Yearly Archives: 2015

ബഷീർ എന്ന അനുഗ്രഹം


666

വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താന്റെ പുരയിടത്തിലെ മാങ്കോസ്റ്റിൻ മരവും അതിന് കീഴെ ചാരുകസേരയിലിരുന്നുള്ള അദ്ദേഹത്തിന്റെ എഴുത്തും വായനയും ആ പറമ്പിലുള്ള പാമ്പും കീരിയും മരപ്പട്ടിയും പക്ഷികളും കുറുക്കന്മാരും ഗന്ധർവ്വന്മാരും ജിന്നുകളുമൊക്കെ വായനക്കാരായ ഏതൊരു മലയാളിക്കും സുപരിചിതമെന്നപോലെ എനിക്കും പരിചിതം തന്നെ. എന്നിരുന്നാലും ഒരിക്കൽ‌പ്പോലും റ്റാറ്റ എന്ന ഓമനപ്പേരുള്ള സുൽത്താനെ നേരിൽക്കാണാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടില്ല.

ബഷീറിനോട് ഭ്രമമുള്ള അദ്ദേഹത്തിന്റെ എഴുത്തിനോട് അതീവ താൽ‌പ്പര്യമുള്ള ഏതൊരു മലയാളി വായനക്കാരനേയും പോലെ ബഷീറിന്റെ കിട്ടാവുന്നത്ര കൃതികളും ആർത്തിയോടെ വായിച്ചിട്ടുള്ള ഒരാളാണ് ഞാനും. ‘വിശ്വവിഖ്യാതമായ മൂക്ക് ‘ മലയാളം പാഠപുസ്തകത്തിലൂടെ ജീവിതത്തിലേക്ക് കടന്നുവന്നതിന് ശേഷമുണ്ടായ ഭ്രമമാണത്. അതിന് മുന്നേ മറ്റ് ബഷീർ കൃതികളൊന്നും വായിച്ചിട്ടില്ല. അന്നുമിന്നും വലിയൊരു വായനക്കാരനുമല്ല.

ഈയടുത്ത കാലത്ത് സഞ്ചാരിയും സഞ്ചാരസാഹിത്യകാരിയുമായ ശ്രീമതി കെ.എ.ബീനയെ ഒരു പുസ്തകപ്രകാശന ചടങ്ങിൽ വെച്ച് കണ്ടുമുട്ടിയതോടെ ബഷീറിന്റെ ലോകത്തേക്കുള്ള കുറേക്കൂടെ വിശാലമായ വാതായനങ്ങളാണ് തുറക്കപ്പെട്ടത്.

ബീനച്ചേച്ചി എഴുതിയ ‘ബഷീർ എന്ന അനുഗ്രഹ’ ത്തെപ്പറ്റി സത്യത്തിൽ എനിക്ക് അറിയുകപോലുമില്ലായിരുന്നു. എഴുത്തുകാരി തന്നെ ഗ്രന്ഥത്തിന്റെ ഒരു കോപ്പി തന്നു. ചെറുപ്പം മുതൽ റ്റാറ്റയുമായി എഴുത്തുകാരിക്കുണ്ടായിരുന്ന ആത്മബന്ധവും, ഒരു മകളെപ്പോലെ ആ വീട്ടിൽ കഴിയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നതുകൊണ്ട് റ്റാറ്റയോട് മാത്രമല്ല കുടുംബാംഗങ്ങളോടുപോലുമുള്ള ഇഴയടുപ്പവും സ്നേഹവും എല്ലാം നിറഞ്ഞുനിൽക്കുന്നതാണ് ആ പുസ്തകം. സത്യത്തിൽ അവതാരിക എഴുതിയ അടൂർ ഗോപാലകൃഷ്ണൻ സംശയിച്ചതുപോലെ ‘ബഷീറിനെപ്പറ്റി ഇനിയുമൊരു പുസ്തകമോ ? ’ എന്ന തോന്നൽ എനിക്കും ഉണ്ടായിരുന്നു, പുസ്തകം വായിച്ച് തുടങ്ങുന്നത് വരെ. ബഷീറനുഭവം ഉള്ള ഏതൊരാൾക്കും ഇനിയുമിനിയും പുസ്തകങ്ങൾ എഴുതാനുള്ള സാദ്ധ്യത അവശേഷിക്കുന്നുണ്ടെന്ന് തുടർന്നുള്ള വായന ബോദ്ധ്യപ്പെടുത്തിത്തന്നു.

ചെറുപ്പം മുതൽ ബഷീറിനോടുള്ള ആരാധന മൂത്ത് അദ്ദേഹത്തിന് കത്തെഴുതുകയും പിന്നീടൊരു ദിവസം നിനച്ചിരിക്കാതെ 16 പേജുള്ള അദ്ദേഹത്തിന്റെ മറുപടി എഴുത്തുകാരിക്ക് കിട്ടുകയും ചെയ്തപ്പോൾ മുതൽ ആ ബന്ധം ആരംഭിക്കുകയാണ്. പിന്നീട് നിരവധി കത്തുകളിലൂടെയും നേരിട്ടുള്ള കണ്ടുമുട്ടലുകളുടേയുമായി ആരിലും അസൂയ ജനിപ്പിക്കും വിധം ബഷീറുമായി ആത്മബന്ധം പുലർത്താൻ കഴിയാൻ എഴുത്തുകാരിയ്ക്ക് സാധിക്കുന്നു. ബഷീറിനെ എഴുത്തുകാരി റ്റാറ്റ എന്നും, തിരിച്ച് എഴുത്തുകാ‍രിയെ പൊന്നമ്പിളി എന്നുമാണ് സംബോധന. ബഷീറിന്റെ കത്തുകളിൽ സ്വതസിദ്ധമായ വന്ന് നിറയുന്ന അദ്ദേഹത്തിന്റെ ശൈലിയും ഭാഷാപ്രയോഗവും പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലല്ലോ ?! എഴുത്തുകാരിയുടെ ഭർത്താവ് ശ്രീ.ബൈജു ചന്ദ്രനും ബഷീർ കത്തുകൾ എഴുതുന്നുണ്ട്. ‘ബീനേടെ നായരേ‘ എന്നാണ് അപ്പോൾ സംബോധന. കൂടുതൽ പറഞ്ഞ് രസം കൊല്ലാൻ ഉദ്ദേശിക്കുന്നില്ല. അക്ഷരമില്ലാത്തവന്റെ വക ബഷീർ വർണ്ണന അസ്ഥാനത്തായെന്ന് വരും.

എന്തായാലും ബീനച്ചേച്ചിയുടെ കൂട്ടുപിടിച്ച് അൽ‌പ്പം വൈകിയെങ്കിലും ബേപ്പൂരിലെ ആ വീട്ടുമുറ്റത്ത് ഒരു ദിവസം ചെന്നുകയറാനായി. നേരമപ്പോൾ രാത്രി 8 കഴിഞ്ഞിരുന്നു. മാങ്കോസ്റ്റിൻ മരം കൂറേക്കൂടെ വളർന്നിരിക്കുന്നു. ഇരുട്ടിലും, അതിന് കീഴെ ഒരു ചാരുകസേരയും ഷർട്ടിടാതെ അതിലിരിക്കുന്ന സുൽത്താനേയും തൊട്ടടുത്ത് ഒരു സ്റ്റൂളിൽ തിരിഞ്ഞുകൊണ്ടിരിക്കുന്ന റെക്കോഡ് പ്ലയറുമൊക്കെ സങ്കൽ‌പ്പിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.

പിന്നെ കുറേനേരം ഫാബിയുടെ കൂടെ.

“ജനിച്ചതിന് ശേഷം നീ ഈ വഴി വന്നിട്ടില്ലല്ലോ ?“ എന്ന് ബീനച്ചേച്ചിയോട് ഫാബിയുടെ കുസൃതി കലർന്ന പരാതി.

“ഇന്ന് പോകണ്ട ഇവിടെ കൂടാം“ എന്ന് നിർബന്ധം.

ഇനീം ചിലരെ കാണാനുണ്ടെന്ന് പറഞ്ഞപ്പോൾ, “ വരാനാവില്ല എന്ന് അവർക്കെല്ലാം കത്തെഴുതിക്കോളൂ.” എന്ന് പിന്നെയും കുസൃതി.

4

പ്രാരാബ്ദ്ധങ്ങൾ പറഞ്ഞ് ഞങ്ങളിറങ്ങി. മനസ്സ് പിന്നെയും ആ പുരയിടത്തിൽത്തന്നെ ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നെന്ന് കോഴിക്കോട് നഗരത്തിൽ തിരികെയെത്തിയപ്പോളാണ് ഞാനറിഞ്ഞത്.

‘ദൈവത്തിന് മലയാളികളോട് ഒരുപാട് സ്നേഹം തോന്നിയപ്പോൾ നൽകിയ സമ്മാനമാണ് വൈക്കം മുഹമ്മദ് ബഷീർ’ എന്ന എഴുത്തുകാരി പറയുന്നതിനോട് യോജിക്കാതിരിക്കാൻ ആർക്കെങ്കിലും കഴിയുമോ ?

‘ബഷീർ എന്ന അനുഗ്രഹ‘ത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് ലോഗോസ് ബുക്ക്സ് പുറത്തിറക്കുകയാണ്, അദ്ദേഹം ഓർമ്മയായി 21 വർഷം തികയുന്ന 2015 ജൂലായ് 5ന് തിരുവനന്തപുരത്തുവെച്ച്.

മാധവിക്കുട്ടിയുടെ ഓർമ്മയ്ക്കായി മാനവീയം വീഥിയിൽ നട്ടുവളർത്തുന്ന നീർമാതളത്തിന്റെ അരുകിലായി ബഷീറിന്റെ പേരിൽ ഒരു മാങ്കോസ്റ്റിനും അന്ന് നടും. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ‘ എന്ന കൃതിയുടെ നാടകാവിഷ്ക്കാരം നടക്കും. സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, ബിനോയ്‌ വിശ്വം, ചന്ദ്രമതി, ഓ വി ഉഷ, സുസ്മേഷ് ചന്ദ്രോത്ത്. പ്രൊഫ .ലക്ഷ്മി എന്നിവർ പങ്കെടുക്കും.

വാൽക്കഷണം:- ക്ഷണമുണ്ടെങ്കിലും, മറ്റ് കെട്ടുപാടുകൾ കാരണം പങ്കെടുക്കാനാവാത്തതിന്റെ ദുഃഖവുമായി ഞാൻ കൊച്ചീല്ത്തന്നെ കാണും. ബഷീറിനെ കാണാൻ പറ്റാതെ പോയതിനോളം വരില്ലല്ലോ എന്ന് സമാധാനിച്ചുകൊണ്ട്.