അൽപ്പം മുൻപ്, വയനാട്ടിലെ ചിതലയത്ത് നിന്ന് കുഞ്ഞഹമ്മദിക്ക വിളിച്ചിരുന്നു. നാലഞ്ച് സുഹൃത്തുക്കൾക്കൊപ്പം ‘ഓണാഘോഷം‘ നടത്തുന്നതിനിടയിലാണ് വിളിക്കുന്നത്.
കുഞ്ഞഹമ്മദിക്കയുടെ ഓണാഘോഷം പ്രത്യേക തരത്തിലുള്ളതാണ്. ഓണത്തിന് അന്നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. ഓണത്തിന് മാത്രമല്ല, കൃസ്തുമസ്സ്, ഈസ്റ്റർ, ബക്രീദ്, റംസാൻ, വിഷു എന്നിങ്ങനെ ഏതൊരു ആഘോഷ ദിവസങ്ങളിലും അന്നാട്ടിൽ ആരെയും ഈ മനുഷ്യസ്നേഹി പട്ടിണിക്കിടില്ല. അത് നടപ്പാക്കാനായി കൂലിപ്പണിക്കാരനായ അദ്ദേഹം ആരോടെങ്കിലുമൊക്കെ സഹായം സ്വീകരിച്ച് ഓണക്കിറ്റുകൾ സമാഹരിച്ച് തീപുകയാത്ത കുടികളിൽ എത്തിക്കും. ഇതുവരെ പ്രധാനമായും ആദിവാസി കൂരകളായിരുന്നു അത്തരം പട്ടിണി പ്രശ്നങ്ങൾ നേരിട്ടിരുന്നത്. ഈയിടെയായി ആഘോഷദിനങ്ങളിൽ അവർക്കുള്ള ഓണക്കിറ്റ് സർക്കാരിൽ നിന്ന് കിട്ടുന്നുണ്ട്. അത്രേം ആശ്വാസം.
“പിന്നാർക്കാണ് കുഞ്ഞഹമ്മദിക്കാ പട്ടിണി ? ”
“ അതൊരുപാട് വീടുകളുണ്ട്. പ്രായമായവർ, രോഗികൾ, ആരും നോക്കാനില്ലാത്തവർ എന്നിങ്ങനെ പത്തിരുപത് വീടുകൾ ഈ ഭാഗത്തുണ്ട് ? “
“ എന്നിട്ട് എന്തു ചെയ്തു? “
“ ഞങ്ങൾ നാലഞ്ച് പേർ പിരിവിട്ട് 550 രൂപ സംഘടിപ്പിച്ച് 15 ഓണക്കിറ്റുകൾ ഉണ്ടാക്കി ആ വീടുകളിൽ എത്തിച്ചു.“
“ ഇനീപ്പോ എന്തൊക്കെയാണ് പരിപാടി ? ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? “
“ കുറച്ച് ഉപയോഗിക്കാത്ത ഉടുപ്പുകൾ പണ്ടത്തേത് പോലെ സംഘടിപ്പിച്ച് തന്നാൽ നന്നായിരുന്നു. കൊമ്മഞ്ചേരി കോളനീലെ കുട്ട്യോൾടെ ഉടുപ്പുകളൊക്കെ നന്നേ മോശമായിരിക്കുന്നു. കോളനീലെ വീടുകളിലേക്ക് ഓരോ പായയും പുതപ്പും കഴിഞ്ഞയാഴ്ച്ച മഹീന്ദ്ര കമ്പനിക്കാര് തന്ന പൈസയ്ക്ക് വാങ്ങിക്കൊടുത്തിരുന്നു. പക്ഷേ ഉടുപ്പുകൾ ഒന്നും തരായില്ല. ”
“ കുറച്ച് ഉടുപ്പുകൾ വീട്ടിലിരുപ്പുണ്ട്. കുറേക്കൂടെ കിട്ടുമോന്ന് ശ്രമിച്ച് നോക്കട്ടെ. ഒരാഴ്ച്ച സമയം തരാമോ ?”
“ ഒരാഴ്ച്ചയോ പത്ത് ദിവസമോ എടുത്തോളൂ. കുറച്ചെങ്കിലും കിട്ടിയാൽ മതിയായിരുന്നു. നിങ്ങൾടെ ഓണം തകരാറിലാക്കണ്ട. ഓണാശംസകൾ !!!.”
“ ഓണാശംസകൾ കുഞ്ഞഹമ്മദിക്കാ.”
ഒരുപാട് സന്തോഷത്തോടെയും അൽപ്പം സങ്കടത്തോടെയും ആ സംസാരം അവസാനിച്ചു.
ഓണക്കോടികൾ അരമാരയിലേക്ക് വന്ന് കേറിയപ്പോൾ പഴയ ചില ഉടുപ്പുകൾക്ക് സ്ഥലമില്ലാതായിക്കാണില്ലേ പലർക്കും ? അതീന്ന് ഒന്നുരണ്ട് ജോഡി കൊമ്മഞ്ചേരിക്കാർക്ക് കൊടുക്കാനാവില്ലേ ? പറ്റുമെന്നുള്ളവർ സഹകരിക്കൂ. എറണാകുളത്ത് ദർബാർ ഹാൾ ആർട്ട് ഗ്യാലറിക്ക് പിന്നിലുള്ള ലൈബ്രറിയിൽ ചെന്ന് വസ്ത്രങ്ങൾ ചിത്തിരയെ ഏൽപ്പിക്കാം, എറണാകുളം ജില്ലയിൽ ഉള്ളവർക്ക്. അവിടന്ന് ശേഖരിച്ച് വയനാട്ടിൽ എത്തിക്കേണ്ട ചുമതല ഞാനേൽക്കുന്നു. മറ്റ് ജില്ലകളിൽ നിന്ന് വസ്ത്രങ്ങൾ അയക്കാൻ പറ്റുന്നവർ നേരിട്ട് കുഞ്ഞഹമ്മദിക്കയ്ക്ക് അയച്ചുകൊടുക്കുക. ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിൽ ഉള്ളവർക്ക് ആഷ്ലിയെ ഏൽപ്പിക്കാം. കീറിപ്പറിയാത്ത, തുന്നലും ബട്ടൻസും സിപ്പുമൊക്കെ വിടാത്ത, നല്ല കുപ്പായങ്ങൾ അയക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ ? എല്ലാ പ്രായക്കാർക്കുള്ള കുപ്പായങ്ങളും സ്വീകരിക്കുന്നതാണ്. കുട്ടികൾക്കുള്ള ഉടുപ്പുകൾ കിട്ടിയാൽ കൂടുതൽ സന്തോഷം.
കുഞ്ഞഹമ്മദിക്കയ്ക്ക് വസ്ത്രങ്ങൾ അയക്കാനുള്ള വിലാസം.
ടി.എ. കുഞ്ഞുമുഹമ്മദ്,
തോട്ടക്കര ഹൌസ്,
ചെതലയം പി. ഒ.
സുൽത്താൻ ബത്തേരി
പിൻകോഡ് - 673592.
ഫോൺ:-8606784110
അപ്പോൾ എല്ലാം പറഞ്ഞത് പോലെ. കുഞ്ഞഹമ്മദിക്കയുടേയും തെരുവോരം മുരുകന്റേയുമൊക്കെ പോലെ മറ്റുള്ളവർക്ക് വേണ്ടി ഓണം ആഘോഷിക്കുന്നവർക്കൊപ്പം വല്ലപ്പോഴുമൊക്കെ നമുക്കും ചേരാം.
എല്ലാവരും ഹൃദയം നിറഞ്ഞ ഓണാശംസകൾ !!!!
———————————————————————-
കുഞ്ഞഹമ്മദിക്കയെപ്പറ്റി മുൻപ് എഴുതിയ കുറിപ്പുകൾ താഴെക്കാണാം.
1. ഒറ്റയാൾപ്പട്ടാളം കുഞ്ഞഹമ്മദിക്ക.
2. മനുഷ്യാവകാശക്കമ്മീഷന്റെ ഉത്തരവുമായി കുഞ്ഞഹമ്മദിക്ക.