫ്രാൻസിൽ നിന്നെത്തിയ ദമ്പതികളെ ലക്ഷ്യസ്ഥാനത്തെത്തിൻ ചിലർ. അങ്ങനെ ചുരുക്കം ചിലത് മാത്രമേ ഞാൻ നേരിൽ കണ്ടിട്ടുള്ളൂ. യാത്രയ്ക്ക് സൌകര്യം കിട്ടിയ വ്യക്തികളുടെ പ്രതികരണങ്ങൾ പലതും Say No To Harthal ഫേസ്ബുക്ക് പേജിൽ ചേർത്തിട്ടുണ്ട്. Route Cochin എന്ന പേജിൽ വന്ന ചിത്രങ്ങൾ ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം.

എടുത്ത് പറയേണ്ടത് Bullet Hood (We Ride with Pride) എന്ന ബുള്ളറ്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളാണ്. ഹർത്താൽ ദിനങ്ങളിൽ അവർ സ്വന്തം ബുള്ളറ്റുകളിൽ നാളുകളായി ഇതേ പ്രവർത്തനം അധികം ഒച്ചയും ബഹളവുമൊന്നുമില്ലാതെ നടത്തിവരുന്നു. ഒറ്റയ്ക്ക് വരുന്ന സഞ്ചാരികളെ അവര് കൊണ്ടുപോകുന്നു. കൂട്ടത്തൊടെ വരുന്നവരെ ഞങ്ങൾ ഏറ്റെടുക്കുന്നു.

Bullethood  ടീമിലെ ചില അംഗങ്ങൾ.

രാവിലെ കടവന്ത്രയിൽ നിന്ന് യാത്ര തിരിക്കുന്നതിന് തൊട്ടുമുൻപ് ഫേസ്ബുക്ക് വഴി കേട്ടറിഞ്ഞ് 3 വാഹനങ്ങളിലും ബൈക്കുകളിലും വന്ന സുഹൃത്തുക്കൾ അൽ‌പ്പം മുൻപേ അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ സുഹൃത്തുക്കളുമായി വരുമായിരുന്നെന്നും അടുത്ത പ്രാവശ്യം തീർച്ചയായും ഇതിനേക്കാൾ കൂടുതൽ പേർ ഉണ്ടാകുമെന്ന് ഉറപ്പ് തന്നാണ് പിരിഞ്ഞത്. വാഹനവ്യൂഹം കടന്നുപോകുമ്പോൾ രാജുവിന്റെ കൈയ്യിൽ നിന്ന് സ്റ്റിക്കറുകൾ വാങ്ങി ബൈക്കുകളിൽ ഒട്ടിച്ച് സ്വമനസ്സാലെ ഞങ്ങൾക്കൊപ്പം ചേർന്നവരുമുണ്ട്. വശങ്ങളിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്ന് ഞങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് പോയവർ അതിനേക്കാളേറെയാണ്.

ഒരു ഹർത്താൽ ദിനത്തിൽ പരിചയമില്ലാത്ത സ്ഥലത്ത് കൂടും കുടുംബവുമൊക്കെയായി ചെന്ന് പെട്ടാൽ ഉണ്ടാകുന്ന അങ്കലാപ്പ് ഹർത്താൽ ആഹ്വാനം ചെയ്യുന്നവർക്ക് ആർക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷെ, ഇത്രയും പറഞ്ഞതിൽ നിന്ന് മനസ്സിൽ അൽ‌പ്പമെങ്കിലും നന്മ അവശേഷിക്കുന്നവർ, ജനങ്ങളെ അവരവരുടെ വീടുകളിൽത്തന്നെ ബന്ദികളാക്കുകയും അലസന്മാരാക്കുകയും ചെയ്യുന്ന ഹർത്താൽ എന്ന പ്രതിഷേധ നടപടിയിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൌകര്യം ദയവായി ചെയ്തുകൊടുക്കണം.

വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഞാനടക്കമുള്ളവർക്ക് പ്രതിഷേധിക്കമെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ഉയർന്ന് വരും ഈ കൊച്ച് കേരളത്തിലും ഇന്ത്യാ മഹാരാജ്യത്തിലും. അതിലേക്കായി കുറേക്കൂട നന്മ അവശേഷിക്കുന്ന ഏതെങ്കിലും പ്രതികരണ മാർഗ്ഗം കണ്ടുപിടിക്കണമെന്ന്, ഹർത്താൽ അഹ്വാനം ചെയ്യുന്നവരോട് അഭ്യർത്ഥിക്കുന്നു. ജനജീവിതം താറുമാറാക്കിക്കൊണ്ട് നിർബന്ധപൂർവ്വമായ പ്രതിഷേധങ്ങളിലേക്ക് ദയവു ചെയ്ത് ജനങ്ങളെ വലിച്ചിഴയ്ക്കരുത്. നമ്മൾ വീട്ടിൽ നിന്ന് ഓഫീസിലേക്കും ഓഫീസിൽ നിന്ന് വീട്ടിലേക്കും പോയി വരുന്ന ഈ സംസ്ഥാനക്കാർ മാത്രമല്ല ഇവിടെ ജീവിക്കുന്നതും വന്നുപോകുന്നതും. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കൂടെ പരിഗണിക്കാനുള്ള സന്മനസ്സ് ഹർത്താൽ അനുകൂലികൾ കാണിക്കണം.

“ഞങ്ങൾ നിങ്ങളുടെ ഹർത്താലിനോട് അനുകൂലിക്കുന്നു. പക്ഷെ യാത്ര ചെയ്യാതിരിക്കാൻ നിവൃത്തിയില്ല“,  എന്നൊരു സ്റ്റിക്കർ ഒട്ടിച്ച് ആരെങ്കിലും യാത്ര ചെയ്താലോ അതേ സ്റ്റിക്കർ ഒട്ടിച്ച് കട തുറന്നാലോ അവരെ വെറുതെ വിടുക. 7 വർഷത്തിനിടെ 300 ഹർത്താലുകൾ നടന്നു എന്നാണ് ഇന്ന് ഹൈക്കോടതി പരാമർശം വന്നിരിക്കുന്നത്. തുടരെത്തുടരെ ഉണ്ടാകുന്ന ഈ ഹർത്താലുകൾ രാജ്യത്തെ പിന്നോട്ട് നയിക്കാതെ നോക്കേണ്ടത് ആവശ്യമാണ്. അതേസമയം അനീതികളോട് പ്രതികരിക്കാനായി ജനങ്ങളെ ദ്രോഹിക്കാത്ത രീതിയിലുള്ള മാർഗ്ഗങ്ങളും ഉരുത്തിരിഞ്ഞ് വരണം.

നല്ലൊരു നാളെയാണ് മുന്നിൽക്കാണുന്നതെങ്കിൽ, ജനങ്ങളുടെ ഉന്നതിയും സുരക്ഷയുമൊക്കെയാണ് ലക്ഷ്യമിടുന്നതെങ്കിൽ അതിനായി ഓരോരുത്തരും ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും അനിവാര്യമാണ്.