Monthly Archives: July 2014

ഒരു യാത്ര, മൂന്ന് പുസ്തകങ്ങൾ.


55

 

ജോലിസംബന്ധമായി ബാഗ്ളൂർക്കുള്ള തീവണ്ടി യാത്രകളിലാണ് ഈയിടെയായി വായന നന്നായിട്ട് നടക്കുന്നത്. പോകുന്നതും വരുന്നതും തീവണ്ടിയിലാണെങ്കിൽ ഒരു പുസ്തകമെങ്കിലും വായിച്ച് തീർന്നിരിക്കും. അങ്ങനെ, മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കാൻ ബാംഗ്ളൂർ യാത്രകൾ സഹായിക്കുന്നു. ഇക്കഴിഞ്ഞ ആഴ്ച്ച പോയപ്പോൾ താഴെപ്പറയുന്ന മൂന്ന് പുസ്തകങ്ങൾ കൈയ്യിലെടുത്തിരുന്നു.

1. പ്രൊഫസർ രാധാ ദേവിയുടെ ‘Paliam History’, ശ്രീമതി ശ്രീകുമാരി രാമചന്ദ്രൻ ‘പാലിയം ചരിതം’ എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്.
2. നാട്ടുകാരനും സുഹൃത്തുമായ എ.പി.അനിൽകുമാറിന്റെ നാടകം – ‘ഇദം ഹൃദയം’.
3. കെ.വി.എം. ന്റെ ‘കേരളം വിദേശീയരുടെ ദൃഷ്ടിയിലൂടെ’.

മടക്കയാത്രയിൽ അവസാനത്തെ രണ്ട് പുസ്തകവും വായിച്ച് തീർത്തു. അനിലിന്റെ ‘ഇദം ഹൃദയം’ നാടക രൂപത്തിൽത്തന്നെ കാണണമെന്ന അതിയായ ആഗ്രഹമാണ് പുസ്തകം വായിച്ച് തീർന്നപ്പോൾ ഉണ്ടായത്. ദൃശ്യാവിഷ്ക്കാരം കുറേക്കൂടെ ശക്തമായി മനസ്സിൽ പതിയുമെന്നും ചിന്തിപ്പിക്കുമെന്നുമുള്ള കാര്യത്തിൽ സംശയമില്ല. നല്ല ചിലവുള്ള നാടകമായതുകൊണ്ട് ഇനിയും അത് അരങ്ങിൽ കാണണമെങ്കിൽ തക്കതായ ഒരു സാഹചര്യം ഉണ്ടായാലേ നടക്കൂ എന്നാണ്, ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ മാസം അനിലിനോട് സംസാരിച്ചിരുന്നപ്പോൾ മനസ്സിലാക്കാനായത്.

” ഇത്രയേ ഉള്ളൂ എന്നറിയാൻ എത്ര കാതം നടക്കണം.?”

മഹാഭാരതകഥയിൽ ദ്രോണരുടെ ഒരു ചെറിയ ഭാഗം ആസ്പദമാക്കിയുള്ള നാടകത്തിലെ അതിപ്രസക്തമായ ആ ഒരു വരി പക്ഷേ, എന്നും മനസ്സിലുണ്ടാകും. അത് മാത്രം മതിയാകും ഇരുത്തിച്ചിന്തിപ്പിക്കാൻ.

മൂന്നാമത്തെ പുസ്തകത്തിന്റെ കർത്താവായ എ.വി.എം. ആരാണെന്ന് എനിക്കറിയില്ല. അറിവുള്ളവർ പകർന്നുതരും എന്ന് പ്രതീക്ഷിക്കുന്നു. ഗൂഗിളിൽ പരതിയപ്പോൾ കിട്ടിയത് മുഴുവനും വി.എം.സുധീരൻ എന്നാണ്. അദ്ദേഹമല്ലെന്ന് സ്പഷ്ടം. കോഴിക്കോട്ടെ പി.കെ.ബ്രദേർസ് 1972 ൽ പുറത്തിറക്കിയ 118 പേജുള്ള പുസ്തകത്തിന്റെ വില 1രൂപ 50 പൈസ. എനിക്ക് മൂന്ന് വയസ്സുണ്ടായിരുന്ന കാലത്ത് ഒന്നര രൂപയ്ക്ക് ഒരു നല്ല പുസ്തകം കിട്ടുമായിരുന്നു എന്നതൊരു സുഖകരമായ അറിവാണ്. ഇന്നൊരു നല്ല മിഠായിപോലും കിട്ടില്ല ആ തുകയ്ക്ക്.

പുസ്തകത്തിൽ വിലപ്പെട്ട പല ചരിത്രക്കുറിപ്പുകളും ഉണ്ട്. എന്റെ മുസ്‌രീസ് യാത്രാവിവരണത്തിന് ഏറെ പ്രയോജനപ്പെടുന്നത് തന്നെ ഒക്കെയും. പുസ്തകത്തിൽ, വെനീഷ്യക്കാരനായ മാർക്കോപ്പോളോയുടെ കേരളസന്ദർശനത്തിന് ശേഷമുള്ള വിവരണത്തിൽ നിന്നുള്ള വരികൾ, ഫുട്‌ബോളിന്റെ ഹരം മുറ്റിനിൽക്കുന്ന ഈ ദിവസങ്ങളിൽ ഏറെ രസകരമായിത്തോന്നി. കൊല്ലത്തെപ്പറ്റിയുള്ള വിവരണത്തിലെ ആ വരികൾ ഇങ്ങനെ….

” ഈ രാജ്യത്ത് ബ്രസീൽ സുലഭമായി കിട്ടും. അതിനു ‘ബ്രസിൽ കൊയ്‌ലുമിൻ’ എന്നാണ് പേർ പറയുന്നത്. എന്നുവെച്ചാൽ കൊല്ലത്തുണ്ടാകുന്ന ബ്രസീൽ. വളരെ മേൽത്തരമാണിത്. ബ്രസീൽ(Brazil) എന്നാൽ ചായമെടുക്കുന്ന ഒരു ജാതി മരം. ‘ചപ്പങ്ങം’ ആണിതെന്ന് ശ്രീ.സക്കറിയാസ് പറയുന്നു.”ചപ്പങ്ങം എന്ന് കേൾക്കുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ട് അതേപ്പറ്റി തിരക്കിയപ്പോൾ പതിമുഖത്തിനെയാണ് ചപ്പങ്ങം എന്ന് പറയുന്നതെന്ന് മനസ്സിലാക്കാനായി. അങ്ങനെയാണെങ്കിൽ ചപ്പങ്ങം = പതിമുഖം = ബ്രസീൽ.

‘യഹൂദന്മാർ കേരളത്തിൽ’ എന്ന അവസാന അദ്ധ്യായം കേരളത്തിലെ യഹൂദരെപ്പറ്റി ഒരുപാട് അറിവുകൾ പകർന്നു തരുന്നുണ്ട്. കറുത്ത യഹൂദർ, വെളുത്ത യഹൂദർ എന്ന വേർതിരിവിനെപ്പറ്റി പറഞ്ഞുവരുമ്പോൾ അടിമത്തത്തിന്റേയും പരിവർത്തനത്തിന്റേയും സമത്വത്തിന് വേണ്ടി ചോര വീഴ്ത്തിയതിന്റേയുമൊക്കെ ഒരുപാട് കഥകളും ചരിത്രവുമാണ് വെളിയിൽ വരുന്നത്.

വാസ്ക്കോഡഗാമ കോഴിക്കോട് തീരത്തണഞ്ഞെങ്കിലും കപ്പലിൽ നിന്നിറങ്ങാതെ നടത്തിയ നയപരമായ നീക്കളെപ്പറ്റിയെല്ലാം വിശദമായി പ്രതിപാദിക്കുന്നു ‘വാസ്ക്കോഡ ഗാമയും സാമൂതിരിയും’ എന്ന അദ്ധ്യായത്തിൽ.

ഇനി ബാംഗ്ളൂർക്ക് പോകുമ്പോൾ വായിച്ച ആദ്യപുസ്തകത്തെപ്പറ്റി പറയാം. ‘പാലിയം ചരിതം’ എന്ന ആ ഗ്രന്ഥം വീട്ടിലിരുന്ന് മുൻപൊരിക്കൽ വായിച്ചിട്ടുള്ളതാണ്. മുസ്‌രീസ് യാത്രാവിവരണം എഴുതുന്ന നാളുകൾ ആയതുകൊണ്ട് ഒന്നുകൂടെ വായിക്കണമെന്ന് തോന്നിയാണ് കൈയ്യിലെടുത്തത്. വണ്ടി സേലം എത്തുന്നതിന് മുൻപേ അവസാന അദ്ധ്യായങ്ങളിലേക്ക് കടക്കുകയും ചെയ്തിരുന്നു. രാത്രി, കമ്പാർട്ട്മെന്റിലെ അവസാന തരി വെളിച്ചവും അണഞ്ഞപ്പോൾ പുസ്തകം മടക്കി വെച്ച് കിടന്നു. RAC ബർത്തിലായിരുന്നു കിടപ്പ്. കൈയ്യിൽ രണ്ട് ബാഗുകൾ ഉണ്ടായിരുന്നു. ഒന്നിൽ ലാപ്പ്‌ടോപ്പും ഓഫീസ് കടലാസുകളും. രണ്ടാമത്തേതിൽ വസ്ത്രങ്ങളും മറ്റ് സ്ഥാവര ജംഗമ വസ്തുക്കളും.

രാവിലെ എഴുന്നേറ്റപ്പോൾ ‘പാലിയം ചരിത്രം’ അപ്രത്യക്ഷമായിരിക്കുന്നു. നിലത്തൊന്നും വീഴാൻ ഒരു സാദ്ധ്യതയുമില്ല. ആരോ അടിച്ച് മാറ്റിയത് തന്നെ. ഈ സംഭവത്തിൽ മുക്കാൽ ഭാഗം സന്തോഷവും കാൽ ഭാഗം സങ്കടവുമുണ്ട്. തർജ്ജിമ ചെയ്ത ശ്രീമതി ശ്രീകുമാരി രാമചന്ദ്രന്റെ കൈയ്യൊപ്പിട്ട് കിട്ടിയ ശങ്കുണ്ണിയേട്ടൻ സീരീസ് പുസ്തകമാണ് നഷ്ടമായത്, എന്നതാണ് സങ്കടം. കൊണ്ടുപോയ ആൾ ചരിത്രത്തിനോടും വായനയോടും താൽപ്പര്യമുള്ള ആളായിരിക്കുമല്ലോ എന്നതാണ് സന്തോഷം. കൊണ്ടുപോയി നന്നായി വായിക്കൂ. ഞാനോ ഇതൊക്കെ വായിച്ചിട്ടും നിരക്ഷരത്വത്തിൽ നിന്ന് വെളിയിൽ കടക്കുന്നില്ല. നിങ്ങളെങ്കിലും രക്ഷപ്പെട്. ലാപ്പ്‌ടോപ്പ് ബാഗടക്കം കൊണ്ടുപോയില്ലല്ലോ എന്നതാണ് സന്തോഷത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നത്.

വാൽക്കഷണം:- ‘പാലിയം ചരിതം’ ഒരു കോപ്പി സംഘടിപ്പിക്കാൻ ചേന്ദമംഗലം വരെ പോയാൽ മതി. പക്ഷെ.  പുസ്തകം തർജ്ജിമ ചെയ്ത എഴുത്തുകാരിയുടെ ഒപ്പ് സംഘടിപ്പിച്ച് ശങ്കുണ്ണിയേട്ടൻ സീരീസ് വീണ്ടും സമ്പന്നമാക്കണമെങ്കിൽ കുറച്ചുകൂടെ ബുദ്ധിമുട്ടേണ്ടി വരും.