Yearly Archives: 2015

കർക്കിടകത്തിലെ ചോതി.


ചേരമാൻ പെരുമാളിന്റെ ഒരു പ്രതിഷ്ഠ കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലുണ്ട്. കേരളത്തിലെ ഏതെങ്കിലും ഒരു രാജാവിന്റെ പേരിലുള്ള ഏകപ്രതിഷ്ഠയും ഇതുതന്നെ. മുസ്‌രീസ് യാത്രയുടെ ഭാഗമായി അതിന്റെ ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹമുമായി ക്ഷേത്രഭാരവാഹികളെ സമീപിച്ചപ്പോൾ അതൊരു കീറാമുട്ടിയാണെന്ന് മനസ്സിലാക്കാനായി. ദേവസ്വം ബോർഡിന്റെ അനുമതി വേണം, ക്ഷേത്രഭരണസമിതിയുടെ അനുമതിയും വേണം. അതിലും എളുപ്പം കർക്കിടകത്തിലെ ചോതി ദിവസം എഴുന്നള്ളിപ്പിനായി തമിഴർക്ക് വേണ്ടി ഇതിന്റെ എഴുന്നള്ളിപ്പ് പ്രതിഷ്ഠ പുറത്തെടുക്കുമ്പോൽ ഫോട്ടോ എടുക്കുന്നതാവും എന്ന് ഒരു ജീവനക്കാരി പറഞ്ഞതനുസരിച്ച് കർക്കിടകത്തിലെ ചോതിയും കാത്തിരിപ്പായി.

2

തിരുവഞ്ചിക്കുളത്തെ ചേരമാൻ പെരുമാൾ.

2013 കർക്കിടക ചോതിക്ക് ക്ഷേത്രത്തിലെത്തി. പക്ഷെ നിരാശയുടെ കൊടുമുടിയിലാണ് ചെന്നുകയറിയത്. ചോതിക്ക് മുന്നുള്ള ദിവസം അതായത് കർക്കിടകത്തിലെ ചിത്തിര നാളിലാണ് വിഗ്രഹം കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് അഭിഷേകങ്ങളും പൂജയുമൊക്കെ ചെയ്തശേഷം തിരുവഞ്ചിക്കുളത്തേക്ക് എഴുന്നള്ളിക്കുന്നത്. വെള്ളക്കുതിരപ്പുറത്ത് ചേരമാൻ പെരുമാളും വെള്ളാനപ്പുറത്ത് അദ്ദേഹത്തിന്റെ സുഹൃത്തും കവിയും ഗായകനുമൊക്കെയായ സുന്ദരമൂർത്തി നായനാരും എഴുന്നള്ളി വരുന്ന ആ രംഗം എനിക്ക് നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. എഴുന്നള്ളിപ്പ് കഴിഞ്ഞ് ക്ഷേത്രത്തിലെ ഊട്ടുപുരയിൽ കൊണ്ടുവെച്ചിരിക്കുന്ന വിഗ്രഹങ്ങളുടെ ഫോട്ടോ എടുക്കാൻ മാത്രമേ അന്ന് സാധിച്ചുള്ളൂ.

അപ്പോൾത്തന്നെ അടുത്ത വർഷത്തെ കർക്കിടക ചിത്തിരയും ചോതിയും മനസ്സിൽ കുറിച്ചിട്ടു. വീണ്ടും വരണം. പൂർണ്ണമായുംവീഡിയോയിൽത്തന്നെ പകർത്തണം മൂന്ന് ദിവസത്തോളം നീണ്ട് നിൽക്കുന്ന ചടങ്ങുകൾ. അന്നുമുതൽ കണ്ടുമുട്ടിയ പല മാദ്ധ്യമ സുഹൃത്തുക്കളോടും ഇക്കാര്യം അറിയിച്ചു. ഓൺലൈനിൽ കുറിപ്പുകൾ എഴുതിയിട്ടു. ആരെങ്കിലും ഇതൊന്ന് ഷൂട്ട് ചെയ്ത് ചാനലുകളിൽ എവിടെയെങ്കിലും കാണിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. സുഹൃത്തും സിനിമാനടനുമായ സലിം‌കുമാർ താൽ‌പ്പര്യം കാണിച്ചു. നമുക്ക് പകർത്താം എന്ന് ഉറപ്പ് തരുകയും ചെയ്തു. പക്ഷെ 2014ലെ കർക്കിടക ചിത്തിര ആയപ്പോൾ സലിംകുമാറിന് എവിടെയോ ഷൂട്ടിങ്ങ്. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നതേയില്ല. ഉടനെ തന്നെ കൊടുങ്ങല്ലൂർക്കാരനായ സുഹൃത്ത് സാബുവിനെ വിളിച്ച് ഒരു വീഡിയോ ഗ്രാഫറെ വേണമെന്ന് അറിയിച്ചു. അരമണിക്കൂറിനകം ഏഷ്യാനെറ്റ് കേബിൾ വിഷന്റെ ക്യാമറാമാൻ സ്ഥലത്തെത്തി.

ചിത്തിര ദിവസം വൈകീട്ട് മുതലുള്ള രംഗങ്ങൾ അങ്ങനെ ക്യാമറയിലേക്ക് കയറിത്തുടങ്ങി. രാത്രി ഏകദേശം 10 മണി കഴിഞ്ഞിട്ടും കൊടുങ്ങലൂർ ക്ഷേത്രത്തിന് മുന്നിൽ വെച്ചുള്ള അഭിഷേകങ്ങൾ തീരുന്നില്ല. അതിൽക്കൂടുതൽ സമയം ക്യാമറാമാന് നിൽക്കാനാവില്ല. നിൽക്കണമെന്ന് പറയുന്നതും ശരിയല്ലല്ലോ ? അങ്ങനെ അദ്ദേഹം പോയി. ഞാൻ പിന്നേയും കുറേ നേരം നിന്നെങ്കിലും വെള്ളാനയും കുതിരയും ഘോഷയാത്ര ആരംഭിക്കുന്നില്ല. അങ്ങനെ എനിക്കും മടങ്ങേണ്ടി വന്നു. ചോതി ദിവസം അതായത് അടുത്ത ദിവസം വീണ്ടും ക്യാമറാമാൻ എത്തി. അഴീക്കോട് കടപ്പുറത്ത് വെച്ച് നടത്തുന്ന ബാക്കിയുള്ള ചടങ്ങുകൾ പൂർണ്ണമായും ഒപ്പിയെടുത്തു. അതിനടുത്ത ദിവസം ടി.കെ.എസ്. പുരത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങുകളിൽ ചിലതും പകർത്തി. അതിനകത്ത് ക്യാമറ അനുവദിക്കാത്തതുകൊണ്ട് പൂർണ്ണമായ ചിത്രീകരണം നടന്നില്ല.

അങ്ങനെ 2013ഉം 2014 കടന്നുപോയി. അതിനിടയ്ക്ക് മെന്റർ മാസികയിൽ എന്റെ മുസ്‌രീസ് യാത്രാവിവരണം പൂർണ്ണമായും അച്ചടിച്ച് വന്നു. തമിഴർ ‘സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവം‘ എന്ന പേരിൽ കഴിഞ്ഞ 81 വർഷമായി കൊണ്ടാടുന്ന ഈ ഉത്സവത്തെക്കുറിച്ച്, അതിന്റെ പിന്നിലുള്ള ഐതിഹ്യമടക്കം വിശദമായി ഞാൻ എഴുതിയിട്ടു. നമ്മുടെ പത്രങ്ങളിൽ ചോതി ഉത്സവം ആരംഭിച്ചു എന്ന് ഒറ്റക്കോളത്തിൽ ഒരു വാർത്ത വന്നാലായി എന്നല്ലാതെ മറ്റൊന്നും സംഭവിക്കാറില്ല, അതുകൊണ്ടുതന്നെ കൊടുങ്ങല്ലൂർക്കാർക്ക് പോലും ഇതേപ്പറ്റി കാര്യമായൊന്നും അറിയില്ല.

എല്ലാ മാസവും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വന്നുപോകാറുണ്ടെന്ന് പറഞ്ഞ രണ്ട് കുടുംബങ്ങൾക്ക് ചരിത്രവും ഐതിഹ്യവും മുഴുവൻ ആ നടയിൽ നിന്ന് പറഞ്ഞുകൊടുക്കേണ്ടി വന്നു എനിക്ക്. വെള്ളാനയും കുതിരയും എഴുന്നള്ളുന്നത് എവിടെ നിന്നാണെന്ന് ചോദിച്ച് ഓടിവന്ന നാട്ടുകാർക്ക് ആർക്കുമറിയില്ല ഇതെന്താണെന്ന്. ക്യാമറയുമായി നിൽക്കുന്നതുകൊണ്ടും മലയാളം സംസാരിക്കുന്നതുകൊണ്ടും ഞങ്ങളോട് വന്ന് കാര്യങ്ങൾ തിരക്കുന്നു.

ഘോഷയാത്ര നടക്കുന്നത് രാത്രി ഏറെ വൈകിയായതുകൊണ്ട് ആരും ഇതൊന്നും കാണാറുമില്ല, അറിയാറുമില്ല. തമിഴന്റെ പച്ചക്കറി വിഷമടിച്ചതായാലും അല്ലാത്തതായാലും തിന്നുമെന്നലാതെ അവരുടെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും നമുക്കെന്ത് കാര്യം എന്ന മട്ടിൽ പെരുമാറുമ്പോൾ നമ്മുടെ തന്നെ ഒരു രാജാവിന്റെ പേരിലുള്ള ഉത്സവമാണ് നാം കാണാതെ പോകുന്നത്.

2015 ആയപ്പോഴേക്കും മെന്ററിൽ പ്രസിദ്ധീകരിച്ച യാത്രാവിവരണം പുസ്തകമാക്കാനുള്ള നടപടികളിലേക്ക് മെന്ററും ഞാനും പ്രവേശിച്ചു. അതിനായി 2014 ൽ 5000 രൂപ ഏഷ്യാനെറ്റ് കേബിൾ വിഷൻ‌കാരന് കൊടുത്ത് ഷൂട്ട് ചെയ്യിപ്പിച്ച രംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ അതെല്ലാം നഷ്ടപ്പെട്ടുകാ‍ണുമെന്ന നിസ്സംഗമായ മറുപടിയാണ് കിട്ടിയത്. പിന്നീട് എത്ര വിളിച്ചിട്ടും അയാൾ ഫോണെടുക്കുന്നുമില്ല. ഞാനാകെ ധർമ്മസങ്കടത്തിലായി.

അപ്പോഴേക്കും 2015 കർക്കിടകമെത്തി. മുസ്‌രീസ് യാത്രാവിവരണ പുസ്തകത്തിന് വേണ്ടി മറ്റ് ചിത്രങ്ങൾ എല്ലാം പകർത്തിയ ജോഹറിനോട് കാര്യം പറഞ്ഞു. ജൂലായ് 24, 25 ദിവസങ്ങളിലാണ് കർക്കിട ചിത്തിരയും ചോതിയും. അന്ന് എന്റൊപ്പമുണ്ടായേ പറ്റൂ. ജോഹർ ഏറ്റു. ഞാൻ വീണ്ടും മൂന്നാം വർഷം പെരുമാളിന്റെ ഉത്സവമാഘോഷിക്കാൻ ഇതാ തിരുവഞ്ചിക്കുളത്ത്. മൂന്ന് പ്രാവശ്യം അടുപ്പിച്ച് ഇതിന്റെ എല്ലാ ചടങ്ങുകളും മുൻ‌നിരയിൽ നിന്ന് കണ്ട്, മനപ്പാഠമാക്കുകയും ക്യാമറയിൽ പകർത്തിയെടുക്കാനുള്ള സന്നദ്ധത കാണിക്കുകയും ചെയ്ത മറ്റൊരു മലയാളി ഇല്ലെങ്കിൽ പെരിയ സ്വാമി എന്ന പട്ടം എനിക്ക് ചാർത്തിത്തരുകയും ആവാം.

2013ലും 2014ലും ഇതേപ്പറ്റി എഴുതിയിട്ട ലേഖങ്ങളുടെ ലിങ്കുകൾ ഇവിടെ പങ്കുവെക്കുന്നു.

1

ഒരു വിശ്വാസിയെന്ന നിലയ്ക്കല്ല ഞാനിതിന്റെ പിന്നാലെ കൂടിയിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ഇവിടുത്തെ രാജനായിരുന്ന ഒരാളുടെ പേരിലുള്ള ആഘോഷങ്ങൾക്ക് അയിത്തം കൽ‌പ്പിക്കുന്നതിൽ വിഷമമുണ്ട്. ആ ചരിത്രവും അതിന് പിന്നിലുള്ള ഐതിഹ്യവുമൊക്കെ പുതിയ തലമുറയ്ക്ക് അന്യമാകുന്നതിൽ വ്യസനമുണ്ട്. എല്ലാക്കൊല്ലവും തൃശൂ‍ർ പൂരവും ആറ്റുകാൽ പൊങ്കാലയും മണിക്കൂറുകളോളം ചാനലുകളിൽ കാണിക്കുന്നവർ ഒരിക്കൽ‌പ്പോലും വിശദമായി ഇതൊന്ന് സം‌പ്രേക്ഷണം ചെയ്യാൻ മിനക്കെടുന്നുപോലുമില്ല.

എന്തായാലും ‘മുസ്‌രീസിലൂടെ’ യാത്രാവിവരണം പുസ്തകമായി ഇറങ്ങുമ്പോൾ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും അതിലുണ്ടാകും. വീഡിയോ ദൃശ്യങ്ങൾ എന്റെ ഒരു സന്തോഷത്തിനായി എഡിറ്റ് ചെയ്ത് സൂക്ഷിക്കണമെന്നാണ് കരുതിയിരുന്നത്. പക്ഷെ, അതിന്റെ കോപ്പികൾ തീർച്ചയായും 2016ലെ ഉത്സവത്തിന് വരുന്ന തമിഴ് ഭക്തർക്ക് സൌജന്യമായിത്തന്നെ വിതരണം ചെയ്യും. തിരക്കിനിടയിൽ ഓരോ ഷോട്ട് എടുക്കാനും അവർ ചെയ്തുതന്ന സഹായങ്ങൾക്ക് അങ്ങനെയെങ്കിലും നന്ദി പ്രകടിപ്പിച്ചേ പറ്റൂ.

കഴിഞ്ഞ മൂന്ന് കൊല്ലമായി ചിത്തിരയും ചോതിയും കഴിഞ്ഞുവന്ന് ഞാനിതുപോലെ വിലപിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലുള്ളവർക്ക് ഇതൊന്നും കാണാനും അറിയാനുമുള്ള യോഗം ഉണ്ടാകില്ലെന്ന് സമാധാനിച്ച് ഞാനെന്റെ വിലാപം ഈ കൊല്ലത്തോടുകൂടെ അവസാനിപ്പിക്കുന്നു. താൽ‌പ്പര്യമുള്ളവർക്ക് ഇനിയും ഇതിന്റെ പിന്നാലെ പോകാം. മറക്കണ്ട കർക്കിടകത്തിന്റെ ചിത്തിരയും ചോതിയും. അന്നാണ് സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവം.