Monthly Archives: January 2018

2017 ലെ ഹർത്താലുകൾ: ഒരു വിലയിരുത്തൽ


121

ഴിഞ്ഞ വർഷം കേരള സംസ്ഥാനത്ത് നടന്ന ഹർത്താലുകളുടെ ഒരു കണക്കെടുപ്പും പഠനവും നടത്തിയാലോ ? വിക്കിപ്പീഡിയ കണക്കുകൾ മനസ്സിലാക്കാൻ ഈ ലിങ്ക് വഴി പോകാം.

2017 ലെ മൊത്തം ഹർത്താലുകളുടെ എണ്ണം 120 ആണ്. അതായത് വർഷത്തിൽ ഏതാണ്ട് മൂന്നിലൊന്ന് ദിവസം ഹർത്താൽ ഉണ്ടായിരുന്നു. ഇതിൽ 3 ഹർത്താലുകൾ കേരളം മുഴുവനും ആയിരുന്നെങ്കിൽ ബാക്കിയുള്ള 117 എണ്ണം പ്രാദേശിക ഹർത്താലുകളായിരുന്നു. രണ്ട് കേരള ഹർത്താലുകൾ യു.ഡീ.എഫും ഒരെണ്ണം ബി.ജെ.പി.യും നടത്തി.

ഹർത്താലുകൾ ആഹ്വാനം ചെയ്തതിൽ ഒന്നാം സ്ഥാനത്ത് ബി.ജെ.പി. (41), രണ്ടാം സ്ഥാനത്ത് സിപി‌എം (18), മൂന്നാം സ്ഥാനത്ത് യുഡീഎഫ്(16), നാലാം സ്ഥാനത്ത് കോൺഗ്രസ്സ്(11), എന്നിങ്ങനെയാണ് കക്ഷിനില.  മൊത്തം കണക്കുകൾ താഴെ രേഖപ്പെടുത്തുന്നു.

ബി.ജെ.പി – 41
സിപി‌എം – 18
യു.ഡി.എഫ് – 16
കോൺഗ്രസ്സ് – 11
ജനകീയ സമിതി – 5
വ്യാപാരി വ്യവസായി – 4
മുസ്ലീം ലീഗ് – 4
സംയുക്ത സമര സമിതി – 3
സർവ്വകക്ഷി – 3
എൽ.ഡി.എഫ്. – 2
സംഘപരിവാർ – 2
എൻ.ഡി.എ. – 2
ഹിന്ദു ഐക്യവേദി – 2
എസ്.എൻ.ഡി.പി. – 2
സി.പി.ഐ. – 1
വെൽഫെയർ പാർട്ടി – 1
യുവമോർച്ച – 1
കേരള കോൺഗ്രസ്സ് എം – 1
പട്ടികജാതി ഏകോപന സമിതി – 1
മുസ്ലീം ഏകോപന സമിതി – 1
മൂന്നാർ സംരക്ഷണ സമിതി – 1
സി.എസ്.ഡി.എസ്. – 1
സംയുക്ത ട്രേഡ് യൂണിയൻ – 1
ഫിഷറീസ് കോർഡിനേഷൻ കമ്മറ്റി – 1
ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി – 1
ആർ.എം.പി. – 1

ഏറ്റവും കൂടുതൽ ഹർത്താലുകൾ ഉണ്ടായത് ജൂൺ മാസത്തിലാണ്. 21 ഹർത്താലുകൾക്കാണ് ജൂൺ ഇരയായത്. മറ്റ് മാസങ്ങളിലെ കണക്ക് ഇപ്രകാരമാണ്.

ജനുവരി – 15
ഫെബ്രുവരി – 8
മാർച്ച് – 8
ഏപ്രിൽ – 12
മെയ് – 9
ജൂൺ – 21
ജൂലായ് – 19
ആഗസ്റ്റ് – 3
സെപ്റ്റംബർ – 3
ഒൿടോബർ – 4
നവംമ്പർ – 11
ഡിസംബർ – 7

ബി.ജെ.പി. നടത്തിയ 41 ഹർത്താലുകളിൽ 34 എണ്ണവും പാർട്ടിക്കാർ  അങ്ങോട്ടുമിങ്ങോട്ടും വെട്ടിക്കൊന്നതിന്റേയും പരുക്കേൽ‌പ്പിച്ചതിന്റേയും ബോംബെറിഞ്ഞതിന്റേയുമൊക്കെ പേരിലായിരുന്നു. ഇതേ വകുപ്പിൽ സി.പി.എം. 16ഉം, യു.ഡീ.എഫ്. 6ഉം, കോൺഗ്രസ്സ് 3ഉം, ലീഗ് 3ഉം മറ്റ് കക്ഷികളും സംഘടനകളും എല്ലാം ചേർന്ന് 5 ഉം ഹർത്താലുകൾ നടത്തി.

നേതാക്കന്മാരുടെ സ്വാഭാവിക മരണത്തിന്റെ പേരിൽപ്പോലും രണ്ട് ഹർത്താലുകൾ ഈ സാക്ഷര കേരളത്തിൽ നടന്നു.

കേസിൽ, പാർട്ടിക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യുക, കുറ്റവാളികളാക്കുക ഇത്യാദി കാരണങ്ങളുടെ പേരിൽ നടന്നത് 10 ഹർത്താലുകളാണ്.

മൊത്തത്തിൽ 120 ൽ 76 ഹർത്താലുകൾ നടന്നത് പാർട്ടിക്കാർ പരസ്പരം ആക്രമിച്ചതിന്റേയും വെട്ടിക്കൊന്നതിന്റേയും ബോംബെറിഞ്ഞതിന്റേയും കൊടികീറിയതിന്റേയും അതിന്റെയൊക്കെ പേരിൽ പൊലീസ് കേസ് എടുത്തതിന് എതിരെയുമൊക്കെ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ജനങ്ങൾക്ക് യാതൊരുവിധ പ്രയോജനവും ഇല്ലാത്തതും ജനദ്രോഹപരവുമായ ഹർത്താലുകൾ 76 എണ്ണമായിരുന്നു.

ബി.ജെ.പി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പരസ്പരം ജീവനെടുത്ത് പിന്നെ അതിന്റെ പേരിൽ ബാക്കിയുള്ള ജീവനുകൾ കഷ്ടത്തിലാക്കാൻ ഹർത്താലുകൾ നടത്തുന്നത് ജനസേവനമല്ല. പാർട്ടിവളത്താൻ ഹർത്താലുകൾ നടത്തുന്നത് മ്ലേച്ഛമായ ഒരു കർമ്മം മാത്രമാണ്. സി.പി.എം.ഉം ബി.ജെ.പിയും കോൺഗ്രസ്സുമൊക്കെ പരസ്പരം തല്ലുകയും കൊല്ലുകയും ഒക്കെ ചെയ്യുന്നത് രാഷ്ട്രസേവനമല്ല, രാഷ്ട്രീയവുമല്ല. പാർട്ടി വളർത്താൻ നിങ്ങൾ നടത്തുന്ന കൊല്ലിന്റേയും കൊലയുടേയും കുടില തന്ത്രങ്ങളുടേയുമൊക്കെ ബാക്കിപത്രമായി, വിദേശികൾക്കെതിരെ ഗാന്ധിജി അഹിംസയിലുറച്ച് നടപ്പിലാക്കിയ ഹർത്താൽ എന്ന സമരമുറയെ വലിച്ചിഴയ്ക്കരുത്.

പാർട്ടി വളർത്താൻ പരസ്പരം കൊല്ലുകയും അതിന്റെ പേരിൽ ഹർത്താലുകൾ നടത്തി ജനജീവിതവും രാജ്യത്തിന്റെ വളർച്ചയും സ്തംഭിപ്പിച്ച് ഹർത്താൽ നടത്തുന്നത് നിങ്ങളുടെയൊക്കെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണ്. ശീതികരിച്ച മുറിയിലിരുന്ന് ഹർത്താലിന് ആഹ്വാനം ചെയ്ത് വിയർപ്പൊഴുക്കാതെയും അണികളെ നിരത്താതെയും പ്രതിഷേധമറിയിക്കുന്നത് അത്ര വലിയ കേമത്തമൊന്നുമല്ല. പ്രത്യേകിച്ചും ‘ഹർ’ എന്ന് കേട്ടാൽ ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ മലയാളി സമൂഹത്തിൽ.

ജനകീയ പ്രശ്നങ്ങളിൽ സമരം ചെയ്യുന്നതിന് ആരും ഇവിടെ എതിരല്ല. പണ്ടൊക്കെ ചെയ്തിരുന്നത് പോലെ ധർണ്ണയും മാർച്ചും മനുഷ്യമതിലും മനുഷ്യച്ചങ്ങലയുമൊക്കെ നിർമ്മിച്ച് പ്രതിഷേധിക്കാൻ നിങ്ങൾക്കെന്തുകൊണ്ട് ഇപ്പോൾ കഴിയുന്നില്ല ? അങ്ങനെ ചെയ്യണമെങ്കിൽ വിയർപ്പൊഴുക്കണം. ഹർത്താലാകുമ്പോൾ കൈ നനയാതെ മീൻ പിടിക്കാം. കുറേ ജനങ്ങൾ പേടിച്ച് വീട്ടിലിരിക്കും. ബാക്കിയുള്ള കുറേപ്പേർ ആഘോഷിക്കാനായി വീട്ടിലിരിക്കും, അല്ലെങ്കിൽ തലേന്ന് തന്നെ സ്റ്റേറ്റ് വിടും. അത് നിങ്ങളുടെ സംഘടനാബലമാണെന്നും ഹർത്താൽ വിഷയത്തോട് ജനം സഹകരിച്ചതാണെന്നും വരുത്തിത്തീർത്ത് ഹർത്താൽ പൂർണ്ണവിജയമായിരുന്നെന്ന് പറയുന്നിടത്താണ് നിങ്ങളുടെയൊക്കെ കപട രാഷ്ട്രീയം  പരാജയപ്പെടുന്നതും വെളിച്ചത്ത് വരുന്നതും.

ഏതെങ്കിലും ഒരു വിഷയത്തിൽ പ്രതികരിക്കാനായി വായ് മൂടിക്കെട്ടി ജോലിക്ക് പോയ്ക്കൂടെ ? പൊതുനിരത്തിൽ മറ്റുള്ളവർക്ക് അലോസരമുണ്ടാകാതെ മൂന്നോ നാലോ മണിക്കൂർ നിൽ‌പ്പുറപ്പിച്ച് പ്രതിഷേധിക്കാനാവില്ലേ ? തുർക്കിയിൽ നടന്ന സ്റ്റാൻഡിങ്ങ് മാൻ പ്രതിഷേധത്തെക്കുറിച്ച് നിങ്ങൾ പാർട്ടിക്കാരാരും കേട്ടിട്ടില്ലേ ? ഇതൊന്നുമല്ലെങ്കിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്ത മറ്റ് പുതിയ സമരമാർഗ്ഗങ്ങൾ നിങ്ങൾ കണ്ടെത്തൂ. നിങ്ങൾക്കല്ലേ സമരം ചെയ്തില്ലെങ്കിൽ ഉറക്കം കിട്ടാത്തത്.

66
            തുർക്കിയിലെ സ്റ്റാൻഡിങ്ങ് മാൻ പ്രതിഷേധം

നിങ്ങൾക്ക് സമരം ചെയ്യാനുള്ള അവകാശമുള്ളത് പോലെ തന്നെ സമരം ചെയ്യാതിരിക്കാനും ഇന്നാട്ടിൽ ഒരാൾക്കവകാശമുണ്ട്. മറ്റൊരാൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടുതന്നെ ഏതെങ്കിലുമൊരു സമരമുറ കണ്ടെത്താത്ത കാലത്തോളം നിങ്ങളെപ്പോലുള്ള പാർട്ടിക്കാരൊക്കെ വലിയ ജനാധിപത്യ പരാജയങ്ങൾ തന്നെയാണ്. കാരണം ഹർത്താൽ എന്ന ഒരു സമരമുറ നിങ്ങൾ നടപ്പിലാക്കുന്നത് ജനാധിപത്യ മദ്യാദകളും ഭരണഘടന ഇന്നാട്ടിലെ പൌരന്മാർക്ക് ഉറപ്പ് നൽകുന്ന മൂല്യങ്ങളും അവകാശവും സ്വാതന്ത്ര്യവുമെല്ലാം ലംഘിച്ചുകൊണ്ടാണ്.

ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്നതിന് പകരം ആയുധങ്ങൾ കൊണ്ട് നേരിട്ട് കുടുംബങ്ങൾ അനാഥമാക്കുകയും അതിന്റെ പേരിൽ പ്രതിഷേധമെന്ന പ്രഹസനത്തിനായി ഹർത്താൽ നടത്തുകയും ചെയ്യുന്ന നിങ്ങളെപ്പോലുള്ള പാർട്ടിക്കാർ നടത്തുന്നത് എങ്ങനെയാണ് ജനസേവനമാകുന്നത്, എങ്ങനെയാണ് സാമൂഹ്യപ്രവർത്തനമാകുന്നത് ?

ഒരിക്കലൊരു പാർട്ടി ബുദ്ധിജീവി ഹർത്താലിനെ അനുകൂലിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്. “എല്ലാവർക്കും മഴ വേണം, പക്ഷെ ഇടിയും മിന്നലും പാടില്ല പോലും !! ” എന്നുവെച്ചാൽ എല്ലാവർക്കും നേട്ടങ്ങൾ വേണം. പക്ഷെ അതിനായി സമരം ചെയ്താൽ അതിനെ എതിർക്കുന്നു എന്ന്. കൊല്ലത്തിൽ 120 ദിവസം ഇടിയും മിന്നലുമില്ലാതെ മഴ പെയ്താൽ‌പ്പോലും അത് പ്രളയത്തിലേ കലാശിക്കൂ എന്ന് ഇനിയെങ്കിലും ഇത്തരം ബുദ്ധിജീവികളും അവരുടെ പാർട്ടിക്കാരും മനസ്സിലാക്കണം. കൂടുതലൊന്നും പുതുതായിട്ട് പറയാനില്ല. ഹർത്താൽ എന്ന ഈ ജനദ്രോഹപരമായ സമരമുറയ്ക്കെതിരെ ഞങ്ങൾ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും. 2018 ഹർത്താലുകൾ  പത്തെണ്ണെമെങ്കിലും കുറയ്ക്കാനായാൽ അത് ഞങ്ങളുടെ വിജയമാണ്.  Say NO To Harthal.

വാൽക്കഷണം:- കഴിഞ്ഞ വർഷത്തെ നെറികെട്ട മൂന്ന് ഹർത്താലുകളിൽ രണ്ടെണ്ണം കോൺഗ്രസ്സിന് അവകാശപ്പെട്ടതാണ്. ഇനി മുതൽ പ്രാദേശികഹർത്താലുകൾ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിട്ടും ഹർത്താൽ നടത്തിയതിനും, ഞങ്ങളാരെയും റോഡിൽ തടയില്ല, ജനങ്ങൾക്ക് താൽ‌പ്പര്യമുണ്ടെങ്കിൽ മാത്രം ഹർത്താലിനോട് (ഒൿടോബർ 16) സഹകരിച്ചാൽ മതി എന്ന് പറഞ്ഞശേഷം കേരളമൊട്ടാകെ വാഹനങ്ങൾ തടയുകയും കടകൾ നിർബന്ധിതമായി അടപ്പിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തുകൊണ്ടാണ് കോൺഗ്രസ്സ് ഈ നേട്ടം കൈവരിച്ചത്. മൂന്നാമത്തെ നെറികെട്ട ഹർത്താൽ ബി.ജെ.പി.യുടെ അക്കൌണ്ടിലേക്കാണ് പോകുന്നത്. ജൂലായ് 29 ന് പാതിരാത്രിയ്ക്ക് ജൂലായ് 30ന്റെ ഹർത്താലിന് ആഹ്വാനം ചെയ്തുകൊണ്ട്,  ജനങ്ങൾക്ക് എന്തെങ്കിലും ഒരു മുൻ‌കരുതലെടുക്കാൻ പോലും പറ്റാതെ അവരെ ബുദ്ധിമുട്ടിലാക്കിക്കൊണ്ടാണ് ബി.ജെ.പി. ഈ ‘നേട്ടം’ കൈവരിച്ചത്.