Monthly Archives: November 2015

ഒരു ഹാഫ് മാരത്തോൺ അനുഭവം


77 08 നവംബർ 2015:- തിരുവനന്തപുരത്ത്, എന്റെ നാലാമത്തെ ഹാഫ് മാരത്തോൺ(21.09കിലോമീറ്റർ) 2:57:19 മണിക്കൂറിൽ പൂർത്തിയാക്കി. മഴയ്ക്കൊപ്പം ഓടാനായി എന്നതാണ് ഇപ്രാവശ്യത്തെ ഓട്ടത്തിന്റെ സൌന്ദര്യം വർദ്ധിപ്പിച്ചത്. ഷൂസിനകത്ത് വെള്ളം കയറി, കാൽ‌പ്പാദം ‘ഉപ്പിൽച്ചത്ത’ പല്ലിയെപ്പോലെയായത് അൽ‌പ്പം ബുദ്ധിമുട്ടുണ്ടാക്കി എന്നതൊഴിച്ചാൽ ആരോഗ്യപരമായ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല.

ഒരിക്കലെങ്കിലും ഒരു ഫുൾ മാരത്തോൺ ഓടണമെന്ന ആഗ്രഹ സാഫല്യത്തിലേക്ക് ഇനിയുമൊരുപാട് ദൂരമുണ്ടെന്നറിയാം. 64 വയസ്സിന് ശേഷവും ഫുൾ മാരത്തോൺ ഓടുന്ന ശ്രീ.ആദിത്യ‌നെ‌പ്പോ‌ലുള്ള‌വർ (Adithyan EM ) മാതൃകയായി കൺ‌മുന്നിലുള്ളപ്പോൾ, ആ ദൂരം വെണമെങ്കിൽ ചേർത്തടുപ്പിക്കാവുന്ന അത്രയ്ക്കടുത്താണെന്ന തോന്നലും ശക്തമാണ്.

വേണമെങ്കിൽ സമയം അൽ‌പ്പം കൂടെ മെച്ചപ്പെടുത്താനാകുമായിരുന്നു. പക്ഷേ, എനിക്ക് 100 മീറ്റർ മുന്നിലായി ഓടിക്കൊണ്ടിരുന്ന 15 വയസ്സുകാരി പെൺകുട്ടി, ഫിനിഷിങ്ങ് ലൈനിലേക്ക് 1കിലോമീറ്റർ മാത്രം ദൂരമുള്ളപ്പോൾ, പേശികൾ വെട്ടിക്കയറി ഒരടി മുന്നോട്ട് വെക്കാൻ പറ്റാതെ കരച്ചിലിന്റെ വക്കത്ത് നിൽക്കുന്നു. അത് കണ്ടില്ലെന്ന് നടിച്ച് ഓടിപ്പോകാനായില്ല. ഒരു മുൻ‌കരുതലെന്നോണം കൈയ്യിൽ കരുതിയിരുന്ന ബാൻഡ് ആ കുട്ടിയുടെ കാലിൽ കെട്ടിക്കൊടുത്ത്, ‘എങ്ങനെയെങ്കിലും ഓട്ടം ഫിനിഷ് ചെയ്തേ മടങ്ങാവൂ‘ എന്ന് പ്രോത്സാഹിപ്പിച്ച് മുന്നോട്ട് നീങ്ങിയപ്പോഴേക്കും 2 മിനിറ്റെങ്കിലും നഷ്ടപ്പെട്ടത് കാര്യമാക്കുന്നില്ല. അല്ലെങ്കിലും ഇത്തരം കായികപ്രകടനങ്ങൾ കൊണ്ട്, മാനവർ ഉദ്ദേശമാക്കുന്നതും ഉദ്ദേശമാക്കേണ്ടതും ഇതൊക്കെത്തന്നെയാണ്. സായിപ്പിന്റെ ഭാഷയിൽ സ്പോർട്ട്സ്‌മാൻ സ്പിരിറ്റ് എന്നും പറയാം. അത്തരത്തിലുള്ള ഒരു കഥ കൂടെ പറഞ്ഞുകൊണ്ട് ഈ മാരത്തോൺ വീമ്പ് അവസാനിപ്പിക്കാം.

ലിജോ സ്റ്റീഫൻ ചാക്കോ എന്ന നാവികന്റെ എവറസ്റ്റ് ഡയറിയായിരുന്നു, മടക്കയാത്രയിൽ ട്രെയിനിലിരുന്ന വായിക്കാൻ കൈയ്യിലെടുത്തിരുന്ന പുസ്തകം. എവറസ്റ്റിലേക്കുള്ള കയറ്റത്തെപ്പറ്റി വിവരിക്കാൻ തുടങ്ങുന്നതിന് മുന്നേ, അദ്ദേഹത്തിന്റെ നാവികസേനയിലെ അനുഭവങ്ങൾ പുസ്തകത്തിൽ പറയുന്നുണ്ട്. അതിലൊന്ന്, സന്ദർഭവശാൽ മാരത്തോൺ ഓട്ടങ്ങളെപ്പറ്റിയാണ്. അതിങ്ങനെ…….

“ ദീർഘദൂര ഓട്ടത്തിൽ മിക്കപ്പോഴും ഞാൻ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. കേഡറ്റുകളുടെ ക്രോസ്‌കണ്ട്രി മത്സരത്തിൽ മെഡലുകളും ലഭിച്ചു. ഇപ്പോൾ ഉന്നത പദവി വഹിക്കുന്ന സുഹൃത്ത് ഇ.ഡേവിഡും ഞാനും മാരത്തോൺ ഓട്ടത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു. മത്സരം തുടങ്ങിയപ്പോൾ മുതൽ ഞങ്ങൾ രണ്ടും ഒരുമിച്ചാണ് ഓടിയത്. കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ കൂട്ടുകാരെല്ലാം പിന്നിലായി. ഫിനിഷിങ്ങ് പോയന്റിന് ഏതാനും കിലോമീറ്ററുകൾ പിന്നിൽ‌ വച്ച് ഒരാൾ മാത്രമാണ് മുന്നിലെന്ന് അറിഞ്ഞു. ഞങ്ങൾ വേഗം കൂട്ടി. ഒടുവിൽ ഒരുമിച്ച് രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. 42.2 കിലോമീറ്ററിന്റെ അവസാനം ഞങ്ങൾ ഒരുമിച്ച് നിന്ന് ഫിനിഷിങ്ങ് ലൈനിൽ തൊട്ടു. അപ്പോൾ കാണികളുടെ നിർത്താത്ത കൈയ്യടി.”

ഒരുപക്ഷേ ഈ ലോകത്ത് കായികതാരങ്ങൾക്ക് മാത്രം ചെയ്യാൻ പറ്റുന്ന ഒരു വലിയ കാര്യം. ഹാറ്റ്സ് ഓഫ് ലിജോ സ്റ്റീഫൻ ചാക്കോ !!! ഹാറ്റ്സ് ഓഫ് ഇ.ഡേവിഡ് !!!