Yearly Archives: 2015

ഓർമ്മകളിലേക്ക് ഒരു യാത്ര


scan0001

നാൽ‌പ്പത് വയസ്സിന് മേൽ പ്രായമുള്ള മലയാളികൾ കണ്ടുനിന്നിട്ടുള്ളതാണ് വീ-ഗാർഡ് എന്ന വ്യവസായ സ്ഥാപനത്തിന്റെ വളർച്ച. കേരളത്തിൽ അക്കാലത്ത് സ്ഥിരമായിട്ടുണ്ടായിരുന്ന വോൾട്ടേജ് വ്യതിയാനവും സർക്കാരുകളുടെ പിടിപ്പുകേടുകളുമൊക്കെയാണ് വി-ഗാർഡിന്റെ വളർച്ചയ്ക്ക് വളമായത്. ’ഓർമ്മകളിലേക്ക് ഒരു യാത്ര‘ എന്ന തന്റെ ആത്മകഥയിൽ വി-ഗാർഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ശ്രീ.കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി അങ്ങനെ തന്നെയാണ് ആ ഓർമ്മകളെ താലോലിക്കുന്നത്.

150 രൂപ ശമ്പളത്തിന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഗ്രന്ഥകർത്താവ് 4200 കോടി രൂപ വിറ്റുവരുമാനമുള്ള ഒരു വ്യവസായ ശൃംഖലയുടെ അമരത്ത് എത്തിച്ചേർന്നതിനെപ്പറ്റി നമുക്കറിയാവുന്നതിനപ്പുറത്തുള്ള കഥകൾ പുസ്തകത്തിലൂടെ അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു. ഒരു വാടകക്കെട്ടിടത്തിന്റെ കാർ ഷെഡ്ഡിൽ അപ്പച്ചനോട് കടം വാങ്ങിയ മൂലധനവും രണ്ട് സഹായികളും മാത്രമായി ഒരു സംരംഭം തുടങ്ങിയപ്പോൾ കൈമുതലായി ഉണ്ടായിരുന്നത് എന്തൊക്കെയാണെന്ന് പുസ്തകം വിശദമാക്കുന്നു. കേരളത്തിൽ എന്തുകൊണ്ട് വ്യവസായങ്ങൾ പച്ച പിടിക്കുന്നില്ല ? അക്കാഡമിക്ക് തലത്തിൽ മിടുക്കരായ പലർക്കും എന്തുകൊണ്ട് വ്യവസായ രംഗത്ത് അടിതെറ്റുന്നു? സ്വന്തം അനുഭവത്തിനന്റെ വെളിച്ചത്തിലാണ് ഗ്രന്ഥകാരൻ ഇക്കാര്യങ്ങളൊക്കെ വിലയിരുത്തുന്നത്.

നല്ലൊരു വ്യവസായി ആകണമെങ്കിൽ എന്തൊക്കെ മുൻ‌കരുതലുകൾ ആവശ്യമാണ് ? സർക്കാർ ഓഫീസുകളിലും മന്ത്രിമന്ദിരങ്ങളിലും ചെന്ന് കൈയ്യും കാലും പിടിക്കാതെ ഒരു സംരംഭം നടത്തിക്കൊണ്ടു പോകണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ? നാൾക്ക് നാൾ മേൽ‌ഗതി മാത്രമുണ്ടാക്കിപ്പോന്ന ഒരു സ്ഥാപനം വരും തലമുറ ഏറ്റെടുക്കുമ്പോൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള പാളിച്ചകൾ എന്തൊക്കെ ? അങ്ങിനെ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കണം ? നല്ലൊരു വ്യവസായി സ്വയം പരിശീലനങ്ങൾ നേടേണ്ടതിന്റെ ആവശ്യകതയെന്ത്, എന്നിങ്ങനെ സ്വയം ആർജ്ജിച്ചെടുത്ത മാനേജ്മെന്റ് പാഠങ്ങൾ കൂടെയാണ് കേരളം കണ്ട ഏറ്റവും വലിയ വ്യവസായികളിൽ ഒരാളായ ഗ്രന്ഥകർത്താവ് പങ്കുവെക്കുന്നത്.

പണം വാരിക്കൂട്ടുക എന്നതായിരുന്നില്ല, ഒരു വ്യവസായത്തിൽ നിന്ന് മറ്റൊന്നിലേക്കും അതിൽ നിന്ന് മറ്റൊന്നിലേക്കും നയിച്ചതെന്ന് ചിറ്റിലപ്പിള്ളി തറപ്പിച്ച് പറയുന്നു. പുതുമയുള്ള ഒരു കാര്യം ചെയ്യാനും ആ പ്രക്രിയയ്ക്കിടയിൽ അനുഭവിക്കാനാകുന്നതുമായ ത്രിൽ ആണ് മുന്നിട്ട് നിൽക്കുന്നതെന്ന് ഉദാഹരണ സഹിതമാണ് അദ്ദേഹം സമർത്ഥിക്കുന്നത്. പള്ളിക്കരയിൽ വീഗാ ലാന്റ് തുടങ്ങുമ്പോൾ വീ-ഗാർഡ് എന്ന സ്ഥാപനം നല്ലൊരു നിലയിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ബാങ്കുകളൊന്നും വീഗാ ലാന്റ് തുടങ്ങാനായി വായ്പ കൊടുക്കാൻ തയ്യാറല്ല. വീ-ഗാർഡിന് എത്ര വേണമെങ്കിലും ലോൺ തരാം എന്നതാണ് അവസ്ഥ. കേരളത്തിൽ അതുവരെ ആരും തുനിഞ്ഞിറങ്ങാത്ത അത്തരം ഒരു സംരംഭത്തിന്, അതും ഒരു കാട്ടുമുക്കിൽ, പണമിറക്കുന്നത്, അത്തരത്തിൽ ഒരു ത്രില്ല് അനുഭവിക്കാൻ വേണ്ടിത്തന്നെയാകാതെ വയ്യ. ബാംഗ്ലൂരിൽ ‘വണ്ടർ‌ലാ‘ തുടങ്ങുന്ന സമയത്ത്, അദ്ദേഹത്തിന് അതൊരു പുതിയ സംരംഭം അല്ലാത്തതുകൊണ്ട് യാതൊരുവിധ ത്രില്ലും കിട്ടുന്നില്ല എന്ന് വ്യക്തമാക്കുന്നുമുണ്ട്. നഷ്ടത്തിലായ സംരംഭങ്ങൾ യാതൊരു വൈക്ലബ്യവും കൂടാതെ അടച്ചുപൂട്ടിയതിനെപ്പറ്റിയും വ്യവസായി തുറന്നുപറയുന്നു.

വീഗാലാന്റ് തുടങ്ങുമ്പോൾ, ആ ആവശ്യത്തിലേക്കായി ബീഹാറിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന ആനക്കുട്ടിയെ അദ്ദേഹം തന്നെ പരിശീലിപ്പിക്കുന്നതും, പിന്നീട് പാപ്പാന്മാർ കാരണവും അല്ലാതെയുമൊക്കെ ഉണ്ടാകുന്ന പൊല്ലാപ്പുകളുമൊക്കെ രസകരമായ അനുഭവങ്ങളാണ്. എത്ര വലിയ പണക്കാരനാണെങ്കിലും തിരക്കുള്ളവനാണെങ്കിലും ഏറ്റെടുക്കുന്ന, അല്ലെങ്കിൽ തുടങ്ങി വെക്കുന്ന ഓരോ പദ്ധതിയിലും അദ്ദേഹം കാണിക്കുന്ന പ്രതിബദ്ധതയും അർപ്പണ മനോഭാവവും ഓരോ സംരംഭത്തെപ്പറ്റിയുമുള്ള വിവരണങ്ങളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. വീഗാ ലാന്റ് നിർമ്മാണം തുടങ്ങുമ്പോൾ, ഭക്ഷണവും വിശ്രമവും എല്ലാം ആ മതിൽക്കെട്ടിനകത്തേക്ക് മാറ്റുന്നു. എന്തെല്ലാം എവിടെയെല്ലാം വരണമെന്ന് വരച്ചുണ്ടാക്കുന്നതും ആശയങ്ങൾ അവതരിപ്പിക്കുന്നതും അദ്ദേഹം തന്നെ. ‘നിനക്ക് ഇനിയെങ്കിലും ഒന്ന് വിശ്രമിച്ചുകൂടെ‘ എന്ന് അപ്പച്ചൻ പലപ്പോഴും ചോദിക്കുന്നുണ്ടെങ്കിലും, അദ്ദേഹം അതിനുള്ള മറുപടി ഒറ്റവാചകത്തിൽ ഒതുക്കുന്നു. അതേ സമയം വിശ്രമത്തിനുള്ള സമയമായി എന്ന് സ്വയം മനസ്സിലാക്കി, കൃത്യസമയത്ത് തന്നെ മക്കളെ രണ്ടുപേരെയും ചുമതലകൾ ഏൽ‌പ്പിച്ച് അദ്ദേഹം പിൻ‌സീറ്റിൽ ഇരിക്കുന്നുമുണ്ട്.

സമൂഹം തനിക്ക് തന്നത് നല്ലൊരളവിൽ സമൂഹത്തിന് തന്നെ തിരികെ കൊടുക്കേണ്ടതിനെപ്പറ്റിയും, അത് എപ്രകാരം ചെയ്യുന്നു എന്നത് ചിലതെങ്കിലും ഗ്രന്ഥത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നു. ഇതിനിടയ്ക്ക് രാഷ്ട്രീയക്കാരുമായുള്ള ശണ്ഠകൾ, നോക്കുകൂലി പ്രശ്നം എന്നിങ്ങനെയുള്ള കാര്യങ്ങളും വിശദീകരിക്കപ്പെടുന്നു. ആഗ്രഹമുണ്ടെങ്കിലും തന്നെക്കൊണ്ട് പ്രതികരിക്കാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനെപ്പറ്റിയാണ് ‘സന്ധ്യയും ജെസീറയും പിന്നെ ഞാനും‘ എന്ന അദ്ധ്യായത്തിൽ പറയുന്നത്. തന്റെ രാഷ്ട്രീയം വ്യക്തമായി അടയാളപ്പെടുത്തുമ്പോൾത്തന്നെ, തന്റെ പ്രത്യയശാസ്ത്രങ്ങൾക്കും കാഴ്ച്ചപ്പാടുകൾക്കും എതിരായി ഏതൊരു രാഷ്ട്രീയപ്പാർട്ടി പ്രവർത്തിച്ചാലും ഒരുപോലെ പ്രതികരിച്ചിരിക്കും എന്നദ്ദേഹം തറപ്പിച്ച് പറയുന്നു. അത് പലപ്പോഴും എതിർസ്ഥാനത്ത് സ്ഥിരമായി വന്നുപെട്ടവർ തെറ്റിദ്ധരിച്ചതായും, പിന്നീട് അതിൽ ചിലരെങ്കിലും യാഥാർത്ഥ്യം മനസ്സിലാക്കിയതായും അദ്ദേഹം സൂചിപ്പിക്കുന്നു.

കിഡ്ണി ദാനം ചെയ്തപ്പോൾ എന്തുകൊണ്ട് അത് പരസ്യമാക്കിക്കൊണ്ട് ചെയ്തു? ആ മഹത് കർമ്മത്തിന്, കുടുംബവും ബന്ധുക്കളും ഡോൿടർമാരും അടക്കമുള്ള സമൂഹം എങ്ങനെ എതിർപ്പുകളുടെ വൻ‌മതിലുകൾ തീർത്തു ? അതിനെയെല്ലാം അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം എങ്ങനെ മറികടന്നു, ….എന്നീ കാര്യങ്ങൾ ഗ്രന്ഥം വിശദമാക്കുന്നു. കിഡ്ണി ദാനം, ഒരു ബ്രാൻഡ് മാർക്കറ്റിങ്ങ് മാത്രമായിരുന്നു എന്ന ആരോപണം അദ്ദേഹം കാര്യമായിട്ടെടുത്തിട്ടേയില്ലെന്ന് വ്യക്തം. ബ്രാൻഡ് മാർക്കറ്റ് ചെയ്യാൻ വേണ്ടി എത്ര മുതലാളിമാർ ഇതിന് മുൻപ് കിഡ്നി പറിച്ച് നൽകിയിട്ടുണ്ട് ഇന്ത്യാചരിത്രത്തിൽ,  എന്നാലോചിച്ചാൽ ഏതൊരു വായനക്കാരനും സ്വയം നിഗമനത്തിൽ എത്താവുന്നതേയുള്ളൂ.

കുടുംബം, അച്ചനമ്മമാർ, മക്കൾ, സ്വന്തം വ്യവസായം, സമൂഹം, ആരോരുമില്ലാത്തവർ, മക്കളുടെ പ്രണയ വിവാഹങ്ങൾ, സ്വന്തം ആരോഗ്യം, പുരസ്ക്കാരങ്ങൾ, ഡൈ ചെയ്യാത്ത നരച്ച താടിയും മുടിയും, സഹപ്രവർത്തകർ, ദയാവധം, സോഷ്യൽ മീഡിയ, എന്നിങ്ങനെ ഓരോന്നിനോടുമുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് പുസ്തകത്താളുകളിലുണ്ട്.

ചിറ്റിലപ്പിള്ളിയുടെ ബാല്യകാലസ്മരണകൾ ‘ ഓർമ്മക്കിളിവാതിൽ‘ എന്ന പേരിൽ മുൻപ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതാണ്. ജോലി തേടി തലസ്ഥാനത്തേക്കുള്ള തീവണ്ടി കാത്തുനിൽക്കുന്നിടത്താണ് ആ അനുഭവങ്ങൾ അവസാനിക്കുന്നത്. തീവണ്ടി തിരുവനന്തപുരത്ത് എത്തിയതുമുതൽ ഇന്ന് നാം കാണുന്നത് വരെയുള്ള ചിറ്റിലപ്പിള്ളിയാണ് ‘ഓർമ്മകളിലേക്ക് ഒരു യാത്ര’ യിലുള്ളത്. തിരുവനന്തപുരത്ത് ഒരു പുരസ്ക്കാരം ഏറ്റുവാങ്ങാൻ പോയ കൂട്ടത്തിൽ തന്റെ വ്യവസായിക യാത്രയുടെ തുടക്കം കുറിക്കപ്പെട്ട വഴികളിലൂടെ ഒരു ടാക്സിക്കാറിൽ സഞ്ചരിച്ച് മടങ്ങുന്നിടത്ത്, ഒരു മൂന്നാം ഭാഗത്തിനുള്ള സാദ്ധ്യത ബാക്കിവെച്ചുകൊണ്ടുതന്നെ ‘ഓർമ്മകളിലേക്ക് ഒരു യാത്ര’ അവസാനിക്കുന്നു.

ചിറ്റിലപ്പിള്ളിക്കൊപ്പം, ‘വണ്ടർലാ‘ ജനറൽ മാനേജർ രവികുമാർ, മംഗളം ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപരും പത്രപ്രവർത്തകനുമായ സജിൽ ശ്രീധർ, എന്നിവർ ചേർന്നാണ് ഗ്രന്ഥരചന നടത്തിയിട്ടുള്ളത്. ഈ മൂന്ന് പേർ പിന്നണിയിൽ ഉണ്ടായിരുന്നതുകൊണ്ടും മാതൃഭൂമിയെപ്പോലുള്ള പ്രസാധകർ ആയതുകൊണ്ടും പുസ്തകത്തിൽ കണ്ട രണ്ട് പിശകുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നിറുത്താം.

പിശക് 1:- “ കൊച്ചിയിലെ ഒട്ടുമുക്കാലും ബേക്കറികളിൽ നിന്ന് പപ്‌സും മറ്റ് ഭക്ഷണ സാമഗ്രികളും ശേഖരിച്ചുകൊണ്ടുവന്ന്…. “ എന്ന് പേജ് നമ്പർ 113 ൽ സൂചിപ്പിക്കുന്നുണ്ടല്ലോ ? പപ്‌സ് (pups) എന്നാൽ പട്ടിക്കുട്ടികളാണ്. ബേക്കറിയിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണത്തെ പഫ്സ് ( puffs) എന്നാണ് പറയുക.

പിശക് 2:- “ അവർ ഡാറ്റാസ് ഫീഡ് ചെയ്തുകൊണ്ടിരിക്കുകയാണ് “ എന്നൊരു വരി പേജ് നമ്പർ 23 ലുണ്ട്. ഡാറ്റാസ് എന്നത് ശരിയായ പദമല്ല. ഡാറ്റം (Datum) എന്ന ഇംഗ്ലീഷ് വാക്കിന്റെ ബഹുവചനമാണ് ഡാറ്റ (Data). ബഹുവചനമായ ഡാറ്റയെ വീണ്ടും ബഹുവചനമാക്കേണ്ടതില്ല.