Monthly Archives: September 2014

ഒരു ഹർത്താൽ കുറിപ്പും അഭ്യർത്ഥനയും


മായാദേവി ചേച്ചിക്ക് 63 വയസ്സ്. പക്ഷേ, കാഴ്ച്ചയിൽ അതിനേക്കാൾ കൂടുതൽ തോന്നിപ്പിക്കും. എറണാകുളത്ത് ഷേണായീസിന് സമീപമുള്ള ഒരു വീട്ടിൽ ജോലി ചെയ്യുന്നു. വൈപ്പിൻ ദ്വീപിലെ കാളമുക്കിനടുത്താണ് സ്വന്തം വീട്.  ചേച്ചി ജോലി ചെയ്യുന്ന വീട്ടിലെ ഗൃഹനാഥ (വയസ്സ് ഏകദേശം 55) ശാരീരികമായി മോശം അവസ്ഥയിലാണ്. ആഴ്ച്ചയിൽ രണ്ട് പ്രാവശ്യം അവർക്ക് രക്തം മാറ്റണം. മക്കളും മരുമക്കളുമൊക്കെ വിദേശത്ത്. സഹായത്തിന് ഒരാളില്ലെങ്കിൽ ദൈനംദിന ജീവിതം താറുമാറാകും. അതുകൊണ്ടുതന്നെ ഹർത്താൽ ദിനമാണെന്ന് പറഞ്ഞ് മായാദേവി ചേച്ചിക്ക് ജോലിക്ക് പോകാതിരിക്കാനാവില്ല. പക്ഷെ, കഷ്ടിച്ച് 5 കിലോമീറ്റർ മാത്രം ദൂരമുള്ള ജോലിസ്ഥലത്തേക്ക് പോകാനും വരാനും ഹർത്താൽ ദിനത്തിൽ മായാദേവി ചേച്ചി കഷ്ടപ്പെടുന്നു. നടന്നു പോകാൻ പ്രായം തടസ്സമാകുന്നു. പോകാനായില്ലെങ്കിൽ രോഗാവസ്ഥയിലുള്ള മറ്റൊരാളുടെ കാര്യം അവതാളത്തിൽ.

ഇന്നത്തെ ഹർത്താൽ പതിവുപോലെ മലയാളികൾ ആഘോഷമാക്കിയപ്പോൾ Say No to Harthal കൂട്ടായ്മയുടെ ഭാഗമായി വഴിയിൽപ്പെട്ടുപോയ ഒരുപാട് പേരിൽ നിന്ന് 46 പേരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ നിയോഗമുണ്ടായത് എനിക്കാണ്. വൈകീട്ട് 5 മണിക്ക് എന്റെ വാഹനത്തിൽ വന്നുകയറിയ അവസാനത്തെ യാത്രക്കാരിയാണ് മായാദേവിച്ചേച്ചി. ബാക്കിയുള്ള 45 പേരുടെ കഥകളെടുത്താൽ കുറഞ്ഞത് 20 വ്യത്യസ്ത ഹർത്താൽ കദനകഥകൾ അക്കൂട്ടത്തിലുണ്ട്.

20ൽപ്പരം വാഹനങ്ങളിലായി 600ന് അടുക്കെ ജനങ്ങളെയാണ് Say No to Harthal പ്രവർത്തകർ സ്വന്തം വാഹനങ്ങളിൽ സ്വന്തം ചിലവിൽ ഇന്ന് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. 2010 ൽ രാജു പി.നായർ ഒറ്റയ്ക്ക് തുടങ്ങി വെച്ച പരിപാടി, ഇന്ന് വളർന്ന് 50ൽപ്പരം വാഹനങ്ങൾ സഹകരിക്കുന്ന തരത്തിലുള്ള ഒരു മുന്നേറ്റമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏതൊരു പാർട്ടിയോ സംഘടനയോ ഹർത്താൽ ആഹ്വാനം ചെയ്താലും എറണാകുളം നഗരത്തിൽ ഈ പ്രവർത്തനങ്ങൾ ഇതുപോലെ തുടർന്നുകൊണ്ടിരിക്കും.  മാദ്ധ്യമങ്ങളും പൊലീസ് വകുപ്പും ഈ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണ് എന്ന് ഈയവസരത്തിൽ എടുത്തുപറയാതെ വയ്യ.

5

ഇത്രയും കാലത്തിനിടയ്ക്ക് കാര്യമായ ഒരു പ്രതിഷേധവും ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക്, ഹർത്താൽ ആഹ്വാനം ചെയ്യുന്നവരിൽ നിന്നുണ്ടായിട്ടില്ല. തുടങ്ങിവെച്ച ആളെന്ന നിലയ്ക്ക് രാജു പി.നായരും ഇക്കാര്യം ശരിവെക്കുന്നുണ്ട്. പക്ഷെ, ഇന്ന് രണ്ടിടത്ത് മോശമായ അനുഭവം എനിക്കുണ്ടായി. എറണാകുളം ടൗൺ ഹാളിന് മുന്നിൽ വെച്ച് കാറിന് കുറുകെ നിൽക്കുകയും ചില്ലിൽ ഒട്ടിച്ചിരുന്ന സ്റ്റിക്കർ വലിച്ച് കീറുകയും ചെയ്തു. ഞാനൊന്ന് ഒച്ചയിട്ടാൽ കേൾക്കുന്ന അകലത്തിൽ മൂന്ന് പൊലീസുകാർ നിന്നിരുന്നതുകൊണ്ടാകാം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാതെ അവരെന്ന വിട്ടയച്ചത്. ഒരു സ്‌റ്റിക്കറല്ലേ പോയ്‌ക്കോട്ടേ കൂടുതൽ പ്രശ്നങ്ങൾ വിളിച്ചുവരുത്തണ്ട എന്ന നിലയ്ക്ക് ഞാൻ മൗനം അവലംബിക്കുകയായിരുന്നു.

ഇടപ്പള്ളിയിൽ ഒരു മൂന്നംഗ കുടുംബത്തെ കൊണ്ടുപോയാക്കി ഇളമക്കര വഴി മടങ്ങുമ്പോൾ കലൂർ സിഗ്നലിന് അരകിലോമീറ്റർ മുന്നേ ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു. ‘എങ്ങോട്ടാണ്, എവിടന്നാണ്, എന്തിനാണ് ‘ എന്നൊക്കെ പൊലീസ് മുറയിൽ ചോദ്യം ചെയ്യൽ. ‘തൊട്ടപ്പുറത്ത് ജങ്‌ഷനിൽ കല്ലും കട്ടയുമൊക്കെയായി മറ്റൊരു സംഘം നിൽക്കുന്നുണ്ട്, ഞങ്ങളുടെ അടുത്തുനിന്ന് രക്ഷപ്പെട്ടാലും അവരുടെ അടുത്തുനിന്ന് രക്ഷപ്പെട്ടെന്ന് വരില്ല, പത്ത് മിനിറ്റ് മുന്നേ ഒരു കാറ് അവർ അടിച്ച് തകർത്തതേയുള്ളൂ, ചേട്ടന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് പറയുന്നത് ‘ എന്നൊക്കെ മുന്നറിയിപ്പുകൾ !! ‘ഞങ്ങളുടെ പാർട്ടി ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം കിട്ടുമെന്ന് കരുതി  ഇമ്മാതിരി പണിക്കിറങ്ങരുത് പറഞ്ഞേക്കാം’ എന്ന് ഭീഷണി. വരുന്നിടത്ത് വെച്ച് കാണാം എന്നുറച്ച് മുന്നോട്ട് നീങ്ങുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ എനിക്കുണ്ടായിരുന്നില്ല. മറ്റ് സഹപ്രവർത്തകർക്കും ഇതേ അനുഭവം ഒന്നുരണ്ടിടങ്ങളിൽ നിന്നുണ്ടായി.

രാവിലെ മുതൽ ഉച്ചവരെ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ നിന്നവർ നഗരത്തിൽ പ്രകടനം നടത്തിയശേഷം അവിടവിടെയായി തങ്ങിനിന്ന് ഉച്ചയോടെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങുകയായിരുന്നു.

ഇന്ന് ഹർത്താൽ നടത്തിയവരോട് ഒന്ന് പറഞ്ഞോട്ടേ. പാർട്ടിപ്രവർത്തനങ്ങൾ ആയിക്കോളൂ. പക്ഷെ അതിന്റെ പേരിൽ പരസ്പരം വെട്ടിയും കുത്തിയും ബോംബെറിഞ്ഞും കൊല്ലാൻ കേരളത്തിലെ ജനങ്ങൾ നിങ്ങളോടും നിങ്ങളുടെ എതിർകക്ഷികളോടും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ പാർട്ടിപ്രവർത്തനങ്ങൾ കൊലപാതക പ്രവർത്തനങ്ങളിൽ ചെന്നവസാനിക്കുമ്പോൾ അതിന്റെ പേരിൽ കേരളത്തിലെ സമാധാനപ്രിയരായ ബാക്കിയുള്ള ജനങ്ങളെ മൊത്തം ഹർത്താലെന്ന ശിക്ഷയ്ക്ക് വിധിക്കരുത്. കേരളത്തിന്റെ ഇപ്പോഴത്തെ വിലകുറഞ്ഞ ‘പാർട്ടീയ’പ്രവർത്തനങ്ങൾ 365 ദിവസവും ഓരോ കൊലപാതകങ്ങൾ നടത്താൻ പാകത്തിനുള്ളതുണ്ട്. അതിന്റെ പേരിൽ കൊല്ലം മുഴുവൻ ഹർത്താൽ നടത്തി സംസ്ഥാനത്തെ സ്തംഭിപ്പിക്കാൻ ആവില്ലല്ലോ ?!

ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർക്കും അതിനെ പിന്തുണയ്ക്കുന്നവർക്കും എന്നും അവരുടെതായ ന്യായീകരണങ്ങൾ ഉണ്ട്. അതേപ്പറ്റി തർക്കിച്ച് മുന്നോട്ട് പോയാൽ ഒരിടത്തുമെത്താൻ പോകുന്നില്ലെന്ന് നന്നായിട്ടറിയാം. ഹർത്താൽ അനുകൂലികൾക്ക് അത് ഒഴിവാക്കാൻ പറ്റാത്തതാണെങ്കിൽ ആയിക്കോളൂ. അതിൽ സഹകരിക്കാൻ താൽപ്പര്യമുള്ളവർ സഹകരിക്കുകയും  ചെയ്തോളൂ. പക്ഷെ താൽപ്പര്യമില്ലാത്തവരെ നിർബന്ധിക്കരുത്. നിങ്ങൾക്ക് വിവിധ സമരമുറകൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമെന്ന പോലെ തന്നെ ജീവഭയമില്ലാതെ വെളിയിലിറങ്ങി നടക്കാനും വാഹനമോടിക്കാനും സ്വര്യജീവിതം നയിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഞങ്ങൾക്കും നൽകുന്നുണ്ട്. ദയവായി അതിനെ ചോദ്യം ചെയ്യുകയോ ഹനിക്കുകയോ ചെയ്യരുത്. അതാണ് ജനാധിപത്യ മര്യാദ. അതാവണം ജനാധിപത്യ മര്യാദ.

ഏറ്റവും കുറഞ്ഞത്, നിങ്ങൾ കാരണം ഹർത്താൽ ദിനങ്ങളിൽ നട്ടം തിരിഞ്ഞുപോകുന്ന ജനങ്ങളെ സഹായിക്കാൻ ഇറങ്ങിത്തിരിക്കുന്നവരെയെങ്കിലും വെറുതെ വിടണം. ഇന്ന് രാവിലെയുണ്ടാകുന്ന അത്യാഹിതങ്ങളിൽ പ്രതികരിക്കാൻ നാളെ ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് തീവണ്ടികളിൽക്കയറിയ സാധാരണ ജനങ്ങളാണ് ഏറ്റവുമധികം വലഞ്ഞുപോകുന്നത്. അതിൽ രോഗികളുണ്ട്, ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചേരേണ്ടവരുണ്ട്, അവധിക്ക് വന്ന് വിദേശത്തേക്ക് മടങ്ങേണ്ടവരുണ്ട്, നിങ്ങളിൽ പലരുടേയും തന്നെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയുണ്ട്. സത്യത്തിൽ ഹർത്താലുകൾ ആഹ്വാനം ചെയ്യുമ്പോൾ ഇവരെയെല്ലാം സുരക്ഷിതമായി വീടുകളിലെത്തിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് നിങ്ങളാണ്. ജനങ്ങൾക്ക് വേണ്ടി, അവരുടെ കഷ്ടതകൾക്ക് അറുതിവരുത്താൻ വേണ്ടിയാണ് പാർട്ടിക്കാരൊക്കെയും നിലകൊള്ളുന്നതെങ്കിൽ അങ്ങനെയാണ് വേണ്ടത്. നിങ്ങളത് ചെയ്യുന്നില്ല, നിങ്ങൾക്ക് പകരക്കാരായി ആ കർമ്മം നിർവ്വഹിക്കുന്ന ഞങ്ങളെപ്പോലുള്ളവരെ അതൊന്നും ചെയ്യാൻ വിടുന്നുമില്ല എന്നത് ഖേദകരമാണ്.

ഇതുപോലൊരു ഹർത്താൽ ദിനത്തിൽ, തെരുവിലും ബസ്സ് സ്റ്റാന്റിലും തീവണ്ടിയാപ്പീസിലുമൊക്കെ പെട്ടുപോകുന്നവരെ സഹായിക്കാൻ ഒന്നിറങ്ങിത്തിരിച്ചു നോക്കൂ. അവർ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ നേരിട്ടൊന്ന്  മനസ്സിലാക്കാൻ ശ്രമിച്ചുനോക്കൂ. ഉള്ളിൽ അൽപ്പമെങ്കിലും മനുഷ്യത്വവും നന്മയും അവശേഷിക്കുന്നുണ്ടെങ്കിൽ പിന്നീടൊരു ഹർത്താലിനെ നിങ്ങൾ പിന്തുണച്ചെന്ന് വരില്ല.

ജനമനസ്സുകളിൽ ഇടം നേടാനാണ് ഉദ്ദേശമെങ്കിൽ ഇനിയെങ്കിലും മാറിച്ചിന്തിക്കൂ. അല്ലാത്തിടത്തോളം കാലം ജനങ്ങൾക്ക് വേണ്ടി സ്വജീവിതം പോലും അവഗണിച്ച് അപകടങ്ങളെ നേരിടാൻ തെരുവിലിറങ്ങുന്ന ഇതുപോലുള്ള കൂട്ടായ്മകൾ അടിക്കടി മുന്നേറിക്കൊണ്ടിരിക്കും. അത് നിങ്ങളുടെ പരാജയമാണ്. ഞങ്ങളത് അൽപ്പം പോലും ആഗ്രഹിക്കുന്നില്ല. ഹർത്താൽ എന്ന വിലകുറഞ്ഞ സമരമാർഗ്ഗം ഉപേക്ഷിക്കാൻ നിങ്ങൾ തയ്യാറാകുന്ന ദിവസം ഈ കൂട്ടായ്മ പിരിച്ചുവിട്ടിരിക്കും. സാമൂഹ്യപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവുമൊക്കെ നിങ്ങൾ സ്വയം ഏറ്റെടുത്തിരിക്കുന്ന ജോലികളാണ്. ആ ജോലി നിങ്ങൾ തന്നെ ചെയ്യുന്നതിന് ഞങ്ങൾ തടസ്സമാകില്ല. ഞങ്ങൾ മറ്റ് ജോലികളുണ്ട്. നിങ്ങൾ നിങ്ങളുടെ ജോലികൾ വിസ്മരിക്കുമ്പോൾ ചെറിയ ഓർമ്മപ്പെടുത്തലുകൾ നടത്താൻ മാത്രമേ ഞങ്ങളാഗ്രഹിക്കുന്നുള്ളൂ.

വാൽക്കഷ്ണം:- അധികം ഒച്ചപ്പാടും ബഹളവുമില്ലാതെ സ്വന്തം ബൈക്കുകളിൽ ഹർത്താൽ പീഢിതരെ സഹായിക്കാൻ എറണാകുളം സൗത്ത് തീവണ്ടിയാപ്പീസിലെത്തി കർമ്മനിരതരാകുന്ന Pride എന്ന ബൈക്ക് ഗ്രൂപ്പിന് ഒരായിരം അഭിവാദ്യങ്ങൾ !!!