Yearly Archives: 2015

കാക്കാമുട്ടൈ


667

ദിവസവും കോഴിമുട്ട തിന്നാൻ കഴിവില്ലാത്ത ചേരിയിലെ ബാലന്മാർ മുത്തശ്ശിയുടെ നിർദ്ദേശമനുസരിച്ച് മരത്തിൽക്കയറി കാക്കക്കൂട്ടിൽ നിന്ന് കാക്കമുട്ടയെടുത്ത് തിന്നാൻ തുടങ്ങുന്നു. കാക്കയും ഒരു പക്ഷിയല്ലെ, എന്ന് മുത്തശ്ശിയുടെ ന്യായീകരണം.

കഥ അവിടന്ന് മെല്ലെ മെല്ലെ വളർന്ന് വികസിച്ച് കുട്ടികൾക്ക് പിസ കഴിക്കാനുള്ള ആഗ്രഹത്തിലേക്കും അതുണ്ടാക്കുന്ന പ്രശ്നങ്ങളിലേക്കും ചെന്നെത്തുന്നു. അത്രേയുള്ളൂ ; വളരെ സ്വാഭാവികമായി ചിത്രീകരിച്ചിട്ടുള്ള ഈ ചിത്രത്തിന്റെ കഥാതന്തു.

നമുക്ക് പരിചയം ഉണ്ടെന്ന് പറയാൻ ബാബു ആന്റണി മാത്രമേ സിനിമയിലുള്ളൂ. അതിൽ തീരുന്നു മലയാളി പ്രതീക്ഷിച്ചേക്കാവുന്ന താരപ്പൊലിമ. പക്ഷേ, സിനിമ തീരുമ്പോൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് കാണികൾ പിരിയുന്നത്. ആ രണ്ട് ബാലതാരങ്ങളേയും നെഞ്ചിലേറ്റി വീട്ടിലേക്ക് കൊണ്ടുപോരുകയും ചെയ്യുന്നു. കണ്ടത് ഒരു തമിഴ് സിനിമയാണല്ലോ എന്ന് പോലും ഞാൻ ഓർത്തതേയില്ല. സൌണ്ട് ട്രാക്കിൽ ഏത് ഭാഷയായിരുന്നെങ്കിലും ഒട്ടും പൊലിമ നഷ്ടപ്പെടാതെ എനിക്കതാസ്വദിക്കാൻ കഴിയുമായിരുന്നു. അത്ര ശക്തമായ വിഷ്വലുകളായിരുന്നു കാക്കമുട്ടയുടേത്.

ഒരു കൊച്ചുസിനിമ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് കൈയ്യടി നേടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാനെങ്കിലും എല്ലാവരും കാക്കമുട്ടൈ കാണണം. തീയറ്ററിൽ‌പ്പോയിത്തന്നെ. നല്ല സിനിമ ഒരെണ്ണം കണ്ടെന്ന സംതൃപ്തിയുണ്ടാകും. ക്യൂവിൽ നിന്ന് തല്ല് കൂടിയിട്ട് ടിക്കറ്റ് കിട്ടിയില്ല എന്ന വിഷമം ഉണ്ടാകുകയില്ല. ഫാൻസിന്റെ ശല്യം കാരണം സംഭാഷണമൊന്നും കേൾക്കാനായില്ല എന്ന പരാതിയുമുണ്ടാകില്ല.
കോടികൾ മുടക്കി സൂപ്പർ താര ചിത്രങ്ങളെടുത്ത്, എട്ട് നിലയിൽ പൊട്ടിയ ശേഷം സിനിമാ വ്യവസായം തളരുകയാണെന്ന് മോങ്ങുന്ന സിനിമാക്കാർക്ക് ഒരു പാഠമാണ് ഈ കൊച്ചു വലിയ സിനിമ.

പാട്ടുകൾ എവിടെന്നെങ്കിലും കിട്ടിയിരുന്നെങ്കിൽ വീണ്ടും പലവട്ടം കേൾക്കണമെന്ന് തോന്നുന്നു. സംവിധായകൻ മണികണ്ഠനും കാക്കമുട്ടൈയുടെ അണിയറ ശിൽ‌പ്പികൾക്കും അഭിനന്ദനങ്ങൾ !!