ദർബാർ ഹാൾ മൈതാനത്ത് നടന്ന രവീന്ദ്രസംഗീത സന്ധ്യ തന്നെ ആയിരിക്കും സംസ്ഥാനത്ത് ഇന്നലെ നടന്ന ഏറ്റവും വലിയ കലാപരിപാടി എന്ന് തോന്നുന്നു. വൈകിയവേളയിലാണെങ്കിലും ടിക്കറ്റ് സംഘടിപ്പിച്ച് ജീവിതത്തിൽ ഇനിയൊരിക്കലും കിട്ടാൻ സാദ്ധ്യതയില്ലാത്ത ആ അപൂർവ്വ കലാവിരുന്ന് ഞാനും ആസ്വദിച്ചു. രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ സർവ്വശ്രീ.യേശുദാസ്, ചിത്ര, ഉണ്ണി മേനോൻ, എം.ജി.ശ്രീകുമാർ, മധു ബാലകൃഷ്ണൻ, ലതിക, ബിജു നാരായണൻ, വിധു പ്രതാപ്, അഫ്സൽ, മഞ്ജരി, സുജാത, ശ്വേത, വിജയ് യേശുദാസ്, എന്നിങ്ങനെയുള്ള നിരവധി പ്രശസ്ത ഗായകർ ആലപിച്ചു. സിനിമാ സംവിധായകരും, സംഗീത സംവിധായകരും, ഗാനരചയിതാക്കളും നടന്മാരും നടിമാരുമൊക്കെയായി സിനിമാ രംഗത്തെ ഒട്ടുമിക്ക പ്രമുഖരും ഗാനങ്ങൾ അവതരിപ്പിച്ചുകൊണ്ടും രവീന്ദ്രൻ മാഷുമായി അവർക്കുണ്ടായിരുന്ന ആത്മബന്ധം വെളിപ്പെടുത്തിക്കൊണ്ടും സ്റ്റേജിൽ വന്നു. ഒരുപാട് വികാരതീവ്രമായ രംഗങ്ങൾ നിറഞ്ഞതായിരുന്നു ആ വേദി.
ഇന്ന് മാദ്ധ്യമങ്ങളിലൊക്കെ വിശദമായി ഇതിന്റെ റിപ്പോർട്ട് വന്നിട്ടുണ്ട്. മഴവിൽ മനോരമ ചാനലിൽ വരുന്ന ദിവസങ്ങളിൽ ഈ പരിപാടി തുടരനായി പ്രക്ഷേപണവും ഉണ്ടാകാതിരിക്കില്ല. ‘താരകേ മിഴിയിതളിൽ കണ്ണീരുമായ് ‘ എന്ന ആദ്യഗാനത്തിൽ നിന്ന് തുടങ്ങി രവീന്ദ്രൻ മാഷിന്റേതാണെന്ന് അറിയില്ലായിരുന്ന എത്രയോ ഗാനങ്ങൾ പ്രിയ ഗായകരുടെ ശബ്ദത്തിൽ നേരിട്ട് കേൾക്കാനായതിന്റെ സന്തോഷം ഒരുപാടുണ്ടെനിക്ക്. 9 വർഷം മുൻപ് അന്തരിച്ച് പോയ ആ അതുല്യ സംഗീത പ്രതിഭയോടുള്ള എല്ലാ ആദരവും സംഗീതലോകത്തോടൊപ്പം ഞാനും പ്രകടിപ്പിക്കുന്നു.
അതോടൊപ്പം ഇതെന്റെയൊരു വിയോജനക്കുറിപ്പ് കൂടെയാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ (ഫെബ്രു28,മാർച്ച്1,മാർച്ച്2) എറണാകുളം ജില്ലയിലെ ഗോതുരുത്ത് എന്ന സ്ഥലത്ത് കേരള സംഗീതനാടക അക്കാഡമിക്ക് വേണ്ടി ചവിട്ടുനാടകം ഡോക്യുമെന്റേഷൻ നടന്നു. മാർച്ച് 1ന് ആഞ്ജലിക്ക, ജ്ഞാനസുന്ദരി എന്നീ ചവിട്ടുനാടകങ്ങൾ അവതരിക്കപ്പെട്ടു. അന്യം നിന്ന് പോയേക്കാമായിരുന്ന ഒരു കലയാണ് ഇപ്പോൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നത്. സംഗീത നാടക അക്കാഡമിയുടെ അർക്കൈവ്സിൽ ഇതുവരെ ചവിട്ടുനാടകം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വീഡിയോ ക്യാമറകളുടേയും സ്റ്റിൽ ക്യാമറകളുടേയും സാങ്കേതികവിദഗ്ദ്ധന്മാരുടേയുമൊക്കെ വൻ സന്നാഹമുണ്ടായിരുന്നു ഈ കലാരൂപം റെക്കോഡ് ചെയ്യാൻ വേണ്ടി. ഷാജി എൻ കരുൺ, സജിത മഠത്തിൽ, എന്നുതുടങ്ങി കേന്ദ്രമന്ത്രിമാരുടെ വരെ സാന്നിദ്ധ്യമുണ്ടായിരുന്നു ഈ പരിപാടിയിൽ.
കഴിഞ്ഞ രണ്ട് വർഷമായി സ്ക്കൂൾ യുവജനോത്സവങ്ങളിൽ ഒരു മത്സരയിനമാണ് ചവിട്ടുനാടകം. അങ്ങനെയങ്ങനെ കേരള ചരിത്രത്തിൽ ഒരുപാട് പ്രാധാന്യമർഹിക്കുന്ന ഒരു കലാരൂപം അവതരിക്കപ്പെട്ടപ്പോൾ എത്ര മാദ്ധ്യമങ്ങൾ അതിന് വേണ്ട പ്രാധാന്യത്തോടെ വാർത്ത കൊടുത്തു ? എത്ര പത്രങ്ങളിൽ അതിന്റെ റിപ്പോർട്ട് വന്നു. എത്ര ചാനലുകളിൽ അതിന്റെ ക്ലിപ്പിങ്ങുകൾ വന്നു ? ഒറ്റപ്പെട്ട ഏതെങ്കിലും വാർത്തകൾ ഉണ്ടായിരുന്നേക്കാം. പക്ഷെ നൽകേണ്ട പ്രാധാന്യത്തോടെ ഈ വിഷയം വാർത്തയാക്കപ്പെട്ടിട്ടില്ല എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
ചവിട്ട് നാടകത്തിന്റെ കാര്യങ്ങളൊക്കെ അതിന്റേതായ പ്രാധാന്യത്തോടെ വാർത്തയാക്കണമെങ്കിൽ, മലയാളത്തിൽ സിനിമ എന്നൊരു കലാരൂപം ഉണ്ടാകുന്നതിനും 300ൽപ്പരം വർഷങ്ങൾക്ക് മുൻപത്തെ കേരള ചരിത്രം അറിയണം. ആ ചരിത്രത്തിൽ ഉദയം പേരൂർ സുനഹദോസിന്റെ പ്രാധാന്യമെന്താണെന്ന് അറിയണം. ചവിട്ടുനാടകത്തിന്റെ ഉത്ഭവവും സുനഹദോസുമായുള്ള ബന്ധം അറിയണം. ഇതെല്ലാം അറിഞ്ഞില്ലെങ്കിലും അറിയാനുള്ള താൽപ്പര്യമെങ്കിലും കാണിക്കണം.
ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് Run Miles to Bring Smiles എന്ന പേരിൽ 8 കിലോമീറ്റർ ഓട്ടം നടന്നത് രവീന്ദ്രസംഗീതസന്ധ്യ നടന്ന അതേ ദർബാർ ഹാൾ മൈതാനത്തുനിന്നാണ്. ആ പരിപാടിയിൽ നിന്ന് ഉണ്ടായ വരുമാനവും അതിലെ വിജയികൾക്ക് കിട്ടിയ സമ്മാനത്തുകയും എല്ലാം ചേർത്ത് 6.9 ലക്ഷം രൂപ ഡോ:വി.പി.ഗംഗാധരന്റെ ക്യാൻസർ സൊസൈറ്റിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകുകയുണ്ടായി. ഇതിപ്പോൾ രണ്ടാമത്തെ വർഷമാണ് ഈ പരിപാടി നടക്കുന്നത്. 2350 പേരോളം നഗരത്തിലൂടെ 8 കിലോമീറ്റർ ഓടിയത് വാർത്താമാദ്ധ്യമങ്ങളൊന്നും അറിഞ്ഞില്ലെന്നാണോ ? അറിഞ്ഞെങ്കിൽത്തന്നെ ഈ സംഭവം എത്രത്തോളം പ്രാധാന്യത്തോടെ വാർത്തയായി വന്നു? ഒന്നോ രണ്ടോ ഇംഗ്ല്ലീഷ് പത്രങ്ങളാണ് അൽപ്പമെങ്കിലും ശ്രദ്ധപതിപ്പിച്ചത്.
ജയിലിൽ നിന്നിറങ്ങിയ സരിതയെ വക്കീലിന്റെ വീട്ടിലെ ടോയ്ലറ്റിന്റെ വാതിലുവരെ പിൻതുടരണ്ട എന്നല്ല പറഞ്ഞത്. അത് കാണാൻ ആവശ്യക്കാർ ഏറെയുണ്ടെങ്കിൽ അങ്ങനെ തന്നെ ആയിക്കോളൂ. ആൾദൈവങ്ങളുടെ രോഷാഗ്നിയിൽ ചാമ്പലാകുമെന്നുള്ള ഭയമുണ്ടെങ്കിൽ അവർക്കെതിരെ മൌനം പാലിച്ചോളൂ. പക്ഷെ അതോടൊപ്പം ആർക്കും ചേതമില്ലാത്ത, ചിലർക്കെങ്കിലും താൽപ്പര്യമുള്ള ഒരുപാട് വിഷയങ്ങൾ നിങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. സെൻസേഷണൽ അല്ലാത്തതുകൊണ്ട് ശ്രദ്ധിക്കാതിരിക്കരുത്. പത്രമാപ്പീസിൽ നിങ്ങൾക്ക് അച്ചടിക്കാൻ പാകത്തിന് ഉരുളയുരുട്ടി കൊണ്ടുത്തരാത്തതുകൊണ്ട് വാർത്തയാക്കാതിരിക്കരുത്.
നിങ്ങളിങ്ങനെ തുടങ്ങിയാൽ, ഈ നാട്ടിൽ നടക്കുന്നതും വാർത്തയാക്കപ്പെടാതെ പോകുന്നതുമായ പ്രധാന സംഭവങ്ങളും വിശേഷങ്ങളും എഡിറ്ററില്ലാത്ത മാദ്ധ്യമത്തിലെ വായനക്കാരായ പ്രജകൾ തന്നെ ഏറ്റെടുത്ത് വാർത്തയാക്കേണ്ടി വരും. നേരോടെയും നെറിയോടെയും നിർഭയത്തോടെവും നേരത്തേയും വാർത്തകൾ അറിയാൻ നിങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ജനങ്ങൾക്കുണ്ടാകില്ല എന്നുവെച്ചാൽ അത് നിങ്ങളുടെ പരാജയമാണെന്ന് തിരിച്ചറിയുമല്ലോ ? അൽപ്പം പോലും വൈകിയിട്ടില്ല. അറിഞ്ഞ് പ്രവർത്തിക്കുമെന്ന വിശ്വാസത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്നു.