വാർത്ത 1:- ഇറാനിൽ അഴിമതിയുടെ പേരിൽ കോടീശ്വരനായ ബിസിനസ്സുകാരന് വധശിക്ഷ.
കമന്റ് 1:- കോടികൾ ഉണ്ടായിട്ടെന്ത് കാര്യം ? ഇന്ത്യയിൽ ജനിക്കാനുള്ള ഭാഗ്യമുണ്ടായില്ലല്ലോ.
വാർത്ത 2:- പാർട്ടിയിൽ നിന്ന് ഇനിയാരും പുറത്തേക്ക് പോകില്ലെന്ന് പി.ജെ.ജോസഫ്.
കമന്റ് 2:- ഇനിയാരെങ്കിലും ഉണ്ടെങ്കിലല്ലേ പോകാൻ പറ്റൂ.
വാർത്ത 3 :- താൻ എൽ.ഡി.എഫ്.ന് വിധേയനാണെന്ന് ആർ.ബാലകൃഷ്ണപ്പിള്ള
കമന്റ് 3 :- അല്ലെങ്കിലും പിള്ള അങ്ങനെയാണ്. ആരുടെ കൂടെ നിൽക്കുന്നോ, അവർക്ക് വിധേയനാണ്.
വാർത്ത 4:- കമ്മ്യൂണിസം എന്റെ ജീവൻ, വടക്കാഞ്ചേരി എന്റെ നാട് – കെ.പി.എ.സി.ലളിത.
കമന്റ് 4:- ലളിതച്ചേച്ചി ഇത്ര പെട്ടെന്ന് പാർട്ടി പാഠങ്ങൾ ഹൃദിസ്ഥമാക്കുമെന്ന് നിനച്ചതേയില്ല.
വാർത്ത 5:- നാടിന് നന്മ ചെയ്യാൻ മന്ത്രിയാകണമെന്നില്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ്സ് ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ്.
കമന്റ് 5:- നേതാവ് ഈ തിരുവചനം മറ്റ് പാർട്ടി നേതാക്കന്മാര് കേൾക്കേ പറയരുതേ. എം.എൽ.മാരും വകുപ്പ് മന്ത്രിമാരുമില്ലാതെ നാട് അന്യാധീനപ്പെട്ടു പോകും.
വാർത്ത 6:- ആരാണ് ബെന്യാമിൻ എന്ന് മേജർ രവി.
കമന്റ് 6:- മലർന്ന് കിടന്ന് തുപ്പുന്ന തിരക്കിനിടയിൽ ലോകവിവരമില്ലാതായിപ്പോയത് ഒരു കുറ്റമല്ലല്ലോ ?
വാർത്ത 7:- ട്വന്റി ട്വന്റി ലോക കപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചാൽ തുണിയുരിഞ്ഞ് നൃത്തം ചെയ്യുമെന്ന് പാക്കിസ്ഥാൻ വനിതാ മോഡൽ ‘ഖന്ദീൽ ബലോച്ച്‘.
കമന്റ് 7:- ചുമ്മാതല്ല, ഇന്ത്യാക്കാർ ആദ്യകളി തന്നെ നാണം കെട്ട് തോറ്റത്.
വാർത്ത 8:- അഴിമതിയിലൂടെ കോടികൾ ഉണ്ടാക്കിയവരോട് മത്സരിക്കാൻ ഇല്ലെന്ന് ആർ.ബാലകൃഷ്ണപ്പിള്ള.
കമന്റ് 8:- അഴിമതിയുടെ പേരിൽ ജയിലിൽ അടച്ചവർക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പിള്ള.
വാർത്ത 9:- ഡെറാഡൂണിൽ, മുഖ്യമന്ത്രിക്കെതിരെയുള്ള പ്രക്ഷോഭത്തിനിടെ ബി.ജെ.പി.ക്കാരൻ എം.എൽ.എ. പോലീസ് കുതിരയുടെ കാൽ തല്ലിയൊടിച്ചു.
കമന്റ് 9:- പശുവാണല്ലോ മാതാവ്, കുതിരയല്ലല്ലോ.
വാർത്ത 10:- പാലായിൽ മാണി ജയിക്കണമെങ്കിൽ മൂന്ന് തവണയെങ്കിലും വോട്ടെണ്ണണം എന്ന് പി.സി.ജോർജ്ജ്.
കമന്റ് 10:- നോട്ടെണ്ണൽ മെഷീനിൽ വോട്ടെണ്ണാമെങ്കിൽ എത്ര പ്രാവശ്യം എണ്ണുന്നതിനും വിരോധമില്ലെന്ന് മാണി.