Monthly Archives: June 2015

ഗ്രീൻ‌വെയ്ൻ ട്രീ-ട്രിപ്പ് 2015


ന്ത്യയൊട്ടാകെ 100 കോടി മരങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുക എന്ന ലക്ഷ്യവുമായി സ്വാമി സംവിധാനന്ദിന്റെ നേതൃത്വത്തിൽ ഹരിദ്വാർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ഗ്രീൻ‌വെയ്ൻ. കേരളത്തിൽ ഗ്രീൻ‌വെയ്ൻ പ്രവർത്തനങ്ങൾ ആരംഭിച്ചത് 2014 ജൂൺ 5ന് ആണ്. തുടർന്നിങ്ങോട്ട് നാല് ലക്ഷത്തോളം മരങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഗ്രീൻ‌വെയ്ൻ പ്രവർത്തകർ നട്ടുപിടിപ്പിച്ചു. ഒരുപാട് പ്രകൃതി സ്നേഹികളും കുട്ടികൾ അടക്കമുള്ള പ്രവർത്തകരും ഗ്രീൻ‌വെയ്ന്റെ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിച്ചുപോരുന്നു.

മരങ്ങൾ നടേണ്ടതിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റേയും ആവശ്യകതകൾ ജനങ്ങളിലേക്ക് എത്തിക്കാനും അവർ പ്രചോദിക്കാനുമായി ഗ്രീൻ‌വെയ്ൻ ചീഫ് കോർഡിനേറ്റർ സ്വാമി സംവിദാനന്ദ് ഇക്കഴിഞ്ഞ മെയ് മാസം 20 ന് ഹിമാലയത്തിൽ നിന്ന് ഒരു യാത്ര ആരംഭിച്ചു. ഇങ്ങ് തെക്ക് കന്യാകുമാരിവരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ മുന്നൂറിലധികം ജില്ലകളിലൂടെ കടന്ന് ആ യാത്ര ജൂൺ 20 ന് കന്യാകുമാരിയിൽ അവസാനിച്ചു. ഗ്രാമങ്ങൾ, അൾക്കൂട്ടങ്ങൾ, സ്ക്കൂളുകൾ, കോളേജുകൾ, ലൈബ്രറികൾ, ആരാധനാലയങ്ങൾ, ആദിവാസി ഊരുകൾ, സ്ത്രീ ശാക്തീകരണ കൂട്ടായ്മകൾ എന്നിങ്ങനെ എല്ലായിടങ്ങളിലും ജനങ്ങളിൽ അവബോധം സൃഷ്ടിച്ചുകൊണ്ടും അവരെ അഭിസംബോധന ചെയ്തുകൊണ്ടും മരങ്ങൾ നട്ടും വിത്തുകൾ സൌജന്യമായി വിതരണം ചെയ്തുകൊണ്ടും മുന്നോട്ട് നീങ്ങിയ ഒരു യാത്രയായിരുന്നു അത്.

10422253_355349454674667_1514825146502768879_n

ട്രീ-ട്രിപ്പ് എന്ന് പേരിട്ടിരുന്ന ഈ യാത്ര കേരളത്തിലേക്ക് കടന്നപ്പോൾ അട്ടപ്പാടിയിൽ ചെന്ന് സ്വീകരിച്ച ചിത്തിര കുസുമൻ, അജു ചിറയ്ക്കൽ എന്നീ ഗ്രീൻ‌വെയ്ൻ കോർഡിനേറ്റർ‌മാർക്കൊപ്പം ഞാനും ഉണ്ടായിരുന്നു. കോയമ്പത്തൂരിലെ ഗ്രീൻ‌വെയ്ൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീമതി ബിന്ദു ഗൌരിയും യാത്രയുടെ ഭാഗമായി അട്ടപ്പാടിയിൽ എത്തിയിരുന്നു.

88

അട്ടപ്പാടിയിൽ ട്രീ-ട്രിപ്പ് പ്രവേശിച്ചപ്പോൾ…

അതിന്ശേഷം, ജൂൺ 15ന് ട്രീ-ട്രിപ്പിന്റെ കേരള യാത്ര കാസർകോട് നിന്ന് തുടർന്നു. നടനും നിർമ്മാതാവുമായ ശ്രീ.പ്രകാശ് ബാരെയുടെ വീട്ടിൽ അദ്ദേഹത്തിന്റെ അമ്മ ശ്രീമതി ഉഷാകുമാരി ഗ്രീൻ‌വെയ്ന് വേണ്ടി വിത്തുകൾ നട്ട് മുളപ്പിച്ചെടുത്ത വൃക്ഷത്തൈകൾ സ്വീകരിച്ചും വിതരണം ചെയ്തുമാണ് ഞങ്ങൾ തുടങ്ങിയത്. ഉഷാകുമാരി അമ്മയുടെ ആ നിശബ്ദ പ്രവർത്തനത്തിന്റെ ഫലമായുണ്ടായ തൈകൾ കേരളത്തിൽ ഉടനീളം വിതരണം ചെയ്യാൻ ഞങ്ങൾക്കായി. അതുപോലുള്ള അമ്മമാരാണ് ഗ്രീൻ‌വെയ്‌ൻ‌ പ്രവർത്തകരുടെ ഊർജ്ജം.

11428492_354466438096302_2661465211026921350_n

ഉഷാകുമാരി അമ്മയും അവർ നട്ടുവളർത്തിയ തൈകളും.

മരങ്ങളെ സ്നേഹിക്കുന്നവർ, പ്രകൃതിക്ക് വേണ്ടി നിശബ്ദം പ്രവർത്തിക്കുന്നവരും പോരാടുന്നവരും അങ്ങനെ നിരവധി ജനങ്ങളെയാണ് ഈ യാത്രയ്ക്കിടയിൽ കണ്ടുമുട്ടാനായത്. ശ്രീകണ്ഠപുരത്ത് സ്ക്കൂൾ കുട്ടികളുടെ സഹായത്തോടെ പഞ്ചായത്തിന്റെ അധീനതയിലുള്ള മൂന്നര ഏക്കറോളം സ്ഥലത്ത് ജൈവവൈവിദ്ധ്യങ്ങളുള്ള ഒരു കാട് തന്നെ നട്ടുവളർത്തിയിരിക്കുന്ന രാജേന്ദ്രൻ മാഷും വർഷങ്ങളായി പാതയോരത്തെല്ലാം മരങ്ങൾ നട്ടുവളർത്തുന്ന രവിയേട്ടനുമെല്ലാം അതിൽ ചിലർ മാത്രം.

കാലങ്ങളായി നേരിട്ട് പരിചയമുള്ള സുഹൃത്തിന്റെ വീട്ടിൽ കയറിച്ചെല്ലുന്ന സ്വാതന്ത്ര്യത്തോടെയാണ്, അതുവരെ ഓൺലൈൻ സുഹൃത്ത് മാത്രമായിരുന്ന മാടായി കോളേജിലെ അസിസ്റ്റണ്ട് പ്രൊഫസർ സിന്ധുട്ടീച്ചറിന്റെ വീട്ടിൽ ഞങ്ങൾ ചെന്ന് തങ്ങിയത്. ടീച്ചറിന്റെ കോളേജിൽ കുട്ടികളോട് സംവദിക്കാനും മരങ്ങൾ നടാനും കിട്ടിയ അവസരമാണ് കോളേജുകളുടെ കൂട്ടത്തിൽ ഏറ്റവും ഗംഭീരമായത്. കാഞ്ഞങ്ങാട് സദ്‌ഗുരു പബ്ലിക്ക് സ്കൂൾ, പതിനായിരങ്ങൾ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുന്ന സ്വകാര്യ സ്ക്കൂളുകളെ നാണിപ്പിച്ചുകളയാൻ പോന്ന നാരായണൻ മാഷിന്റെ അരിയ സർക്കാർ എൽ.പി.സ്കൂൾ. പുഷ്പ്പടീച്ചറിന്റെ VHSC ചേളാരി സ്ക്കൂൾ, അവിടെ ചിത്തിര കുസുമന്റെ എനിക്കായി ഒരു പിറന്നാൾ മരം നടാമോ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുവട് പിടിച്ച് സുഹൃത്തുക്കൾക്ക് വേണ്ടി പിറന്നാൾ മരങ്ങൾ നടുന്ന കുട്ടികൾ, ഞങ്ങളെത്താൻ വൈകിയിട്ടും അസംബ്ലി പിരിയാതെ കാത്തുനിന്ന വയനാട്ടില ചുണ്ടയിൽ RCHS ലെ അദ്ധ്യാപകരും വിദ്യാർത്ഥികളും, കോട്ടയത്ത് ജോലിത്തിരക്കിനിടയിലും ശ്രീ. ഋഷിക്ക് ഭരത് കോട്ടയത്ത് സംഘടിപ്പിച്ച കാണക്കാരി VHSS സ്കൂളിലെ പരിപാടി, തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻ‌ട്രൽ സ്ക്കൂൾ, കൊല്ലത്ത് രഞ്ജു രാജ് വിമല ഹൃദയ HSS സ്ക്കൂളിൽ സംഘടിപ്പിച്ച പരിപാടി, ആലപ്പുഴയിൽ നക്ഷത്രമരങ്ങൾ നടാൻ അവസരം ഉണ്ടാക്കിക്കൊണ്ട് ശ്രീ റാഫി രാംനാഥ് മാഷ് അറവുകാട് സ്ക്കൂളിൽ സംഘടിപ്പിച്ച മീറ്റിങ്ങ്, പത്തനം തിട്ടയിൽ ബോധിഗ്രാമത്തിലെ സ്ത്രീ ശാക്തീകരണ വേദി, തിരുവനന്തപുരത്ത് സെൻ‌ട്രൽ ലൈബ്രറിയിലെ ലൈബ്രേറിയൻ ശ്രീമതി ശോഭ കൃഷ്ണൻ ഒരുക്കിയ വേദി, അവിടെ വായനാവാരത്തിന്റെ മുഖ്യാതിഥിയായി എത്തിയ പ്രമുഖ എഴുത്തുകാരൻ ഡോ:ജോർജ്ജ് ഓണക്കൂർ സാർ വായനാദിനത്തേയും പ്രകൃതിസംരക്ഷണത്തേയും മരങ്ങളേയുമൊക്കെ കൂട്ടിയിണക്കി നടത്തിയ പ്രഭാഷണം, എന്നിങ്ങനെ ചിലത് മാത്രം ഓർമ്മയിൽ നിന്നെടുത്ത് പറയട്ടെ. കന്യാകുമാരിയിൽ വിവേകാനന്ദ സെന്ററിൽ ഈ ട്രിപ്പിന്റെ അവസാനത്തെ മരമായി അരയാൽ വെച്ചുകൊണ്ട് ഔദ്യോഗികമായും താൽക്കാലികമായും ട്രീ-ട്രിപ്പ് അവസാനിച്ചു.

11539599_355196214689991_8357253530524763705_n

മാടായിക്കോളേജിൽ സിന്ധുട്ടീച്ചർ മരം നടുന്നു.

ഈ യാത്രയിൽ താമസിക്കാനിടവും ഭക്ഷണവും നൽകി കൂടെ നിന്ന സിന്ധുട്ടീച്ചർ, രഞ്ജിനി മേനോൻ, രാജഗോപാൽ, ശങ്കരൻ നമ്പൂതിരി, ഡോ മനോജ് വെള്ളനാട്, അദ്ദേഹത്തിന്റെ ഭാര്യ ശ്രീലക്ഷ്മി എന്നിവരോടും മറ്റ് സഹായങ്ങൾ നൽകിയ ശ്രീ.മങ്ങാട് രത്നാകരൻ, മാങ്ങാട് ജയൻ, നവീൺ ചന്ദ്രൻ, ശ്രീപാർവ്വതി, ഉണ്ണി മാക്സ്,  അട്ടപ്പാടിയിലെ കാർത്തുമ്പിക്കൂട്ടത്തെ നയിക്കുന്ന തമ്പിന്റെ മുഖ്യരായ ഡോ രാജേന്ദ്രപ്രസാദ്, ശ്രീ രാമു, തിരുവനന്തപുരത്തെ ഫോറസ്റ്റ് ഹെഡ് ക്വാർട്ടേർസിലെ ഓഫീസിൽ സ്വീകരിച്ചിരുത്തി സമ്മാനങ്ങളും ഗ്രീൻചായയും നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജോഷി സാർ, ഈ യാത്രയുടെ വിശേഷങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സഹകരിച്ച പത്രപ്രവർത്തക സുഹൃത്തുക്കൾ എന്നിങ്ങനെയുള്ളവരോട് നന്ദി സൂചകമായി ഇനിയുമനേകം മരങ്ങൾ നട്ടുവളർത്താൻ ഗ്രീൻ‌വെയ്ൻ പ്രവർത്തകർ ബാദ്ധ്യസ്ഥരാണ്.

ആയിരം മരങ്ങൾ നടുന്നവർക്ക് ഹിമാലയത്തിലേക്ക് പോകാനും അവിടെ തങ്ങാനുമുള്ള സൌകര്യവും ഭക്ഷണവും എല്ലാം നൽകുമെന്ന് തുടക്ക കാലത്ത് ഗ്രീൻ‌വെയ്ൻ നൽകിയ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ട്. തൃശൂരിലെ ഗ്രീൻ‌കിഡ്സ് ഈ ദൌത്യം പൂർത്തിയാക്കി ഹിമാലയത്തിലേക്ക് പോകാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. കൂടുതൽ പേർ ഈ വെല്ലുവിളി ഏറ്റെടുത്ത് ഹിമാലയത്തിലേക്കുള്ള യാത്രയ്ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷയുണ്ട്.

വീട്ടുവളപ്പിൽ എവിടെയെങ്കിലും ആയിരമോ രണ്ടായിരമോ തൈകളുടെ വിത്ത് വിതച്ച് മുളപ്പിച്ച് ഒരു കൊച്ചു നഴ്സറി തുടങ്ങാൻ സന്മനസ്സുള്ളവർക്ക് ഗ്രീൻ‌വെയ്നെ സമീപിക്കാം. വിത്തുകളും തൈകൾ വെക്കാനുള്ള പ്ലാസ്റ്റിക്ക് കൂടുമെല്ലാം ഞങ്ങൾ നൽകും. മുളപ്പിച്ചെടുക്കുന്ന തൈകൾ നിങ്ങൾക്ക് തന്നെ സ്വന്തം പുരയിടങ്ങളിൽ നടാ‍ം, പരിസരവാസികൾക്ക് സൌജന്യമായി നൽകാം. നട്ടതിന് ശേഷം എല്ലാത്തിന്റേയും ഒരു ഫോട്ടോ ഞങ്ങൾക്കെത്തിച്ച് തരണമെന്ന് മാത്രം. കേരളത്തിലെ ഓരോ പഞ്ചായത്തിൽ അത്തരത്തിൽ ഗ്രീൻ‌വെയ്ന് സ്വന്തമായി ഒരു കൊച്ചു നഴ്സറി ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.

ഗ്രീൻ‌വെയ്ൻ ട്രീ – ട്രിപ്പ് 2015 ജൂൺ 21 ന് കന്യാകുമാരിയിൽ അവസാനിപ്പിച്ചപ്പോൾ ഹിമാലയത്തിൽ നിന്ന് മരങ്ങളും വിത്തുകളും നിറച്ചുവന്ന UK 08 Z 8848 എന്ന ഉത്തരാഖണ്ഡ് രജിസ്ട്രേഷനുള്ള ആ കൊച്ചു വാഹനം 1800 കിലോമീറ്റർ ഓടിക്കാൻ ഭാഗ്യമുണ്ടായതിന്റെ വലിയ സന്തോഷത്തിലാണ് ഞാൻ. കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരം ഒരാഴ്ച്ച സമയം കൊണ്ട് ഇങ്ങനൊരു യാത്ര എന്റെ ജീവിതത്തിൽ ആദ്യമാണ്. ജനങ്ങളെ ഇത്ര അടുത്തുകണ്ടറിഞ്ഞ് മനസ്സിലാക്കിയ ആദ്യ കേരളയാത്രയും ഇതുതന്നെ. പാർട്ടിക്കാരെല്ലാം മുട്ടിന് മുട്ടിന് കേരളത്തിലൂടെ തെക്ക് വടക്ക് യാത്ര നടത്തുന്നതിന്റെ രഹസ്യം ഇപ്പഴല്ലേ പിടികിട്ടിയത് !!!

11011027_355565171319762_5540357958884601208_n

കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിൽ മരം നടുന്ന സ്വാമി സംവിദാനന്ദ്.

ഹിമാലയം മുതൽ കന്യാകുമാരി വരെ ഒരു വശത്തേക്ക് മാത്രമായി 10,000 ൽ അധികം കിലോമീറ്റർ ട്രീ-ട്രിപ്പിന് വേണ്ടി ഈ വാഹനം ഓടിക്കഴിഞ്ഞിരിക്കുന്നു. സ്വാമി സംവിധാനന്ദ് വീണ്ടും ഒറ്റയ്ക്ക് ഈ വാഹനവുമായി അടുത്ത ദിവസം തന്നെ മടക്കയാത്ര ആരംഭിക്കുകയും ചെയ്യും. ട്രീ-ട്രിപ്പ് ഇതുകൊണ്ട് തീരുന്നില്ല. ഗ്രീൻ‌വെയ്ന്റെ ലക്ഷ്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ചെറിയൊരു ഭാഗം പോലും ഇതുവരെ ചെയ്യാനായിട്ടില്ലെന്ന് നന്നായറിയാം. അതുകൊണ്ട് തന്നെ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. അൽ‌പ്പമെങ്കിലും സമയം കണ്ടെത്തി നിങ്ങൾ ഓരോരുത്തരും ഒപ്പം ചേരുമെന്നും ലക്ഷ്യത്തിലേക്ക് പെട്ടെന്ന് തന്നെ നമ്മൾ ചെന്നെത്തുമെന്നുമുള്ള പ്രതീക്ഷ തീർച്ചയായുമുണ്ട്.

മരങ്ങൾ നടുന്നതിന്റെ ആവശ്യകതയെപ്പറ്റി ഘോരഘോരം പ്രസംഗിക്കുകയും കോടികൾ ചിലവഴിക്കുകയും ചെയ്യുന്ന സർക്കാർ അവശ്യമായും ചെയ്യേണ്ട ഒരു കാര്യം കൂടെ സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം.

താമരശ്ശേരി ചുരമിറങ്ങി വന്നപ്പോൾ എവിടെയെങ്കിലും ഒരു സർക്കാർ സ്ഥാപനത്തിൽ ഒരു മരം നട്ട് മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിച്ചു. ആദ്യം കണ്ടത് താമരശ്ശേരി സർക്കിളിലെ പൊലീസ് സ്റ്റേഷനാണ്. വാഹനം അതിനകത്തേക്ക് കയറ്റി നിർത്തി ആദ്യം കണ്ട സുനിൽ കുമാർ എന്ന ഉദ്യോഗസ്ഥനോട് കാര്യം പറഞ്ഞു. അദ്ദേഹം ഒരു ഹെഡ് കോസ്റ്റബിൾ മാത്രമാണ്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാനുള്ള അധികാരമില്ല. CI സ്ഥലത്തില്ല. മൂന്ന് നിലയിലായി വിരാജിച്ചിരിക്കുന്ന കെട്ടിടത്തിൽ പല മുറികളിലായി CI, DYSP എന്നിങ്ങനെ പല റാങ്കിലുള്ള ഉദ്യോഗസ്ഥന്മാരും ഉണ്ട്. എല്ലാ മുറികളിലും സുനിൽ സാറിനൊപ്പം അനുവാദത്തിനായി കയറിച്ചെന്നു. പക്ഷെ, അനുവാദം തരേണ്ട മേലുദ്യോഗസ്ഥർ ആരും സ്ഥലത്തില്ല. മഫ്ടിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥന്മാരെ പലരേയും കണ്ടു. “ മരം വെക്കാൻ അനുവാദം വേണമെന്നോ ? മറ്റ് കാര്യങ്ങൾക്കൊന്നും ഇങ്ങനെ അനുവാദം ചോദിക്കാറില്ലല്ലോ ?” എന്ന് അതിലൊരു ഉദ്യോഗസ്ഥന്റെ കമന്റ് ഏതൊരു ഓഫീസിലുമുള്ള പൊളിറ്റിൿസിന്റെ ഭാഗം മാത്രമായേ കാണാനായുള്ളൂ.

“ സാരമില്ല സാർ, സർക്കാർ ഓഫീസുകളിൽ ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും, ഞങ്ങൾക്കത് മനസ്സിലാക്കാനാവുന്നുണ്ട്. പക്ഷേ, അടുത്ത സ്ഥലത്ത് പരിപാടിക്കെത്താൻ സമയമായതുകൊണ്ട് ഇനിയും നിൽക്കാൻ വയ്യ, ഞങ്ങളിറങ്ങുന്നു.” എന്ന് പറഞ്ഞപ്പോൾ അവർക്കെല്ലാവർക്കും വിഷമം. നല്ലൊരു കാര്യത്തിനായി ഹിമാലയം മുതൽ ഇറങ്ങിത്തിരിച്ചിട്ട് നിങ്ങളെ വിഷമിപ്പിച്ച് വിടുന്നതെങ്ങനെ എന്ന് പൊലീസുകാർക്കെല്ലാവർക്കും സങ്കടം. അവസാനം, ഒരു മരം വെക്കുന്ന കാര്യത്തിനല്ലേ, അനുവാദം ഇല്ലാതെ ചെയ്തെന്ന് പറഞ്ഞ് പ്രശ്നമുണ്ടായാൽ അപ്പോൾ നോക്കാം, വരുന്നത് പോലെ വരട്ടെ എന്ന് എല്ലാവരും കൂടെ തീരുമാനിച്ച് മരം വെക്കാൻ സ്ഥലം കണ്ടെത്തി. ഹെഡ് കോൺസ്റ്റബിൾ സുനിൽ കുമാർ സാർ തന്നെ ആ കർമ്മം നിർവ്വഹിക്കുകയും ചെയ്തു.

11117636_706013876170270_266104206_n

താമരശ്ശേരി സ്റ്റേഷൻ വളപ്പിൽ സുനിൽ‌കുമാർ സാർ മരത്തൈ നടുന്നു.

പറഞ്ഞ് വന്നത് ഇതാണ്. ഒരു മരം വെക്കാൻ ആർക്കും വിരോധമൊന്നുമില്ല. പക്ഷെ സർക്കാർ കാര്യമാകുമ്പോൾ, സർക്കാരിന്റെ വളപ്പിലോ പുരയിടത്തിലോ ആകുമ്പോൾ മരച്ചില്ലകളേക്കാൾ ഉയരത്തിൽ ചുവപ്പ് നാടകളുടെ കുരുക്ക് വീണ് പിണയുന്നു. കൊല്ലാ‍കൊല്ലം ജൂൺ 5ന് പരിസ്ഥിതി ദിനമെന്ന് പറഞ്ഞ് ഇല്ലാത്ത പണമത്രയും ചിലവാക്കി മരം വെക്കുന്ന പരിപാടികൾക്കായി സ്ക്കൂളുകളേയും സർക്കാർ സ്ഥാപനങ്ങളേയും നിർബന്ധിക്കുന്ന ഭരണകൂടം ചെയ്യേണ്ട ഒരേയൊരു കാര്യം, ഒരു മരം നടാൻ മുൻ‌കൈ എടുത്തതിന്റെ പേരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനും മേൽ ഉദ്യോഗസ്ഥനോട് കാരണം ബോധിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാതെ നോക്കുക എന്നതാണ്. ഒരാളുടേയും പെൻ‌ഷൻ ഒരു മരം വെച്ചതിന്റെ പേരിൽ തടയപ്പെടില്ല എന്നുറപ്പ് കൊടുക്കാൻ സർക്കാരിനാവണം. അത്രയും സൌകര്യമെങ്കിലും ചെയ്ത് കൊടുത്താൽ ബാക്കി കാര്യം ചെയ്യാനും ചെയ്യിപ്പിക്കാനും മനസ്സറിഞ്ഞ് ഇതിന് പിന്നാലെ നടക്കുന്ന ഈ കുറിപ്പിൽ പേരെടുത്ത് പറഞ്ഞും അല്ലാതെയും സൂചിപ്പിച്ചിരിക്കുന്ന നിരവധി പേരുണ്ടാകും. അത് ചെയ്യാത്തിടത്തോളം കാലം സർക്കാരിന്റെ പ്രവർത്തനങ്ങൾ യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത വെറും കാണിച്ചുകൂട്ടലുകൾ മാത്രമായേ വിലയിരുത്താനാവൂ.

990

ട്രീ- ട്രിപ്പ് കന്യാകുമാരിയിൽ ഗാന്ധിഭവന് മുന്നിൽ സമാപിച്ചപ്പോൾ…

ഒരു കാര്യത്തിൽ കേരള സർക്കാരിനോട് നന്ദിയുണ്ട്. ട്രീ-ട്രിപ്പ് വാഹനത്തിന്റെ മുന്നിലുള്ള ചുവന്ന ബോർഡ് ഉത്തരാഖണ്ഡ് പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, ആശ്രമങ്ങളും മഠങ്ങളുമൊക്കെയായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ സർവ്വ സാധാരണമാണ്. നക്സൽബാധിത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ, ഒരു ആശ്രമത്തിന്റെ വാഹനമാണെങ്കിൽ അതെന്തുകൊണ്ട് എഴുതി വെച്ചുകൂട എന്ന് പൊലീസുകാർ ചോദിക്കുന്നതും പതിവാണ്. കേരളത്തിൽ ചുവന്ന ബോർഡുള്ള വാഹനങ്ങൾക്ക് കിട്ടുന്ന എല്ലാ റോഡ് ആനുകൂല്യങ്ങളും ട്രീ ട്രിപ്പ് വാഹനത്തിനും കിട്ടിയിട്ടുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം റോഡിൽ ഒരിടത്തും അഞ്ച് പൈസ പോലും ടോൾ കൊടുക്കേണ്ടി വന്നില്ല ഈ UK രജിസ്‌ട്രേഷൻ വാഹനത്തിന്. ആ പണമത്രയും, മരങ്ങൾ നട്ട് വളർത്താൻ ഗ്രീൻ‌വെയ്ന് സർക്കാർ  തന്ന സംഭാവനയായി വകയിരുത്തി നന്ദി അറിയിക്കുന്നു.