Yearly Archives: 2015

റൌണ്ട് എബൌട്ട് (Roundabout)


ന്താണ് റൌണ്ട് എബൌട്ട് (Roundabout) ?
എന്താണ് റൌണ്ട് എബൌട്ടിന്റെ മലയാളപദം ?

രണ്ടാമത്തെ ചോദ്യത്തിനുത്തരം ചോദ്യകർത്താവായ എനിക്കുമറിയില്ല. മറ്റാരും പേരിട്ടിട്ടില്ലെങ്കിൽ നമുക്കതിനെ വട്ടക്കവല എന്ന് വിളിക്കാം. എന്തായാലും ആദ്യത്തെ ചോദ്യത്തിനുത്തരം, അതായത് റൌണ്ട് എബൌട്ട് എന്താണെന്ന് ഒരു ചിത്രത്തിന്റെ സഹായത്തോടെ വിശദീകരിക്കാം.

1

മുകളിലെ ചിത്രത്തിലേത് പോലെ പല വഴികൾ ഒരു വട്ടക്കവലയിലേക്ക് വന്നു ചേർന്ന് അവിടന്ന് പിരിഞ്ഞുപോകുന്നുണ്ടെങ്കിൽ അതാണ് റൌണ്ട് എബൌട്ട്.

കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ റോഡുകളിൽ റൌണ്ട് എബൌട്ടുകൾ സർവ്വസാധാരണമായ ഒരു കാഴ്ച്ചയല്ലായിരിക്കാം. പക്ഷെ വിദേശ രാജ്യങ്ങളിൽ റൌണ്ട് എബൌട്ടുകൾ സാധാരണ കാഴ്ച്ച മാത്രമാണ്. അതുകൊണ്ടുതന്നെ റൌണ്ട് എബൌട്ടുകളിൽ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട ട്രാഫിക്ക് നിയമങ്ങളും അവർക്കുണ്ട്. ഇവിടെ അങ്ങനെ പ്രത്യേകിച്ചെന്തെങ്കിലും നിയമങ്ങൾ കടലാസിൽ ഉണ്ടോയെന്നറിയില്ല. എന്തായാലും ഡ്രൈവിങ്ങ് സ്ക്കൂളുകളിൽ അത്തരത്തിൽ പ്രത്യേകിച്ചൊന്നും ഈ പുതിയ യുഗത്തിലും പഠിപ്പിക്കുന്നില്ല എന്നാണ് മനസ്സിലാക്കാനായിട്ടുള്ളത്. പഴയ ആളുകളും പുതിയ ആളുകളും ഇന്നാട്ടിലെ റൌണ്ട് എബൌട്ടുകളിൽ വാഹനമോടിക്കുന്നത് കാണുമ്പോൾ അത് ഉറപ്പിക്കാനാകും.

റൌണ്ട് എബൌട്ട് നിയമപ്രകാരം, റൌണ്ടിലേക്ക് കടന്ന് ഓടിക്കൊണ്ടിരിക്കുന്ന/കറങ്ങിക്കൊണ്ടിരിക്കുന്ന വാഹനത്തിനാണ് മുൻ‌ഗണന (Priority). ആ വാഹനം അപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വേഗതയിൽത്തന്നെ ഓടിയാൽ നമ്മുടെ വാഹനത്തിൽ വന്ന് ഇടിക്കുന്ന സാഹചര്യമുണ്ടെങ്കിൽ, നമ്മൾ റൌണ്ടിലേക്ക് പ്രവേശിക്കാൻ പാടില്ല. അത് കടന്ന് പോയ ശേഷം മാത്രമേ വട്ടത്തിനകത്ത് കടക്കാൻ പാടുള്ളൂ. ആ വാഹനം നമ്മുടെ വാഹനത്തിൽ ഇടിക്കുന്ന സാഹചര്യമില്ലെങ്കിൽ നമുക്ക് റൌണ്ടിലേക്ക് കടക്കാം.  റൌണ്ടിനകത്തേക്ക് കടക്കുമ്പോളും റൌണ്ടിൽ നിന്ന് പുറത്ത് കടക്കുമ്പോളും ഇൻഡിക്കേറ്ററുകൾ ഇടുകയും അതനുസരിച്ച് കൃത്യമായി ആ ദിശയിൽ പുറത്തേക്കുള്ള വഴിയിലേക്ക് (Exit) വാഹനം തിരിച്ച് പോകുകയും വേണം. ഇത്രയും ചെയ്താൽത്തന്നെ എല്ലാവർക്കും അവരർഹിക്കുന്ന മുൻ‌ഗണനയോടെ അപകടങ്ങൾ ഉണ്ടാക്കാതെയും സമയം നഷ്ടപ്പെടുത്താതെയും കടന്നുപോകാനാവും. റൌണ്ടിനകത്തേക്ക് കടന്ന ശേഷം തൊട്ടടുത്തുള്ള Exit ലൂടെ പുറത്തേക്ക് കടക്കാനുള്ള വാഹനത്തിന് Outer Lane ലൂടെ തന്നെ സഞ്ചരിക്കാം.  അതിനപ്പുറത്തുള്ള Exit കളിലൂടെയാണ് പുറത്ത് പോകേണ്ടതെങ്കിൽ റൌണ്ടിലേക്ക് കടന്നയുടനെ Inner Lane ലേക്ക് കടക്കുകയും പിന്നീട് Exit അടുക്കുമ്പോൾ ഇന്റിക്കേറ്റർ ഇട്ട് Outer Lane ലേക്ക് കടന്ന് പുറത്ത് പോകേണ്ടതുമാണ്. ഇതെല്ലാം വിദേശരാജ്യങ്ങളിൽ ഡ്രൈവിങ്ങ് ലൈസൻസിന്റെ ഭാഗമായി നടത്തുന്ന ടെസ്റ്റുകളും കൂടെയാണ്. തോന്നിയ പോലെ റൌണ്ട് എബൌട്ടിലേക്ക് പ്രവേശിക്കുകയും പുറത്തേക്ക് കടക്കുകയും ചെയ്താൽ അപകടം ഒന്നും ഉണ്ടായില്ലെങ്കിൽ‌പ്പോലും ഡ്രൈവിങ്ങ് ലൈസൻസ് കിട്ടുന്ന പ്രശ്നമില്ല.

എറണാകുളത്ത് ഒന്നാന്തരം തിരക്കുള്ള പാലാരിവട്ടം റൌണ്ടിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് മാത്രം കണ്ടാൽ പിടികിട്ടും ഇവിടത്തെ ജനത്തിന് റൌണ്ട് എബൌട്ട് ട്രാഫിക്കിലൂടെ എങ്ങനെ വാഹനം ഓടിക്കണമെന്ന് യാതൊരു പരിശീലനം ഇല്ലെന്നും ഇങ്ങനെ ചില മാർഗ്ഗരേഖകൾ ഉണ്ടെന്ന് കേട്ടറിവ് പോലും ഇല്ലെന്നും. റോഡ് സേഫ്റ്റി, ട്രാഫിൿ സേഫ്റ്റി എന്നൊക്കെ പറഞ്ഞ് പൊലീസിന്റെ വക ചില ബോധവൽക്കരണ പരിപാടികൾ നടക്കുന്നത് കാണാറുണ്ടെങ്കിലും റൌണ്ട് എബൌട്ട് ട്രാഫിക്കിനെപ്പറ്റി അക്കൂട്ടത്തിൽ ബോധവൽക്കരണം നടത്തുന്നതായി കണ്ടിട്ടില്ല. നാൾക്ക് നാൾ തിരക്ക് കൂടിക്കൂടി വരുന്ന കേരളത്തിലെ റോഡുകളിൽ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കണമെങ്കിൽ ഡ്രൈവിങ്ങ് സ്ക്കൂളുകളിൽത്തന്നെ റൌണ്ട് എബൌട്ട് ട്രാഫിക്കിൽ എപ്രകാരം വാഹനം ഓടിക്കണമെന്ന് കർശനമായി പഠിപ്പിക്കേണ്ടിയിരിക്കുന്നു.

ഇനി ഈ വിഷയത്തിന്റെ മറ്റൊരു വശത്തെപ്പറ്റി ചിലത് പറയട്ടെ. മേൽ‌പ്പറഞ്ഞ തരത്തിൽ, റൌണ്ട് എബൌട്ടിൽ വാഹനങ്ങൾ ഓടിക്കണമെങ്കിൽ റൌണ്ട് എബൌട്ടിന്റെ മദ്ധ്യഭാഗം മറയോ തടസ്സമോ ഒന്നും ഇല്ലാത്ത രീതിയിലായിരിക്കണം. നടുക്ക് എന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ, എല്ലാ വശത്തുനിന്നും വരുന്ന വാഹനങ്ങളെ അതിനിടയിലൂടെ കാണാൻ പറ്റണം. ഫ്ലക്സ് ബോർഡുകളെക്കൊണ്ടും പരസ്യങ്ങളെക്കൊണ്ടും നിറഞ്ഞിരിക്കുന്ന നമ്മുടെ റൌണ്ട് എബൌട്ടുകളിൽ ഇപ്പറഞ്ഞ നിയമങ്ങളൊക്കെ വേണമെന്ന് വെച്ചാലും പാലിക്കുന്നത് അൽ‌പ്പം ബുദ്ധിമുട്ടാണ്. ഫ്ലക്സ് എടുത്ത് മാറ്റിയാൽ അത് വെച്ചിരിക്കുന്ന പാർട്ടിക്കാരുടെ തല്ല് കൊണ്ടെന്ന് വരും. അപ്പുറത്ത് നിന്ന് വരുന്ന വാഹനത്തിൽ കൂട്ടിയിടിച്ച് ചത്താലും പാർട്ടിക്കാരുടെ ഫ്ലക്സുകളിൽ തൊട്ടുപോകരുത് എന്നതാണ് ഇവിടത്തെ ചട്ടം.

55
ബോൾഗാട്ടിയിലെ റൌണ്ട് എബൌട്ട്.

ബോൾഗാട്ടി ദ്വീപിൽ കണ്ടൈനർ ടെർമിനൽ റോഡ് തുടങ്ങുന്നയിടത്ത് ഈയിടെ പുതുതായി വന്ന ഒരു റൌണ്ട് എബൌട്ട് ഉണ്ട്. സാമാന്യം വലിയ ഒരു റൌണ്ട് തന്നെയാണ് അത്. നഗരത്തിലോ പ്രാന്തപ്രദേശത്തോ അതിലും വലിയ ഒരു റൌണ്ട് എബൌട്ട് എന്റെ ശ്രദ്ധയിൽ‌പ്പെട്ടിട്ടില്ല. കൃത്യമായ ദിശയിലൂടെ വാഹനം ഓടിച്ച് വരുമ്പോൾ, എതിർ ദിശയിലൂടെ കടന്നു വരുന്ന വാഹനങ്ങൾക്ക് മുന്നിൽ ചെന്നുപെട്ട് പകച്ചുനിന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എനിക്കവിടെ. റൌണ്ട് എബൌട്ട് കാണുമ്പോൾ, കീപ്പ് ലെഫ്റ്റ് എന്ന ആപ്തവാക്യം പോലും മറന്ന് വലത് വശം പിടിച്ച് പുറത്ത് കടക്കുന്നവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണിത്.

ബോൾഗാട്ടിയിലെ ആ റൌണ്ട് എബൌട്ട് പണി തീർക്കുന്നതിന്റെ ഭാഗമായി ചെങ്കൽ‌പ്പൊടി നിറക്കുന്നത് കണ്ടു ഒരു ദിവസം. പൂക്കുന്ന ചെറിയ ചെടികളൊക്കെ പിടിപ്പിച്ച് മനോഹരമാക്കാൻ വേണ്ടിയാകും ചെങ്കൽ‌പ്പൊടി നിറയ്ക്കുന്നതെന്ന് കരുതിയ എനിക്ക് തെറ്റി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതിന് മുകളിൽ ചുവന്ന നിറത്തിലുള്ള ടൈലുകൾ നിരത്തിയിരിക്കുന്നതാണ് കണ്ടത്. ഇവിടിപ്പോൾ എല്ലായിടത്തും ടൈലുകളും കോൺക്രീറ്റ് ബ്ലോക്കുകളുമായിക്കഴിഞ്ഞു. ഭൂമി കാണണമെങ്കിൽ മഷിയിട്ട് നോക്കണമെന്ന അവസ്ഥയാണ്. ചുവന്ന ടൈലുകൾ നിരത്തിയത് എന്തിനാണെന്ന് ആലോചിച്ച് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇന്ന് വൈകീട്ട് ഒരു സുഹൃത്ത് അയച്ചുതന്ന ചിത്രം കണ്ടപ്പോൾ ഉദ്ദേശലക്ഷ്യം ബോദ്ധ്യമായി.

22
ബോൾഗാട്ടി റൌണ്ടിൽ സമ്മേളനം. ക്ലിക്ക് :- നൌഷാദ് അസനാർ

ഈ റൌണ്ട് എബൌട്ടിന് മുകളിൽ സമ്മേളനങ്ങൾ സംഘടിപ്പിച്ച് തുടങ്ങിയിരിക്കുന്നു. പാതയോരങ്ങളിൽ മാത്രമല്ലേ മൈക്ക് വെച്ച് മീറ്റിങ്ങ് നടത്തുന്നതിന് കോടതി വിലക്കുള്ളൂ. റൌണ്ട് എബൌട്ട് പാതയോരമായിട്ട് കണക്കാക്കുന്നില്ലായിരിക്കും. വാഹനങ്ങൾ റൌണ്ടിലേക്ക് കടക്കുകയും അതിൽ നിന്ന് കറങ്ങിത്തിരിഞ്ഞ് പുറത്തേക്ക് കടക്കുകയും ചെയ്യുന്ന സമയത്ത്, കാഴ്ച്ച മറച്ചുകൊണ്ടും വാഹനമോടിക്കുന്നവന്റെ ശ്രദ്ധയില്ലാതാക്കിക്കൊണ്ടും റൌണ്ടിനകത്ത് നൂറുകണക്കിന് ജനങ്ങൾ നിരന്ന് മൈക്ക് വെച്ച് പ്രസംഗവും ഒച്ചപ്പാടുമൊക്കെ ഉണ്ടാക്കിയാൽ എങ്ങനിരിക്കും ? അത്തരം ഒരു മീറ്റിങ്ങ് നടക്കുമ്പോൾ ഏതെങ്കിലും ഒരു വാഹണം നിയന്ത്രണം വിട്ട് ഈ റൌണ്ടിലേക്ക് ഓടിക്കയറിയാൽ എന്താകും സംഭവിക്കുക ? ഇന്ത്യയിൽത്തന്നെ കേരളത്തിൽ മാത്രമേ ഇങ്ങനൊക്കെ സംഭവിക്കൂ. കാരണം, അത്രയ്ക്ക് പ്രബുദ്ധരായ ജനങ്ങളാണ് ഇവിടുള്ളത്. കൂടുതലൊന്നും പറയാനില്ല, പറഞ്ഞിട്ടും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ss
ബഹറിൻ പേൾ റൌണ്ട് എബൌട്ട്. ഇൻസെറ്റിൽ പൊളിച്ചശേഷം.

വാൽക്കഷണം:- മുല്ലപ്പൂ വിപ്ലവകാലത്ത് ബഹറിനിലെ പേൾ റൌണ്ട് എബൌട്ടിലാണ് പ്രക്ഷോഭകാരികൾ തടിച്ചുകൂടുകയും തമ്പടിക്കുകയും ചെയ്തത്. മനോഹരമായ ആ റൌണ്ട് എബൌട്ടും അതിനുള്ളിലെ സ്തൂപവും ഫൌണ്ടനുമൊക്കെ ഇടിച്ചുനിരത്തിക്കൊണ്ടാണ് ബഹറിൻ സർക്കാർ ആ പ്രക്ഷോഭത്തെ നേരിട്ടത്. റൌണ്ട് എബൌട്ടിനെപ്പറ്റി പറഞ്ഞ കൂട്ടത്തിൽ വെറുതെ ഒരു റൌണ്ട് എബൌട്ട് ചരിത്രം പറഞ്ഞെന്ന് മാത്രം. ബോൾഗാട്ടി റൌണ്ട് എബൌട്ടിന്റെ ചരിത്രം കാലം രേഖപ്പെടുത്തട്ടെ.