വാർത്ത 1:- രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖം നോക്കാതെ നടപടി വേണമെന്ന് ഗവര്‍ണര്‍.
കമന്റ് 1:- ഈ നടപടി പ്രതീക്ഷിച്ചായിരിക്കാം കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകികൾ മുഖംമൂടിയിട്ട് കൊല നടത്തി പോയത്.
വാർത്ത 2:- ഡി.സി.സി അധ്യക്ഷന്മാര്‍ക്ക് 60 വയസ്സ് പ്രായപരിധിയാക്കും.
കമന്റ് 2:- ഡി.സി.സി.കൾക്ക് നാഥനില്ലാത്ത അവസ്ഥയാകുമെന്ന് ചുരുക്കം.
വാർത്ത 3 :- ഒരു യുദ്ധമുണ്ടായാൽ അത് ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകർക്കുമെന്ന് പാക്കിസ്ഥാൻ.
കമന്റ് 3 :- യുദ്ധത്തോടുകൂടി പാക്കിസ്ഥാന്റെ സമ്പദ്ഘടന മെച്ചപ്പെടുകയും ജനങ്ങൾ സസന്തോഷം വാഴുകയും ചെയ്യും എന്നാണോ ?
വാർത്ത 4:- ഇന്ത്യക്കെതിരെ അസഭ്യവര്‍ഷവും ഭീഷണിയുമായി അതിര്‍ത്തിയില്‍ ബലൂണുകള്‍.
കമന്റ് 4:- എന്തിന് ബലൂൺ മാത്രമാക്കണം. കുറച്ച് പീപ്പികളും കൂടെ ഊതിക്കോളൂ.
വാർത്ത 5:- ഇന്ത്യൻ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വെബ്‌സൈറ്റ് പാക്കിസ്ഥാനികൾ ഹാക്ക് ചെയ്തു.
കമന്റ് 5:- വേറെ ഒരു സൈറ്റും കിട്ടിയില്ലേ അവന്മാർക്ക് ഹാക്കാൻ. ഹരിത ട്രിബ്യൂണലിന്റെ സൈറ്റ് അതുണ്ടാക്കിയവർ പോലും പിന്നെ തുറന്ന് നോക്കീട്ടുണ്ടാവില്ല.
വാർത്ത 6:- ഇന്ത്യയിലെത്തിയ സിംഗപ്പൂർ പ്രധാനമന്ത്രിയുടെ യാത്ര ബസിൽ.
കമന്റ് 6:- അതവരുടെ ശീലം. എന്നുവെച്ച് ഞങ്ങളുടെ മന്ത്രിമാർ ആ വഴിക്ക് വരുമ്പോൾ നടന്ന് പോകാവുന്ന ദൂരത്തിനും ഹെലിക്കോപ്റ്റർ സജ്ജമാക്കാൻ മറക്കണ്ട.
വാർത്ത 7:- ബന്ധു നിയമനം സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് വി.എസ്.അച്യുതാനന്ദൻ.
കമന്റ് 7:- ബന്ധുവായ ഒരു വിമുക്ത ഭടന് അനധികൃതമായി ഭൂമി നൽകാനുള്ള ശ്രമം വിവാദമായതൊന്നും ജനം മറന്നിട്ടില്ല സഖാവേ.
വാർത്ത 8:- കണ്ണൂരിലെ കൊലപാതകങ്ങൾ ആത്മരക്ഷാർത്ഥമെന്ന് ആർ.എസ്.എസ്.
കമന്റ് 8:- എന്നിട്ടാ കൊലപാതകങ്ങളുടെ പേരിൽ ഹർത്താൽ നടത്തി പൊതുജനത്തെ ആക്രമിക്കുന്നതും ആത്മരക്ഷാർത്ഥമാണോ ?
വാർത്ത 9:- നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയാൻ നിയമം വരും.
കമന്റ് 9:- ഈ നിയമം കൊണ്ടുവരാൻ കഠിനമായി പരിശ്രമിച്ച വ്യക്തി എന്ന നിലയ്ക്കാകും ഇനിയങ്ങോട്ടുള്ള ചരിത്രത്തിൽ ഇ.പി.ജയരാജനുള്ള സ്ഥാനം.
വാർത്ത 10:- ഗ്ലാസ്സിൽ തീർത്ത ബോഗിയുമായി ഇന്ത്യൻ റെയിൽ വേ വരുന്നു.
കമന്റ് 10:- ചില്ലുകൂട്ടിലൂടെ കണ്ടാസ്വദിക്കാൻ പോന്ന മനോഹരമായ കാഴ്ച്ചകളാണല്ലോ റെയിൽ വേ ട്രാക്കിൽ ഉടനീളം.