Yearly Archives: 2015

വാർത്തേം കമന്റും – പരമ്പര 19


1111

വാർത്ത 1:- തന്നെ അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചന്ദ്രബോസ് വധക്കേസിലെ പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിഷാം.
കമന്റ് 1:- മനുഷ്യാവകാശ സംരക്ഷകർ ആരുമില്ലേ ഇവിടെ, ഈ പാവപ്പെട്ട കൊലയാളിക്ക് വേണ്ടി ശബ്ദമുയർത്താൻ ?

വാർത്ത 2:- മാർട്ടീന ഹിൻ‌ജസിന് വിംബിൾഡൺ വനിതാ ഡബിൾസ് കിരീടമെന്ന് ബി.ബി.സി. ട്വീറ്റ്.
കമന്റ് 2:- ബി.ബി.സി. യല്ലേ ?, ചിലപ്പോൾ സംഘഗാനം ഒറ്റയ്ക്ക് പാടിയെന്നും വരും.

വാർത്ത 3:- ഒറ്റപ്പാലത്ത മൊബൈൽ ഫോൺ ബുക്ക് ചെയ്ത ആൾക്ക് തപാൽ വഴി കിട്ടിയത് ഹനുമാന്റെ ചിത്രവും ലോക്കറ്റും.
കമന്റ് 3:- വായുപുത്രൻ ഹനുമാൻ ഇനിയെങ്ങാനും ടെലിഫോൺ സന്ദേശങ്ങൾ കൈമാറാൻ തുടങ്ങിക്കാണുമോ ?

വാർത്ത 4:- ബാർ പൂട്ടിയപ്പോൾ ഓഫീസുകളിൽ സമയനിഷ്ഠയെന്ന് വി.എം.സുധീരൻ.
കമന്റ് 4:- ശരിയാണ് കൃത്യം 5 മണിക്ക് തന്നെ ഓഫീസിൽ നിന്നിറങ്ങി ബിവറേജസിന്റെ നിരയിൽ നിൽക്കുന്നുണ്ട്.

വാർത്ത 5:- ആന്ധ്രാപ്രദേശ് മന്ത്രിയുടെ വീട്ടിൽ 10 ലക്ഷം രൂപ അടങ്ങിയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ.
കമന്റ് 5:- കോടികളിൽ കുറഞ്ഞതൊന്നും ഇപ്പോൾ സ്വീകരിക്കുന്നില്ലായിരിക്കും.

വാർത്ത 6:- ഭാരത ദർശൻ പരിപാടി എന്ന പേരിൽ മന്ത്രി ജയലക്ഷ്മിയും കൂട്ടരും അനധികൃതമായി നേപ്പാൾ സന്ദർശനം നടത്തി.
കമന്റ് 6:- നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് നോക്കിയാൽ ഒറ്റയടിക്ക് ദർശനം സാധിക്കുമെന്ന് കരുതി പോയതായിരിക്കും.

വാർത്ത 7:- കേരളത്തിന്റെ വ്യവസായ ഹബ്ബാകാൻ പാലക്കാട് തയ്യാറെടുക്കുന്നു.
കമന്റ് 7:- വാരിക്കെട്ടി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാൻ സൌകര്യം പാലക്കാടാകുന്നതാണ്.

വാർത്ത 8:‌- കെ.എസ്.ആർ.ടി.സി. ജെറ്റ് സർവ്വീസുകൾ ഓടിത്തുടങ്ങി.
കമന്റ് 8:- ജെറ്റായാലും സൂപ്പർ സോണിക്ക് ആയാലും ഓർഡിനറി ആയാലും ഈ റോഡിൽക്കൂടെ തന്നെ വേണമല്ലോ ഓടിക്കാൻ.

വാർത്ത 9:- കുടിവെള്ളവിതരണം ഉത്ഘാടനം ചെയ്യാനെത്തിയ ജലവകുപ്പ് മന്ത്രി ടാപ്പ് തുടന്നപ്പോൾ വെള്ളമില്ല.
കമന്റ് 9:‌- അല്ലെങ്കിലും മന്ത്രി ഉത്ഘാടനവും നിർവ്വഹിച്ച് പോയാൽ‌പ്പിന്നെ മഷിയിട്ട് നോക്കിയാലും ഒരു തുള്ളി വെള്ളം കാണില്ല.

വാർത്ത 10:- റോഡപകടങ്ങളിൽ പെടുന്നവർക്ക് സൌജന്യ ചികിത്സ നൽകുമെന്ന് പ്രധാനമന്ത്രി.
കമന്റ് 10:‌- ഇന്ത്യാമഹാരാജ്യം, ‘വേൾഡ് ആക്സിഡന്റ് ക്യാപിറ്റൽ‘ ആണെന്ന് അറിഞ്ഞ് തന്നെയാണോ ഈ പ്രഖ്യാപനം ?