Monthly Archives: August 2015

തെരുവ് നായ്ക്കളും മാലിന്യവും


രു വശത്ത്, തെരുവ് നായ്ക്കളുടെ കടികൊണ്ട് കുട്ടികളും കാൽനട യാത്രക്കാരും വലയുന്നു. മറുവശത്ത് തെരുവ് നായ്ക്കളെ കൊല്ലാൻ പാടില്ലെന്ന് പറഞ്ഞ് ‘നായാവകാശ‘ സംരക്ഷണ പ്രവർത്തകരുടെ മുറവിളി. വേറൊരു വശത്ത്, കേരളത്തിൽ നായ്ക്കളെ കൊന്നൊടുക്കുകയാണെന്നും അതുകൊണ്ട് കേരളം ബഹിഷ്ക്കരിക്കണമെന്നും പറഞ്ഞ് പ്രക്ഷോഭങ്ങൾ. പിന്നൊരു കൂട്ടർ പറയുന്നു കേരളത്തിൽ നിന്ന് നായ്ക്കളുടെ ഇറച്ചി കയറ്റുമതി ചെയ്യുന്ന മാഫിയയാണ് ഈ നായ്‌ക്കൊലകൾക്ക് പിന്നിലെന്ന്. ജർമ്മനിക്കാർ പറയുന്നു, കേരളത്തിലെ തെരുവുകളിൽ നായ ശല്യമാണ് അങ്ങോട്ട് പോകരുതെന്ന്. ഒരു ജർമ്മൻ പൌരൻ കേരളത്തിൽ വെച്ച് കടിയേൽക്കുകയും പിന്നീട് മരണമടയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രചരണം.

3

തെരുവുനായ്ക്കൾക്ക് വേണ്ടി മുറവിളി കൂട്ടിയവരെല്ലാം പ്രക്ഷോഭത്തിനിറങ്ങിയത് വീട്ടിൽ വളർത്ത് സോപ്പിട്ട് കുളിപ്പിക്കുന്ന വളർത്തുനായ്ക്കൾക്കളുമായാണ് എന്നത് ഗംഭീര വിരോധാഭാസം. കാറിൽ മാത്രം യാത്ര ചെയ്യുന്ന അപ്പർ ക്ലാസ്സുകാർക്ക് തെരുവ്നായ്ക്കൾക്ക് വേണ്ടി വ്യാജക്കണ്ണീർ പൊഴിക്കാൻ ബുദ്ധിമുട്ടില്ലല്ലോ, അവരെ നായ കടിക്കുന്നില്ലല്ലോ എന്നൊരു ആരോപണം കടി കൊണ്ടവരുടെ ഭാഗത്തുനിന്ന്. ഇത്തരം നായ്ക്കളെ നായാവകാശ പ്രവർത്തകരുടെ വീടുകളിൽ കൊണ്ടുപോയി തുറന്ന് വിടണമെന്ന് ചിലരുടെ വക ആഹ്വാനം. അതിനിടയ്ക്ക്, തെരുവിൽ എന്തുകൊണ്ട് നായ്ക്കൾ പെരുകുന്നു, ജീവിക്കുന്നു എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് മോഹൻ‌ലാലിന്റെ ബ്ലോഗ് ലേഖനം. കടി കൊണ്ടവന്റെ വേദനയും വികൃതരൂപവും നിലനിൽക്കെത്തന്നെ നായ്കൾക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ടിയുള്ള നീക്കങ്ങൾ. നായകളെ വന്ധ്യംകരിച്ച് തിരികെ വിടാനും വാക്സിൻ കൊടുക്കാനുമുള്ള പ്രവർത്തനങ്ങൾ. ചാനൽ ചർച്ചകൾ.

5

ഇപ്പറഞ്ഞതൊക്കെ എവിടെ വരെ എത്തിയെന്ന് വലിയ പിടിപാടൊന്നും മലയാളിക്കില്ല. പക്ഷെ തെരുവുനായ്ക്കളുടെ കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ലെന്ന് മാത്രം അറിയാം. കടി ഇന്നോ നാളെയോ കാൽനടക്കാരനായ നിങ്ങളിൽ ആർക്ക് വേണമെങ്കിലും കിട്ടാം.

ഈയവസരത്തിൽ ചില സംശയങ്ങളും വ്യാകുലതകളും നിർദ്ദേശങ്ങളും പങ്കുവെക്കണമെന്നുണ്ട്.

ആടിനേയും മാടിനേയുമൊക്കെ തിന്നുന്നുണ്ട് കേരളത്തിൽ. നായ്ക്കളെ തിന്നുന്ന രാജ്യങ്ങളുമുണ്ട് ലോകത്ത്. അങ്ങനെ നോക്കിയാൽ, താൽ‌പ്പര്യമുള്ളവർ ആരെങ്കിലും ഈ തെരുവുനായ്ക്കളെ കൊന്നുതിന്നുന്നതിൽ തെറ്റുണ്ടോ ? സത്യാവസ്ഥ എത്രത്തോളം ഉണ്ടെന്ന് അറിയില്ലെങ്കിലും, ആട്ടിറച്ചിക്ക് പകരം പട്ടിയിറച്ചിയാണ് ചില ഹോട്ടലുകളിൽ കൊടുക്കുന്നതെന്ന് ആരോപണം മുൻപ് കേട്ടിട്ടുണ്ട്. അത് നിയമ വിധേയമാക്കിയാൽ ഈ പ്രശ്നം തീരില്ലേ ? ആവശ്യമുള്ളവരും താൽ‌പ്പര്യമുള്ളവരും തിന്നട്ടെ; താൽ‌പ്പര്യമില്ലാത്തവർ തിന്നണ്ട, പ്രശ്നമുണ്ടാക്കാനും പോകണ്ട. ആടുകളുടേയും മാടുകളുടേയും കാര്യത്തിൽ നിലവിൽ അങ്ങനെയാണല്ലോ നടക്കുന്നത്.

തമിഴ്നാട്ടിൽ നിന്ന് കണ്ണിൽ മുളക് തേച്ച് (ഉറങ്ങി വീണുപോകാതിരിക്കാനാണ് കണ്ണിൽ പച്ചമുളക് കീറി വെക്കുന്നത്.) ലോറികളിൽ കുത്തിനിറച്ച് കേരളത്തിലെത്തിക്കുന്ന മാടുകൾക്ക് വേണ്ടി ഇതുപോലൊരു വലിയ നിലവിളി സംസ്ഥാനം ഇതുവരെ കാണാതിരുന്നത് എന്തുകൊണ്ട് ? കൊന്നാൽ പാപം തിന്നാൽ തീരും എന്ന ചൊല്ലിൽ മലയാളി വിശ്വസിക്കുന്നതുകൊണ്ടാണോ അങ്ങനെയൊരു ഇരട്ടത്താപ്പ് ?

6

നായ്ക്കളെ നമ്മൾ തന്നെ തെരുവിൽ മാലിന്യം തീറ്റിച്ച് വളർത്തുകയാണെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് കൈയ്യടിച്ച് ശരിവെച്ചവരാണല്ലോ മലയാളികൾ. അപ്പോൾപ്പിന്നെ പ്രശ്നത്തിന്റെ മൂലകാരണം പരിഹരിക്കണമെങ്കിൽ മാലിന്യസംസ്ക്കരണത്തെപ്പറ്റി സംസാരിക്കേണ്ടിയിരിക്കുന്നു. എന്താണ് നമ്മുടെ നാട്ടിൽ ഓരോ ജില്ലകളിലും അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള മാലിന്യ സംസ്ക്കരണ രീതികൾ ? എല്ലാ ജില്ലകളിലും മാലിന്യസംസ്ക്കരണ സംവിധാനങ്ങൾ ഉണ്ടോ ? എത്രത്തോളം ഫലപ്രദമായി അതെല്ലാം നടക്കുന്നുണ്ട്. അവിടെയെത്തുന്ന മാലിന്യങ്ങൾ എത്ര ശതമാനത്തോളം സംസ്ക്കരിക്കപ്പെടുന്നുണ്ട് ?

ജൈവമാലിന്യമായാലും റീസൈക്കിൾ ചെയ്യാനാകുന്ന മാലിന്യമായാലും പൊതുജനത്തിന് അത് നിക്ഷേപിക്കാൻ എന്തെങ്കിലും സൌകര്യം ജില്ലകളിൽ ഉണ്ടോ ? ‘ഇവിടെ മാലിന്യം നിക്ഷേപിക്കരുത്, നിക്ഷേപിച്ചാൽ നടപടിയെടുക്കും‘, എന്നൊക്കെയുള്ള ബോർഡുകൾ സ്ഥിരമായി കാണാറുണ്ടെങ്കിലും, ‘ഇവിടെ മാലിന്യം നിക്ഷേപിക്കാം.’ എന്നൊരു ബോർഡ് എങ്ങും കണ്ടിട്ടില്ല ഇതുവരെ. വീടുകളിൽ മാലിന്യം നിക്ഷേപിക്കാനും സംസ്ക്കരിക്കാനും സൌകര്യമില്ലാത്തവർ മാലിന്യം എവിടെക്കൊണ്ടുപോയി കളയും.

1

നിലവിൽ കായലും കടലും തോടുകളും അടക്കമുള്ള പൊതുസ്ഥലങ്ങളിലാണ് ജനങ്ങൾ, ഒളിച്ചും പാത്തും മാലിന്യച്ചാക്കുകൾ കൊണ്ടുപോയി കളയുന്നത്. നമ്മുടെ പൊതുനിരത്തുകളിൽ ഫലപ്രദമായ രീതിയിൽ വേസ്റ്റ് ബിന്നുകൾ വെക്കുകയും അതിൽ നിന്ന് മാലിന്യം സമയാസമയം നീക്കം ചെയ്യുകയും ചെയ്താലേ മേൽ‌പ്പറഞ്ഞ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിൽ നിന്ന് ജനങ്ങളെ  പിന്തിരിപ്പിക്കാനും ബോധവൽക്കരിക്കാനും ആകൂ.

മാലിന്യസംസ്ക്കരണം അത്ര വലിയ കീറാമുട്ടിയൊന്നുമല്ല. ലോകത്താരും ചെയ്യാത്ത റോക്കറ്റ് സയൻസൊന്നുമല്ല അത്. സമ്പൂർണ്ണ സാക്ഷരരും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരും സർവ്വോപരി വൃത്തിയും വെടുപ്പുമുള്ള, രണ്ട് നേരമെങ്കിലും കുളിക്കുന്ന മലയാളികളെ മാലിന്യസംസ്ക്കരണവും അതിന്റെ ആവശ്യകതയും രീതികളുമൊക്കെ പഠിപ്പിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. പിന്നെന്തുകൊണ്ട് നമുക്കതിനാവുന്നില്ല ? എങ്ങിനെയാണ്, എന്തുകൊണ്ടാണ്, ഇത്രയും പ്രബുദ്ധരായ ഒരു സമൂഹത്തിന് മാലിന്യസംസ്ക്കരണം മാത്രം വഴങ്ങാത്ത ഒന്നായി മാറിയിരിക്കുന്നത് ? നമുക്കിതിൽ നിന്ന് ഒരു മോചനമില്ലേ ?

മാലിന്യസംസ്ക്കരണം പഠിക്കാൻ ഇക്കാലത്തിനിടയ്ക്ക് പല മന്ത്രിമാരും ഭരണകർത്താക്കളും വിദേശരാജ്യങ്ങളിൽ പലവട്ടം പോയിട്ടുണ്ട്. പക്ഷെ എന്തുകൊണ്ട് വിദേശരാജ്യങ്ങളിലെ സംവിധാനങ്ങളൊന്നും ഇവിടെ നടപ്പിലാക്കപ്പെടുന്നില്ല ? 14 ജില്ലകളുള്ള കേരളത്തിൽ എത്ര മാലിന്യസംസ്ക്കരണ യൂണിറ്റുകൾ/പ്ലാന്റുകൾ ഉണ്ട്. അതിലെത്ര പ്ലാന്റുകൾ നല്ല നിലയ്ക്ക് പരിസ്ഥിതിയെ മലിനപ്പെടുത്താതെ നടക്കുന്നുണ്ട് ? നിലവിലുള്ള പ്ലാന്റുകൾ മതിയാകുമോ കേരളത്തിൽ ഒരു ദിവസം ഉണ്ടാക്കപ്പെടുന്ന മാലിന്യം മുഴുവൻ ശരിയായ രീതിയിൽ സംസ്ക്കരിക്കാൻ ?

മാലിന്യസംസ്ക്കരണവുമായി ബന്ധപ്പെട്ട് ഒരു മന്ത്രിതന്നെയുണ്ട് നമുക്ക്. അധികാരത്തിൽ ഏറിയപ്പോൾ, ‘ഒരു കൊല്ലത്തിനകം കേരളത്തിലെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കും’ എന്ന് പ്രഖ്യാപിച്ച അദ്ദേഹം ഈ വിഷയത്തിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്തു ഇതുവരെ ? വിവരാവകാശ നിയമപ്രകാരം അന്വേഷിക്കാതെ തന്നെ ഇതേപ്പറ്റി അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ? ഈ പ്രശ്നങ്ങൾ ഏറ്റവും ഗുരുതരമായ ഒന്നായി കണക്കിലെടുത്ത് പരിഹരിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ലെങ്കിൽ, ഇതിനേക്കാൾ ഉപരിയായി മറ്റെന്തൊക്കെയാണ് അദ്ദേഹത്തിന്റെ വകുപ്പിന്റെ ജോലികൾ ?

പ്രധാനമന്ത്രിയുടെ ‘സ്വച്ച ഭാരത് ‘ പരിപാടികൾ എവിടെവരെയായി ? ചില മന്ത്രിമാരും പ്രമുഖന്മാരും നിരത്ത് വൃത്തിയാക്കുന്നതിന്റെ ഫോട്ടോഷൂട്ടിനായി ചൂലുകളുമെടുത്ത് ഇറങ്ങിയതിനപ്പുറം ആ പദ്ധതിയിൽ എന്തെങ്കിലും പുരോഗതി ഉണ്ടായോ ? അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടായോ ? കൂടുതൽ പ്രതീക്ഷ അതിലർപ്പിക്കുന്നതിൽ അർത്ഥമുണ്ടോ ?

8

ചെയ്യാൻ പറ്റുന്ന ഒരു കാര്യം ഇതാണ്. കൃത്യമായ മാലിന്യസംസ്ക്കരണ മാർഗ്ഗങ്ങൾ ആവിഷ്ക്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് ഉറപ്പ് തരുന്ന പാർട്ടിക്കാർക്ക്/വ്യക്തികൾക്ക് മാത്രമേ വോട്ട് തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യൂ എന്ന് കർശനമായ തീരുമാനം പൊതുജനമെടുക്കുക. ഈ തീരുമാനം, സോഷ്യൽ മീഡിയ വഴിയോ അല്ലെങ്കിൽ കൈവശമുള്ള ഏതൊരു മാർഗ്ഗത്തിലൂടെയോ അറിഞ്ഞിരിക്കേണ്ടവരിലേക്ക് എത്തിക്കുക. വികസനം വികസനം എന്ന് പറയുന്നത് മാത്രമല്ല വോട്ട് കിട്ടാനുള്ള മാനദണ്ഡം.  വികസിച്ച് വികസിച്ച് ഒരു വഴിക്കായിരിക്കുന്ന സംസ്ഥാനത്തിന്റെ മാലിന്യം സംസ്ക്കരിക്കേണ്ടതും വികസനത്തിന്റെ ഭാഗമാണെന്ന് സ്ഥാനാർത്ഥികളും അവരെ പിന്തുണയ്ക്കുന്നവരും അവരുടെ പാർട്ടിക്കാരുമൊക്കെ അറിഞ്ഞിരിക്കണം.

മാലിന്യസംസ്ക്കരണം ഇന്നാട്ടിൽ സ്ഥിരമായി ജീവിക്കുന്നവരുടെ മാത്രം ഉത്തരവാദിത്വമല്ല. ഇവിടെ വന്നുപോകുന്ന തദ്ദേശീയരല്ലാത്തവരുടെയും കടമയാണ്. അതുകൊണ്ടാണ് ചില വിദേശികൾ ഇവിടെ വരുന്ന കുറച്ച് ദിവസങ്ങളിൽ‌പ്പോലും ചൂലുമെടുത്ത് ബീച്ചും പൊതുനിരത്തുമൊക്കെ വൃത്തിയാക്കാൻ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്രയും വൃത്തികെട്ട അന്തരീക്ഷത്തിൽ ജീവിക്കാൻ അവർക്ക് താൽ‌പ്പര്യമില്ല. ആയതിനാൽ അവർ ഇവിടെ കഴിയുന്ന ദിവസങ്ങളിൽ അവരാലായത് ചെയ്ത് മാതൃക കാണിച്ച് പോകുന്നു. പക്ഷെ ആ മാതൃക പിന്തുടരാൻ നമുക്കാവുന്നില്ല, ആവുമെന്ന് വെച്ചാലും മാലിന്യം കളയാനുള്ള കുപ്പ പോലും നമുക്കില്ലാത്തതുകൊണ്ട് നാം പഴയപടി തുടരുന്നു.

സൌരയൂഥത്തിലെ അനേകം നൌകകളിൽ ഒന്നുമാത്രമാണ് ഈ ഭൂമി. നമ്മൾ സഞ്ചിരിക്കുന്ന നൌക മുങ്ങാതെ നോക്കേണ്ടത് ഇതിലുള്ള ഓരോരുത്തരുടേയും കടമയാണ്. നമ്മളതിനായി എന്തെങ്കിലും ചെയ്തുവോ, ശ്രമിച്ചുവോ എന്ന് ആത്മാർത്ഥമായി ഓരോരുത്തരും പരിശോധിക്കേണ്ടതാണ്. ദേശങ്ങൾക്കും ഭാഷയ്ക്കും അതിന്റെ അതിർവരമ്പിനുമൊക്കെ അപ്പുറത്ത് ഈ ഭൂമി വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാവരുടേയും കടമയാണ്. ഈ നാട്ടിലുള്ളവരും ഇവിടത്തെ ഭരണകൂടവും അതിനായി ഒരു നടപടികളും നീക്കങ്ങളും നടത്തുന്നില്ലെങ്കിൽ ഇത് അന്താരാഷ്ട്ര കോടതികളിൽ എവിടെയെങ്കിലും പരാതി കൊടുത്ത് തീർപ്പാക്കുക മാത്രമേ ഇനി രക്ഷയുള്ളൂ.

അല്ലെങ്കിൽപ്പിന്നെ ഇപ്പോൾ ചെയ്യുന്നത് പോലെ, പട്ടി കടിക്കുമ്പോൾ അതിന്റെ മൂലകാരണം മാലിന്യമാണെന്ന് വിധിയെഴുതി മാറിയിരിക്കാം. പ്ലേഗ് വരുമ്പോളും ചിക്കൻ ഗുനിയ അടക്കമുള്ള പുതിയ പുതിയ രോഗങ്ങൾ പരക്കുമ്പോളും ഇതേ മാലിന്യത്തെ തന്നെ പഴിചാരി വിലപിക്കാം.

വാൽക്കഷണം:‌- ഒരു തെരുവുനായ കടിക്കാൻ വന്നാൽ, സർവ്വമാർഗ്ഗങ്ങളുമെടുത്ത് ഞാൻ ചെറുത്തുനിൽക്കും. അതിനിടയ്ക്ക് എനിക്ക് കടി കൊണ്ടെന്നും നായ കൊല്ലപ്പെട്ടെന്നും വരാം. കടിക്കാൻ വരുന്ന നായയെ ഉമ്മ വെക്കണമെന്ന് എത്ര വലിയ നായാവകാശ സംരക്ഷണ നേതാവ് പറഞ്ഞാലും എന്നെക്കൊണ്ടാകില്ല. നേതാവിനെക്കൊണ്ടും ആകുമെന്ന് ഞാൻ കരുതുന്നില്ല.

——————————————————————-
ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് ലേഖനങ്ങൾ.

1. മാലിന്യ വിമുക്ത കേരളം
2. വിളപ്പിൽശാലകൾ ഒഴിവാക്കാൻ
3. മാലിന്യസംസ്ക്കരണം ഒരു കീറാമുട്ടിയല്ല.
4. കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കര പ്ലാന്റ് ഒരു മാതൃക.
5. കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നു.
6. മലിനമാകാത്ത കൊടുങ്ങല്ലൂർ മോഡൽ