Monthly Archives: August 2014

ട്രാഫിക്ക് നിയമങ്ങൾ ആർക്കൊക്കെ ബാധകം ?


റണാകുളത്തെ കണ്ടൈനർ ടെർമിനൽ റോഡ് ആരംഭിക്കുന്ന കവലയിൽ കുറെ നാൾ മുൻപ് വരെ വലിയ ട്രാഫിക്ക് കുടുക്കുകളായിരുന്നു. വലിയ കണ്ടൈനർ ലോറികൾ വളയുന്ന സമയത്ത് ഇത് സ്വാഭാവികമാണ്. അതിന് പരിഹാരമെന്നോളം കവലയിൽ റൗണ്ട് എബൗട്ട് സ്ഥാപിച്ചു. റൗണ്ട് എബൗട്ടിൽ വാഹനം ഓടിക്കേണ്ടത് എങ്ങനെയാണെന്ന് ജനങ്ങൾക്ക് അറിയില്ലെങ്കിലും കാര്യങ്ങൾ കുറേയൊക്കെ മെച്ചപ്പെടുക തന്നെ ചെയ്തു.

3

റൗണ്ട് എബൗട്ടിൽ പ്രവേശിച്ച് കഴിഞ്ഞ വാഹനത്തിനാണ് എപ്പോളും മുൻഗണന. അയാൾ പുറത്തേക്കുള്ള വഴികളിലേക്ക് കടക്കുന്നതിനിടെ അത് തടസ്സപ്പെടുത്തിക്കൊണ്ട് പുറത്ത് നിന്ന് വരുന്ന വഴികളിൽ നിന്ന് വാഹനങ്ങൾ റൗണ്ടിലേക്ക് കടക്കാൻ പാടില്ല എന്നാണ് ചട്ടം. റൗണ്ടിനകത്തേക്ക് കടക്കുന്നവരും പുറത്തേക്ക് കടക്കുന്നവരും കൃത്യമായി സിഗ്നലുകൾ കാണിക്കുകയും വേണം. ഇത് പക്ഷേ ജനത്തിന് അറിയില്ല, അറിയാത്തവരെ ബോധവൽക്കരണം നടത്താനുള്ള നടപടികളൊന്നും ഉണ്ടാകുന്നുമില്ല. (ഡ്രൈവിങ്ങ് സ്ക്കൂളുകളിൽ എങ്ങനാണോ എന്തോ.)

ഈ റൗണ്ട് എബൗട്ടിന്റെ പരിസരത്ത് നടക്കുന്ന അപകടകരമായ ട്രക്ക് പാർക്കിങ്ങ് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. റൗണ്ടിൽ നിന്ന് വെളിയിൽ കടക്കുന്ന ഒരു വാഹനത്തിലെ ഡ്രൈവർക്ക് അയാളുടെ ഇടത്തുവശത്തു നിന്നുള്ള വഴികളിൽ നിന്ന് കയറി വരുന്ന വാഹനങ്ങളെപ്പറ്റി ധാരണ വേണം, ആ വാഹനങ്ങൾ കാണാൻ സാധിക്കണം. ഇല്ലെങ്കിൽ അപകടം ഉറപ്പാണ്. ഈ റൗണ്ടിൽ കാഴ്ച്ചയെല്ലാം മറച്ചുകൊണ്ട് കൂറ്റൻ ട്രക്കുകൾ വഴിയുടെ വശങ്ങളിലും നടുക്കുമൊക്കെ പാർക്ക് ചെയ്തിരിക്കുകയാണ്. നോ പാർക്കിങ്ങ് എന്ന് പല ബോർഡുകളും റൗണ്ടിന്റെ പരിസരങ്ങളിൽ കാണാമെങ്കിലും അതൊന്നും ഇക്കൂട്ടർക്ക് ബാധകമല്ല. (നമ്മുടെ നാട്ടിലെ നോ പാർക്കിങ്ങ് ബോർഡുകൾ, മുന്നിലാണോ പിന്നിലാണോ അകത്താണോ പുറത്താണോ, പാർക്കിങ്ങ് നിരോധനമെന്ന് ചിന്താക്കുഴപ്പം ഉണ്ടാക്കാൻ പോന്നതുമാണ്.)

1

4

നാലുവരിയുള്ള കണ്ടൈനർ റോഡിൽ ട്രക്കുകൾ പാർക്ക് ചെയ്തിരിക്കുന്നതുകൊണ്ട് പലപ്പോഴും ഒരു വരി വാഹനങ്ങൾ പോലും കടന്നുപോകാൻ ബുദ്ധിമുട്ടാറുമുണ്ട്. മുളവുകാട് പോലീസ് സ്റ്റേഷനിലെ ഏമാന്മാർ (*)’മാസാവസാനപ്പിരിവി’ന് ആളെപ്പിടിക്കാൻ സ്ഥിരമായി വന്നുനിൽക്കുന്ന കവലയിലെ കാര്യമാണ് ഇപ്പറയുന്നത്. ഇതേ ഏമാന്മാരിൽ ചിലർ മൂന്നാം പാലം തുടങ്ങുന്നയിടത്ത് സ്ഥിരമായി വന്നുനിൽക്കുന്നത് മദ്യപിച്ചവരെ പിടികൂടാനാണ്.

പക്ഷേ മേൽപ്പറഞ്ഞതുപോലുള്ള പ്രശ്നങ്ങളൊന്നും പൊലീസുകാരുടെയോ ട്രാഫിക്‌ അധികൃതരുടേയോ കണ്ണിൽ നിയമലംഘനമല്ല. രാജ്യത്തെ ഏറ്റവും വലിയ കുറ്റവാളികൾ സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ഉപയോഗിക്കാത്തവരാണെന്ന മട്ടിലാണ് പൊലീസ് / ട്രാഫിക്‌ ഡിപ്പാർട്ട്മെന്റിന്റെ നടപടികൾ.

2

ആദ്യമായി, നല്ല റോഡുകൾ വേണം, അതിനു് ശേഷം സീറ്റ് ബെൽറ്റും ഹെൽമറ്റും ഇടാത്തവരെ പിടിക്കാൻ ഇറങ്ങിയാൽ കണ്ടുനിൽക്കാൻ ഒരു രസമുണ്ട്. ബഹുഭൂരിപക്ഷം റോഡുകളും കുഴിയാണ്. അവിടെയെല്ലാം കിടന്ന് നിരങ്ങണം. അതിനിടയ്ക്ക് ഒരു തിരക്കുമില്ലാത്തെ നല്ല റോഡ് വരുമ്പോൾ അൽപ്പം വേഗത കൂട്ടി യാത്രാസമയം ലാഭിക്കാൻ നോക്കിയാൽ ഉടനെ ഫോട്ടോ എടുത്ത് വീട്ടിലേക്കയക്കും, ഫൈനടിക്കും. MP, MLA, മന്ത്രി പുംഗവന്മാരുടെ വാഹനങ്ങൾ, ട്രാൻസ്പോർട്ട് ബസ്സുകൾ, സർക്കാർ വാഹനങ്ങൾ എന്നിവയ്ക്കെല്ലാം അമിതവേഗമാകാം എന്ന് വാർത്ത കണ്ടു കഴിഞ്ഞയാഴ്ച്ച. റോഡുകളിലെ അപകടങ്ങൾ കുറയ്ക്കുക എന്നതാണ് സീറ്റ് ബെൽറ്റ് ഹെൽമറ്റ് എന്നിവ കർശനമാക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ മേൽപ്പറഞ്ഞ വാഹനങ്ങൾ അമിത വേഗത്തിൽ ഓടിക്കോളൂ എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. നിയമം രണ്ട് തരത്തിൽ നടപ്പിലാക്കാനുള്ളതാണോ ? രാജാവായാലും മന്ത്രിയായാലും പ്രജകളായാലും നിയമങ്ങൾ ഒരുപോലെ നടപ്പിലാക്കപ്പെടണം.

5

(*) ഓരോ പൊലീസ് സ്റ്റേഷനിലും എല്ലാ മാസവും നിശ്ചിത എണ്ണം വാഹന-പെറ്റിക്കേസുകൾ പിടിച്ചിരിക്കണമെന്ന് അലിഖിത നിയമം ഉള്ളതായിട്ട് ഒരു ട്രാഫിക്ക് ഓഫീസർ (പേരോർക്കുന്നില്ല.) എഫ്.എം. റോഡിയോയിൽ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. കുറേ കേസുകൾ ഉണ്ടാക്കുക. അതിൽ നിന്ന് സർക്കാരിലേക്ക് വരുമാനം ഉണ്ടാക്കുക എന്നതിനപ്പുറം ജനങ്ങളുടെ സുരക്ഷ സത്യത്തിൽ ഈ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതുകൊണ്ട് ലക്ഷ്യമാക്കുന്നുണ്ടോ ?

രാത്രികാലങ്ങളിൽ ഹെഡ് ലൈറ്റ് പോലും ഇല്ലാതെ വരുന്ന നിരവധി കണ്ടൈനർ ലോറികളെ കാണാൻ ആദ്യം പറഞ്ഞ കവലയിൽ ചെന്ന് നിന്നാൽ മതിയാകും. അവർ മറ്റ് വാഹനങ്ങൾക്ക് ഉണ്ടാക്കുന്ന അപകട ഭീഷണി ചില്ലറയാണോ ? ഇക്കാലത്തിനിടയ്ക്ക് എത്ര ഹെഡ് ലൈറ്റ് ഇല്ലാത്ത വാഹനകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് ? ഉണ്ടെങ്കിൽത്തന്നെ വിരലിൽ എണ്ണാവുന്നതേ കാണൂ. കാരണം, രാത്രി റോഡിലിറങ്ങി നിന്ന് പണിയെടുക്കാൻ തയ്യാറായാലേ അത്തരം കേസുകൾ ചാർജ്ജ് ചെയ്യപ്പെടൂ.

ചിലർക്ക് നിയമങ്ങളെപ്പറ്റിയൊന്നും യാതൊരു പിടിപാടുമില്ല. ചിലർക്ക് നിയമങ്ങൾ ലംഘിക്കാൻ വേണ്ടി മാത്രമുള്ളതാണ്. ചിലർക്ക് നിയമങ്ങൾ അന്യായമായി പണം സമ്പാദിക്കാനുള്ള മാർഗ്ഗമാണ്. ഇതിനിടയ്ക്ക് പെട്ടുപോകുന്ന വേറെ കുറേപ്പേരുണ്ട്. അക്കൂട്ടരെ സാധാരണക്കാരെന്ന് പറയും. തിരഞ്ഞെടുപ്പ് സമയമൊക്കെ ആകുമ്പോൾ കഴുതകൾ എന്നും പറയാറുണ്ട്. അക്കൂട്ടത്തിൽപ്പെട്ട ഒരുവന്റെ ചില ആശങ്കകൾ പങ്കുവെച്ചെന്ന് മാത്രം. മാറ്റമൊന്നും പ്രതീക്ഷിക്കുന്നതേയില്ല.

വാൽക്കഷ്ണം :‌- മീശയുള്ള ഒരപ്പൻ ഉണ്ടായിരുന്നു. പിൻസീറ്റ് സീറ്റ്‌ബെൽറ്റ് പ്രശ്നത്തിൽ അങ്ങേരു് കളഞ്ഞിട്ട് പോയി. ഇപ്പോൾ അതേ സീറ്റിൽ ചാർജ്ജെടുത്തിരിക്കുന്ന വനിതാ ഉദ്യോഗസ്ഥയുടെ പുസ്തകങ്ങളെപ്പറ്റിയൊക്കെ ധാരാളം കേട്ടിട്ടുണ്ട്, ചിലത് വായിച്ചിട്ടുമുണ്ട്. ഫലവത്തായ എന്തെങ്കിലും ട്രാഫിക് നിയമങ്ങൾ ആ കസേരയിലിരുന്ന് നടപ്പിലാക്കിയതായി മാത്രം കേട്ടിട്ടില്ല.