രക്ഷാധികാരി ബൈജു ഒപ്പ്, യാഥാർത്ഥ്യബോധമുള്ള ഒരു സിനിമയാണ്. നിത്യ ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങൾ പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ പറഞ്ഞുപോകുന്ന ഒരു നല്ല സിനിമ. പക്ഷേ, വലിയ പ്രതീക്ഷകളോടെയൊന്നും പോകരുത്. നല്ലൊരു സന്ദേശമുള്ള ചെറിയൊരു സിനിമ പിരിമുറുക്കങ്ങളും മുൻവിധികളുമൊന്നും ഇല്ലാതെ ആസ്വദിച്ച് കാണാൻ വേണ്ടി പോകണം.
നായകനായ ബൈജു(ബിജു മേനോൻ) ജോലി ചെയ്യുന്ന സർക്കാർ ഓഫീസിലെ അവസ്ഥ, പ്രായോഗികമല്ലെന്ന് മനസ്സിലാക്കി ഒഴിഞ്ഞുപോകുന്ന പ്രണയം, പ്രണയം ഇല്ലാതിരുന്നിട്ടും പ്രായോഗികത മനസ്സിലാക്കി അവസാനം ജീവിതത്തിലേക്ക് ചേർക്കുന്ന പ്രണയം, നിറയെ പണമുണ്ടാക്കിയിട്ടും ജീവിതം ആസ്വദിക്കാൻ പറ്റാതെ പോകുന്നവരുടെ നെടുവീർപ്പ് അങ്ങനെയങ്ങനെ എല്ലാ ചെറിയ കാര്യങ്ങളും ഏച്ചുകെട്ടൊന്നുമില്ലാത്ത സംഭവങ്ങളാണ് സിനിമയിൽ.
ക്ലബ്ബ്, ചായക്കട, കള്ള്ഷാപ്പ്, സോഫ്റ്റ്ബോൾ ക്രിക്കറ്റ്, ഫുട്ട്‌ബോൾ, ഷട്ടിൽ, വെടിക്കട്ട്, പൊതുകുളത്തിലെ നീരാട്ട്, തോട്ടിലെ മീൻപിടുത്തം എന്നിങ്ങനെ ഒരു നാട്ടിൻ പ്രദേശത്ത് എന്തൊക്കെ സംഭവിക്കാം അതൊക്കെയുണ്ട്. കുടുംബത്തോടൊപ്പമോ അതിന് മുകളിലോ പൊതുവായ കാര്യങ്ങളിൽ ഇടപെട്ട് വീട്ടിൽ പരാതി ധാരാളമായി പിടിച്ചുപറ്റുന്ന ഓരോരുത്തരുടേയും സിനിമയാണിത്.
ഓരോ രംഗം കഴിയുന്തോറും സിനിമ എങ്ങോട്ടാണ് പോകുന്നതെന്ന് ബേജാറാകരുത്. അതിങ്ങനെ പരന്നും വഴിമാറിയും ഓരോ രസകരമായ നാട്ടിൻപുറ കാഴ്ച്ചകൾ തന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് ഇതിൽ എന്നെയേറ്റവും ആകർഷിച്ചത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മനസ്സിലാകാതെയുള്ള ഇരിപ്പാണ്, അടുത്തതായി വരാൻ പോകുന്ന ഓരോ രംഗവും ആകാംക്ഷയോടെ വീക്ഷിക്കാൻ അവസരമുണ്ടാക്കുന്നത്. ഹാസ്യത്തിന് വേണ്ടി പടച്ചുണ്ടാക്കിയ, സിനിമയുമായി ചേർന്നുനിൽക്കാത്ത രംഗങ്ങളൊന്നുമില്ല. സ്വാഭാവികമായ ഹാസ്യരംഗങ്ങളും ഡയലോഗുകളും ഊറിച്ചിരിക്കാൻ പാകത്തിനുള്ളതാണ് താനും. പലതരം കളികൾ നടക്കുന്ന മൈതാനത്ത്, ക്രിക്കറ്റ് ഫീൽഡ് ചെയ്യുന്ന നായകന്റെ അടുത്ത് ചെന്നുവീണ ഷട്ടിൽ കോക്ക് എടുത്ത് കൊടുക്കാമോ എന്ന് ചോദിക്കുന്ന മുൻകാമുകിയോട്, ‘ഒരു ക്യാച്ച് വരാനുണ്ട് ഞാനത് വെയ്റ്റ് ചെയ്യുകയാണ്’ എന്ന് ബിജു മേനോൻ പറയുന്ന രംഗം അത്തരത്തിൽ മനസ്സിൽ നിന്ന് മായാത്ത ഹാസ്യരംഗങ്ങളിൽ ഒന്നുമാത്രമാണ്. വലിയ ഹീറോയിസമൊന്നും നായകനിൽ നിന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു നായകനല്ല ഇതിൽ. പക്ഷേ, അയാളീ കഥയെ കൃത്യമായ ഒരു പാതയിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
സിനിമയുടെ അന്ത്യരംഗത്തിൽപ്പോലും ഹീറോയിസമില്ല. പക്ഷേ, വലിയൊരു സന്ദേശവും നല്ലൊരു ചിന്തയ്ക്കുള്ള വെടിമരുന്നും അതിനകം ചിത്രം മുന്നോട്ട് വെച്ചുകഴിഞ്ഞിരിക്കുന്നു.
ബിജു മേനോൻ ഇങ്ങനെ മലയാള സിനിമയുടെ ഓരം ചേർന്ന് കൊച്ചുകൊച്ചു ഹിറ്റുകൾ നൽകുന്നത് സന്തോഷിപ്പിക്കുന്നുണ്ട്. ചെറിയ വേഷങ്ങളിൽ ഒരുപാട് സിനിമകളിൽ കാണാറുള്ള നിരവധി മുഖങ്ങൾ ഒരു നാട്ടിൻപുറത്തെ സ്വാഭാവിക കഥാപാത്രങ്ങളായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്നു. അജു വർഗ്ഗീസിന്റെ നായികയായി വരുന്ന നടി(കൃഷ്ണ) ഭാവിവാഗ്ദാനമാണെന്ന് പറയാതെ വയ്യ. സിനിമയുടെ രക്ഷാധികാരിയായ രജ്ഞൻ പ്രമോദും കൂട്ടരും നല്ലൊരു കൈയ്യടി അർഹിക്കുന്നുണ്ട്.
സിനിമയുടെ പോരായ്മയായി എന്നെ ബാധിച്ചത്
‘ആദാമിന്റെ മകൻ അബു’ എന്ന സിനിമയിലെ അവസാന രംഗങ്ങളിലൊന്നിൽ പ്ലാവ് മുറിക്കുന്നത് കണ്ടപ്പോൾ തോന്നിയ അതേ വിഷമം ഇതിലെ മരം മുറിക്കുന്ന രംഗത്തും ഉണ്ടായിട്ടുണ്ട്. പക്ഷി മൃഗാദികളെ സിനിമയുടെ ചിത്രീകരണത്തിനായി ദ്രോഹിക്കുകയോ മുറിവേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ല എന്ന് പറയുന്ന കൂട്ടത്തിലേക്ക് മരങ്ങളേയും ചേർക്കണമെന്ന് അപേക്ഷയുണ്ട് എല്ലാ സിനിമാക്കാരോടും. മറ്റെന്തെങ്കിലും കാരണത്താൽ മുറിക്കാൻ വെച്ചിരുന്ന ഒരു മരമായിരിക്കും എന്ന് തൽക്കാലം ആശ്വസിക്കുന്നു.
തീയറ്ററിലെ പോരായ്മയായി ബാധിച്ചത്
തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന പുംഗവൻ സിനിമയുടെ ആദ്യം മുതൽ അന്ത്യം വരെ വാട്ട്സ് ആപ്പിൽ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് മൂലം വലതുവശത്തുനിന്ന് കണ്ണിലേക്കടിക്കുന്ന വെളിച്ചം അസഹ്യമായിരുന്നു. അപ്പുറത്തിരിക്കുന്ന അയാളുടെ ഭാര്യയ്ക്ക് ശല്യമാകേണ്ടെന്ന് കരുതിയായിട്ടാണോ അതോ ചാറ്റ് അവർ കാണാതിരിക്കാനാനോ എന്നറിയില്ല, എന്റെ വശത്തേക്ക് 45 ഡിഗ്രി ചരിച്ച് പിടിച്ചാണ് ചാറ്റിങ്ങ്. വലതുവശത്തെ കണ്ണടക്കാലിൽ സിനിമാ ടിക്കറ്റുകൊണ്ട് പ്രതിരോധം തീർത്തശേഷമാണ് എന്റെ അസ്വസ്ഥത മാറിക്കിട്ടിയത്. രണ്ടര മണിക്കൂറ് ഫോണിലെ ചാറ്റ്, ആപ്പ്, ഉടായിപ്പ് സംഭവങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആവാത്തവർ സിനിമാ തീയറ്ററിൽ വരരുതെന്നും, തീയറ്ററിൽ ജാമറുകൾ ഘടിപ്പിക്കണമെന്നുമുള്ള എന്റെ പഴയ നിലപാടിൽ കൂടുതൽ ശക്തമായി ഉറച്ച് നിൽക്കുന്നു. പഴയതുപോലൊന്നും തല്ലുപിടിക്കാൻ പ്രായം അനുവദിക്കാത്തതുകൊണ്ടും, പറഞ്ഞാലും മനസ്സിലാക്കാത്ത കൂട്ടത്തിലാണെന്ന ഊഹത്തിന്റെ (തെറ്റാകാം) പുറത്തും ഒരക്ഷരം പരാതി പറയാൻ പോയില്ല.
വാൽക്കഷണം:- ബാഹുബലി രണ്ടാം ഭാഗത്തിനുള്ള ടിക്കറ്റ് അടുത്ത കാലത്തൊന്നും കിട്ടുന്ന ലക്ഷണമില്ല. മാത്രമല്ല ഒന്നാം ഭാഗത്തെപ്പോലെ തെലുങ്കിൽ കാണണമെന്നാണ് ആഗ്രഹം. മൊഴിമാറ്റം കാണാൻ താൽപ്പര്യം കുറവാണ്.