Monthly Archives: August 2016

നട്‌സാമ്രാട്ട്


nat 1

ണ്ട് മാസം മുൻപ് Sairat എന്ന മറാഠി സിനിമ കാണുകയും അതേപ്പറ്റിയുള്ള അഭിപ്രാ‍യം എഴുതിയിടുകയും ചെയ്തിരുന്നു. അത് കണ്ട് മുംബൈക്കാരിയാ‍യ ഓൺലൈൻ സുഹൃത്ത് ജോസ്‌ന, മറ്റ് ചില മറാഠി സിനിമകൾ കൂടെ എനിക്ക് നിർദ്ദേശിക്കുകയും Natsamrat (നട്‌സാമ്രാട്ട്) എന്ന സിനിമയുടെ സീഡി അയച്ചുതരുകയും ചെയ്തു.

പണ്ടേ ഞാനൊരു നാനാ പാഠേക്കർ ഫാൻ ആണ്. അല്ലെങ്കിലും സിനിമ കാണുന്നവരിൽ നാനാ പാഠേക്കർ ആരാധകർ അല്ലാത്തവർ ആരാണുള്ളത് ?

മറാഠിയിലെ തന്നെ നട്‌സാമ്രാട്ട് എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ. ഷേൿസ്‌പിയർ കഥാപാത്രങ്ങളെയെല്ലാം ഗംഭീരമായി സ്റ്റേജിൽ അവതരിപ്പിച്ച് തകർത്തശേഷം വിശ്രമജീവിതം നയിക്കുന്ന അപ്പാസാഹിബിന്റെ കഥയാണിത്. പുത്രനും പുത്രിക്കും അനഭിമതനായപ്പോൾ അഭിമാനം കൈവിടാ‍തെ തെരുവിലേക്കിറങ്ങുന്നു അപ്പയും ഭാര്യയും. തെരുവിലെ ആദ്യദിവസം തന്നെ ‘സർക്കാർ‘ എന്ന് അപ്പ വിളിക്കുന്ന ഭാര്യ കാവേരി ഇഹലോകവാസം വെടിയുന്നു. തന്നെ തിരഞ്ഞ് വരുന്ന മക്കളെ അപ്പ തിരിച്ചറിയുന്നതായി ഭാവിക്കുന്നില്ല.

ആളൊഴിഞ്ഞ് പൊടിപിടിച്ച് കിടക്കുന്ന പഴയ സ്റ്റേജിൽ ഷേൿസ്‌പിയർ കഥാപാത്രങ്ങളുടെ ഗംഭീരമായ ഡയലോഗുകൾ ഏകനായി വീണ്ടും ആടിയഭിനയിച്ച് അപ്പാസാഹിബ് കുഴഞ്ഞുവീഴുന്നു, മരിക്കുന്നു. ശ്വാസം പോകുന്നത് പോലും കാണികൾക്ക് മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ സൂക്ഷ്മമായാണ് നാനയുടെ പ്രകടനം. ശരിക്കും ഒരു നടന സാമ്രാട്ട് തന്നെ. മറ്റ് താരങ്ങളും ഒന്നിനൊന്ന് മെച്ചമായി അവരവരുടെ വേഷങ്ങൾ കൈകാ‍ര്യം ചെയ്തിരിക്കുന്നു. വികാരഭരിതമായ രംഗങ്ങൾ വേണ്ടുവോളമുണ്ട് ചിത്രത്തിൽ.

എന്നെ ആകെ കുഴച്ചത് കടുത്ത മറാഠിയിലുള്ള നാടക സംഭാഷണങ്ങൾ തന്നെയാണ്. സബ്‌ടൈറ്റിൽ ഇല്ലാത്തതുകൊണ്ട്, പല നെടുനീളൻ ഡയലോഗുകളുടേയും അർത്ഥം കൃത്യമായി മനസ്സിലാക്കാൻ പറ്റിയില്ല എന്നതൊഴിച്ചാൽ കഥ മനസ്സിലാക്കുന്നതിനോ അഭിനയം ആസ്വദിക്കുന്നതിനോ അതൊരു തടസ്സമാകുന്നതേയില്ല. സിനിമയടക്കം എല്ലാ കലാരൂപങ്ങളും ഭാഷയ്ക്ക് അതീ‍തമാണല്ലോ. ഒരിക്കൽക്കൂടെ സിനിമ കണ്ട് പിടികിട്ടാതെ പോയത് പലതും ഗ്രഹിച്ചെടുക്കാൻ ഞാൻ ശ്രമിക്കുകയും ചെയ്തു. സത്യത്തിൽ നാനയെ വീണ്ടും വീണ്ടും കണ്ടിരിക്കുന്നത് ഒരു ആനന്ദം തന്നെയാണ്.

നന്ദി ജോസ്‌ന, നട്‌സാമ്രാട്ട് നിർദ്ദേശിച്ചതിനും സീഡി അയച്ച് തന്നതിനും.