Yearly Archives: 2015

നിർണ്ണായകം


 വരുന്ന സെപ്റ്റംബർ 2ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെൻ‌ട്രൽ ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 1ന് അർദ്ധരാത്രി മുതൽ 2ന് അർദ്ധരാത്രി വരെയുള്ള 24 മണിക്കൂറാണ് പണിമുടക്ക്. മറ്റൊന്നും അറിഞ്ഞിട്ടില്ലെങ്കിലും, പണിമുടക്കിന്റെ കാര്യമായതുകൊണ്ട്, നേരത്തേ കാലത്തേ തന്നെ മലയാളി അറിഞ്ഞിട്ടുണ്ടാകുമല്ലോ ?

അവകാശങ്ങൾ നേടിയെടുക്കാനായി പണിമുടക്കുകൾ നടത്താനുള്ള സ്വാതന്ത്ര്യം എല്ലാ സംഘടകൾക്കും ഉണ്ടെന്നുള്ളത് ആർക്കും നിഷേധിക്കാനാവില്ല. പക്ഷെ, ഇതുമായി ബന്ധപ്പെട്ട് കാണാനിടയായ പത്രവാർത്തകൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായിരുന്നു. എന്താണ് പണി മുടക്ക് ? എന്താണ് ഹർത്താൽ ? എന്താണ് ബന്ദ് ? എന്നിങ്ങനെയുള്ള കാര്യത്തിൽ, സാ‍ധാരണക്കാരന്റെ സാ‍മാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ.

ബന്ദ്, കോടതി നിരോധിച്ചതിന് ശേഷം ആ പേരിൽ സമരമുറകൾ ഒന്നുമുണ്ടാകാറില്ല. പക്ഷെ, ഹർത്താൽ എന്ന പേരിലാണ് ജനജീവിതം സ്തംഭിപ്പിക്കുന്നതെന്ന് മാത്രം. അപ്പോൾപ്പിന്നെ ട്രേഡ് യൂണിയൻ ഈ പറയുന്ന പണിമുടക്ക് എന്തായിട്ട് വരും ?

പണിമുടക്ക് എന്നുവെച്ചാൽ, എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്, ട്രേഡ് യൂണിയനുകളും അതിന്റെ ഭാഗമായ തൊഴിലാളികളും പണിമുടക്കുന്നു എന്നാണ്. അതിനർത്ഥം സമരം ചെയ്യുന്ന ഇപ്പറഞ്ഞ യൂണിയനുകളുടെ ഭാഗമല്ലാത്തവർക്ക് പണിമുടക്ക് ബാധകമല്ല. സ്ക്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കാം, പരീക്ഷകൾ നടത്താം, സ്വകാര്യവാഹനങ്ങളിൽ യാത്ര ചെയ്യണമെന്നുള്ളവർക്ക് അതാകാം, യൂണിയനുകളിൽ ഇല്ലാത്തവർക്കും, യൂണിയനിൽ പെടാത്ത തൊഴിലുകൾ ചെയ്യുന്നവർക്കും ഈ സമരത്തിൽ പങ്കാളിയാകണമെന്ന് ആഗ്രഹമില്ലെങ്കിൽ അവരവരുടെ ജോലിയുമായി മുന്നോട്ട് പോകാം. യൂണിയന്റെ ആഹ്വാനം കൈക്കൊള്ളാത്ത കടകൾക്കും പെട്ടിക്കടകൾക്കും ഹോട്ടലുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും എല്ലാം തുറന്ന് പ്രവർത്തിക്കാം.

പക്ഷേ, ആഗസ്റ്റ് 25ന്റെ മാതൃഭൂമി വാർത്ത പ്രകാരം, ഈ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന നേതാക്കന്മാർ പറയുന്നത് നോക്കൂ.

“ റെയിൽ വേ സ്റ്റേഷനുകളിൽ എത്തുന്നവർക്ക് മറ്റ് വാഹനങ്ങൾ കിട്ടില്ലെന്നതിനാൽ അന്നേ ദിവസം എല്ലാവരും യാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കണമെന്ന് നേതാക്കന്മാർ പറഞ്ഞു. “

22

ഹർത്താൽ ദിനങ്ങളിൽ‌പ്പോലും റെയിൽ‌ വേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് വാഹന സൌകര്യം ഒരുക്കുന്നവരാണ് കേരളത്തിലെ Say No To Harthal പ്രവർത്തകർ.  അങ്ങനെയുള്ളപ്പോൾ, റെയിൽ വേ സ്റ്റേഷനിൽ മറ്റ് വാഹനങ്ങൾ കിട്ടില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ഇപ്പറഞ്ഞ നേതാക്കന്മാർക്ക് എന്തധികാരം ? ഇത് ഒരു പണിമുടക്ക് മാത്രമാണ്. പണിമുടക്കുന്നവർ പണിമുടക്കിക്കോളൂ.  പണിമുടക്ക് എങ്ങനെയാണ് സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് ? അവനവന്റെ വാഹനങ്ങളിൽ സഞ്ചരിക്കുന്നതും പണിമുടക്കും തമ്മിലെന്ത് ബന്ധം ?

മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്ത ടിക്കറ്റുകളിലാണ് പലരും തീവണ്ടി കയറുന്നത്. അവർക്കത് മാറ്റിവെക്കാൻ പറ്റണമെന്നില്ല. ചികിത്സയ്ക്കും മറ്റുമായി അപ്പോയന്റ്മെന്റ് എടുത്ത് വരുന്ന രോഗികളുടെ കാര്യമാണെങ്കിൽ പിന്നീടൊരു അപ്പോയന്റ്മെന്റ് കിട്ടുന്നതെന്നാണെന്നും അന്നുവരെ ജീവനോടെ ഉണ്ടാകുമോ എന്നും അന്നൊരു ഹർത്താൽ ഉണ്ടാകുമോ എന്നൊന്നും ഒരുറപ്പും പറയാനാവില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പാർട്ടികൾക്ക് വേണ്ടി കൊല്ലാനും ചാകാനും ഇറങ്ങിത്തിരിച്ചതിന്റെ പേരിൽ കണ്ണൂരടക്കമുള്ള കേരളത്തിലെ പലപ്രദേശങ്ങളും ഹർത്താൽ ദുരിതം അനുഭവിക്കുകയുണ്ടായി. നിരോധനാജ്ഞ അടക്കമുള്ള പ്രശ്നങ്ങൾ വേറെ. പാർട്ടി പ്രവർത്തനങ്ങൾ ആയിക്കോളൂ. അതിന്റെ പേരിൽ കൊല്ലും കൊലയും പാടില്ലെന്ന് നിങ്ങളോടൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പക്ഷെ പരസ്പരം കൊന്നൊടുക്കിയിട്ട് അതിന്റെ പേരിൽ  ഹർത്താൽ നടത്തി, ഇതിലൊന്നും പെടാത്ത ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്തിനാണ് ?

പറഞ്ഞുവന്നത്, പണിമുടക്ക് എന്ന നിലയ്ക്ക് സെപ്റ്റംബർ 2ന് നടക്കാൻ പോകുന്ന സമരമുറ, ഹർത്താൽ അഥവാ ജനജീവിതം മുഴുവൻ സ്തംഭിക്കുന്ന തരത്തിലുള്ള പ്രഹസനമാക്കാൻ നേതാക്കന്മാർ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതിനെപ്പറ്റിയാണ്.

ഈ പണിമുടക്കിൽ ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ആവില്ലേ എന്ന ചോദ്യത്തിന് ഒരു നേതാവിന്റെ പ്രതികരണം പത്രത്തിൽ അച്ചടിച്ച് വന്നത്, ‘ഇരുചക്രവാഹനം പോയിട്ട് ഒരു ചക്രവാഹനം പോലും ഓടിക്കരുത് ‘ എന്നായിരുന്നു. സെപ്റ്റംബർ 2ന്റെ പണിമുടക്ക് ഒരു ബന്ദിനേക്കാൾ വലിയ വിജയമാക്കിയെടുക്കാനായി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതായിട്ട്  വേണം ആ പ്രസ്താവനയെ കണക്കാക്കാൻ. ഇതൊരു പണിമുടക്ക് മാത്രമായിരിക്കുമെന്നും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കില്ല എന്നും പറയാനുള്ള ആർജ്ജവമാണ് സത്യത്തിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന യൂണിയൻ നേതാക്കന്മാർ കാണിക്കേണ്ടത്.

ഇത്തരം ഒരു പണിമുടക്ക് വിളിക്കുമ്പോൾ, അതിനെ 12 മണിക്കൂറിൽ ഒതുക്കുന്നതിന് പകരം 24 മണിക്കൂറാക്കിയപ്പോൾ, മറ്റ് രാ‍ജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വന്നിരിക്കുന്നവർക്ക് ഭക്ഷണം പോലും കിട്ടാൻ ബുദ്ധിമുട്ടുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

777

ഈ അവസരത്തിൽ, നിർണ്ണായകം എന്ന വി.കെ.പ്രകാശ് സിനിമ കാണാത്തവരുണ്ടെങ്കിൽ അതിന്റെ സീഡി പുറത്തിറങ്ങിയിട്ടുള്ളത് സംഘടിപ്പിച്ച് കാണുന്നത് നന്നായിരിക്കും. ഒരു പാർട്ടിയുടെ ജാഥ പോകുന്നത് കാരണം അവശനിലയിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഒരു പെൺകുട്ടി ശരിയായ സമയത്ത് ചികിത്സ കിട്ടാതെ മരണപ്പെടുന്നതുമായി ബന്ധപ്പെടാണ് ആ സിനിമയുടെ കഥ നീങ്ങുന്നത്. സിനിമ പര്യവസാനിക്കുന്നത് പോലെ അത്ര ശുഭകരമായ ഒരു അന്ത്യം പൊതുജനത്തിന്റെ കാര്യത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷ ഈ നാട്ടിൽ വെച്ചുപുലർത്തുന്നത് മൌഢ്യമാണ്. എന്നിരുന്നാലും ആ സിനിമ പങ്കുവെക്കുന്ന, അത് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഒരു സന്ദേശമുണ്ട്. മനുഷ്യാവകാശത്തിന്റെ പ്രാധാന്യത്തിലേക്ക് അത് വിരൽ ചൂണ്ടുന്നുണ്ട്.

സംഘടിത അവകാശത്തേക്കാൾ പ്രാധാന്യം മനുഷ്യാവകാശത്തിനാണെന്ന് വളരെ മുന്നേ തന്നെ  കോടതി ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യമാണ്.

11666177_820080988077279_4852195445842821170_n

ഇക്കാരണങ്ങൾ കൊണ്ടൊക്കെത്തന്നെ 2015 സെപ്റ്റംബർ 2 എന്ന ദിവസം ഇന്ത്യയിലെ, പ്രത്യേകിച്ച് ഹർത്താലെന്നോ പണിമുടക്കെന്നോ കേട്ടയുടനെ ആഘോഷിക്കാൻ തുനിഞ്ഞിറങ്ങുന്ന കേരത്തിലെ ജനങ്ങൾക്ക് വളരെ പ്രാധാന്യമുള്ളതാണ്. എന്ത് പേരിട്ട് വിളിച്ചാലും, പാർട്ടിക്കാർ നടത്തുന്ന എല്ലാ സമരങ്ങൾക്കും വീട്ടിലടച്ച് ഇരിക്കണോ വേണ്ടയോ എന്ന് ഇപ്പോൾ തീരുമാനമെടുക്കാവുന്നതാണ്.

ഇത് ഒരു പണിമുടക്ക് മാത്രമാണ്. അതിനോട് സഹകരിക്കണമെന്നുള്ളവർ പണിമുടക്കൂ. ബാക്കിയുള്ളവർക്കെല്ലാം പണിയെടുക്കാനും സ്വന്തം വാഹനങ്ങളുമായി നിരത്തിലിറങ്ങാനും അവകാശമുണ്ട്. നിരത്തിലിറങ്ങുന്നവരെ തടയുന്നത് പണിമുടക്കായി കണക്കാക്കാൻ ആവില്ല. അങ്ങനെയുണ്ടായാൽ അത് സ്വാ‍ഭാവികമായും ഹർത്താൽ അല്ലെങ്കിൽ ബന്ദ് എന്ന നിലയിലേക്ക് കടക്കുന്നു. അത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ജനങ്ങൾക്ക് സുരക്ഷ നൽകാൻ സർക്കാരും പൊലീസും ബാദ്ധ്യസ്ഥരുമാണ്.

‘നിർണ്ണായകം’ സിനിമയുടെ പേര് ശരിക്കും അറിഞ്ഞിട്ട ഒരു പേര് തന്നെയാണ്. പണിമുടക്കുകളെപ്പോലും ഹർത്താൽ ആക്കി മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിർണ്ണായകമായ അവസരമാണ്, ജനങ്ങൾക്കിത്. അന്നേ ദിവസം വാഹനങ്ങളുമായി പതിവുപോലെ നിരത്തിലിറങ്ങൂ. നിങ്ങളുടെ മനുഷ്യാവകാശം ഒരു പാർട്ടിക്കാരനും ഒരു സംഘടനയ്ക്കും ഒരു ട്രേഡ് യൂണിയനും തീറെഴുതി കൊടുത്തിട്ടില്ലെന്ന് തെളിയിക്കൂ.

വാൽക്കഷണം :- 2015 സെപ്റ്റംബർ 2 കഴിഞ്ഞതിന് ശേഷം ഇന്ത്യ ഒട്ടാകെയുള്ള അവസ്ഥ ഒന്ന് വിലയിരുത്തി നോക്കിക്കോളൂ. ഈ കൊച്ചു കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഈ പണിമുടക്ക് ഇവിടെ ഉണ്ടായതുപോലുള്ള ഒരു ആഘോഷമായിട്ടുണ്ടാകില്ല.