Yearly Archives: 2015

മുസ്‌രീസ് ഹോപ് ഓൺ – ഹോപ് ഓഫ് ജലസവാരി


കൊടുങ്ങല്ലൂർ, കോട്ടപ്പുറം, കോട്ടയിൽ കോവിലകം, ഗോതുരുത്ത്, ചെറായി, പള്ളിപ്പുറം, പറവൂർ എന്നീ പ്രദേശങ്ങളിലുള്ള പൌരാണിക സ്മാരകങ്ങളും പ്രമുഖ വ്യക്തികളുടെ ഭവനങ്ങളും കോട്ടകളും ദേവാലയങ്ങളുമൊക്കെ ജലപാതയിലൂടെ ബന്ധിപ്പിച്ചുകൊണ്ട് കേരള സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്ന വിനോദ സഞ്ചാര പദ്ധതിയാണ് ‘Muzris Heritage Project.’

400 കോടിയിലേറെ മുതൽമുടക്കിക്കൊണ്ട് ഏറെക്കാലമായി നിർമ്മാണഘട്ടത്തിലായിരുന്ന ഈ പദ്ധതി ഇപ്പോൾ അതിന്റെ പൂർത്തീ‍കരണത്തിലേക്ക് അടുത്തുകഴിഞ്ഞു. ഒരുപാട് കൊച്ചുകൊച്ച് തുരുത്തുകൾ കൊണ്ട് സമ്പന്നമായ ഈ പ്രദേശത്ത്, വിനോദസഞ്ചാരികളേയും ചരിത്രകുതുകികളേയും ആകർഷിക്കുന്ന സ്ഥലങ്ങൾ മിക്കവാറും എല്ലാം കായൽത്തീരങ്ങളിലാണുള്ളത് എന്നത് ഈ പദ്ധതിയെ ഇന്ത്യയിലെ തന്നെ വേറിട്ട ഒരു ടൂറിസം മേഖലയായി മാറ്റുന്നു. ചുരുക്കം ചില ഇടങ്ങളിലേക്ക് മാത്രമേ ബോട്ടിൽ നിന്നിറങ്ങി റോഡ് മാർഗ്ഗം പോകേണ്ടി വരുന്നുള്ളൂ.

കോട്ടപ്പുറം കോട്ട, കോട്ടപ്പുറം ചന്ത, മാർത്തോമ്മ പള്ളി, ഗോതുരുത്ത്, പാലിയം, കോട്ടയിൽ കോവിലകം, സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹം, പള്ളിപ്പുറം മഞ്ഞുമാതാവിന്റെ പള്ളി എന്നീ ഇടങ്ങളിലാണ് നിലവിൽ ബോട്ട് അടുക്കാനുള്ള സൌകര്യം തയ്യാറായിക്കഴിഞ്ഞിരിക്കുന്നത്. കാലക്രമേണ കൂടുതൽ ബോട്ട് ജട്ടികൾ വരുകയും പദ്ധതി വികസിക്കുകയും ചെയ്യും.

3

പറവൂർ സിന്നഗോഗിന് സമീപത്തുള്ള ബോട്ട് ജെട്ടി

ബോട്ടിന്റെ ടിക്കറ്റ് എടുത്താൽ അന്നേ ദിവസം ഈ ജെട്ടികളിൽ എല്ലാം സൌകര്യാനുസരണം ഇറങ്ങാനും കയറാനും സാധിക്കും. ജട്ടികളോട് ചേർന്നുള്ള ഇടങ്ങൾ സന്ദർശിച്ച് അടുത്ത ബോട്ട് വരുമ്പോൾ അതിൽക്കയറി അടുത്ത ജട്ടിയിലേക്ക് പോകാം. അതിനായി മറ്റൊരു ടിക്കറ്റ് എടുക്കേണ്ടതില്ല. ഈ സംവിധാനത്തെയാണ് ഹോപ് ഓൺ ഹോപ് ഓഫ് എന്ന് വിശേഷിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിൽ പലയിടത്തും ഇത്തരം ഹോപ് ഓൺ ഹോപ് ഓഫ് പദ്ധതികൾ മികച്ച രീതിയിൽ നടക്കുന്നുണ്ട്.

ഒരു ബോട്ട് ടിക്കറ്റ് എടുത്താൽ, അന്നേ ദിവസം മുസ്‌രീസ് പദ്ധതിയിലെ മ്യൂസിയം അടക്കമുള്ളയിടങ്ങളിൽ കയറുന്നതിന് പ്രത്യേകം ടിക്കറ്റ് പിന്നീട് ആവശ്യമില്ല. 45 മിനിറ്റ് ഇടവേളകളിൽ ഓരോ ജട്ടികളിലും വന്നും പോയും ഇരിക്കുന്ന ബോട്ടുകൾ എല്ലാം എയർ കണ്ടീഷൻ സംവിധാനമുള്ളതാണ്. ഈ റൂട്ടിൽ സഞ്ചാരികൾക്ക് സൌകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ Water Taxi സൌകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അതിന് പ്രത്യേകം നിരക്കുണ്ടെന്ന് മാത്രം.

ഇന്ത്യയിലെ ആദ്യ മുസ്ലീം ദേവാലയമായി കണക്കാക്കപ്പെടുന്ന ചേരമാൻ പള്ളി, കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, കീഴ്‌ത്തളി ക്ഷേത്രം, മാള സിന്നഗോഗ്, പറവൂർ സിന്നഗോഗ്, ചേന്ദമംഗലം സിന്നഗോഗ്, ജൂത സെമിത്തേരി, ഹോളി ക്രോസ്സ് പള്ളി,  വൈപ്പിക്കോട്ട സെമിനാരി, പാലിയം കൊട്ടാരം, പാലിയം നാലുകെട്ട്, കോട്ടക്കാവ് പള്ളി,  കേസരി ബാലകൃഷ്ണപ്പിള്ളയുടെ ഭവനം, സ്വാതന്ത്ര്യ സമര നായകൻ അബ്ദു റഹിമാൻ സാഹിബിന്റെ ഭവനം, എന്നിങ്ങനെ ചരിത്രത്തിന്റെ ഭാഗമായ നിരവധി ഇടങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാൻ സഹായിക്കുന്ന പദ്ധതിയാണിത്. ഒരുപക്ഷേ ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്ത ലോകശ്രദ്ധയാകർഷിക്കാൻ പോന്ന ബൃഹത്തായ ഒരു വിനോദ വിജ്ഞാന സഞ്ചാര  പരിപാടി തന്നെ.

11

 ബോട്ട് റൂട്ട് മാപ്പ് – കടപ്പാട് DTPC

ഇന്നാട്ടുകാരൻ എന്ന നിലയ്ക്ക്, മുസ്‌രീ‍സിലൂടെയുള്ള എന്റെ യാത്ര ജനിച്ചപ്പോൾ മുതൽക്കുള്ളതാണെങ്കിലും ഒരു യാത്രാവിവരണം തയ്യാറാക്കുന്നതിന്റെ ഭാഗമായി, കഴിഞ്ഞ രണ്ട് കൊല്ലമായി മേൽ‌പ്പറഞ്ഞ ഇടങ്ങളിൽ കൂടുതലായി കറങ്ങിക്കൊണ്ടിരിക്കുകയാണ്.

മുസ്‌രീസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായുള്ള Hop – ON Hope -OFF ബോട്ട് സവാരി
ആരംഭിച്ചു എന്നറിഞ്ഞപ്പോൾ ഞാനും സുഹൃത്തുക്കളായ ജോഹറും ജിത്തുവും ചേർന്ന് ക്യാമറയുമെടുത്ത് പറവൂർ മാർക്കറ്റിന് പിന്നിലുള്ള ബോട്ട് ജട്ടിയിൽ നിന്ന് സവാരി ആരംഭിച്ചു. ആ യാത്രയിൽ കണ്ട ചില ദൃശ്യങ്ങൾ മാത്രം ഒരു വീഡിയോ രൂപത്തിൽ ഇവിടെ പങ്കുവെക്കുന്നു.

ഹോപ് ഓൺ – ഹോപ് ഓഫ് വീഡിയോ

ഇതൊരു അപൂർണ്ണ വീഡിയോ ആണ്. ആ സ്ഥലങ്ങളിൽ എല്ലായിടത്തും നേരിട്ട് പോകാനും നമ്മുടെ പൈതൃകവും ചരിത്രവുമൊക്കെ എന്താണെന്ന് മനസ്സിലാക്കാനും സഞ്ചാരികൾക്ക് പ്രചോദനം ഉണ്ടാക്കാൻ ഈ വീഡിയോയ്ക്ക് കഴിയുമെങ്കിൽ ഞങ്ങൾ സന്തുഷ്ടരാണ്.

22

ബോട്ടിലെ ജീവനക്കാർക്കും ജോഹറിനുമൊപ്പം 

ഒരുകാര്യം ഉറപ്പിച്ച് പറയാൻ എനിക്കാവും. തെക്കേ ഇന്ത്യയുടെ തന്നെ ടൂറിസം ഭൂപടത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാനും ചലനങ്ങൾ സൃഷ്ടിക്കാനും പോന്ന മികച്ചൊരു പദ്ധതിയാണിത്. “മുസ്‌രീസ് ഹോപ് ഓൺ ഹോപ് ഓഫ്  സവാരി ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾ തെന്നിന്ത്യയിലെ, അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഗംഭീരമായ വിനോദസഞ്ചാര പദ്ധതി ആസ്വദിച്ചിട്ടില്ല“ എന്ന് ലോകം പറയാൻ പോകുന്ന ദിനങ്ങളാണ് ഇനി വരാൻ പോകുന്നത്.

ഇത്രയും പറഞ്ഞ കൂട്ടത്തിൽ,  KTDC യും ഭരണാധികാരികളും ചെയ്യേണ്ടതായ ചില കാര്യങ്ങൾ കൂടെ സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം.

1. ബോട്ട് പോകുന്ന വഴിയിലുള്ള ഊന്നിവലകൾ നിലകൊള്ളുന്നത് വളരെ അപകടകാരികളായിട്ടാണ്. ഇത് ദേശീയ ജലപാത ആണെന്നത് പോലും വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ഊന്നിവലകൾ സ്ഥാപിച്ചിരിക്കുന്നത്. അതിനിടയിൽക്കൂടെ വളരെ പ്രയാസപ്പെട്ടാണ് ജീവനക്കാർ ബോട്ട് കടത്തിക്കൊണ്ട് പോകുന്നത്. പലയിടത്തും ബോട്ട് കടന്ന് പോകാതിരിക്കാൻ ഊന്നിക്കുറ്റികൾക്ക് കുറുകെ കയർ വലിച്ച് കെട്ടിയിരിക്കുന്നത് മുകളിലെ വീഡിയോയിൽ (53 സെക്കന്റ് മുതൽ 2:07 മിനിറ്റ് വരെ) വ്യക്തമായി കാണാം. ഊന്നിക്കിറ്റിയിലേ കുറുകെയുള്ള കയറിലോ തട്ടി അപകടമുണ്ടായിക്കഴിഞ്ഞതിന് ശേഷം കുറ്റക്കാരെ കണ്ടുപിടിക്കാനും തെളിവെടുക്കാനും ശിക്ഷിക്കാനും നടക്കുന്നതിനേക്കാൾ നല്ലത് ഉടനടി നടപടി എടുക്കുന്നതാണ്. അപകടങ്ങൾ എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാൽ, ജനങ്ങൾ ഈ വഴി വരാൻ മടിച്ചെന്ന് വരും.  400 കോടിയെല്ലാം ചിലപ്പോൾ വെള്ളത്തിൽ വരച്ച വരകളായെന്ന് വരും. അനധികൃമായി സ്ഥാപിച്ച ഊന്നിവലകൾക്ക് ഒരു ലക്ഷവും, ലൈസൻസ് ഉള്ള ഊന്നിവലകൾക്ക് രണ്ട് ലക്ഷവും ഈ പദ്ധതിയുടെ ഭാഗമായി നഷ്ടപരിഹാരം നൽകിയെന്നാണ് എനിക്ക് മനസ്സിലാക്കാനായത്. ഈ അവസരം മുതലെടുത്ത് പുതിയ ഊന്നിവലകൾ സ്ഥാപിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലെങ്കിൽ സർക്കാർ കർശന നടപടികൾ എടുക്കേണ്ടതാണ്. പദ്ധതി പ്രദേശങ്ങളിലെ എം.എൽ.എ.മാരായ ശ്രീ വി.ഡി.സതീശനും, ശ്രീ.ടി.എൻ.പ്രതാപനും, ശ്രീ. എസ്.ശർമ്മയും ഇക്കാര്യം മുന്നിൽക്കണ്ട് പ്രവർത്തിക്കേണ്ടതാണ്. അപകടങ്ങൾ സർക്കാറിന്റെ ചുവപ്പ് നാടകൾ നീങ്ങാനായി കാത്തുനിൽക്കില്ല എന്നും വിട്ടുപോയ തീവണ്ടിക്ക് ടിക്കറ്റെടുത്തിട്ട് കാര്യമില്ല എന്നും മനസ്സിലാക്കുക.

2. സുരക്ഷയ്ക്കായി ലൈഫ് വെസ്റ്റുകളാണ് നിലവിൽ ബോട്ടുകളിൽ വെച്ചിരിക്കുന്നത്. അരമണിക്കൂറോളം സമയം വെള്ളത്തിൽ കിടന്നാൽ ലൈഫ് വെസ്റ്റുകൾ വെള്ളം കുടിച്ച് വീർക്കുകയും മുങ്ങിപ്പോകുകയും ചെയ്യും. മാത്രമല്ല. ലൈഫ് വെസ്റ്റ് ധരിച്ചുകൊണ്ട് ബോട്ടിൽ ഇരുന്നാൽ, ഒരു അപകടം ഉണ്ടാകുന്ന സമയത്ത് കൊട്ടിയടച്ച എ.സി.ബോട്ടിനകത്തേക്ക്, കയറാവുന്ന ദ്വാരങ്ങളിലൂടെയെല്ലാം വെള്ളം കയറുമ്പോൾ ലൈഫ് വെസ്റ്റ് ധരിച്ചിരിക്കുന്ന യാത്രക്കാരൻ ബോട്ടിന്റെ മുകൾത്തട്ടിലേക്ക് ഉയർത്തപ്പെടുകയും അയാൾക്ക് അത്യാഹിത ജനലിലൂടെ പുറത്തേക്ക് കടക്കാൻ പറ്റാതെയുമാകുന്നു. തുറന്ന ബോട്ടുകളിൽ മാത്രമേ ഇത്തരം ലൈഫ് ജാക്കറ്റുകളും വെസ്റ്റുകളും പ്രയോജനപ്പെടൂ. കൊട്ടിയടച്ച ഈ ബോട്ടിൽ വേണ്ടത് വിമാനത്തിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള, അത്യാഹിത സമയത്ത് വീർപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള ലൈഫ് ജാക്കറ്റുകളാണ്. എത്രയും പെട്ടെന്ന് ഈ ലൈഫ് വെസ്റ്റുകൾ മാറ്റി അനുയോജ്യമായ ലൈഫ് ജാക്കറ്റുകൾ നൽകേണ്ടതാണ്.