Yearly Archives: 2015

നേതാക്കന്മാർക്ക് ഹർത്താൽ ബാധകമല്ല !!


തിവ് പോലെ ഇന്നും എറണാകുളത്ത് Say NO To Harthal പ്രവർത്തകർ ഹർത്താൽ ദിനത്തിൽ യാത്രാക്ലേശം അനുഭവിക്കുന്നവരെ സഹായിക്കാൻ വാഹനങ്ങളുമായി റോഡിലിറങ്ങി. കഴിഞ്ഞ കുറേ ഹർത്താൽ ദിനങ്ങളിൽ തൃശൂർ, കോട്ടയം ജില്ലകളിലും Say NO To Harthal പ്രവർത്തനങ്ങൾ ഊർജ്ജിതമായി ആരംഭിച്ചിരുന്നു. ഇന്നത്തെ (8 ഏപ്രിൽ 2015) ഹർത്താൽ ദിനത്തിൽ ആലപ്പുഴ, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിലും Say No To Harthal പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹർത്താലുകൾ ഇനിയുമിങ്ങനെ തുടർന്നുപോയാൽ വരും നാളുകളിൽ കൂടുതൽ ജില്ലകളിലേക്കും റെയിൽ വേ സ്റ്റേഷനുകളിലേക്കും പ്രവർത്തനങ്ങൾ വ്യാപിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ജനങ്ങൾക്ക് ഹർത്താൽ എന്ന ഈ സമരാഭാസം മടുത്തുകഴിഞ്ഞിരിക്കുന്നു. അതിന്റെ തെളിവാണ് Freedom Of Movement എന്ന പേരിൽ ഇപ്രാവശ്യം 20ൽ‌പ്പരം വാഹനങ്ങളുമായി എറണാകുളത്ത് യാത്രാസൌകര്യം ഒരുക്കിയ മറ്റൊരു ഗ്രൂപ്പ്. ഹർത്താൽ നടത്തുന്നവർ നടത്തിക്കോളൂ. പക്ഷെ ഞങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഞങ്ങൾക്ക് വിട്ടുതരണം എന്ന കൃത്യമായ സന്ദേശമാണ് അവർ പ്രചരിപ്പിച്ചത്.

4 പ്രതികരിക്കാനും പ്രതിഷേധിക്കാനും മറ്റ് മാർഗ്ഗങ്ങൾ വേണ്ടേ എന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്യുന്നവരുടെ ചോദ്യം. പ്രശ്നങ്ങൾ നേരിട്ട് ബാധിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും ഒക്കെ നേരിട്ടിറങ്ങി വേണം പ്രതിഷേധം രേഖപ്പെടുത്താൻ. അവരെല്ലാം വീട്ടിൽ അടച്ചുപൂട്ടിയിരുന്ന്, സ്വദേശികളും വിദേശികളുമടക്കം പ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരെ ബന്ദികളാക്കിയും റോട്ടിൽ തടഞ്ഞുമല്ല പ്രതിഷേധിക്കേണ്ടത്.

അതിനിടയ്ക്ക് ഇന്ന് എറണാകുളം സൌത്ത് റേയിൽ വേ സ്റ്റേഷനിൽ Say NO To Harthal ജനറൽ കൺ‌വീനർ രാജു.പി.നായർക്കെതിരെ ഉണ്ടായ കൈയ്യേറ്റവും മർദ്ദനവും അങ്ങേയറ്റം അപലപനീയമാണ്. കോഴിക്കോട് MLA ശ്രീ.എ.പ്രദീപ്‌കുമാർ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ രാജു പി.നായർ മൊബൈൽ ക്യാമറയുമായി അദ്ദേഹത്തെ അനുഗമിച്ചു. സ്റ്റേഷന്റെ പുറത്ത് പാർക്ക് ചെയ്തിരുന്ന KL 07 BX 1223 എന്ന ടാക്സിയിലേക്കാണ് MLA നടന്നുകയറിയത്. ‘സഖാവേ ഇന്ന് ഹർത്താലല്ലേ ? അപ്പോൾ വണ്ടിയുമായിട്ട് പോകാമോ ? “ എന്ന് ചോദിച്ചതും അദ്ദേഹത്തിന്റെ സഹായി ആക്രോശിച്ചുകൊണ്ട് രാജുവിനെ മർദ്ദിക്കുകയാണുണ്ടായത്.

99

ഇടതുപക്ഷം ആഹ്വാനം ചെയ്ത ഹർത്താലാണ്. എന്നിട്ട് ഇടതുപക്ഷ നേതാക്കൾ ടാക്സി പിടിച്ച് അവരവരുടെ കാര്യങ്ങൾ നടത്തുമ്പോൾ പൊതുജനം വാഹനങ്ങൾ കിട്ടാതെ വലയുകയാണ്. ഇന്ന് രണ്ട് ഹർത്താലുകളും അതിന് പുറമേ ഒരു മോട്ടോർ വാഹന പണിമുടക്കും ഉണ്ടായിട്ടും ഹർത്താൽ ആഹ്വാനം ചെയ്ത നേതാക്കന്മാർക്ക് ടാക്സി കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല. ഹർത്താലിനും നേതാക്കന്മാർക്കും കീ ജെയ് വിളിക്കുന്ന ജനങ്ങളേയും പാർട്ടി അനുയായികളേയും വിഡ്ഢികളാക്കിക്കൊണ്ട് നേതാക്കന്മാർ സ്വര്യജീവിതം നയിക്കുകയാണ്. അവർക്കിതൊന്നും ബാധകമേയല്ല. നേതാക്കന്മാർക്ക് വിലകൂടിയ കാറുകൾ വരും, പൊലീസ് അകമ്പടി ചെല്ലും. അവരുടെ വാഹനങ്ങൾ ആരെങ്കിലും തടഞ്ഞാൽത്തന്നെ കൂടെയുള്ള ‘കൈകാര്യ’ക്കാർ രംഗം നിയന്ത്രണത്തിലാക്കും. പൊതുജനം എന്നും വെറും കഴുത തന്നെ.

MLA യോട് ചാനലുകാർ ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് രസകരം. “പാർട്ടി അനുഭാവിയോട് സ്ക്കൂട്ടർ കൊണ്ടുവരാനാണ് പറഞ്ഞിരുന്നത്. അയാൾ കാറ് കൊണ്ടുവന്നത് ശരിയായില്ല.”

അങ്ങനെയാണെങ്കിൽ ആ കാറിൽ സഖാവിന് കയറാ‍തിരിക്കാമായിരുന്നല്ലോ ? ആ കാറ് സ്റ്റേഷന്റെ പോർച്ചിൽ വന്ന് സഖാവിനെ കൂട്ടിക്കൊണ്ടുപോകാതെ എന്തുകൊണ്ട് സ്റ്റേഷന് വെളിയിൽ നിർത്തുകയും സഖാവ് അവിടെവരെ നടന്ന് ചെന്ന് അതിൽ കയറുകയും ചെയ്തു ? ചെയ്യുന്നത് തെറ്റാണെന്ന് നല്ല ബോദ്ധ്യമുള്ളതുകൊണ്ടല്ലേ ജനങ്ങളിൽ നിന്ന് മാറി തിരക്കില്ലാത്ത ഒരു സ്ഥലത്ത് ചെന്ന് സഖാവ് ആ വാഹനത്തിൽ കയറിയത് ? സാധാരണ ഒരു ദിവസമായിരുന്നെങ്കിൽ സ്റ്റേഷന്റെ പോർച്ചിൽത്തന്നെ ആ വാഹനം വന്ന് സഖാവിനെ കയറ്റിക്കൊണ്ട് പോകുമായിരുന്നില്ലേ ? ഇത്രയൊക്കെ ആയിട്ടും കാറ് കൊടുത്തച്ചയ പാർട്ടി അനുഭാവിയുടെ മേൽ കുറ്റം ആരോപിച്ച് തടിയൂരാൻ നോക്കുന്നത് വീണിടത്ത് കിടന്ന് ഉരുളുന്നതിന് തുല്യമല്ലേ ?

എന്തൊക്കെ പറഞ്ഞാലും ആ വീഡിയോ (കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.)  കാണുന്നവരെ വിഡ്ഢികളാക്കാൻ സാദ്ധ്യമല്ലെന്ന് മാത്രം മനസ്സിലാക്കുക. മരണ ആവശ്യത്തിൽ പങ്കെടുക്കാനാണ് സഖാവ് പോയതെന്ന് ചാനലിനോട് പറഞ്ഞുകണ്ടു. മൂന്നേകാൽ കോടി ജനങ്ങളിൽ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇതുപോലെ ഓരോരോ അത്യാവശ്യങ്ങൾ ഹർത്താൽ ദിനങ്ങളിൽ ഉണ്ടാകുന്നുണ്ട്. കല്യാണങ്ങൾ അടക്കം മുൻ‌കൂട്ടി തീരുമാനിച്ചതും മാറ്റിവെക്കാൻ ആകാത്തതുമായ പലപല പ്രധാന കാര്യങ്ങളും അതിലുണ്ടാകും. പെട്ടെന്നുണ്ടാകുന്ന മരണ ആവശ്യങ്ങൾ വേറെ. ആശുപത്രിയിൽ അപ്പോയന്റ്‌മെന്റ് കിട്ടിയതുപ്രകാരം പോകേണ്ടി വന്ന രോഗികളുടെ കാര്യം ആലോചിച്ചിട്ടുണ്ടോ ? ഇന്ന് എന്റെ വാഹനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ച 42 യാത്രക്കാരിൽ 2 പേർ അമൃതയിലും ലേയ്ക്ക്ഷോറിലും അപ്രകാരം അപ്പോയന്റ്മെന്റ് കിട്ടി പോകുന്ന രോഗികളായിരുന്നു. നാലും അഞ്ചും മാസം മുൻപ് കേരളത്തിന് പുറത്തുനിന്ന് തീവണ്ടി ടിക്കറ്റുകൾ ബുക്ക് ചെയ്തവരുടെ കാര്യം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? എന്നിട്ടും ജനങ്ങൾ എല്ലാം സഹിച്ച് മുന്നോട്ട് പോകുമ്പോൾ ഹർത്താലിന് ആഹ്വാനം ചെയ്യുന്ന പാർട്ടി നേതാക്കന്മാർ ഇതൊന്നും ബാധകമേയല്ല എന്ന മട്ടിൽ സ്വര്യവിഹാരം നടത്തുന്നത് ജനങ്ങളെ നോക്കി ഗോഷ്ടി കാണിക്കുന്നതിന് തുല്യമാണ്.

ഒന്നുകിൽ നിങ്ങളാഹ്വാനം ചെയ്യുന്ന ഹർത്താലുകൾക്കെങ്കിലും വീട്ടിലടച്ച് കുറ്റിയിട്ടിരുന്ന് സഹകരിക്കണം. അല്ലെങ്കിൽ ഞങ്ങളെപ്പോലെ ഹർത്താൽ ദിനത്തിൽ വലഞ്ഞുപോകുന്നവരെ സഹായിക്കാൻ ഇറങ്ങുകയോ ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ നോക്കുകയോ ചെയ്യണം. കഴിഞ്ഞ ഹർത്താൽ ദിനത്തിൽ ഞങ്ങളുടെ സഹപ്രവർത്തകൻ അനൂപ് രാധാകൃഷ്ണനെ വടുതല ഭാഗത്ത് വെച്ച് തടഞ്ഞതും കൈയ്യേറ്റം ചെയ്തതും സഖാവിന്റെ പാർട്ടിക്കാർ തന്നെയാണ്.

ഭരണകക്ഷിയും പ്രതിപക്ഷവും ഒന്നും മോശമല്ല. ഹർത്താലുകൾ ആഹ്വാനം ചെയ്യുകയും അതൊട്ടും ബാധകമല്ലാത്ത വിധത്തിൽ മുൻപും നേതാക്കന്മാർ പെരുമാറിയിട്ടുണ്ട്. ഇതല്ലാതെ മറ്റ് പ്രതികരണമാർഗ്ഗം ഒന്നുമില്ല എന്ന് ഘോരഘോരം പ്രസംഗിക്കുന്നവർ ഇങ്ങനെയൊക്കെ കാണിക്കുന്നത് വേദനയുണ്ടാക്കുന്നുണ്ട്. അതാരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ മർദ്ദന മുറകൾ അഴിച്ചുവിടുന്നത് അതിലേറെ വേദനാജനകമാണ്.

ഹർത്താലോ ബന്ദോ ഒക്കെ ആഹ്വാനം ചെയ്യാനും പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷെ അതോടൊപ്പം സ്വതന്ത്രമായി വാഹനങ്ങൾ ഓടിച്ച് അവരവരുടെ കാര്യങ്ങൾക്കായി പുറത്ത് പോകാനുള്ള അവകാശം ഹർത്താലിനോട് അനുകൂലിക്കാത്തവർക്കുമുണ്ട്. അതിനവരെ അനുവദിക്കുക. ഹർത്താൽ അടിച്ചേൽ‌പ്പിക്കാതെയിരിക്കുക.

നിരത്തിൽ‌പ്പെട്ടുപോകുന്നവരെ സഹായിക്കാൻ ഇറങ്ങുന്ന ഒരു സംഘമാണ് Say NO To Harthal പ്രവർത്തകരുടേത്. 800ൽ പ്പരം പൊതുജനങ്ങളെയാണ് എറണാകുളത്ത് മാത്രം ഇന്ന് ഞങ്ങൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്. അത്തരം സഹായങ്ങൾ ജനങ്ങൾക്ക് ചെയ്യുന്നതിന് പോലും തടസ്സങ്ങൾ ഉണ്ടാക്കുന്നത് ജനാധിപത്യ മര്യാദയല്ല. ഇല്ല കൂടുതലൊന്നും പറയുന്നില്ല. ഇപ്പറഞ്ഞത് തന്നെ ഓൺലൈനിലും ഓഫ്‌ലൈനിലും തല പോകാൻ പോന്ന കാര്യങ്ങളുണ്ട്. നല്ല വിഷമമുള്ളതുകൊണ്ട് പറഞ്ഞുപോയതാണ്. ഇതിന്റെ പേരിൽ ക്രൂശിക്കരുത്. അതിനും വേണ്ടിയുള്ള ഇരയൊന്നുമില്ല എന്നെപ്പോലുള്ളർ.

വാൽക്കഷണം:- ഇന്നത്തെ ഹർത്താൽ ദിനത്തിൽ ബസ്സ് സ്റ്റാന്റ് വൃത്തിയാക്കാൻ ഇറങ്ങിയ കോഴിക്കോട് ജില്ലാ കളൿടറെപ്പറ്റി വാർത്ത കണ്ടു ചാനലുകളിൽ. ജനപ്രതിനിധികൾ അതുപോലെ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് കാണാൻ സത്യത്തിൽ കൊതിക്കുന്നുണ്ട്. ആലപ്പുഴയിൽ ശ്രീ. തോമസ് ഐസക് ചെയ്യുന്ന പ്രവർത്തനങ്ങൾ പോലെ.

——————————————
മറ്റ് ഹർത്താൽ ലേഖനങ്ങൾ.
1. Say No To Harthal വിമർശകനുള്ള മറുപടി.
2. രണ്ട് ഹർത്താൽ അനുഭവങ്ങൾ.
3. പ്രതിഷേധമെന്നാൽ ഹർത്താൽ മാത്രമാണോ ?
4. ഒരു ഹർത്താൽ കുറിപ്പും അഭ്യർത്ഥനയും.
5. ഹർത്താലിന് ബദൽ.
6. ചില ഹർത്താൽ വിശേഷങ്ങൾ.