Yearly Archives: 2015

നേപ്പാളിന് വേണ്ടി 1 രൂപ


2015 മെയ് 20. നേപ്പാൾ ദുരിതാശ്വാസ ഫണ്ടിലേക്ക് ശ്രീകാന്ത് മേനോന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ധനസമാഹരണം. രണ്ടര മണിക്കൂർ കൊണ്ട് 4172 രൂപയാണ് പിരിച്ചെടുത്തത്. ഒരു രൂപ തരണമെന്ന് അഭ്യർത്ഥിച്ച് പ്ലക്കാർഡുകളുമായി നിന്നപ്പോൾ പത്തും ഇരുപതും അൻപതും നൂറുമൊക്കെ തന്നവർക്ക് ഒരുപാട് നന്ദി. സംശയത്തോടെ നോക്കിനിന്നവർക്കും, ചോദ്യം ചെയ്ത് ഉറപ്പ് വരുത്തിയ ശേഷം സഹകരിച്ചവർക്കും അസഭ്യവർഷം നടത്തി പോയവർക്കും എല്ലാം നന്ദി. പിരിച്ചെടുത്ത തുക പ്രധാനമന്ത്രിയുടെ നേപ്പാൾ ദുരിതാശ്വാസ നിധിയിലേക്കാണ് അയച്ചുകൊടുക്കുന്നത്.

3

പിരിച്ചെടുത്ത തുകയുടെ വിശദവിവരങ്ങൾ.

അപരിചിതരും പ്രത്യേക സംഘനടകളിൽ ഒന്നും ഇല്ലാത്തവരുമായ കുറേപ്പേർ പണപ്പിരിവ് നടത്തിയാൽ പറ്റിച്ച് പോകില്ലേ എന്ന സംശയം തികച്ചും ന്യായമാണ്. അതുകൊണ്ട് മാത്രമാണ് ഒരു രൂപ ചോദിച്ചത്. പറ്റിച്ചാൽത്തന്നെയും ഒരു രൂപയല്ലേ പറ്റിച്ചുള്ളൂ എന്ന് ഓരോരുത്തർക്കും സമാധാനിക്കാമല്ലോ. ഒരു ദിവസം നിങ്ങൾ അറിഞ്ഞും അറിയാതെയും പറ്റിക്കപ്പെടുന്നത് അതിനേക്കാളൊക്കെ പതിന്മടങ്ങ് വലിയ തുകകളാണ്.

ഇതിന് വേണ്ടി റോഡിൽ ഇറങ്ങി നിന്നവർ എല്ലാവരും പരസ്പരം കൈയ്യയച്ച് സഹകരിച്ചിരുന്നെങ്കിൽ ഇത്രയും പണമോ അതിനേക്കാളധികമോ ഉണ്ടാക്കാമായിരുന്നില്ലേ എന്നൊരു ചോദ്യം ഉയർന്നു വന്നേക്കാം. അതിനുള്ള മറുപടി ഇതാണ്. നമ്മുടെ തൊട്ടടുത്തുള്ള ഒരു രാജ്യം ഏതാണ്ട് പൂർണ്ണമായിത്തന്നെ തകർന്നടിഞ്ഞപ്പോൾ അതൊന്നും നമ്മെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിൽ നിത്യജീവിതവുമായി മുന്നോട്ട് പോകുന്നവർക്ക്, അല്ലെങ്കിൽ ആ രാജ്യത്തെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും ഒന്നും ചെയ്യാൻ സമയം കിട്ടാതിരുന്നവർക്ക്, അവർക്ക് വേണ്ടിയാണ് ഈ ഉദ്യമം. ഒരു രൂപയെങ്കിലും സഹായിച്ച് ആ ഉദ്യമത്തിൽ പങ്കാളിയായി എന്ന് അവർക്ക് സന്തോഷിക്കാൻ അവസരം കിട്ടുന്നു. മറ്റൊരു പ്രധാന ലക്ഷ്യം കുട്ടികളായിരുന്നു. കുട്ടികളിൽ സഹജീവികളോടുള്ള അനുകമ്പയും സഹാനുഭൂതിയും വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദന്തഗോപുരവാസികളായ ഒരു തലമുറയെക്കൊണ്ട് രാജ്യത്തിനും സമൂഹത്തിനും ഒരു ഉപകാരവും ഉണ്ടാകണമെന്നില്ല. ഇത് കൃത്യമായി മനസ്സിലാക്കിയ മാതാപിതാക്കളേയും ഞങ്ങളിന്നലെ നിരത്തിൽ കണ്ടു. മുതിർന്നവർക്ക് പണം ഞങ്ങളുടെ കുടുക്കയിൽ ഇടാൻ പറ്റുമായിരുന്നെങ്കിലും അവരത് നിർബന്ധമായും കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നത് കാണാനായി. തിരിച്ച് ഞങ്ങളൊരു നന്ദി പറയുമ്പോൾ, കുട്ടികളുടെ മുഖത്ത് വിരിയുന്ന സന്തോഷം ഉറപ്പുതരുന്നുണ്ട് ഇനിയുമിത്തരം കാര്യങ്ങളിൽ അവരുടെ സഹകരണം ഉണ്ടാകുമെന്ന്.

ഇനി, ഫേസ്ബുക്കിൽ ഫോട്ടോ ഇട്ട് കയ്യടി നേടാനുള്ള ഓരോ അഭ്യാസങ്ങളാണെന്ന് പിറുപിറുത്ത് പോയവരോട്. ഫേസ്ബുക്കിൽ ഇതല്ലെങ്കിൽ മറ്റൊന്ന് പോസ്റ്റ് ചെയ്ത് കൈയ്യടി വാങ്ങുന്നവർ തന്നെയാണ് അത് ഉപയോഗിക്കുന്നവർ ഓരോരുത്തരും. അക്കൂട്ടത്തിൽ, 30 സെക്കന്റുകൾകൊണ്ട് വഴിയാധാരമായിപ്പോയ ചിലർക്ക് ഉപകാരപ്രദമായ ഒരു കാര്യം ചെയ്ത് കൈയ്യടി നേടുന്നുണ്ടെങ്കിൽ അതിലെന്താണ് തെറ്റ് ?

നമ്മുടെ നാട്ടിലുണ്ട് ഇതുപോലെ തന്നെ കഷ്ടപ്പാടുള്ളവർ; അവർക്ക് വേണ്ടി നിങ്ങളെന്തുകൊണ്ട് പണപ്പിരിവ് നടത്തുന്നില്ല എന്ന ചോദ്യത്തിനും മറുപടി തരാതെ വയ്യ. അവർക്ക് വേണ്ടി ആ ചോദ്യം ഉന്നയിക്കുന്ന നിങ്ങളാരെങ്കിലും പണം പിരിക്കാൻ നിൽക്കൂ. ഞങ്ങൾ ആകുന്നത് പോല പണമിടാം, നിങ്ങളുടെ കുടുക്കകളിൽ. ഒരു കൂട്ടർക്ക് തന്നെ എല്ലാവരേയും സഹായിക്കാനാവില്ലല്ലോ ? മുഴുവൻ സമയവും ജനസേവനത്തിന് ഇറങ്ങിയിരിക്കുന്ന നാട്ടിലുള്ള പാർട്ടിക്കാരും സാമൂഹ്യപ്രവർത്തകരുമൊക്കെ അണിനിരക്കട്ടെ അവർക്ക് വേണ്ടി. സമയം കിട്ടുന്നത് പോലെ ഞങ്ങളും കൂടാം. 5 മണിക്ക് ഓഫീസ് സമയം കഴിഞ്ഞശേഷം കുറച്ചുപേർ ചെയ്ത ഒരു പരിപാടിയാണിത്. അതിൽ നന്മ എന്തെങ്കിലും കാണാൻ ശ്രമിക്കണമെന്ന് അപേക്ഷയുണ്ട്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നാൽ ഉപകാരമായിരുന്നു.

2

ഇടതുനിന്ന്:- ചിത്തിര, കെ.എ.ബീന, സനിധ, അരുൺ, ശ്രീകാന്ത്, സിജീഷ് എന്നിവർ….

പാലക്കാടുകാരനായ ശ്രീകാന്ത് മേനോൻ ജോലിസംബന്ധിയായി എറണാകുളത്ത് വന്നപ്പോൾ സംഘടിപ്പിച്ച ഒരു പരിപാടിയാണിത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഫേസ്ബുക്ക് വഴി പരിചയമുള്ള എറണാകുളം സുഹൃത്തുക്കളും അതിൽ പങ്കുചേരുകയായിരുന്നു. തൃശൂർ പൂരത്തിന്റെ ദിവസം പൂരപ്പറമ്പിൽ നിന്ന് 10,000 രൂപയോളം സമാഹരിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീകാന്ത് എറണാകുളത്തും ഈ പരിപാടി സംഘടിപ്പിച്ചത്.

ഇനിയൊരു ദിവസം കൂടെ എറണാകുളത്ത് ഇതേ പരിപാടി സംഘടിപ്പിക്കണമെന്ന് ഉദ്ദേശിക്കുന്നു. കോടികൾ ചിലവഴിച്ച് നിർമ്മിച്ച ഇടപ്പള്ളി പള്ളിയുടെ പരിസരത്ത് എവിടെയെങ്കിലും നിൽക്കാനാണ് പദ്ധതിയിടുന്നത്. ധനികരായ ദൈവങ്ങളും ദൈവസന്നിധിയിൽ എല്ലാ വിഷമങ്ങളും ഇറക്കിവെക്കാൻ വരുന്നവരും കനിയുമെന്ന വിശ്വാസത്തോടെ.