ആഗസ്റ്റ് 18 ന് തുടങ്ങി നവംബർ 26 (ഞായർ) വരെ തുടർച്ചയായി 100 ദിവസം സൈക്കിളിങ്ങ് ചെയ്യാൻ താൽപ്പര്യമുള്ളവരെ ക്ഷണിച്ചുകൊള്ളുന്നു.
പദ്ധതി ഇപ്രകാരമാണ്.
1. ഓരോ ദിവസവും ഏറ്റവും കുറഞ്ഞത് 10 കിലോമീറ്ററെങ്കിലും റൈഡ് ചെയ്യണം.
2. കൂടിയ ദൂരം അവരവരുടെ സൌകര്യം പോലെ എത്രവേണമെങ്കിലും ആകാം.
3. എല്ലാ ദിവസവും എല്ലാവരും ഒരുമിച്ച് റൈഡ് ചെയ്യണമെന്ന് നിർബന്ധമില്ല. അവരവരുടെ ഇടങ്ങളിലും റൂട്ടുകളിലും റൈഡ് ചെയ്യാം. ഒരുമിച്ച് ചെയ്യുന്നവർക്ക് അങ്ങനെയുമാകാം.
4. നൂറാമത്തെ ദിവസം, അതായത് നവംബർ 26ന് എല്ലാവരും കൂടെ ഒരു സ്ഥലത്തുനിന്ന് തുടങ്ങി 100 കിലോമീറ്റർ റൈഡ് ചെയ്ത് പരിപാടി അവസാനിപ്പിക്കുന്നു. ഈ 100 കിലോമീറ്ററിന്റെ റൂട്ട് ഇവിടെ ഉരുത്തിരിഞ്ഞ് വരുന്ന അഭിപ്രായത്തിനനുസരിച്ച് പിന്നാലെ തീരുമാനിക്കാം.
5. ഈ റൈഡ് ഇവന്റ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെഡൽ ഉണ്ടായിരിക്കുന്നതാണ്.
6. നൂറ് ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ദൂരം റൈഡ് ചെയ്ത ആദ്യത്തെ മൂന്ന് പേർക്ക് പ്രത്യേകം മെഡൽ ഉണ്ടായിരിക്കുന്നതാണ്. (റൈഡിന്റെ ദൂരം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടി വരും.)
7. ഏതെങ്കിലും ഒരു ദിവസം റൈഡ് ചെയ്യാൻ പറ്റാത്തവർ സ്വാഭാവികമായും ഇവന്റിൽ നിന്ന് പുറത്താകുമെങ്കിലും അവർക്ക്
ബാക്കി ദിവസങ്ങളിൽ റൈഡ് തുടർന്നുകൊണ്ടേയിരിക്കുന്നതിനും നൂറാമത്തെ ദിവസത്തെ റൈഡിൽ ചേരുന്നതിനും തടസ്സമൊന്നും ഇല്ല. ( 100 ദിവസം പൂർത്തിയാക്കിയവർക്കുള്ള മെഡൽ കിട്ടില്ല എന്ന് മാത്രം.) 100 ൽ 80 ദിവസം റൈഡ് ചെയ്താലും അതൊരു വലിയ നേട്ടം തന്നെയാണ്.
8. നൂറാമത്തെ ദിവസത്തെ റൈഡിന് (100 കിലോമീറ്റർ) ഒരു ദിവസം പോലും ഈ ഇവന്റിൽ പങ്കെടുക്കാത്തവർക്ക് പോലും പങ്കുചേരാം. എല്ലാവരും പങ്കുചേർന്ന് ഒരു വിജയമാക്കണം എന്നഭ്യർത്ഥിക്കുന്നു.
9 *** – നൂറ് ദിവസം എന്നത് വലിയൊരു കാലയളവാണ്. ഔദ്യോഗിക യാത്രകൾ, കുടുംബവുമായുള്ള അവധിദിനയാത്രകൾ, എന്നിങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ സൈക്കിളിങ്ങ് മുടങ്ങിയെന്ന് വരാം. ഇത്യാദി കാരണങ്ങളാൽ 10 കിലോമീറ്റർ സൈക്കിൾ ചെയ്യാൻ പറ്റാത്ത ദിവസങ്ങളിൽ 5 കിലോമീറ്റർ ഓടിയാലും മതി. ഈ ഇളവ് അല്ലെങ്കിൽ വ്യതിയാനം 100 ദിവസത്തിൽ പരമാവധി 10 ദിവസം മാത്രമേ അനുവദിക്കൂ. അങ്ങനെ ചെയ്യുന്നവർ ഇവന്റിൽ നിന്ന് പുറത്താകുന്നില്ല. മെഡലിന് അർഹരുമാണ്.
വാൽക്കഷണം:- തൽക്കാലം ഇത്രേയുള്ളൂ. കൂടുതൽ കാര്യങ്ങൾ റൈഡേർസിന്റെ അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞ് വരുന്നതിന് അനുസരിച്ച് എഴുതിച്ചേർക്കുന്നതാണ്.
*** – പങ്കെടുക്കുന്നവരുടെ താൽപ്പര്യവും സൌകര്യവും നിർദ്ദേശവും അനുസരിച്ച് മാറ്റം വരുത്തിയ അഥവാ കൂട്ടിച്ചേർത്ത നിബന്ധനകൾ.
#100_Days_Cycling