Yearly Archives: 2015

വാർത്തേം കമന്റും – പരമ്പര 15


1111

വാർത്ത 1:- മാവോയിസ്റ്റ് ആകുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി.
കമന്റ് 1:- ഇതുപോലെയുള്ള ഭരണവും ഭരണകർത്താക്കളുമുണ്ടെങ്കിൽ കോടതി പോലും മാവോയിസ്റ്റ് ആയിപ്പോകും.

വാർത്ത 2:- മാഗി നൂഡിൽ‌സിൽ മായമില്ലെന്ന് കേരളം.
കമന്റ് 2:- മായം, അഴിമതി, കുതികാൽ‌വെട്ട്, തട്ടിപ്പ്, വെട്ടിപ്പ്, പാര, കോഴ, കൈക്കൂലി, മോഷണം, പിടിച്ചുപറി, ചതി, വഞ്ചന, മയക്കുമരുന്ന്, സ്വജനപക്ഷപാതം, പീഡനം, എന്നിവയൊന്നും ഇല്ലാത്ത ഒരു മധുരമനോജ്ഞ സംസ്ഥാനമാകുന്നു കേരളം.

വാർത്ത 3:- കേരളത്തെ കോൺഗ്രസ്സ് വിമുക്ത സംസ്ഥാനമാക്കി മാറ്റണമെന്ന് ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.
കമന്റ് 3:- ഒരു താമരയെങ്കിലും വിരിയിച്ച ശേഷം താമരക്കാട് സ്വപ്നം കണ്ടാൽ‌പ്പോരേ ?

വാർത്ത 4:- എൽ.ഡി.എഫ്.ലെ പ്രമുഖ കക്ഷി യു.ഡി.എഫ്.ലേക്ക് വരുമെന്ന് മജീദ്.
കമന്റ് 4:- അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കാൻ മറ്റൊരിടമില്ലാത്തത് ജനത്തിന് മാത്രമാണല്ലോ ?

വാർത്ത 5:- പൊലീസ് വാഹനങ്ങൾക്ക് ഫിറ്റ്‌നസ്സ് ഇല്ല. ഓടിക്കാൻ ഡ്രൈവർമാരും ഇല്ല.
കമന്റ് 5:- ഇതെല്ലാം കൂടെ ചേർത്താണ് പൊലീസ് എന്ന് വിളിക്കുന്നത്.

വാർത്ത 6:- അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇരുചക്രവാഹനങ്ങൾ പകലും ഹെഡ് ലൈറ്റ് ഇട്ട് ഓടിക്കണമെന്ന് നിയമഭേദഗതി പരിഗണനയിൽ.
കമന്റ് 6:- വാഹനങ്ങൾ രാത്രിയെങ്കിലും ഹെഡ് ലൈറ്റ് ഇട്ട് ഓടിച്ചാൽ വല്യ ഉപകാരമായിരുന്നു.

വാർത്ത 7:- പാവപ്പെട്ടവന്റെ മുന്നിൽ ദൈവം ഉമ്മൻ‌ചാണ്ടിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നെന്ന് എം.എം.ഹസ്സൻ
കമന്റ് 7:- ഹസ്സന്റെ ഈ അഭിപ്രായ പ്രകടനം ഒറ്റയടിക്ക് ലക്ഷക്കണക്കിന് നിരീശ്വരവാദികളെ കേരളത്തിൽ സൃഷ്ടിച്ചു.

വാർത്ത 8:- ആരാധനയ്ക്ക് ചാരായം വാറ്റാൻ അനുമതി വേണമെന്ന് വിശ്വാസികൾ.
കമന്റ് 8:- സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കിയാലും അവനവനുള്ളത് ഔദ്യോഗികമായി ഉത്പാദിപ്പിക്കാനുള്ള മാർഗ്ഗമൊക്കെ മലയാളി കണ്ടുപിടിക്കും.

വാർത്ത 9:- സി.പി.എം. സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ്.പരാതി നൽകി.
കമന്റ് 9:- അരുവിക്കരയെ ഒരു കരയ്ക്കടുപ്പിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയെന്ന് സാരം.

വാർത്ത 10:- നാല് വർഷത്തെ ഭരണം; ജയലളിതയുടെ സ്വത്ത് ഇരട്ടിയായി.
കമന്റ് 10:- നാല് വർഷം അഭിനയിച്ച് ഇരട്ടിപ്പിച്ച സ്വത്താണ്. എവിടെയാണ് അഭിനയിച്ചതെന്ന് മാത്രം ചോദിക്കരുത്.